കാർണിയെ അഭിനന്ദിച്ച് ട്രംപ്
Thursday, May 1, 2025 11:15 AM IST
വാഷിംഗ്ടൺ ഡിസി: കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പ്രധാനമന്ത്രി മാർക്ക് കാർണിയെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരു നേതാക്കളും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്ന് കാർണിയുടെ ഓഫീസ് പിന്നാലെ അറിയിച്ചു.
ഇറക്കുമതിച്ചുങ്കമടക്കം ട്രംപിന്റെ കനേഡിയൻവിരുദ്ധ നിലപാടുകളാണു കാർണിയുടെ ലിബറൽ പാർട്ടിയെ ജയത്തിലേക്കു നയിച്ചത്. അതേസമയം കേവല ഭൂരിപക്ഷത്തിനുവേണ്ട 172 സീറ്റുകൾ നേടാൻ ലിബറലുകൾക്കു കഴിഞ്ഞില്ല.
169 സീറ്റുകളിൽ അവർ ജയിക്കുമെന്നാണ് പ്രതീക്ഷ. ന്യൂ ഡെമോക്രാറ്റിക് പാർട്ടിയടക്കമുള്ളവരുടെ പിന്തുണയോടെ ലിബറലുകൾ ഭരണം നിലനിർത്തും.