മാർപാപ്പയുടെ വിയോഗത്തിൽ ഐപിഎൽ ആദരാഞ്ജലികൾ അർപ്പിച്ചു
പി.പി. ചെറിയാൻ
Wednesday, April 23, 2025 11:38 AM IST
ഡിട്രോയിറ്റ്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്റർനാഷണൽ പ്രയർലെെൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഹൂസ്റ്റണ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎൽ ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച 571-ാമത് സമ്മേളനത്തിൽ ഐപിഎൽ ഡയറക്ടർ സി.വി. സാമുവേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡോ. പി.പി. ചാക്കോ (വാഷിംഗ്ടൺ ഡിസി) പ്രാരംഭ പ്രാർത്ഥന നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ സ്മരണയ്ക്കു മുന്പിൽ ഒരു നിമിഷം മൗനാചരണം നടത്തിയതിനു ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
140 കോടിയിലധികം ആഗോള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ പിതാവ്, വലിയ ഇടയൻ, ലോകത്തിലെ എല്ലാവരെയും ഒന്നായി കാണുന്ന ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന വലിയ ഇടയനായിരുന്നു മാർപാപ്പയെന്ന് സി.വി. സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർപാപ്പയുടെ വിയോഗത്തിൽ ഐപിഎൽ കുടുംബം വളരെയധികം വേദനിക്കുന്നതായും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി അദ്ദേഹത്തെ ഓർമിക്കുന്നതായും സിവിഎസ് കൂട്ടിച്ചേർത്തു
തുടർന്ന് മുഖ്യാതിഥി സാം മൈക്കിളിനെ വചന പ്രഘോഷണത്തിനായി ക്ഷണിക്കുകയും എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം പേർ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാർ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തിൽ സി.വി. സാമുവൽ ഡിട്രോയിറ്റ് പറഞ്ഞു.
ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷികവും ആഘോഷിക്കുന്ന ഐപിഎൽ അംഗങ്ങളെ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു. എബ്രഹാം കെ. ഇടിക്കുള (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
ജോൺ പി. മാത്യു (അമ്പോട്ടി) ഡാളസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഡോ. ഫിലിപ്പ് യോഹന്നാന്റെ (ന്യൂയോർക്ക്) സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.
ടി. എ. മാത്യു (ഹൂസ്റ്റൺ) നന്ദി പറഞ്ഞു. ഷിജു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു) (ഹൂസ്റ്റൺ) സാങ്കേതിക പിന്തുണ നൽകി.