മാണ്ഡ്യ രൂപതാ ബൈബിൾ കലോത്സവം: സുൽത്താൻപാളയ ഫൊറോനയ്ക്ക് കിരീടം, ഹൊങ്ങസാന്ദ്രയും ധർമാരാമും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
Saturday, December 1, 2018 8:25 PM IST
ബംഗളൂരു: ഹുള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമിയിൽ നടന്ന മാണ്ഡ്യ രൂപതാ ബൈബിൾ കലോത്സവത്തിൽ സുൽത്താൻപാളയ സെന്‍റ് അൽഫോൻസ ഫൊറോനയ്ക്ക് കിരീടം. 1126 പോയിന്‍റോടെയാണ് സുൽത്താൻപാളയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 1016 പോയിന്‍റോടെ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറോന രണ്ടാം സ്ഥാനവും 872 പോയിന്‍റോടെ ധർമാരാം സെന്‍റ് തോമസ് ഫൊറോന മൂന്നാം സ്ഥാനവും നേടി.

എ വിഭാഗത്തിൽ സുൽത്താൻപാളയ ഫൊറോനയിലെ ബാബുസാപാളയ സെന്‍റ് ജോസഫ് ഇടവക 443 പോയിന്‍റോടെ ഒന്നാം സ്ഥാനം നേടി. ബി വിഭാഗത്തിൽ സുൽത്താൻപാളയ ഫൊറോനയിലെ കഗദാസപുര സെന്‍റ് മേരീസ് ഇടവകയും (216 പോയിന്‍റ്) സി വിഭാഗത്തിൽ ടി.സി പാളയ സെന്‍റ് ജോസഫ് ഇടവകയും (97 പോയിന്‍റ്) ഡി വിഭാഗത്തിൽ ധർമാരാം ഫൊറോനയിലെ കൊത്തന്നൂർ ദിണ്ണേ ലിറ്റിൽ ഫ്ളവർ ഇടവകയും (96 പോയിന്‍റ്) ഇ വിഭാഗത്തിൽ ഹൊങ്ങസാന്ദ്ര ഫൊറോനയിലെ മുത്തനല്ലൂർ വേളാങ്കണ്ണിമാതാ ഇടവകയും (20 പോയിന്‍റ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കലോത്സവത്തിൽ വ്യക്തിഗത ചാമ്പ്യൻപട്ടമായ ബിബ്ലിയാ സ്റ്റാർ 2018 എൽപി വിഭാഗത്തിൽ ബാബുസാപാളയ സെന്‍റ് ജോസഫ് ഇടവകാംഗം ബ്ലെയ്സ് ജോസഫും യുപി വിഭാഗത്തിൽ കൊത്തന്നൂർ ദിണ്ണെ ലിറ്റിൽ ഫ്ളവർ ഇടവകാംഗം ഹെൽഡ ഗ്രേസും ഹൈസ്കൂൾ വിഭാഗത്തിൽ ധർമാരാം സെന്‍റ് തോമസ് ഫൊറോന ഇടവകാംഗം നേഹ മേരി ജേക്കബും ഹയർ സെക്കൻഡറി വിഭാഗത്തിൽ ബാബുസാപാളയ സെന്‍റ് ജോസഫ് ഇടവകയിലെ എയ്ഞ്ചൽ ജോണും കരസ്ഥമാക്കി.

ക്രൈസ്റ്റ് അക്കാഡമിയിലെ ഒമ്പതു വേദികളിലായി നടന്ന ബൈബിൾ കലോത്സവം മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ ആണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ‌ മാർ‌ ആന്‍റണി കരിയിൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും മാതാപിതാക്കൾക്കും ഈശോയിലേക്ക് അടുക്കാനും അവരുടെ വിശ്വാസം വളർത്താനുമുള്ള ഒരു നല്ല ഉപാധിയാണ് ബൈബിൾ കലോത്സവമെന്ന് മാർ ആന്‍റണി കരിയിൽ പറഞ്ഞു. രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ സിഎംഐ, ഹുള്ളഹള്ളി ക്രൈസ്റ്റ് ദ കിംഗ് ഇടവക വികാരി ഫാ. ബെന്നി പേങ്ങിപ്പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മാത്യു മാമ്പ്ര, ജനറൽ കൺവീനർ പ്രഫ. പി.ജി. സെബാസ്റ്റ്യൻ, മുഖ്യ കൈക്കാരൻ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ ഫാ. ജോർജ് മൈലാടൂർ, സിസ്റ്റർ സോളി മരിയ, ജോസ് വേങ്ങത്തടം, മാത്യു മാളിയേക്കൽ, ജോസഫ് മാമ്പറമ്പിൽ, ജയ്സൺ തടത്തിൽ, ജോമി ഏബ്രഹാം എന്നിവർ‌ നേതൃത്വം നല്കി.