നൂറു ദിവസത്തിന്റെ ബാക്കിപത്രം
ഏബ്രഹാം തോമസ്
Thursday, May 1, 2025 3:16 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ രണ്ടാം ഊഴം 100 ദിവസം പിന്നിടുമ്പോൾ പ്രധാനമായും ശ്രദ്ധ തിരിയുന്നത് പുതിയ താരിഫുകൾ അമേരിക്കയിലെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിച്ചു എന്നറിയുന്നതിലാണ്.
ധാരാളം മാധ്യമങ്ങളും നേതാക്കളും ട്രംപിനെ വിമർശിക്കുന്നതിൽ വ്യാപൃതരായിരിക്കുമ്പോൾ തന്റെ സ്വന്തം നേട്ടങ്ങൾ പുര മുകളിൽ നിന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ട്രംപ്. ഒരു ഷോമാനായിരുന്ന ട്രംപ് ഷോ ഇപ്പോഴും തുടരുകയാണ്.
നൂറു ദിന ആഘോഷ റാലിയിലേക്കു ക്ഷണിച്ചുള്ള ഇമെയിലുകൾ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും മറ്റു പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കളുടെയും പേരുകളിൽ തുടരെ വന്നു കൊണ്ടിരുന്നു.
എല്ലാത്തിലും സംഭാവനകൾ ആവശ്യപെട്ടിരുന്നു. ഡെമോക്രറ്റിക് പാർട്ടിയിൽ നിന്നും പല നേതാക്കളും ട്രംപിനെതിരായ അവരുടെ യുദ്ധത്തിന് ശക്തി പകരാൻ സംഭാവനകൾ നൽകണം എന്ന അവശ്യവുമായി ഇമെയിലുകൾ അയച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വാരാന്ത്യത്തിൽ ടെമു എന്ന ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന വിതരണക്കാരൻ ഇമ്പോർട് ചാർജ്സ് 145 ശതമാനം തങ്ങളുടെ സാധനങ്ങൾ അമേരിക്കൻ ഉപഭോക്താക്കൾ വാങ്ങുമ്പോൾ നൽകേണ്ടി വരും എന്നറിയിച്ചു തുടങ്ങി.
ടെമു നൽകിയ വിശദീകരണത്തിൽ ഗ്ലോബൽ ട്രേഡ് റൂളുകളും താരിഫുകളും മൂലം തങ്ങളുടെ ഓപ്പറേറ്റിംഗ് കോസ്റ്റുകൾ വർധിച്ചു. അതിനാൽ ഏപ്രിൽ 25 മുതൽ തങ്ങൾ സാധനങ്ങളുടെ വിലയിൽ "അഡ്ജസ്റ്റ്മെന്റ്' നടത്തുകയാണ് എന്നറിയിച്ചിട്ടുണ്ട്.
ഫാഷൻ ബ്രാൻഡായ ഷെയ്ൻ 377 ശതമാനം വർധന വിലയിൽ വരുത്തും എന്നാണ് അറിയുന്നത്. അലി എക്സ്പ്രസും തങ്ങളുടെ സാധനങ്ങളുടെ വില ഉയർത്തിയിട്ടുണ്ട്. വില വർധന വില കുറഞ്ഞ സാധനങ്ങളുടെ മേൽ മാത്രമല്ല. ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് സെ സാൻ തങ്ങളുടെ ചൈനീസ് നിർമിതമായ "ചില' സാധനങ്ങൾക്ക് വില ഉയരുമെന്ന് ഉപഭോക്താക്കളെ അറിയിച്ചു.
മിക്കവാറും ഗ്രോസറി കടകൾ തങ്ങളുടെ വാഴപ്പഴങ്ങൾ കൊളംബിയ, ഹോണ്ടുറാസ്, കോസ്റ്റ റിക്ക രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്, ഇവക്കു 10 ശതമാനം തീരുവകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഞങ്ങളുടെ വിതരണക്കാരുമായി ഇക്കാര്യം ചർച്ച ചെയ്യുകയാണ്. വില നിയന്ത്രിക്കുന്നതിൽ ഞങ്ങൾപ്രതിജ്ഞാബദ്ധരാണ് എന്നറിയിക്കുന്ന ബോർഡുകൾ തൂക്കിയിട്ടുണ്ടു. അകത്തു കടന്നാൽ എല്ലാ പഴങ്ങൾക്കും വില വർധിച്ചതായി കാണാം.
വീട് ഉടമസ്ഥർ തങ്ങൾക്കു വേണ്ട റിപ്പർ സാധനങ്ങൾക്കും അവയുടെ സേവനം നടത്താൻ എത്തുന്ന ജോലിക്കാരും വില വർധിപ്പിച്ചതു നേരിടേണ്ടി വരുന്നു. വീട്ടിലെ ചില്ലറ റിപ്പയറുകൾക്കു ഒരു ഹെവി ഡ്യൂട്ടി റിപ്പയർമാനിനെ സമീപിച്ച ഉപഭോക്താവിന് സാധനങ്ങളുടെ വർധിച്ച വില വിവരപ്പട്ടിക റിപ്പയർ ചെയ്യുന്ന ആൾ കാണിച്ചു കൊടുത്തു.
ചെറുകിട വ്യവസായികളും എല്ലാ സാധനങ്ങൾക്കും വർധിച്ച വില നൽകേണ്ട അവസ്ഥയിലാണ്. അമേരിക്കയിൽ വില്പനക്കെത്തുന്ന ചായ അധികവും ചൈന മുതലായ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. മറ്റു ചെറുകിട വില്പനക്കാരും താരിഫുകൾ തങ്ങളുടെ കച്ചവടത്തെ എങ്ങനെ ബാധിച്ചു എന്ന് പറയുന്നു. ചിലർ തങ്ങളുടെ വില വർധന സുതാര്യമാണ് എന്നറിയിക്കുവാൻ താരിഫുകളുടെ വിശദാംശങ്ങൾ ഉപഭോക്താക്കളെ അറിയിക്കുന്നു.
ആരോഗ്യ പരിപാലനത്തിന് വിദേശത്തു നിന്ന് എത്തുന്ന മരുന്നുകളെയും സാധന സാമഗ്രികളെയും ആശ്രയിക്കുന്നവരെയും താരിഫ് വർധന സാരമായി ബാധിച്ചിട്ടുണ്ട്. ട്രംപ് ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ഈ വരുന്ന ക്രിസ്തുമസ്, ഒഴിവു ദിനങ്ങളിൽ അമേരിക്കൻ കുട്ടികൾക്ക് വളരെ കുറഞ്ഞ കളിപ്പാട്ടങ്ങൾ മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞു.
ചൈനക്കായിരിക്കും താരിഫുകളുടെ ഭാരം ഏറെ അനുഭവപ്പെടുക എന്ന് പറഞ്ഞിരുന്ന ട്രംപ് അമേരിക്കൻ കുടുംബാംഗങ്ങൾക്ക് ഇനി കുറച്ചു സാധനങ്ങൾ അതും ഉയർന്നു വിലക്ക് വാങ്ങേണ്ട സ്ഥിതി വരും എന്ന മുന്നറിയിപ്പ് ഏപ്രിൽ 30നു നടന്ന കാബിനറ്റ് മീറ്റിംഗിൽ നൽകി. 30 കളിപ്പാവകൾ കിട്ടിയിരുന്ന കുട്ടി ഒരു പക്ഷെ രണ്ട് കളിപ്പാവകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരും എന്നും കൂട്ടിച്ചേർത്തു.
അമേരിക്കയിൽ വിറ്റഴിയുന്ന കളിപ്പാട്ടങ്ങളുടെ 80%വും ചൈനയിൽ നിന്നാണ് വരുന്നത്. "എല്ലാ രാജ്യങ്ങളും നമ്മളെ പിഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. ചൈനയാണ് ഇവയിൽ ഏറ്റവും മോശം'. ട്രംപ് പറയുന്നു.
ഇതിനിടയിൽ ഒരു ഗാലോപ് പോൾ ഡെമോക്രറ്റിക് നേതാക്കളിൽ അമേരിക്കക്കാർക്കുള്ള വിശ്വാസം 25 ശതമാനമാണെന്ന് കണ്ടെത്തി. ഇത് എക്കാലത്തെയും ഏറ്റവും കുറഞ്ഞ ശതമാനമാണ്. റിപ്പബ്ലിക്കൻ നേതാക്കളിൽ ജനങ്ങൾക്കുള്ള വിശ്വാസം അതെ സർവേ 39 ശതമാനമാണ്.