അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ കരുതലും ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ടുള്ള "മദർ ഓഫ് ദ് നേഷൻ എൻഡോവ്മെന്റ്' പദ്ധതിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 15 കോടി ദിർഹത്തിന്റെ (ഏകദേശം 371 കോടി രൂപ) സഹായം കൈമാറി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താത്പര്യപ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതി, അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി, ഭാവി സുരക്ഷിതമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
റംസാൻ കാലത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഈ കാരുണ്യസ്പർശം യുഎഇയിലെ കുടുംബ - ശിശുക്ഷേമ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വിലയിരുത്തപ്പെടുന്നു.
അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്.
അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി ഔഖാഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനാണ് പദ്ധതിയിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
Tags : Yusuf Ali 371 crore Abu Dhabi