ഫിഫ 2026 ലോകകപ്പ് തുടങ്ങിയത് 48 ടീമുകളുമായി, 40 ടീമുകള്‍ പല ഘട്ടങ്ങളിലായി സ്വദേശങ്ങളിലേക്കു മടങ്ങി. ഇനിയുള്ളത് എട്ട് ടീമുകള്‍ മാത്രം... ഈ എട്ട് കൂട്ടങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇന്ത്യന്‍ സമയം വെള്ളി പുലര്‍ച്ചെ 1.30നു കിക്കോഫ്... ശേഷിക്കുന്ന എട്ടില്‍ നാലു ടീമുകള്‍ മുന്‍ ചാമ്പ്യന്മാര് (അര്‍ജന്റീന, ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്). ബാക്കി നാലു ടീം (ബെല്‍ജിയം, മൊറോക്കോ, നോര്‍വെ, സ്വിറ്റ്സര്‍ലന്‍ഡ്) കന്നിക്കിരീടം എന്ന തങ്ങളുടെ സ്വപ്നം ഇതുവരെ അണയാതെ കാത്തവര്... 2026 ലോകകപ്പ് എട്ടിന്റെ പണിയുമായി ക്വാര്‍ട്ടറിലേക്കു കടക്കുന്നു...
ഫ്രാന്‍സ് v/s മൊറോക്കോ
ഫ്രാന്‍സ്
കിലിയന്‍ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍ അച്റഫ് ഹക്കീമിയുടെ മൊറോക്കോ. 2022 ഖത്തര്‍ ലോകകപ്പില്‍ ഇരുടീമും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് മൊറോക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കി ഫ്രാന്‍സ് ഫൈനലിലേക്കു മുന്നേറി.
നാലു വര്‍ഷത്തിനുശേഷം ഫിഫ ലോകകപ്പില്‍ വീണ്ടും മൊറോക്കോയും ഫ്രാന്‍സും നേര്‍ക്കുനേര്‍.2026 ലോകകപ്പില്‍ ഗ്രൂപ്പ് ഐ ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ സ്വീഡനെയും പ്രീക്വാര്‍ട്ടറില്‍ പരാഗ്വെയെയും കീഴടക്കി ക്വാര്‍ട്ടറില്‍. കളിച്ച അഞ്ച് മത്സരങ്ങളിലായി വഴങ്ങിയത് രണ്ട് ഗോള്‍ മാത്രം. അടിച്ചത് 14 ഗോള്‍.
ഫിഫ ലോകകപ്പ് ചരിത്രം: രണ്ട് തവണ (1998, 2018) ചാമ്പ്യന്മാര്. രണ്ട് തവണ (2006, 2022) റണ്ണേഴ്സ് അപ്പ്.
ഗ്രൂപ്പ് ഐ
ഫ്രാന്‍സ് 3-1 സെനഗല്‍
ഫ്രാന്‍സ് 3-0 ഇറാക്ക്
ഫ്രാന്‍സ് 4-1 നോര്‍വെ
റൗണ്ട് ഓഫ് 32
ഫ്രാന്‍സ് 3-0 സ്വീഡന്
പ്രീക്വാര്‍ട്ടര്‍
ഫ്രാന്‍സ് 1-0 പരാഗ്വെ
മൊറോക്കോ
അച്റഫ് ഹക്കീമിയുടെ മൊറോക്കോയ്ക്കു മുന്നില്‍ വന്നിരിക്കുന്നത് പ്രതികാരത്തിനുള്ള സുവര്‍ണാവസരം. 2022 ഫിഫ ലോകകപ്പ് സെമിയില്‍ തങ്ങളെ കീഴടക്കിയ ഫ്രാന്‍സിനെ ഇത്തവണ ക്വാര്‍ട്ടറില്‍ തകര്‍ക്കാനുള്ള അവസരമാണ് മൊറോക്കോയ്ക്കുള്ളത്. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തിയ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ നെതര്‍ലന്‍ഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ കാനഡയെയും മറികടന്നു. അഞ്ച് കളികളിലായി അടിച്ചത് 10 ഗോള്‍. വഴങ്ങിയത് നാല് എണ്ണം.
ഫിഫ ലോകകപ്പ് ചരിത്രം: 2022ല്‍ നാലാം സ്ഥാനം. 1986ല്‍ പ്രീക്വാര്‍ട്ടര്‍.
ഗ്രൂപ്പ് സി
മൊറോക്കൊ 1-1 ബ്രസീല്‍
മൊറോക്കോ 1-0 സ്കോട്ലന്ഡ്
മൊറോക്കോ 4-2 ഹെയ്തി
റൗണ്ട് ഓഫ് 32
മൊറോക്കോ 1(3)-(2)1 നെതര്‍ലന്‍ഡ്സ്
പ്രീക്വാര്‍ട്ടര്‍
മൊറോക്കോ 3-0 കാനഡ
നേര്‍ക്കുനേര്‍
മത്സരം: 06
ഫ്രാന്‍സ് ജയം: 04
മൊറോക്കന്‍ ജയം: 00
സമനില: 02
സ്പെയിന് v/s ബെല്‍ജിയം
സ്പെയിന്
കൗമാര സൂപ്പര്‍ താരം ലാമിന് യമാലിന്റെ കരുത്തുമായെത്തിയ സ്പെയിനിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍ റൊമേലു ലുകാക്കുവിന്റെ ബെല്‍ജിയം. റോഡ്രിയാണ് സ്പെയിനിന്റെ ക്യാപ്റ്റന്‍. 2010നുശേഷം മറ്റൊരു ലോകകിരീടമാണ് നിലവിലെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവ സംഘം ലക്ഷ്യംവയ്ക്കുന്നത്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് സ്പെയിന് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയായിരുന്നു തുടക്കം. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ തോല്‍പ്പിച്ചു. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയും കീഴടക്കി.
ഫിഫ ലോകകപ്പ് ചരിത്രം: 2010 ലോക ചാമ്പ്യന്‍. ഒരു പ്രാവശ്യം നാലാം സ്ഥാനം (1950).
ഗ്രൂപ്പ് എച്ച്
സ്പെയിന് 0-0 കേപ് വെര്‍ദെ
സ്പെയിന് 4-0 സൗദി അറേബ്യ
സ്പെയിന് 1-0 ഉറുഗ്വെ
റൗണ്ട് ഓഫ് 32
സ്പെയിന് 3-0 ഓസ്ട്രിയ
പ്രീക്വാര്‍ട്ടര്‍
സ്പെയിന് 1-0 പോര്‍ച്ചുഗല്‍
ബെല്‍ജിയം
സുവര്‍ണ തലമുറയുടെ ബാക്കിപത്രമായി ബെല്‍ജിയം ടീമില്‍ ശേഷിക്കുന്നത് കെവിന് ഡി ബ്രൂയിന്, റൊമേലു ലുകാക്കു, തിബൊ കോര്‍ത്വ എന്നിവര്‍ മാത്രം. ജെറെമി ഡോക്കു, ചാള്‍സ് ഡി കെറ്റലെയന് തുടങ്ങിയ യുവതാരങ്ങളാണ് നിലവിലെ കരുത്ത്. ഏഡന്‍ ഹസാര്‍ഡ് അടക്കമുള്ള മുന്‍തലമുറയ്ക്കു സാധിക്കാതരുന്നത് ഇത്തവണ നേടാനാണ് പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ടീമിന്റെ ലക്ഷ്യം. യൂരി ടൈലെമാന്സാണ് ക്യാപ്റ്റന്‍.
2026 ലോകകപ്പ് ഗ്രൂപ്പ് ജി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ അമേരിക്കയുടെ വെല്ലുവിളിയും അവസാനിപ്പിച്ചു.
ഫിഫ ലോകകപ്പ് ചരിത്രം: 2018ല്‍ മൂന്നാം സ്ഥാനത്ത് എത്തിയത് മികച്ച പ്രകടനം. 1986ല്‍ നാലാം സ്ഥാനം.
ഗ്രൂപ്പ് ജി
ബെല്‍ജിയം 1-1 ഈജിപ്ത്
ബെല്‍ജിയം 0-0 ഇറാന്
ബെല്‍ജിയം 5-1 ന്യൂസിലന്‍ഡ്
റൗണ്ട് ഓഫ് 32
ബെല്‍ജിയം 3-2 സെനഗല്‍
പ്രീക്വാര്‍ട്ടര്‍
ബെല്‍ജിയം 4-1 അമേരിക്ക
നേര്‍ക്കുനേര്‍
മത്സരം: 22
സ്പെയിന് ജയം: 12
ബെല്‍ജിയം ജയം: 05
സമനില: 05
ഇംഗ്ലണ്ട് v/s നോര്‍വെ
ഇംഗ്ലണ്ട്
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ഹാരി കെയ്ന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് കിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും തോല്‍പ്പിച്ചു.
ഫിഫ ലോകകപ്പ് ചരിത്രം: 1966 ലോകകപ്പ് ജേതാക്കള്‍. 1990, 2018 എഡിഷനുകളില്‍ നാലാം സ്ഥാനം.
ഗ്രൂപ്പ് എല്‍
ഇംഗ്ലണ്ട് 4-2 ക്രൊയേഷ്യ
ഇംഗ്ലണ്ട് 0-0 ഘാന
ഇംഗ്ലണ്ട് 2-0 പാനമ
റൗണ്ട് ഓഫ് 32
ഇംഗ്ലണ്ട് 2-1 കോംഗോ
പ്രീക്വാര്‍ട്ടര്‍
ഇംഗ്ലണ്ട് 3-2 മെക്സിക്കോ
നോര്‍വെ
നോര്‍വെയ്ക്ക് ഇതു വൈക്കിംഗ് റോവിംഗിന്റെ ലോകകപ്പ്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെ ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ വീഴ്ത്തി.
ഫിഫ ലോകകപ്പ് ചരിത്രം: ലോകകപ്പില്‍ കളിക്കുന്നത് നാലാം തവണ. 1998ല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതായിരുന്നു മികച്ച പ്രകടനം.
ഗ്രൂപ്പ് ഐ
നോര്‍വെ 4-1 ഇറാക്ക്
നോര്‍വെ 3-2 സെനഗല്‍
നോര്‍വെ 1-4 ഫ്രാന്‍സ്
റൗണ്ട് ഓഫ് 32
നോര്‍വെ 2-1 ഐവറികോസ്റ്റ്
പ്രീക്വാര്‍ട്ടര്‍
നോര്‍വെ 2-1 ബ്രസീല്‍
നേര്‍ക്കുനേര്‍
മത്സരം: 12
ഇംഗ്ലണ്ട് ജയം: 07
നോര്‍വെ ജയം: 02
സമനില: 03
അര്‍ജന്റീന v/s സ്വിറ്റ്സര്‍ലന്‍ഡ്
അര്‍ജന്റീന
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ലയണല്‍ മെസിക്കൊപ്പം കൈയും മെയ്യും മറന്നു പോരാടുന്ന ഒരു സംഘമാണ് അര്‍ജന്റീനയുടെ കരുത്ത്.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ തോല്‍പ്പിച്ചു. അഞ്ച് മത്സരങ്ങളിലായി 14 ഗോള്‍ നേടി. അഞ്ച് എണ്ണം വഴങ്ങി.ഫിഫ ലോകകപ്പ് ചരിത്രം: മൂന്നു തവണ ചാമ്പ്യന്മാരായി (1978, 1986, 2022). മൂന്നു തവണ റണ്ണേഴ്സ് അപ്പ് (1930, 1990, 2014).
ഗ്രൂപ്പ് ജെ
അര്‍ജന്റീന 3-0 അള്‍ജീരിയ
അര്‍ജന്റീന 2-0 ഓസ്ട്രിയ
അര്‍ജന്റീന 3-1 ജോര്‍ദാന്‍
റൗണ്ട് ഓഫ് 32
അര്‍ജന്റീന 3-2 കേപ് വെര്‍ദെ
അര്‍ജന്റീന 3-2 ഈജിപ്ത്
സ്വിറ്റ്സര്‍ലന്‍ഡ്
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. മാത്രമല്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനമാണ് ടീമിന്റെ ക്വാര്‍ട്ടർ പ്രവേശം. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് ടീമിന്റെ കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി.ഫിഫ ലോകകപ്പ് ചരിത്രം: മൂന്നു തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ (1934, 1938, 1954). കഴിഞ്ഞ മൂന്ന് എഡിഷനിലും പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
ഗ്രൂപ്പ് ബി
സ്വിറ്റ്സര്‍ലന്‍ഡ് 1-1 ഖത്തര്‍
സ്വിറ്റ്സര്‍ലന്‍ഡ് 4-1 ബോസ്നിയ
സ്വിറ്റ്സര്‍ലന്‍ഡ് 2-1 കാനഡ
റൗണ്ട് ഓഫ് 32
സ്വിറ്റ്സര്‍ലന്‍ഡ് 2-0 അള്‍ജീരിയ
പ്രീക്വാര്‍ട്ടര്‍
സ്വിറ്റ്സര്‍ലന്‍ഡ് 0(4)-(3)0 കൊളംബിയ
നേര്‍ക്കുനേര്‍
മത്സരം: 07
അര്‍ജന്റീന ജയം: 05
സ്വിറ്റ്സര്‍ലന്‍ഡ് ജയം: 00
സമനില: 02
Tags : FIFA 2026 World Cup: 8 teams