ഗോൾഫ് കാർട്ടിൽ നിന്ന് വീണ് പരിക്കേറ്റ ജെഫ് സ്പെർബെക്ക് അന്തരിച്ചു
പി.പി. ചെറിയാൻ
Thursday, May 1, 2025 4:52 PM IST
കലിഫോർണിയ: സതേൺ കലിഫോർണിയയിൽ ജോൺ എൽവേ ഓടിച്ചിരുന്ന ഗോൾഫ് കാർട്ടിൽ നിന്ന് വീണ് ജെഫ് സ്പെർബെക്ക് (62) മരിച്ചു. ലാ ക്വിന്റയിലെ ഒരു സ്വകാര്യ ഗോൾഫ് കമ്യൂണിറ്റിയിൽ വച്ചാണ് അപകടമുണ്ടായത്.
സംഭവത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്പെർബെക്ക് ബുധനാഴ്ച പുലർച്ചെ 1.10ന് ഡെസേർട്ട് റീജനൽ മെഡിക്കൽ സെന്ററിൽ അന്തരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.
ജോൺ എൽവേയുടെ മുൻ ഏജന്റും ബിസിനസ് പങ്കാളിയുമായിരുന്നു സ്പെർബെക്ക്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷെരീഫ് ഓഫിസ് അറിയിച്ചു.
സ്പോർട്സ് ഏജന്റ് എന്ന നിലയിൽ 30 വർഷത്തെ കരിയറിൽ 100ൽ അധികം എൻഎഫ്എൽ സോക്കർ കളിക്കാരെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. എൻഎഫ്എൽ സർട്ടിഫൈഡ് കരാർ ഉപദേഷ്ടാവായിരുന്നു സ്പെർബെക്ക്.
2001 മുതൽ 2009 വരെ ഒക്ടഗണിന്റെ ഫുട്ബോൾ ഡിവിഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം 2010ൽ അദ്ദേഹം ദ നോവോ ഏജൻസി രൂപീകരിച്ചു.