ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ കൂദാശയും പെരുന്നാളും
അച്ചാമ്മ മാത്യു
Thursday, May 1, 2025 6:20 AM IST
ലോംഗ് ഐലൻഡ്: പുതുക്കി പണിത സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാളും കൂദാശയും ഏപ്രിൽ 25, 26 തീയതികളിൽ ആഘോഷിച്ചു. ഇടവക മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ നിക്കോളാവോസിന്റെ പ്രധാന കാർമികത്വത്തിലും തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോഷ്വാ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരുമായിരുന്നു.
നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വൈദീകരും കൂദാശയിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം മെത്രാപ്പൊലീത്തമാരെ ദേവാലയത്തിലേക്ക് സ്വീകരിച്ചതിനുശേഷം കത്തിച്ച മെഴുകുതിരി, കുട, നടപ്പന്തൽ എന്നിവയുടെ അകമ്പടിയോടെ റാസ നടത്തി. റാസ പുതുതായി സ്ഥാപിച്ച കുരിശടിയിലെത്തി മെത്രാപ്പൊലീത്തമാരുടെ കാർമ്മികത്വത്തിൽ കുരിശടിയുടെ കൂദാശ നിർവഹിച്ചു.
അതിനുശേഷം ദേവാലയത്തിൽ പ്രവേശിച്ച് ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം നടത്തി. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ പ്രഭാഷണാനന്തരം ആശീർവാദം, കൈമുത്ത് എന്നിവയോടുകൂടി ഒന്നാം ദിവസം സമാപിച്ചു.
രണ്ടാം ദിവസമായ ഏപ്രിൽ 26നു രാവിലെ ഏഴിന് പള്ളി കൂദാശയുടെ രണ്ടും മൂന്നും ഭാഗങ്ങൾ ഇടവക മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിലും മാർ നിക്കോദിമോസിന്റെ സഹകാർമികത്വത്തിലും നിർവഹിച്ചു. അനന്തരം മാർ നിക്കോളാവോസിന്റെ കാർമികത്വത്തിൽ കുർബാന നിർവഹിക്കപ്പെട്ടു.
പിന്നീടു നടന്ന പബ്ലിക്ക് മീറ്റിംഗിൽ ഇടവക മെത്രാപ്പൊലീത്ത അധ്യക്ഷൻ ആയിരുന്നു. ഇടവകയുടെ പൂർവകാല സെക്രട്ടറിമാർക്കും ട്രസ്റ്റിമാർക്കും നിക്കോളാവോസ് മെത്രപ്പൊലീത്ത സ്മരണിക നൽകി ആദരിച്ചു.
ട്രസ്റ്റി ജോൺ സാമുവേലിനും സെക്രട്ടറി അച്ചാമ്മ മാത്യുവിനും മെമെന്റോ നൽകി. മൺമറഞ്ഞ എല്ലാ ഇടവകാംഗങ്ങളേയും സ്മരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടാണ് ഇടവക വികാരി ഡോ. സി. കെ. രാജൻ തന്റെ പ്രസംഗം തുടങ്ങിയത്. മദ്ബഹാ രൂപകല്പന ചെയ്ത തിരുവല്ല ബേബിക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.
ഇടവകയുടെ മുൻകാല സെക്രട്ടറിമാർ, ട്രസ്റ്റിമാർ എന്നിവരെയും പ്രത്യേകമായി സ്മരിച്ചു. ഇടവകാംഗങ്ങൾ നൽകിയ സ്നേഹോപഹാരം ഫാദർ തിരികെ ഇടവകയുടെ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകി.
ഫോട്ടോ സെഷനുശേഷം ആശീർവാദം, കൈമുത്ത് എന്നിവയോടെ സമ്മേളനം സമാപിച്ചു. രണ്ടു ദിവസവും വിഭവസമൃദ്ധമായ സദ്യ നടത്തപ്പെട്ടു.