മൈസൂരുവിന് മധുരമൂറും നാളുകൾ
Tuesday, June 5, 2018 11:51 PM IST
മൈസൂരു: നഗരത്തിന് മധുരം പകർന്ന് മാമ്പഴ-ചക്ക മേള. സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിൽ മൈസൂരു കൊട്ടാരത്തിനു സമീപമുള്ള കഴ്സൺ പാർക്ക് പരിസരത്ത് നടത്തുന്ന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ്. 28 സ്റ്റാളുകളിലായി സിന്ദൂര, ബാദാമി, ബഗനപള്ളി, രാസ്പുരി, മല്ലിക, മൽഗോവ, നീലം, അമ്രപാലി, കേസർ തുടങ്ങിയ മാമ്പഴ ഇനങ്ങളാണ് മേളയിലുള്ളത്. മൈസൂരു, മാണ്ഡ്യ. ചാമരാജനഗർ, രാമനഗര, ദൊഡ്ഡബല്ലാപുര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിവിധയിനം ചക്കകളും മേളയിൽ ലഭിക്കും.

ജൂൺ ഒന്നിന് രാവിലെ ഒമ്പതിന് ഡപ്യൂട്ടി കമ്മീഷണർ അഭിരാം ജി. ശങ്കർ ആണ് മേള ഉദ്ഘാടനം ചെയ്തത്. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് മേളയുടെ സമയം. അഞ്ചു ദിവസത്തെ മേള ചൊവ്വാഴ്ച അവസാനിക്കും.