ആഘോഷത്തിൽ നിന്ന്
ഹോഫ്ഡോർപ്പ്: നെതർലൻഡ്സിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ഹാർലെമ്മർമീർ മലയാളി അസോസിയേഷൻ (ഹമ്മ) സംഘടിപ്പിച്ച നാലാമത് ഓണാഘോഷം "ഹമ്മ ഓണം 2026' വർണാഭമായ ചടങ്ങുകളോടെ നടന്നു.
ഓഗസ്റ്റ് 30ന് ഹോഫ്ഡോർപ്പിലെ ഫോക്കർ ഇവന്റ് സെന്ററിൽ നടന്ന ആഘോഷങ്ങളിൽ നൂറ്റിയമ്പതിലധികം പ്രവാസി കുടുംബങ്ങൾ ഒത്തുചേർന്നു. രാവിലെ 9.30ന് ആരംഭിച്ച പരിപാടികൾക്ക് വേറിട്ട ഉദ്ഘാടന ശൈലിയാണ് സംഘാടകർ ഒരുക്കിയത്.
ഔദ്യോഗിക ഭാരവാഹികൾക്കോ പ്രമുഖർക്കോ പകരം ജെൻസിയും കുട്ടികളും ഉൾപ്പെടെയുള്ള പുതുതലമുറ, മാവേലി മന്നന്റെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തിരിതെളിച്ചത്.
മാവേലിത്തമ്പുരാന്റെ വരവും തിരുവാതിരയും ആർപ്പുവിളികളും വേദിയെ ഗൃഹാതുരമായ ഉത്സവപ്പറമ്പാക്കി മാറ്റി.

ആഘോഷത്തിന്റെ പ്രധാന വിശേഷങ്ങൾ
കലാസന്ധ്യയും സാംസ്കാരിക വിരുന്നും: കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച മനോഹരമായ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും കാണികൾക്ക് ദൃശ്യവിരുന്നായി. വിവിധ കലാപരിപാടികളെ സദസ് നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.
തലമുറകളുടെ സംഗമം: കേരളത്തിൽ നിന്നും തങ്ങളുടെ മക്കളെ സന്ദർശിക്കാനെത്തിയ മാതാപിതാക്കളുടെയും മുതിർന്ന തലമുറയുടെയും വലിയ സാന്നിധ്യം ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേക മാറ്റ് കൂട്ടി.
പ്രവാസത്തിലും നമ്മുടെ കുടുംബബന്ധങ്ങളും സാംസ്കാരിക പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന്റെ ഉത്തമ മാതൃകയായി ഈ ഒത്തുചേരൽ മാറി.
വിഭവസമൃദ്ധമായ ഓണസദ്യ: ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി പതിനഞ്ചിലധികം പരമ്പരാഗത കൂട്ടുകറികളും രണ്ട് തരം പായസങ്ങളും ഉൾപ്പെടുത്തിയ വിഭവസമൃദ്ധമായ നാടൻ ഓണസദ്യ ഒരുക്കിയിരുന്നു.
ആവേശം നിറച്ച ഓണക്കളികൾ: കനത്ത മഴയെത്തുടർന്ന് വടംവലി മത്സരം ഒഴിവാക്കേണ്ടി വന്നെങ്കിലും, അകത്തളങ്ങളിൽ നടന്ന "കുളം-കര', "നാരങ്ങാ - സ്പൂൺ' തുടങ്ങിയ നാടൻ മത്സരങ്ങളിൽ ആവേശത്തോടെയാണ് അംഗങ്ങൾ പങ്കെടുത്തത്.
വൈകുന്നേരം കേരളത്തിന്റെ തനത് നാടൻ പലഹാരങ്ങളോടെയുള്ള ചായ സൽക്കാരവും ഒരുക്കിയിരുന്നു. വൈകുന്നേരം അഞ്ചോടെ സമാപിച്ച ആഘോഷ പരിപാടികൾ, ഒത്തുചേരലിന്റെയും ഒരുമയുടെയും മായാത്ത മധുരം സമ്മാനിച്ചാണ് തിരശീല വീണത്.
നാടും വീടും വിട്ടുനിൽക്കുന്ന പ്രവാസജീവിതത്തിലും മലയാളിത്തനിമയും പാരമ്പര്യവും നെഞ്ചേറ്റുന്ന ഹമ്മ കൂട്ടായ്മയുടെ നാലാമത് ഓണാഘോഷം പ്രവാസലോകത്തിന് നവ്യാനുഭവമായി മാറി.
Tags : Onam Netherlands Celebration