മുഖം മിനുക്കാൻ ലാൽബാഗ്, 75 ലക്ഷം രൂപ ചെലവിൽ നവീകരണം
Wednesday, December 5, 2018 11:51 PM IST
ബംഗളൂരൂ: ഉദ്യാനനഗരിയുടെ ഉദ്യാനമായ ലാൽബാഗ് മുഖംമിനുക്കി സുന്ദരിയാകുന്നു. ചിത്രശലഭ ഉദ്യാനം, സുഗന്ധ ഉദ്യാനം, പശ്ചിമഘട്ടത്തിലെ സസ്യങ്ങൾ, വംശനാശത്തിന്‍റെ വക്കിലുള്ള സസ്യങ്ങളുടെ ഉദ്യാനം എന്നിവയാണ് പുതുതായി ഒരുക്കുന്നത്. 75 ലക്ഷം രൂപ ചെലവഴിച്ച് ലാൽബാഗിലെ 25 ഏക്കർ സ്ഥലം നവീകരിക്കാനാണ് ഹോർ‌ട്ടികൾച്ചർ വകുപ്പ് പദ്ധതിയിടുന്നത്. ലാൽബാഗ് റോക്കിനു സമീപമുള്ള സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുക.

നിലമ്പൂരിലെ ചിത്രശലഭ ഉദ്യാനത്തിന്‍റെ മാതൃകയിൽ ഒരുക്കുന്ന ഉദ്യാനത്തിൽ ആദ്യഘട്ടത്തിൽ 400 പൂച്ചെടികളാണ് നട്ടുപിടിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ ചിത്രശലഭങ്ങളുടെ പ്യൂപ്പകളെ വളർത്തി ഉദ്യാനത്തിൽ നിക്ഷേപിക്കും. വൈകാതെ തന്നെ ഇവ പെരുകുകയും ചെയ്യും. ശലഭോദ്യാനത്തെക്കുറിച്ച് പഠിക്കാൻ ഹോർ‌ട്ടികൾച്ചർ ഉദ്യോഗസ്ഥർ നിലമ്പൂരിലെ ഉദ്യാനം സന്ദർശിക്കും. അതേസമയം, മുഴുവൻ സമയവും പുഷ്പിക്കുന്ന ചെടികളായിരിക്കും സുഗന്ധ ഉദ്യാനത്തിൽ. മുല്ലകൾ, ഗന്ധരാജൻ തുടങ്ങിയ നല്ല മണമുള്ള പുഷ്പങ്ങൾ ഇവിടെയുണ്ടാകും. ഉദ്യാനത്തിലെ രണ്ടേക്കറോളം സ്ഥലത്താണ് പശ്ചിമഘട്ടത്തിലെ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നത്. ഹോർട്ടികൾച്ചർ വകുപ്പ് നട്ടുവളർത്തുന്ന ചിലയിനം സസ്യങ്ങളും ഇവിടേക്കു മാറ്റും. അതേസമയം, നഗരത്തിലെ കാലാവസ്ഥയ്ക്ക് ഇവ അനുയോജ്യമാകുമോ എന്ന സംശയവുമുണ്ട്.

നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ ലാൽബാഗിൽ 4,500ഓളം ഇനങ്ങളിൽപെട്ട ചെടികളുണ്ട്.