ചൈനയിലെ യുഎസ് അംബാസഡറായി ഡേവിഡ് പെർഡ്യൂ നിയമിതനായി
പി.പി. ചെറിയാൻ
Thursday, May 1, 2025 1:26 PM IST
വാഷിംഗ്ടൺ ഡിസി: ജോർജിയയിലെ യുഎസ് മുൻ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ ചൈനയിലെ അംബാസഡറായി നിയമിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കാന്‍ ഭീഷണിയാകുന്ന താരിഫ് തര്‍ക്കത്തില്‍ യുഎസും ചൈനയും കുടുങ്ങിക്കിടക്കുന്നതിനിടെയാണ് പെര്‍ഡ്യൂവിന്റെ നിയമനം.
ജോര്‍ജിയയില്‍ നിന്ന് ഒരു തവണ യുഎസ് സെനറ്ററായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കന്‍ അംഗമായ പെര്‍ഡ്യൂ, ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ കൂടി പിന്തുണയോടെയാണ് 67-29 വോട്ടുകള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസമാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 145 ശതമാനം തീരുവ ചുമത്തിയത്. യുഎസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ചൈന തിരിച്ചടിച്ചത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഉടനടി കുറവ് വരാനുള്ള സാധ്യതയില്ല.
ഉയര്‍ന്ന താരിഫുകള്‍ ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് സുസ്ഥിരമായിരിക്കില്ലെന്നും ബീജിംഗിനെ ചര്‍ച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാമെന്നുമാണ് ട്രംപ് ഭരണകൂടം കരുതുന്നത്. അവസാനം വരെ പോരാടാന്‍ പ്രതിജ്ഞയെടുത്തു നില്‍ക്കുകയാണ് ചൈനീസ് ഭരണകൂടം.
ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനും യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ചൈന ആഭ്യന്തര നയങ്ങള്‍ പുനഃക്രമീകരിക്കുകയാണ്. ഇത്തരത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയിലേക്കാണ് പെര്‍ഡ്യൂ എത്തുന്നത്.