വിമാനത്താവളത്തിൽ വനിതകൾക്കായി പിങ്ക് ടാക്സി നിലവിൽവന്നു
Tuesday, January 8, 2019 9:26 PM IST
ബംഗളൂരു: വനിതാ യാത്രികരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിങ്ക് ടാക്സി സർവീസ് നാളെ ആരംഭിക്കുന്നു. കർണാടക വിനോദസഞ്ചാര വികസന കോർപറേഷനാണ് (കെഎസ്ടിഡിസി) പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളത്തിലേക്കും തിരിച്ചും രാത്രിസമയത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരേ ഡ്രൈവർമാരുടെ അതിക്രമം വർധിക്കുന്നുവെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് പിങ്ക് ടാക്സി പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളം കേന്ദ്രീകരിച്ച് പിങ്ക് ടാക്സികൾ ഓടിക്കാൻ വനിതാ ഡ്രൈവർമാർക്കായി നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ പത്ത് ടാക്സികൾ നിരത്തിലിറക്കാനാണ് കെഎസ്ടിഡിസി പദ്ധതിയിടുന്നത്. നിലവിൽ 850 എയർപോർട്ട് ടാക്സികളാണ് കോർപറേഷനുള്ളത്.

ജിപിഎസ്, പാനിക് ബട്ടൺ, റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ടാഗ്, മൊബൈൽ ഡിസ്പ്ലേ ടെർമിനൽ ഉപകരണങ്ങൾ എന്നിവയടക്കം സ്ത്രീസുരക്ഷയ്ക്കായുള്ള എല്ലാ സംവിധാനങ്ങളും പിങ്ക് ടാക്സിയിലുണ്ടാകും. യാത്രക്കാർക്ക് സ്മാർട്ട് ആപ്പിലൂടെയും കെഎസ്ടിഡിസിയുടെ ആപ്പിലൂടെയും പിങ്ക് ടാക്സികൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. കെഎസ്ടിഡിസിയുടെ 24 മണിക്കൂർ കോൾ സെന്‍റർ നമ്പരായ 080-44664466 വഴി ടാക്സി സേവനം ലഭ്യമാക്കാം. രാവിലെ ആറു മുതൽ അർധരാത്രി വരെ കിലോമീറ്ററിന് 21.5 രൂപയും അർധരാത്രി മുതൽ രാവിലെ ആറു വരെ 23.5 രൂപയുമാണ് നിരക്ക്.

പിങ്ക് ടാക്സികൾ നിരീക്ഷിക്കാൻ പോലീസിന്‍റെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കാനും കെഎസ്ടിഡിസി പദ്ധതിയിടുന്നുണ്ട്. 20 വനിതാ ഡ്രൈവർമാർക്കും സ്വയരക്ഷയ്ക്കായി പ്രത്യേക കായികപരിശീലനവും നല്കിയിട്ടുണ്ട്.