ഐശ്വര്യത്തിന്‍റെ പൊന്‍കണിയുമായി വിഷു; കണികണ്ടുണർന്ന് മലയാളികൾ
Saturday, April 14, 2018 9:07 PM IST
ബംഗളൂരു: ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും വരവറിയിച്ച് ഇന്നു വിഷു. ഉദ്യാനനഗരിയിലെ മലയാളികളും പുതുപ്രതീക്ഷകളുമായി വിഷുക്കണി കണ്ടുണര്‍ന്നു. വിഷുക്കണി ഒരുക്കാനും സദ്യ ഒരുക്കാനുമുള്ള തിരക്കായിരുന്നു ഇന്നലെ മുതൽ. കൃഷ്ണവിഗ്രഹവും നിലവിളക്കും കണിക്കൊന്നയും കണിവെള്ളരിയും മറ്റു കായ്കനികളുമായാണു കണിയൊരുക്കിയത്. വിഷുവിനു കണി കാണുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പകരുമെന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുടുംബത്തിലെ മുതിര്‍ന്നവര്‍ വിഷുക്കൈനീട്ടം നല്‍കുന്നത് പതിവാണ്.

തിരുവോണ സദ്യപോലെ വിഷുവിനും വിഭവസമൃദ്ധമായ സദ്യ വീടുകളില്‍ ഒരുക്കും. ഉച്ചയൂണിനു കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കുചേരും. അവിയലും സാമ്പാറും ഓലാനും മാമ്പഴ പുളിശേരിയും ഇഞ്ചിക്കറിയുമാണു പ്രധാന വിഭവങ്ങള്‍. വിഷു അടയും പായസവും വാഴപ്പഴവും ഇതര വിഭവങ്ങളാണ്.

വിഷുവിനോടനുബന്ധിച്ചു ബംഗളൂരുവിലെ വിവിധ ക്ഷേത്രങ്ങളിലും ഇന്നു രാവിലെ പ്രത്യേക പൂജകള്‍ നടക്കും. പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ വിഷുക്കണിയും ഒരുക്കിയിരുന്നു. വിഷുദിനത്തില്‍ ക്ഷേത്രങ്ങളില്‍ നിന്നു കൈനീട്ടം വാങ്ങുന്നത് ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.

സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്കു കടക്കുന്നതാണ് വിഷുവിന്‍റെ ഐതീഹ്യം. രാവും പകലും തുല്യമാകുമെന്നാണ് ഈ ദിവസത്തിന്റെ പ്രത്യേകത. കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ വിത്തുവിതയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ ദിവസമായാണ് വിഷുവിനെ കാണുന്നത്.