കർണാടകയിൽ നാലു പുതിയ വന്യജീവി സങ്കേതങ്ങൾ
Friday, May 31, 2019 11:26 PM IST
ബംഗളൂരു: കർണാടക സംസ്ഥാനത്ത് നാലു പുതിയ വന്യജീവി സങ്കേതങ്ങൾ കൂടി നിലവിൽ വരുന്നു. കമ്മസാന്ദ്ര, കപ്പടഗുഡ്ഡ, ബുക്കപട്ടണ, ഗുദ്ദെകോട്ടെ എന്നിവയാണ് പുതിയ വന്യജീവിസങ്കേതങ്ങൾ. വവ്വാലുകൾ, സിംഹവാലൻ കുരങ്ങുകൾ തുടങ്ങിയ ജീവികളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയത്.

കോലാറിലെ 78.62 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന കമ്മസാന്ദ്ര വന്യജീവിസങ്കേതം ആന്ധ്ര വനമേഖലയുമായി അതിർത്തി പങ്കിടുന്നവയാണ്. ഗദഗ് ജില്ലയിലെ കപ്പടഗുഡ്ഡ വന്യജീവി സങ്കേതത്തിന് 244.14 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. തുമകുരുവിലെ ബുക്കപട്ടണ വന്യജീവി സങ്കേതത്തിൻറെ വിസ്തൃതി 136.11 ചതുരശ്ര കിലോമീറ്ററാണ്. ബല്ലാരിയിലെ ഗുദ്ദെകോട്ടെ വന്യജീവി സങ്കേതത്തിന് 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്.

കഴിഞ്ഞ ജനുവരിയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് പുതിയ വന്യജീവി സങ്കേതങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നല്കിയതെങ്കിലും സർക്കാരിൻറെ വിജ്ഞാപനം ഇപ്പോഴാണ് ഉണ്ടായത്.