ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി: ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ ഫ്ലീ​റ്റ്‌​വു ഡ് ​ഡ്രൈ​വി​ലെ ദ ​ബെ​ല്ലെ മീ​ഡ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി ഡ​പ്യൂ​ട്ടി​ക​ൾ സ്ഥ​ല​ത്തെ​ത്തി.

വെ​ടി​യേ​റ്റ മൂ​ന്നു പേ​രി​ൽ ര​ണ്ടു​പേ​ർ അ​ഞ്ചു​വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളും ഒ​രാ​ൾ 18 വ​യ​സു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഷെ​രീ​ഫ് ഹൊ​ബാ​ർ​ട്ട് ലൂ​യി​സ് പ​റ​ഞ്ഞു. വെ​ടി​വ​യ്പു​ണ്ടാ​യ​പ്പോ​ൾ ഇ​വ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ന​ക​ത്താ​യി​രു​ന്നു.

ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ച​താ​യി ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി കൊ​റോ​ണ​ർ സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച കു​ട്ടി ബ്രൈ​റ്റ് ഷാ​ലോം അ​ക്കോ​യ് ആ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ മ​ര​ണം വെ​ടി​യേ​റ്റ മു​റി​വ് മൂ​ല​മാ​ണെ​ന്നും ഇ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്നും ക​ണ്ടെ​ത്തി.


ഇ​ര​ട്ട​ക്കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 18 വ​യ​സു​ള്ള​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഈ ​വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 31 വ​യ​സു​ള്ള ഷോ​ണ്ടേ​സ ലാ ​ഷേ ഷെ​ർ​മാ​നെ​തി​രേ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.