ഡിട്രോയിറ്റ്: ഭക്ഷണ സാധനം തെറ്റായി നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ 23-കാരിയായ റസ്റ്റോറന്റ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്ത സംഭവത്തിൽ സഹോദരിമാർ അറസ്റ്റിൽ. ബ്രിയാന ലോങ് (29), കിരിയാന്ന ലോങ് (26) എന്നിവരാണ് പിടിയിലായത്. അക്രമം നടക്കുമ്പോൾ പ്രതികളിൽ ഒരാളായ ബ്രിയാന ഒമ്പത് മാസം ഗർഭിണിയായിരുന്നു.
ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ കൗണ്ടറിന് പിന്നിലേക്ക് എത്തിയ സഹോദരിമാർ ജീവനക്കാരിക്ക് നേരെ പാത്രങ്ങൾ വലിചെറിയുകയും തലയിലേക്ക് തിളച്ച എണ്ണയൊഴിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാരിയെ വയറ്റിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
സംഭവത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹോദരിമാരെ പോലീസ് പിടികൂടി. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നാല് ദിവസം മുൻപ് ബ്രിയാന ഒരു കുഞ്ഞിന് ജന്മം നൽകി. എന്നാൽ, കോടതി ഇരുവർക്കും ജാമ്യം നിഷേധിച്ചു ജയിലിലടക്കാൻ ഉത്തരവിട്ടു. റസ്റ്റോറന്റ് ജീവനക്കാരിയാണ് ആദ്യം പ്രകോപനം ഉണ്ടാക്കിയതെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
Tags : Detroit restaurant worker poured boiling oil