വനമേഖലയിൽ കൂടുതൽ റെയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നു
Monday, December 24, 2018 7:34 PM IST
ബംഗളൂരു: വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തുന്നത് തടയുന്നതിനായി കൂടുതൽ വനാതിർത്തികളിൽ റെയിൽ ബാരിക്കേഡുകൾ നിർമിക്കാൻ തീരുമാനം. നിലവിലുള്ള ബാരിക്കേഡുകളുടെ ഉയരം കൂട്ടാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. റെയിൽ ബാരിക്കേഡുകൾ നിർമിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമി നേരത്തെ വനംവകുപ്പിന് അനുമതി നല്കിയിരുന്നു.

കാട്ടാനകൾ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാൻ മിക്കയിടങ്ങളിലും കിടങ്ങുകളും വൈദ്യുതിവേലികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. നിലവിൽ ബന്ദിപ്പൂരിലും നാഗർഹോളെയിലും ഏഴടി ഉയരത്തിൽ റെയിൽ ബാരിക്കേഡുകൾ ഉണ്ടെങ്കിലും കാട്ടാനകൾ ഇത് ചാടിക്കടന്ന് കൃഷിയിടത്തിൽ എത്തുക പതിവാണ്. അടുത്തിടെ നാഗർഹോളെ വനാതിർത്തിയിൽ റെയിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കാട്ടാന അതിൽ കുടുങ്ങി ചരിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബാരിക്കേഡുകളുടെ ഉയരം കൂട്ടാൻ തീരുമാനിച്ചത്.

നാഗർഹോളെ വനാതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി 41 കിലോമീറ്റർ ദൂരത്തിലും ബന്നാർഘട്ട വനമേഖലയിൽ ഏഴു കിലോമീറ്റർ ദൂരത്തിലുമാണ് നിലവിൽ റെയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത്. 2015ൽ ആരംഭിച്ച ഈ പദ്ധതി പകുതി പോലും പൂർത്തിയാക്കാതെ മുടങ്ങുകയായിരുന്നു. ഈ പദ്ധതി പൂർത്തിയാക്കുക കൂടിയാണ് വനംവകുപ്പിന്‍റെ ലക്ഷ്യം.