ജെയ്ഷ വിപിൻ
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഗാനരചനയിലൂടെ രാജ്യാന്തര തലത്തിൽ അപൂർവ നേട്ടം കൈവരിച്ച് മലയാളി വിദ്യാർഥിനി.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സംഘടനയായ "ട്രസ്റ്റ് ഫോർ സസ്റ്റെയ്നബിൾ ലിവിംഗ്' (TSL) ഏർപ്പെടുത്തിയ 2026-ലെ അന്താരാഷ്ട്ര പുരസ്കാരത്തിനാണ് മലയാളി ബാലിക ജെയ്ഷ വിപിൻ അർഹയായത്.
അബുദാബി കേംബ്രിഡ്ജ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ ജെയ്ഷ, സ്വന്തമായി രചിച്ച "അനദർ പാറ്റേൺ' എന്ന ഗാനത്തിലൂടെയാണ് ആഗോള തലത്തിലെ "ഗ്രാൻഡ് പ്രൈസ്' സ്വന്തമാക്കിയത്.
പുരസ്കാരത്തോടൊപ്പം 1,000 പൗണ്ട് (ഏകദേശം ഒരു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ട്രോഫിയും ജെയ്ഷയ്ക്ക് ലഭിക്കും. കൂടാതെ, ജെയ്ഷയുടെ ഈ നേട്ടത്തെ മുൻനിർത്തി കേംബ്രിഡ്ജ് ഹൈസ്കൂളിന് 500 പൗണ്ട് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
കുട്ടികളിൽ പരിസ്ഥിതി ബോധവും സുസ്ഥിര വികസന ആശയങ്ങളും വളർത്താൻ പ്രവർത്തിക്കുന്ന ടിഎസ്എൽ, ഏഴ് മുതൽ 18 വയസുവരെയുള്ള വിദ്യാർഥികൾക്കായി എല്ലാ വർഷവും അന്താരാഷ്ട്ര തലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
"സസ്റ്റെയ്നബിലിറ്റി കൾച്ചർ' (സുസ്ഥിരതാ സംസ്കാരം) എന്നതായിരുന്നു 2026-ലെ മത്സര പ്രമേയം. ഒരു സുസ്ഥിര സംസ്കാരം എങ്ങനെയായിരിക്കണം, അതിനായി മനുഷ്യന്റെ സാംസ്കാരിക ശീലങ്ങളിൽ എന്ത് മാറ്റം വരണം എന്നിവ സർഗാത്മകമായി അവതരിപ്പിക്കാനായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നത്.
ലോകമെമ്പാടുമുള്ള 65-ലധികം രാജ്യങ്ങളിൽ നിന്നായി 2,700-ൽ പരം വിദ്യാർഥികളാണ് ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തത്. പഠനത്തിലും കലയിലും ഒരേപോലെ തിളങ്ങുന്ന ബഹുമുഖപ്രതിഭയായ ജെയ്ഷ, അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ (ISC) ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.
കൊല്ലം സ്വദേശിയും അബുദാബി ബിസിനസ് ഗ്രൂപ്പിന്റെ ഐടി മേധാവിയുമായ വിപിൻ ദേവിന്റെയും തിരുവനന്തപുരം സ്വദേശിയും എഐ എൻജിനിയറുമായ പൂജയുടെയും മകളാണ് ജെയ്ഷ. നഷ്വ വിപിൻ സഹോദരിയാണ്.