നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ സീറോമലബാർ സമൂഹം നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. ഈ മാസം 27ന് വൈകുന്നേരം അഞ്ചിന് നേവിഗസിലെ മരിയൻ കത്തീഡ്രലിന്റെ താഴ്വരയിലാണ് കുരിശിന്റെ വഴി നടന്നത്.
ജർമനിയിൽ ജോലിക്കും പഠനത്തിനുമായി എത്തിയ നിരവധി യുവജനങ്ങൾ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. തുടർന്ന് മരിയൻ കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ടോം കൂട്ടങ്കൽ എംസിബിഎസ് മുഖ്യകാർമ്മികത്വം വഹിച്ചു.
സീറോമലബാർ കമ്മ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ. തോമസ് ചാലിൽ സിഎംഐ, ഫാ. ഡിറ്റോ സുപ്രത്ത് സിഎംഐ (മിലാൻ) എന്നിവർ സഹകാർമികരായിരുന്നു. ഭക്തിസാന്ദ്രമായ ഗാനാലാപനം ശുശ്രൂഷകൾക്ക് കൂടുതൽ ആത്മീയത പകർന്നു.
കൊളോൺ അതിരൂപതയിലെയും, ആഹൻ, എസൻ രൂപതകളിലെയും സീറോ മലബാർ വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.

കൊളോൺ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ സെന്റ് മാർട്ടിൻ ബെർഗിഷ് ലാൻഡ് ഷ്വെൽമ് കുടുംബക്കൂട്ടായ്മയാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചത്.
ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു. തിരുക്കർമങ്ങളിൽ പങ്കെടുത്ത ഏവർക്കും കുടുംബക്കൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തിൽ നന്ദി രേഖപ്പെടുത്തി.

സന്യാസിനിമാർ ഉൾപ്പെടെ ഇരുന്നൂറ്റി അൻപതിലധികം പേർ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. മരിയൻ ഡോം എന്നറിയപ്പെടുന്ന നേവിഗസ് തീർഥാടന കേന്ദ്രം കൊളോൺ അതിരൂപതയുടെ കീഴിലാണ്.
Tags : kurishinte vazhi germany nri news