മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും
Thursday, March 7, 2019 12:30 AM IST
ബംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഇനിമുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും സർവീസ് നടത്തും. നമ്മ ഓട്ടോ പദ്ധതിയുടെ ഭാഗമായാണ് ഓട്ടോറിക്ഷകൾ എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ പത്ത് മെട്രോ സ്റ്റേഷനുകളിലായി 50 മുതൽ 100 വരെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു മെട്രോ റെയിൽ കോർപറേഷനുമായി ചർച്ച നടത്തിവരികയാണ്.

മെട്രോ സ്റ്റേഷനുകളിൽ നിന്ന് 15 കിലോമീറ്റർ ചുറ്റളവിലായിരിക്കും ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് നടത്തുക. യാത്രക്കാർക്ക് സവാരി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. ഇതിനായുള്ള മൊബൈൽ ആപ്പ് പുറത്തിറക്കും. ബൈയപ്പനഹള്ളി, എംജി റോഡ്, മൈസൂരു റോഡ്, ജയനഗർ സ്റ്റേഷനുകളിൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും.