ഗോള്‍ഡ് റഷ് ഗെയിമിംഗ് - കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഡയമണ്ട് സ്‌പോണ്‍സര്‍
Friday, June 17, 2022 11:23 PM IST
സൈമണ്‍ മുട്ടത്തില്‍
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ഇരുപത്തി അയ്യായിരത്തില്‍പ്പരംവരുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ അഭിമാനവും ആവേശവുമായ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ കെ.സി.സി.എന്‍.എ.യുടെ 2022 ജൂലൈ 21 മുതല്‍ 24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഡയമണ്ട് സ്‌പോണ്‍സേഴ്‌സായി ഗോള്‍ഡ് റഷ് ഗെയിമിംഗ് കമ്പനി മുന്നോട്ടുവന്നു. വടക്കേ അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്തെ ഗെയിമിംഗ് മേഖലയിലെ ഏറ്റവും പ്രമുഖ കമ്പനിയാണ് ഗോള്‍ഡ് റഷ് ഗെയിമിംഗ് കമ്പനി.

കുടിയേറ്റ സംസ്‌ക്കാരം ഉള്‍ക്കൊള്ളുന്ന അമേരിക്കയില്‍, പ്രവാസികളായി അമേരിക്കയില്‍ കുടിയേറിയ, ഒന്നാംതലമുറയില്‍പ്പെട്ടവരെയും അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തലമുറയെയും പങ്കെടുപ്പിച്ചുകൊണ്ട്, അവരുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിനായി കെ.സി.സി.എന്‍.എ. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ ഉന്നതനിലവാരം പുലര്‍ത്തുന്നതും, ഇതിനായി നേതൃത്വം നല്‍കുന്ന കെ.സി.സി.എന്‍.എ.യുടെ ഭാരവാഹികളായ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള ടീം അഭിനന്ദമര്‍ഹിക്കുന്നു എന്നും ഗോള്‍ഡ് റഷ് ഗെയിമിംഗ് കമ്പനി ചെയര്‍മാന്‍ നേയ്ത്തന്‍ ഹെയ്ഡനര്‍ പറഞ്ഞു.

മാതൃകാപരമായ സേവനങ്ങള്‍ ചെയ്യുന്ന കെ.സി.സി.എന്‍.എ.യുടെ കണ്‍വന്‍ഷന്റെ വിജയത്തിനായി ഇരുപത്തി അയ്യായിരം ഡോളര്‍ കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മള്‍ട്ടി മില്യണ്‍ ഡോളറിന്റെ ബിസിനസ് നടത്തുന്ന ഗോള്‍ഡ് റഷ് പോലുള്ള ഒരു കമ്പനി കെ.സി.സി.എന്‍.എ.യുടെ പ്രവര്‍ത്തനങ്ങള്‍ കേള്‍ക്കുവാനും, പരിശോധിക്കുവാനും താല്പര്യം കാണിച്ചതിലും കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന് 25000 ഡോളര്‍ നല്‍കി ഇതിന്റെ ഡയമണ്ട് സ്‌പോണ്‍സേഴ്‌സാകുവാനും കാണിച്ച നല്ല മനസ്സിന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ നന്ദി അര്‍പ്പിച്ചു.

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലേക്ക് 25000 ഡോളര്‍ സംഭാവന നല്‍കിയ ഗോള്‍ഡ് റഷ് കമ്പനിയുടെ സംഭാവനയെ വളരെ ആദരവോടെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിനുവേണ്ടി സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അറിയിച്ചു. ഡയമണ്ട് സ്‌പോണ്‍സറായി മുന്നോട്ടുവന്ന് കെ.സി.സി.എന്‍.എ.യുടെ കണ്‍വന്‍ഷന് കൈത്താങ്ങായ ഗോള്‍ഡ് റഷ് കമ്പനിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നന്ദിയും അര്‍പ്പിക്കുന്നതായി കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് ജോണിച്ചന്‍ കുസുമാലയവും, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരിയിലും, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയിലും അറിയിച്ചു.