Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്ത് ബിജെപി. പ്രമേയത്തിൽ ഭേദഗതികൾ നിർദേശിച്ചാണ് ബിജെപി എതിർപ്പ് അറിയിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും നിയമസഭ പിരിച്ചുവിടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആറിലെ അപാകതകളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ പറഞ്ഞു. എസ്ഐആർ നടപടികളിൽ അപാകതകളുണ്ടെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി നിർദേശം.
എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവും ബിജെപി അംഗങ്ങൾ ഭേദഗതിയിലൂടെ മുന്നോട്ടുവച്ചു. എന്നാൽ ബിജെപി നിർദേശിച്ച ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തുടർന്ന് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു.
ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാനായി പ്രമേയം പാസാക്കിയത്.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രമേയം പാസാക്കിയത്. ഒരു സംസ്ഥാന നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമാണെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചു. മൂന്ന് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്ഐആർ നടപടികളിലെ അപാകതകളും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അർഹരായ വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി.
നടപടികൾ സുതാര്യമാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും പ്രമേയം കുറ്റപ്പെടുത്തി. കമ്മീഷന്റെ നിലവിലെ പ്രവർത്തനം വിശ്വാസ്യത ഇല്ലാതാക്കിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റീസിനെ ഉൾപ്പെടുത്തി കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും ഇതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തത്.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരത്തിന് അനുമതി തേടി സിജെപി വീണ്ടും പൊലിസിനെ സമീപിക്കും. ഇന്ത്യാ സഖ്യയോഗവും ഇന്ന് ചേരും. വൈകിട്ട് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തും.
അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. എൽഡിഎഫ് പിന്തുണയ്ക്കും. അതേ സമയം ബിജെപി എതിര്ക്കും. ഗ്യാനേഷിന് കീഴിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിയാണെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഇന്ന് നിയമസഭാ മാർച്ചും നടത്തും.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം പാസാക്കും. മുഖ്യമന്ത്രി വി.ഡി. സതീശനാകും ചട്ടം 118 പ്രകാരം നിർണായക പ്രമേയം അവതരിപ്പിക്കുക.
പ്രതിപക്ഷമായ എൽഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന പ്രമേയത്തെ പൂർണമായും പിന്തുണയ്ക്കും. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടയിൽ കേരള നിയമസഭയുടെ ഈ നീക്കം ദേശീയ തലത്തിലെ സമരങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ ആവേശം പകരുമെന്നാണ് വിലയിരുത്തൽ.
National
ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ത്യാ സഖ്യം കൂടി ആലോചന നടത്തുമെന്നും ബേബി പറഞ്ഞു.
ഗ്യാനേഷിനെ സംരക്ഷിക്കുന്ന ബിജെപി സർക്കാരിന് എതിരെ സമരം തുടരുമെന്നും തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു.
നിയമലംഘനം നടത്തുന്നത് മോദിയും അമിത് ഷായുമാണ്. ഡല്ഹി അടച്ചുപൂട്ടാന് പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടും അത് പോലും ഇവര് പാലിക്കുന്നില്ലെന്ന് ബേബി കുറ്റപ്പെടുത്തി. ജനാധിപത്യത്തെ മാനിക്കാത്ത സര്ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
പൊലിസുകാരെയും അര്ധസൈനികരെയും ആര്എസ്എസുകാരെ പോലെ ജനാധിപത്യ ശക്തികളെ അടിച്ചമര്ത്താന് ദുരുപയോഗപ്പെടുത്തുന്നു. അസാധാരണ സാഹചര്യമാണ് രാജ്യത്തെന്നും ബേബി പറഞ്ഞു.
Kerala
തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിക്കാനെത്തി പൊലിസ് കസ്റ്റഡിയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. റസിഡൻസ് കമ്മീഷണറുമായി ബന്ധപ്പെടാനും ഇടപെടാനും മുഖ്യമന്ത്രി നിർദേശം നൽകി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കാനെത്തിയ പിണറായിയെ കസ്റ്റഡിയിലെടുത്ത പൊലിസ് മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയതിനെ തുടർന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായത്. പിണറായിക്കൊപ്പമുള്ള ജോൺ ബ്രിട്ടാസ് എംപിയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലിസിന്റെ നടപടിയെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ഉന്നത നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പോലിസ് തുടരുന്നതെന്നും പിണറായിക്കൊപ്പമുള്ള ബ്രിട്ടാസ് വിവരിച്ചിരുന്നു. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലിസ് നൽകുന്ന വിശദീകരണം.
National
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്നർ ഗ്യാനേഷ് കുമാറിനെ രക്ഷിക്കാന് ബിജെപി മരണ വെപ്രാളം കാണിക്കുകയാണെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്. ബിജെപിയുടെ പ്രവൃത്തികള് അവരുടെ നാശത്തിലേക്ക് നയിക്കുമെന്നും തിങ്കളാഴ്ച ഡല്ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സമരം കാണുമെന്നും വേണുഗോപാല് പറഞ്ഞു.
നരേന്ദ്ര മോദി സര്ക്കാര് പരിഭ്രാന്തിയിലാണ്. അതിന്റെ ഭാഗമായാണ് ഡല്ഹി ഇതുവരെ കാണാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഡല്ഹിയില് നടക്കുന്നത്.
"രാജ്യം ഇതുവരെ കാണാത്ത സമരമായിരിക്കും തിങ്കളാഴ്ച്ച കാണാന് പോകുന്നതെന്നും കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നല്കി. പൊലിസ് നടപടിയില് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും നിവേദനം നല്കും. തെരഞ്ഞെടുപ്പ് കമ്മീഷ്ണര് ഇറങ്ങി പോയെ മതിയാകൂ. അതിനായുള്ള സമരം രാജ്യമെങ്ങും അലയടിക്കും.'-വേണുഗോപാല് പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തു. എം.എ ബേബി, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ, കെ.കെ ശൈലജ, പി.കെ ശ്രീമതി, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയ നേതാക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് മാർച്ചിന് തയാറെടുക്കുന്നതിനിടെയായിരുന്നു പൊലിസ് നടപടി.
ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണിതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണിത്. ഗ്യാനേഷ് കുമാർ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമം നടന്നു.
13 കോടിയോളം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് കേന്ദ്രത്തിന്റെ താത്പര്യത്തിന് വേണ്ടിയാണ്. കേന്ദ്രം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ വഴി വിട്ട നീക്കങ്ങൾ നടത്തുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കേരളത്തിലെ സാഹചര്യവുമായി എസ്ഐആറിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് എസ്ഐആർ നടപ്പാക്കിയ എല്ലായിടത്തും അതിന്റെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്യതലസ്ഥാനത്ത് എന്തിന് ഇങ്ങനെയൊരു അവസ്ഥ കേന്ദ്രം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി ഉൾപ്പെടെ പ്രതിഷേധിക്കാനുള്ള അവകാശം ഹനിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജനാധിപത്യത്തിനോട് ബഹുമാനമില്ലാത്തവരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും കേസെടുത്ത് പൊലിസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഉള്ളവർക്കെതിരെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.
ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെ പൊലിസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കൂടുതൽ നേതാക്കൾ ഡൽഹിയിലെത്തി. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രതിഷേധത്തിൽ പങ്കെടുക്കും. ഇന്നത്തെ പ്രതിഷേധത്തിലാണ് പങ്കെടുക്കുന്നത്. ഇന്നും ഉച്ചക്ക് ശേഷമായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. അതിനിടെ, രാഷ്ട്രപതിയെ കാണാനുള്ള 10 പേരെ നിശ്ചയിക്കാൻ രാവിലെ 11ന് നേതാക്കൾ ആശയവിനിമയം നടത്തും.
അതേസമയം, ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങൾ ഡൽഹിയിലേയ്ക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 സിഎപിഎഫ് കമ്പനികൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തിൽ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തിൽ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണങ്ങൾക്കു മറുപടി നൽകാൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ വെല്ലുവിളിച്ച് സമാജ്വാദി പാർട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പു കമ്മിഷനും ബിജെപിക്കുമെതിരേ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.
യുപിയിലെ വോട്ടർപട്ടികയിൽ വൻതോതിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും കൂടുതൽ സുതാര്യത വേണമെന്ന പ്രതിപക്ഷ ആവശ്യങ്ങളെ ബിജെപി ഭയപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാജമായി ഒട്ടേറെ അപേക്ഷകളാണു ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. കൃത്രിമം കാണിച്ചവരെ ഞങ്ങൾതന്നെ കൈയോടെ പിടികൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷൻ ഇതിനു വ്യക്തമായ ഉത്തരം നൽകണം-അഖിലേഷ് ആവശ്യപ്പെട്ടു.
കത്തുന്ന വെയിലിനെയോ വിയർപ്പിനെയോ തങ്ങൾ ഭയപ്പെടുന്നില്ലെന്നും ബിജെപിക്കാർ ഭയന്നിരിക്കുന്നതുകൊണ്ടാണ് വഴികളിലെല്ലാം ബാരിക്കേഡുകൾ തീർത്തിരിക്കുന്നതെന്നും അഖിലേഷ് പരിഹസിച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ വ്യാപിക്കുകയാണ്.
ഇന്നലെ രാജ്യതലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ന് കോൺഗ്രസും ഇന്ത്യാ സഖ്യവും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
കനത്ത സുരക്ഷ, ഗതാഗതക്കുരുക്ക്
പ്രതിപക്ഷ പ്രതിഷേധം നേരിടുന്നതിനായി തലസ്ഥാനനഗര പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഎസ്എഫ്, സിഐഎസ്എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കമുള്ള ആയിരക്കണക്കിനു സുരക്ഷാ സേനയെയാണ് വഴിനീളെ വിന്യസിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസ്, പാർലമെന്റ് സ്ട്രീറ്റ്, ജന്തർ മന്തർ പ്രദേശങ്ങളിലെ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സെൻട്രൽ ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ജന്തർ മന്തറിനു സമീപം അഞ്ചു ദിവസമായി തുടരുന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘനം എന്നിവയ്ക്ക് പോലീസ് ഒന്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇടത് സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ പ്രവർത്തകരടക്കം 18 പേരെ അറസ്റ്റ് ചെയ്യുകയും മുന്നൂറോളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വോട്ടർ പട്ടികയിൽനിന്നുള്ള പേര് വെട്ടലിനും തൊഴില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി പത്തിന് ജന്തർ മന്തറിൽ വൻ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
National
മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ ആയുധംപോലെയാണ് പ്രവർത്തിക്കുന്നതെന്നു ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ.
മഹാരാഷ്ട്ര തീവ്രവോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ മുംബൈയിൽ നടന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. കോൺഗ്രസ് നേതാക്കളായ ബാലാസാഹെബ് തോറാട്ട്, വിജയ് വഡേട്ടിവാർ എന്നിവരും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി)യിലെ ജയന്ത് പാട്ടീൽ, ശശികാന്ത് ഷിൻഡെ, ജിതേന്ദ്ര അവാദ്, അനിൽ ദേശ്മുഖ് എന്നിവരും പങ്കെടുത്തു. കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്നർ ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ശനിയാഴ്ചയാണെന്നും കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലീസിബിന്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിന്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിന്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല. കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു.
അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും. പാതിവഴിയിൽ ഉപേക്ഷിച്ച പരാതിയാണ്, അന്വേഷണമാണ്. പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
National
മുംബൈ: ജനാധിപത്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ മുംബൈ നഗരത്തിൽ വ്യത്യസ്ത പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാർട്ടി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിലാണ് സിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി നടത്തുന്നത്.
പൊലിസ് അനുമതി നിഷേധിച്ചിട്ടും നൂറുകണക്കിന് പ്രവർത്തകരാണ് ദേശീയപതാകകളുമായി പ്രദേശത്ത് തടിച്ചുകൂടിയിരിക്കുന്നത്. വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിർത്തിവെക്കുക, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.
സെലബ്രിറ്റികളായ ഷബാന ആസ്മി, വിശാ ദദാനി തുടങ്ങിയവരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കാത്ത പക്ഷം പ്രതിഷേധം ഡൽഹി ജന്തർ മന്തറിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി.
മുംബൈയിൽ സിജെപി ചരിത്രം തിരുത്തിക്കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ദാദർ റെയിൽവേ സ്റ്റേഷനിലും ശിവാജി പാർക്കിലും വൻ പൊലിസ് സന്നാഹത്തെയും ആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
Kerala
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം സമരകലുഷിതം. ഡൽഹിയിലെ ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു.
ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമായി. ഉച്ചതിരിഞ്ഞാണ് മുംബൈയിൽ കോക്രോച്ച് ജനാതാ പാർട്ടിയുടെ ജയിൽനിറയ്ക്കൽ സമരം.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജന്തർ മന്തറിലേക്കെത്തിയ ആംആദ്മി പാർട്ടി പ്രവർത്തകരേയും പൊലിസ് തടഞ്ഞു.
ബാരിക്കേഡുകൾ വച്ചും മെട്രോ അടച്ചും സമരക്കാരെ പൊലിസ് തടഞ്ഞു. ഇന്റർനെറ്റും വിച്ഛേദിച്ചു. എന്നാൽ ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് ചെറു സംഘമായും കൂട്ടമായും എത്തുകയായിരുന്നു. ജില്ലാ കളക്ട്രേറ്റുകളിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച് പ്രതിഷേധമാർച്ചുകൾക്ക് ഇന്ന് തുടക്കമായി. വൈകുന്നേരം മുംബൈ ദാദറിലെ ശിവാജി പാർക്കിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരം.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജ്യവ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് തുടങ്ങും. മറ്റ് വിവിധ സംഘടനകളും ഡൽഹിയിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സിജെപിയുടെ സമരം മുംബൈയിൽ നടക്കും. ജന്തർമന്തറിലേക്ക് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് നടത്തും. മാർച്ചിന് ഡൽഹി പൊലിസ് അനുമതി നൽകിയിട്ടില്ല. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും.
Kerala
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐആർ നടപടിയിലൂടെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ 13 കോടി പേരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തക സമിതി പ്രമേയം പാസാക്കി.
പ്രധാനമന്ത്രി രാജിവെക്കണമെന്നും എസ്ഐആർ നടപടി റദ്ദാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. തുടർ പ്രതിഷേധ പരിപാടികൾ ബുധനാഴ്ച ചേരുന്ന ഇന്ത്യാ സഖ്യ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. സഖ്യത്തിലെ മറ്റ് കക്ഷികളുമായി ആലോചിക്കാതെ ഒറ്റയ്ക്ക് തുടർനടപടികൾ പ്രഖ്യാപിക്കേണ്ടതില്ലെന്നും കോൺഗ്രസ് നിലപാടെടുത്തു. ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നടപടിയടക്കമുള്ള വിഷയങ്ങളും നാളത്തെ യോഗത്തിൽ ചർച്ചയായേക്കും.
അതേസമയം ഇന്ത്യാ സഖ്യത്തിലെ പ്രധാന നേതാവായ അഖിലേഷ് യാദവ് നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ അഖിലേഷ് പകരം പ്രതിനിധിയെ അയയ്ക്കാമെന്നും വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും അഖിലേഷ് ആശയവിനിമയം നടത്തി.
തമിഴ്നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയെ സഖ്യത്തിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. ജനാധിപത്യത്തെ തകർക്കുന്ന നടപടികൾ കണ്ടുനിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലും പ്രവർത്തക സമിതി യോഗത്തിൽ ചർച്ചയായി. രമേശ് ചെന്നിത്തലയാണ് വിഷയം ഉന്നയിച്ചത്.
National
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി ഒപ്പ് ശേഖരണം തുടങ്ങി. ഈ ഒപ്പുകൾ സഹിതം രാഷ്ട്രപതിക്ക് പരാതി നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം ഡൽഹിയിൽ പ്രതിഷേധം ശക്തമാകുമെന്ന സൂചനയെ തുടർന്ന് സുരക്ഷശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹി പൊലിസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ജന്തർമന്തർ ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പ് പ്രതിപക്ഷം പൂർണമായും തള്ളിക്കളഞ്ഞു. തങ്ങൾ ഉന്നയിച്ച പരാതികളും പുറത്തുവന്ന വിവരങ്ങളും ശരിവയ്ക്കുന്നതാണ് കമ്മീഷന്റെ വിശദീകരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തിൽ പ്രതിപക്ഷ ഏകോപനം ശക്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം.
ഇതിന്റെ ഭാഗമായി സിപിഎം നേതാവ് എം.എ.ബേബി ഇന്ന് അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. എൻഡിഎ ഇതര കക്ഷികളെ അണിനിരത്തി ശക്തമായ സംയുക്ത പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ചർച്ചകളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച. ഇതിനകം തന്നെ മമതാ ബാനർജി, രാഹുൽ ഗാന്ധി എന്നിവരുമായി എം.എ. ബേബി ഫോണിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. കോണ്ഗ്രസിന് പിന്നാലെ ഇടത് പാര്ട്ടികളും ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് മുതല് പ്രതിഷേധം തുടങ്ങും.
സിജെപി നല്കിയ 48 മണിക്കൂര് അന്ത്യ ശാസനം ഇന്ന് അവസാനിക്കും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല് ഹര്ജികള് സുപ്രീം കോടതിയിലെത്താനിടയുണ്ട്.
National
കോൽക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷനിലെ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പുറത്തുവന്നതിന് പിന്നാലെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇവിഎം അട്ടിമറിച്ചെന്നും ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ നീക്കം ചെയ്ത് വോട്ടെടുപ്പ് അട്ടിമറിച്ചെന്നും ആരോപിച്ച മമത, പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് മമത കേന്ദ്ര സർക്കാരിനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ സഹ കമ്മീഷണർമാർ നൽകിയ 14 പരാതികൾ പുറത്തുവന്നതോടെ ഗ്യാനേഷ് കുമാറിന്റെ അനധികൃത നീക്കങ്ങൾ പരസ്യമായെന്ന് മമത ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്താൽ മാത്രം പോരാ, ക്രമക്കേടുകൾക്ക് ഉത്തരവാദിയായ അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണം. എസ്ഐആറിന് മുൻപുള്ള പഴയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ബംഗാളിലും ബിജെപി വിജയിച്ച മറ്റ് സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണം.
വിഷയം ഉന്നയിച്ച് 'ഇന്ത്യ' മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉദ്ദവ് താക്കറെ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുമായി സഹകരിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും മമത അറിയിച്ചു. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടർന്നുവന്ന വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപിയെ ഭരണത്തിലേറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി പ്രവർത്തിച്ചെന്നും മമത ബാനർജി കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും തമ്മിൽ കടുത്ത ഭിന്നതയെന്ന് വെളിപ്പെടുത്തൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14 തവണയാണ് രേഖാമൂലം എതിർപ്പും പരാതിയും അറിയിച്ചതെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തീരുമാനങ്ങൾ തങ്ങളെ അറിയിക്കാതെ ഏകപക്ഷീയമായി കൈക്കൊള്ളുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇരുവരും സിഇസിക്ക് കത്തയച്ചിരുന്നു. വോട്ടർ പട്ടികയുടെ ഡിജിറ്റൽ നിയന്ത്രണം കേന്ദ്രീകൃതമാക്കുന്നതിലും, പുതിയ വോട്ടർമാർക്കുള്ള 'ഫോം 6'-ൽ വരുത്തിയ മാറ്റങ്ങളിലും ഇരുവരും കടുത്ത ആശങ്കയാണ് കത്തിലൂടെ പ്രകടിപ്പിച്ചത്. ഇത് നിയമവിരുദ്ധവും മുൻകൂട്ടിയുള്ള അനുമതിയില്ലാത്തതുമാണെന്ന് കമ്മീഷണർമാർ കുറിച്ചു.
പ്രാദേശിക തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെ അധികാരം വെട്ടിക്കുറച്ച് കേന്ദ്ര തലത്തിൽ വോട്ടർ പട്ടിക നിയന്ത്രിക്കാനുള്ള നീക്കത്തെ ഇരുവരും ചോദ്യം ചെയ്തു. ഗോവയിൽ വോട്ടർ പട്ടികയിലെ തിരുത്തലുകൾ രേഖപ്പെടുത്താൻ സോഫ്റ്റ്വെയർ അനുവദിക്കാത്തതിനെ തുടർന്ന് അർഹരായ 97 വോട്ടർമാർ പുറത്തായ സംഭവവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഐടി വിഭാഗത്തിന്റെ മേൽനോട്ട ചുമതലകളിൽ തങ്ങളറിയാതെ വരുത്തിയ മാറ്റങ്ങൾക്കെതിരെയും ഇരു കമ്മീഷണർമാരും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തയച്ചിരുന്നു. 2023-ലെ പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ സർവസമ്മതത്തോടെയോ അല്ലെങ്കിൽ ഭൂരിപക്ഷാഭിപ്രായപ്രകാരമോ വേണമെന്നാണ് ചട്ടം. എന്നാൽ തങ്ങളെ മാറ്റിനിർത്തി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിനെതിരെ ഭരണഘടനാ സ്ഥാപനത്തിനുള്ളിൽ തന്നെ ഇത്രയും വലിയ എതിർപ്പുയരുന്നത് ഇതാദ്യമാണ്.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പുതിയ നോട്ടീസ് നൽകി. രാജ്യസഭ സെക്രട്ടറി ജനറലിനാണ് 73 എം.പിമാർ ഒപ്പിട്ട പ്രമേയ നോട്ടീസ് സമർപ്പിച്ചത്.
2026 മാർച്ച് 15ന് ശേഷം ഭരണഘടനാ വിരുദ്ധമായ ഒൻപതോളം കാര്യങ്ങൾ സിഇസിയുടെ ഭാഗത്തുനിന്നുണ്ടായതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. അദ്ദേഹം സ്ഥാനത്ത് തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ സിഇസി കേന്ദ്ര സർക്കാരിനും ബിജെപിക്കും അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന പരാതി. ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഇതിന് തെളിവായി പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ 193 എംപിമാർ ചേർന്ന് നൽകിയ നോട്ടീസ് രാജ്യസഭാ അധ്യക്ഷനും ലോക്സഭാ സ്പീക്കറും തള്ളിയിരുന്നു.
ഇതിനെത്തുടർന്നാണ് കൂടുതൽ കൃത്യമായ ആരോപണങ്ങൾ ഉൾപ്പെടുത്തി പുതിയ നോട്ടീസ് നൽകാൻ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്. രാജ്യസഭാ അധ്യക്ഷൻ നോട്ടീസ് അംഗീകരിച്ചാൽ, ആരോപണങ്ങൾ അന്വേഷിക്കാൻ മുതിർന്ന ജഡ്ജിമാരടങ്ങുന്ന സമിതിയെ നിയോഗിക്കേണ്ടി വരും.
.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർക്ക് പിന്നാലെ രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇന്ത്യ സഖഖ്യത്തിലെ പ്രമുഖ നേതാക്കൾ ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മ, വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കാത്തത്, ഭരണപക്ഷത്തിന് അനുകൂലമായി നിലപാടുകൾ സ്വീകരിക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ തലവനായ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കേണ്ടതുണ്ട്.
പ്രതിപക്ഷത്തെ 50-ലധികം എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടതായാണ് സൂചന.
സ്പീക്കർ ഓം ബിർളയ്ക്കെതിരെ ഇതിനകം അവിശ്വാസ പ്രമേയം നിലനിൽക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഈ നീക്കം കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.
Kerala
കൊച്ചി: നിയമവിധേയമായി നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് കൊച്ചിയിലെത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് (സിഇസി) ഗ്യാനേഷ് കുമാര് രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പുനൽകി.
എസ്ഐആര് നടപടികള് പൂര്ത്തിയാക്കിയ ബൂത്ത് ലെവല് ഓഫീസര്മാരെ തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദിച്ചു. രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടര് പട്ടിക പുതുക്കല് തികച്ചും സുതാര്യമായാണ് നടത്തിയതെന്ന് അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് ചൂടിലേക്ക് എത്തിയ കേരളത്തിൽ സ്ഥാനാർഥി നിർണയവുമായ ചർച്ചകളാണ് നിലവിൽ നടക്കുന്നത്. പിണറായി വിജയനെ മുന്നിൽ നിർത്തി മൂന്നാം സർക്കാരിനെ പ്രതീക്ഷിച്ചുകൊണ്ടാണ് ഇടതുമുന്നണിയുടെ നീക്കങ്ങൾ. എന്നാൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ പ്രതീക്ഷ.
Kerala
കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സംസ്ഥാനത്തെത്തി.
മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയുടെ ഭാഗമായി കൊച്ചിയിലെത്തിയ അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. സന്ദർശനത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സന്ദർശനത്തിന്റെ അവസാന ദിവസമായ ശനിയാഴ്ച സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ചകൾ ക്രമീകരിച്ചിരിക്കുന്നത്. അന്ന് രാവിലെ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കൂടാതെ ശനിയാഴ്ച കൊച്ചിയിൽവച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താ സമ്മേളനവും വിളിച്ചു ചേർത്തിട്ടുണ്ട്.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാറിലേക്ക്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ വിവേക് ജോഷി, എസ്.എസ്. സന്ധു എന്നിവർ ദ്വിദിന സന്ദർശനത്തിനായി ഇന്ന് പാറ്റ്നയിലെത്തും.
243 അംഗ ബിഹാർ നിയമസഭയുടെ കാലാവധി അടുത്തമാസം 22 ന് അവസാനിക്കുകയാണു. വിവിധ ഘട്ടങ്ങളിലായി ഈ മാസം അവസാനവും അടുത്തമാസം ആദ്യവുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ധാരണ.
തീയതി പ്രഖ്യാപിക്കും മുന്പുള്ള സംസ്ഥാനസന്ദർശനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴ്വഴക്കങ്ങളിലൊന്നാണ്.