ഫിലാഡൽഫിയയിൽ സൺഡേസ്കൂൾ വാർഷികവും അവാർഡുദാനവും സംഘടിപ്പിച്ചു
ജോസ് മാളേയ്ക്കൽ
Monday, June 23, 2025 11:27 AM IST
ഫിലാഡൽഫിയ: സെന്റ് തോമസ് സീറോമലബാർ വിശ്വാസ പരിശീലന സ്കൂൾ വാർഷികവും കുട്ടികളുടെ ടാലന്റ് ഷോയും 12-ാം ക്ലാസ് ഗ്രാജുവേഷനും വർണാഭമായി ആഘോഷിച്ചു.
"വിശ്വാസം പ്രവർത്തിയിലൂടെ' എന്ന സന്ദേശവുമായി വിശ്വാസപരിശീലന ക്ലാസുകളിൽ പഠിച്ച അറിവിന്റെ വെളിച്ചത്തിൽ കുട്ടികൾ അവരുടെ നൈസർഗിക കലാവാസനകൾ വിവിധ കലാരൂപങ്ങളായി സ്റ്റേജിൽ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ശനിയാഴ്ച വൈകുന്നേരം കൈക്കാരന്മാരായ പോളച്ചൻ വറീദ്, ജോസ് തോമസ്, സജി സെബാസ്റ്റ്യൻ, ജോജി ചെറുവേലിൽ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, സൺഡേ സ്കൂൾ പ്രിൻസിപ്പൾ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പൾ ജോസ് മാളേയ്ക്കൽ, പിടിഎ പ്രസിഡന്റ് ജോബി കൊച്ചുമുട്ടം, മതാധ്യാപകർകൂടിയായ സിഎംസി സിസ്റ്റേഴ്സ്,
പ്രോഗ്രാം കോഓർഡിനേറ്റർ ജയിൻ സന്തോഷ്, മതാധ്യാപകർ, മാതാപിതാക്കൾ എന്നിവരെ സാക്ഷിയാക്കി മുഖ്യാതിഥിയായ സാഗർ സീറോമലബാർരൂപത ബിഷപ് മാർ ജെയിംസ് അത്തിക്കളം, ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ ഭദ്രദീപം തെളിച്ച് സിസിഡി വാർഷികാഘോഷങ്ങളും ടാലന്റ് നൈറ്റും ഉദ്ഘാടനം ചെയ്തു.

മൂന്നു മണിക്കൂർ നീണ്ട സിസിഡി നൈറ്റിൽ പ്രീകെ മുതൽ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികൾ സംഘ നൃത്തം, ആക്ഷൻ സോംഗ്, സ്കിറ്റ്, കോമഡി എന്നിങ്ങനെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
ഹോളി ചൈൽഡ്ഹുഡ് അസോസിയേഷൻ നടത്തിയ ബൈബിൾ റീഡിംഗ് ചലഞ്ച്, 2025 ബൈബിൾ ജെപ്പടി മത്സരങ്ങളിൽ വിജയം വരിച്ചവരെയും പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിൽനിന്നും സമ്പൂർണ ഹാജർ നേടിയ കുട്ടികളെയും പഠനത്തിൽ ഉന്നതനിലവാരം പുലർത്തിയവരെയും സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിച്ചു.

ഈ മാസം എട്ടിന് ദിവ്യബലിക്കുശേഷം നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ പ്രീകെ മുതൽ 14 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ 24 ഹൈസ്കൂൾ ബിരുദധാരികളെ വിശ്വാസിസമൂഹം ആദരിച്ചു.
മധ്യപ്രദേശിലെ സാഗർ സീറോമലബാർരൂപതാ ബിഷപ് മാർ ജെയിംസ് അത്തിക്കളം മുഖ്യാതിഥിയായി ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി. ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണ് സിസിഡി. ക്ലാസ് ഓഫ് 2025 ഗ്രാജുവേറ്റ്സിനെ അനുമോദിച്ചത്.

മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, 12-ാം ക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2025നു ആശംസകളർപ്പിച്ചു. 12-ാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയ ആശിഷ് തങ്കച്ചന് ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ കാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും മാർ ജെയിംസ് അത്തിക്കളവും റവ. ഡോ. ജോർജ് ദാനവേലിലും ഡോ. ജോസിനും കുടുംബവും സംയുക്തമായി നൽകി ആദരിച്ചു.
സിസിഡി പൂർവവിദ്യാർഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഏർപ്പെടുത്തിയ 1000 ഡോളർ ഫാമിലി ഫ്രണ്ട്സ് സ്കോളർഷിപ് ഏറ്റവും നല്ല ലേഖനം രചിച്ച ഫിയോണാ കൊച്ചുമുട്ടം കരസ്ഥമാക്കി.
സിസിഡി പന്ത്രണ്ടാം ക്ലാസിൽനിന്നും എസ്എടി പരീക്ഷയിൽ ഉന്നതവിജയം നേടിയ ജെസിക്കാ ചാക്കോ, ലിലി ചാക്കോ എന്നിവർക്ക് എസ്എംസിസി. ഫിലാഡൽഫിയ ചാപ്റ്റർ നൽകുന്ന കാഷ് അവാർഡുകൾ എസ്എംസിസി പ്രസിഡന്റ് ജോജോ കോട്ടൂരും ടീമംഗങ്ങളുംകൂടി നൽകി ആദരിച്ചു.

സിസിഡി ഈയർബുക്കിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റുഡന്റ് എഡിറ്റർമാരായ ഫിയോണാ കൊചുമുട്ടം, ജോയ്സ് സോബിൻ എന്നിവരെയും തദവസരത്തിൽ ആദരിക്കുകയുണ്ടായി.
ചിത്രങ്ങൾ: ജോസ് തോമസ്