ഇവിഎം വോട്ടുകളും വിവി പാറ്റും തമ്മിൽ പൊരുത്തക്കേടുകളില്ലെന്ന് ബിഇഎൽ‌
Tuesday, June 4, 2019 10:47 PM IST
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളും വിവി പാറ്റ് രസീതുകളും തമ്മിൽ പൊരുത്തക്കേടില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) എംഡി എം.വി. ഗൗതമ. ബിഇഎലിന്‍റെ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്‍റെ പ്രവർത്തനം വിശദീകരിച്ച ഗൗതമ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചാൽ മാത്രമേ ഇന്ത്യയിൽ ജനാധിപത്യത്തിനു നിലനില്പ്പുള്ളൂ എന്നും അഭിപ്രായപ്പെട്ടു.

വിവിപാറ്റ് യന്ത്രങ്ങൾക്കൊപ്പം ഇവിഎമ്മുകളിലും കൃത്രിമം നടക്കില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അഥവാ എന്തെങ്കിലും ക്രമക്കേട് ഉണ്ടായാൽ അത് തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുകയാണെങ്കിൽ ക്രമക്കേട് കണ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സംബന്ധിച്ച് സ്ഥാനാർഥിക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ധൈര്യമായി കോടതിയെ സമീപിക്കാമെന്നും ഗൗതമ പറഞ്ഞു. പത്തുലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ബിഇഎൽ തെരഞ്ഞെടുപ്പ് കമ്മീഷനു നിർമിച്ചുനല്കിയത്.