District News
തൊടുപുഴ: ലഹരി ഉപയോഗവും വിതരണവും തടയാന് തൊടുപുഴ നഗരപരിധിയിലെ ഹോട്ടലുകള്, റസ്റ്ററന്റുകള്, ടീ ഷോപ്പുകള്, തട്ടുകടകള് ഉള്പ്പടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്ത്തനസമയം രാത്രി 12 വരെ നിജപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിലായി.
ഓപ്പറേഷന് തൂഫാന് ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായാണ് നടപടി. രാത്രികാലങ്ങളില് പ്രവര്ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ടീ ഷോപ്പുകളും തട്ടുകടകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്ന് അധികൃതര് അറിയിച്ചു.
ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച് പൊലിസിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമായും പരിശോധന നടത്തുക. ഇത്തരം സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള് ശേഖരിച്ച് അവരുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കും. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള് പരിശോധിച്ച ശേഷം ആവശ്യമായ തുടര്നടപടികള് സ്വീകരിക്കുമെന്നും പൊലിസ് വ്യക്തമാക്കി.
ഓപ്പറേഷന്റെ ഭാഗമായി പരിശോധനയ്ക്കായി പൊലിസ് ഡോഗ് സ്ക്വാഡിന്റെയും സ്പെഷ്യല് സ്ക്വാഡിന്റെയും സേവനം ഉപയോഗപ്പെടുത്തും. ലഹരി ഉപയോഗവും വിതരണവും കണ്ടെത്തുന്നതിനൊപ്പം സ്ഥാപനങ്ങളുടെ പ്രവര്ത്തനവും പൊലിസ് നിരീക്ഷിക്കും. രാത്രികാല കടകളുടെ നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തില് ഒരു മാസത്തേക്കാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡിവൈഎസ്പി സജി മാര്ക്കോസ് പറഞ്ഞു. പുലര്ച്ചെ നാലു മുതല് രാത്രി 12വരെ തുറന്ന് പ്രവര്ത്തിക്കാമെന്നും അദേഹം വ്യക്തമാക്കി.
നിര്ദേശം അവഗണിച്ച് ചില കടകള് തുറന്നു
തൊടുപുഴ: നഗരത്തില് അര്ധരാത്രിക്കുശേഷം കടകള് അടയ്ക്കണമെന്ന പൊലിസ് നിര്ദേശം അവഗണിച്ച് ചില കടകള് രാപകല് പ്രവര്ത്തിച്ചതായി പരാതി. മങ്ങാട്ടുകവലയിലും വെങ്ങല്ലൂര് ഷാപ്പുംപടിയിലുമുള്ള രണ്ടു കടകളാണ് തിങ്കളാഴ്ച രാത്രി പ്രവര്ത്തിച്ചത്. പൊലിസ് നിര്ദേശപ്രകാരം ഷാപ്പുംപടിയിലെ കട പിന്നീട് അടച്ചു. മങ്ങാട്ടുകവലയിലെ കടയും പൊലിസ് നിര്ദേശം പാലിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
രാത്രി മുഴുവന് തുറന്നു പ്രവര്ത്തിക്കുന്ന ചില ഭക്ഷണശാലകളുടെ മറവില് ലഹരി ഉപയോഗം നടക്കുന്നുവെന്നാണു പൊലിസിന്റെ വിലയിരുത്തല്. നഗരത്തിലെ പല ലഹരിക്കേസുകളും അന്വേഷിച്ചപ്പോള് പ്രതികള് ഒത്തുകൂടിയത് ഇത്തരം രാത്രികടകളിലാണെന്ന് കണ്ടെത്തിയിരുന്നു.
സമയനിയന്ത്രണം
അശാസ്ത്രീയം: ഡിവൈഎഫ്ഐ
തൊടുപുഴ: നഗരത്തില് അര്ധരാത്രിക്കുശേഷം നിയന്ത്രണം ഏര്പ്പെടുത്തിയത് തികച്ചും അശാസ്ത്രീയമാണെന്ന് ഡിവൈഎഫ്ഐ നേതാക്കള് പത്രസമ്മേളനത്തില് ആരോപിച്ചു. ലഹരി വ്യാപനത്തിനെതിരേ നടപടികളെടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. ഇതിന്റെ മറവില് യഥാര്ഥ ലഹരി കച്ചവടക്കാര് രക്ഷപ്പെടുകയാണ്.
മാന്യമായി കച്ചവടം ചെയ്ത് ജീവിക്കുന്നവരുടെ വരുമാനമാണ് ഇതോടെ ഇല്ലാതാകുന്നത്. നിരവധി കുടുംബങ്ങളുടെ ജീവിതമാര്ഗംകൂടിയാണ് രാത്രികാല കച്ചവടം. നൂറുകണക്കിന് തൊഴിലാളികള് പുലര്ച്ചെവരെ നഗരത്തില് ജോലിചെയ്യുന്നുണ്ട്. വിവിധ ആവശ്യങ്ങള്ക്കായി നിരവധി പേര് വന്നുപോകുന്നുണ്ട്.
ഇവരെല്ലാം ഭക്ഷണം കഴിക്കാനും മറ്റുമായി ആശ്രയിക്കുന്നത് രാത്രികാല കടകളെയാണ്. ലഹരി ഉപയോഗത്തിനെതിരേ ശക്തമായ പൊല്സ് പട്രോളിംഗ് വേണം. ലഹരിവില്പന നടത്തുന്ന കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പട്ടിക പൊലിസിനു നല്കാന് ഡിവൈഎഫ്ഐ തയാറാണ്.
നോട്ടീസ് ഇല്ലാതെ കടകള് അടപ്പിക്കാന് വന്നാല് തടയുമെന്നും നേതാക്കള് പറഞ്ഞു. ജില്ലാ ട്രഷറര് എം.എസ്. ശരത്, കെ.എസ്. അനന്തു, കെ.എം. അല്ത്താഫ്, ടിനു പി.ശശി, വിഷ്ണു എന്നിവര് പത്രസമ്മേളനത്തില് പങ്കടുത്തു.
National
മുംബൈ: മുംബൈയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഗർബ നൃത്ത പരിപാടികളിൽനിന്ന് മുസ്ലിംകൾക്ക് നിയന്ത്രണം. ഗർബ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുസ്ലിംകൾ തിലകം ചാർത്തണമെന്നും പൂജകളിൽ പങ്കെടുക്കണമെന്നും ബിജെപി എംഎൽഎ സഞ്ജയ് ഉപാധ്യായ അറിയിച്ചു.
ബോരിവാലിയിൽ ഗർബ പരിപാടിയുടെ ഭാഗമായ ഭൂമിപൂജയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി എംഎൽഎ മനീഷ ചൗധരി, മുൻ ബിജെപി എംപി ഗോപാൽ ഷെട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നവരാത്രിക്കു മുന്നോടിയായുള്ള ഗർബ, ദണ്ഡിയ പരിപാടികളിലെ മുസ്ലിം പങ്കാളിത്തം സംബന്ധിച്ച് വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന.
മുസ്ലിംകളെ ഇത്തരം പരിപാടികളിൽനിന്ന് ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരുടെ വ്യക്തിവിരങ്ങൾ പരിശോധിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇത്തവണ മുസ്ലിംകൾക്ക് ഗർബയിൽ പ്രവേശനമില്ല. വരാൻ ആഗ്രഹിക്കുന്നവർ തിലകം ചാർത്തി ദേവിയെ ആരാധിക്കണം’ ഉപാധ്യായ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ലെന്നും കെഎസ്ഇബി അറിയിച്ചു. ശനിയാഴ്ച വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ് ആണ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ശനിയാഴ്ച നിയന്ത്രണം വേണ്ടി വന്നത് രണ്ട് തവണയാണ്.
ഇന്ന് വൈദ്യുതി ഉപയോഗം കുറഞ്ഞേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യത ഉറപ്പായില്ലെങ്കിൽ നിയന്ത്രണം വേണ്ടി വരും. ഇന്നും 900 മെഗാവാട്ട് കുറവ് ഉണ്ടായേക്കും.
ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിൽ വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഏകദേശം 1200 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്താകെ വൈദ്യുതിയുടെ ആവശ്യകത വൻതോതിൽ ഉയർന്നതിനെത്തുടർന്ന് പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ഹിമാചൽ പ്രദേശ് സർക്കാർ തരാമെന്നു പറയുന്ന 250 മെഗാവാട്ട് വൈദ്യുതി പകൽ സമയത്താണെന്നും അതുകൊണ്ടു കേരളത്തിന് അധികം പ്രയോജനം വരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
പകൽ സമയം വൈദ്യുതി ലഭിക്കുന്നതു പരിഹാരം ആവില്ലെന്നും രാത്രിയിലെ ഉയർന്ന ഉപഭോഗത്തിനുള്ള പരിഹാരമാണ് വേണ്ടതെന്നും സണ്ണി ജോസഫ് വിവരിച്ചു.
ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണമടക്കം തുടരും. ഇക്കാര്യത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് അധികമായി 150 മെഗാവാട്ട് വൈദ്യുതി ഇന്നലെ മുതൽ ലഭിച്ചു തുടങ്ങിയിട്ടും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമാകുന്നില്ല.
വായ്പയായി ഇതര സംസ്ഥാനങ്ങളിൽ നിന്നു കിട്ടുമെന്ന് പ്രതീക്ഷിച്ച വൈദ്യുതി ഇന്നലെ കിട്ടാഞ്ഞതും ദേശീയ തലത്തിൽ വൈദ്യുതി ആവശ്യകത കുതിച്ചുയർന്നതും കേരളത്തിനു തിരിച്ചടിയായി. ഇതോടെ ഇന്നലെയും സംസ്ഥാനത്ത് പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിൽ തുടർ നടപടികളുണ്ടായിട്ടില്ല. ദേശീയ തലത്തിൽ ആവശ്യകത ഉയർന്നതോടെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് കൂടുതൽ വൈദ്യുതി കിട്ടാത്തതും സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
പീക്ക് സമയത്തെ ആവശ്യകത 5,200 മെഗാവാട്ട് കടന്നതോടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം 1,000 മെഗാവാട്ടിനടുത്തെത്തിയ ദിവസങ്ങളിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്നലെയും വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ നിയന്ത്രണം ഏർപ്പെടുത്തി.
കൂടുതൽ വൈദ്യുതി എത്തിക്കാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഈ മാസം അവസാനം വരെ നിയന്ത്രണം തുടരാനാണ് സാധ്യത.
National
ന്യൂഡൽഹി: പഞ്ചാബിൽ ഗുരുതര വൈദ്യുതി പ്രതിസന്ധി. ഉയർന്ന താപനിലയ്ക്കും മഴക്കുറവിനുമിടയിൽ വൈദ്യുതി ആവശ്യകത ഉയർന്നതിനാലാണു പ്രതിസന്ധി രൂക്ഷമായത്.
കഴിഞ്ഞ വർഷം ഇതേസമയത്ത് 12,489 മെഗാവാട്ട് വൈദ്യുതി ആവശ്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ സംസ്ഥാനത്തിന്റെ പീക്ക് ലോഡ് നിലവിൽ ഏകദേശം 16,500 മെഗാവാട്ടിനടുത്താണ്.
പ്രതിസന്ധിയെത്തുടർന്ന് ലുഥിയാന, ജലന്ധർ, അമൃത്സർ, മൊഹാലി എന്നിവയുൾപ്പടെയുള്ള പ്രധാന വ്യാവസായിക കേന്ദ്രങ്ങളിൽ എട്ടു മുതൽ പത്തു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണമുണ്ട്. ഗ്രാമീണമേഖലകളിൽ മൂന്നു മുതൽ നാല് മണിക്കൂർ വരെയും നിയന്ത്രണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പഞ്ചാബിലെ നിലവിലെ വൈദ്യുതി ആവശ്യം 17,000 മെഗാവാട്ടിനടുത്താണെന്നും ഏകദേശം 14,000 മെഗാവാട്ട് മാത്രം വൈദ്യുതി ലഭ്യതയുള്ളതിനാൽ 3,000 മെഗാവാട്ട് വൈദ്യുതി കുറവാണെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
1,360 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന സംസ്ഥാനത്തെ രണ്ട് സ്വകാര്യ തെർമൽ പവർ പദ്ധതികൾ പ്രവർത്തനരഹിതമായതും വൈദ്യുതി പ്രതിസന്ധിയുടെ ആഘാതം കൂട്ടി.
കനത്ത ചൂടിനിടയിലെ ഉയർന്ന ആവശ്യകതയോടൊപ്പം കേന്ദ്രസർക്കാർ പഞ്ചാബിനു നൽകേണ്ട 1000 മെഗാവാട്ട് നൽകാത്തതും വൈദ്യുതി ലഭ്യതക്കുറവിനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഡൽഹി വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി.
ഡൽഹി ഡിവിഷനു കീഴിലുള്ളതും ഇവിടെ എത്തിച്ചേരുന്നതുമായ നിരവധി സർവീസുകളെ ഇതു ബാധിക്കും. ഇന്നലെമുതൽ നാളെ വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്തിരിക്കുന്നത്.
സമയക്രമത്തിലെ മാറ്റം കാരണം തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് ഉൾപ്പടെ കേരളത്തിൽനിന്നുള്ള ദീർഘദൂര ട്രെയിനുകൾ വഴിയിൽ പിടിച്ചിടാനോ പുറപ്പെടുന്ന സമയം വൈകാനോ സാധ്യതയുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 120ഓളം ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
രാജധാനി, തേജസ്, വന്ദേഭാരത്, പൂർവ എക്സ്പ്രസ് തുടങ്ങിയ പ്രധാന സർവീസുകളും ഇതിലുൾപ്പെടുന്നു. ട്രെയിനുകളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം വെബ്സൈറ്റോ 139 എന്ന ഹെൽപ്പ്ലൈൻ നമ്പറോ ഉപയോഗിക്കാമെന്ന് റെയിൽവേ അറിയിച്ചു.
Kerala
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെ പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരാൻ കെഎസ്ഇബി.
കഴിഞ്ഞ ദിവസം രാത്രിയിലും പുലർച്ചെയുമടക്കം ഒന്നിലേറെ തവണ നിയന്ത്രണം ഏർപ്പെടുത്തിയതിൽ വ്യാപകമായ പരാതി ഉയർന്നതിനു പിന്നാലെ നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി ജനങ്ങളെ അറിയിക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5200 മെഗാവാട്ടിലെത്തിയിരുന്നു. നിലവിലെ ലഭ്യതയേക്കാൾ ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ കുറവ് നേരിട്ടതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൂട് വർധിച്ചതിനെ തുടർന്ന് ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയവയുടെ ഉപയോഗം കൂടിയതും വൈദ്യുതി വാഹനങ്ങളുടെ രാത്രി ചാർജിങ്ങും ഉപയോഗം ഉയർത്തിയതായാണ് ബോർഡിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽനിന്ന് ഏകദേശം 1650 മെഗാവാട്ടും, കേന്ദ്ര വിഹിതമായി 1500 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ 630 മെഗാവാട്ടും, ഹ്രസ്വകാല കരാറുകളിലൂടെ ഏകദേശം 100 മെഗാവാട്ടും ലഭിക്കുന്നുണ്ട്. എന്നാൽ ആവശ്യകതയിലെ അപ്രതീക്ഷിത വർധനയ്ക്കനുസരിച്ച് വിപണിയിൽനിന്ന് അധിക വൈദ്യുതി ലഭ്യമാകാത്തതാണ് നിയന്ത്രണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് യോഗത്തിനു ശേഷം വ്യക്തമാക്കി.
സൗരോർജ ഉത്പാദനം വർധിച്ചിട്ടും അതിന്റെ സംഭരണശേഷി പരിമിതമാണെന്നതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. പകൽ ഉത്പാദിപ്പിക്കുന്ന സൗരോർജം രാത്രിയിലെ ആവശ്യത്തിനായി സംഭരിക്കാൻ ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വ്യാപിപ്പിക്കും. കാസർകോട്, തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പദ്ധതികൾ വേഗത്തിലാക്കാനും ഫ്ളോട്ടിംഗ് സോളാർ പദ്ധതികൾ വിപുലീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിച്ചിരുന്ന ദീർഘകാല കരാർ പുനഃസ്ഥാപിക്കാനുള്ള നിയമപോരാട്ടവും തുടരുകയാണ്. സെപ്റ്റംബർ മധ്യത്തോടെ നിലവിലെ ചില വൈദ്യുതി കൈമാറ്റ ബാധ്യതകളിൽ ഇളവും ഒക്ടോബർ ആദ്യം മുതൽ പുറത്തു നിന്നു കൂടുതൽ വൈദ്യുതിയും ലഭ്യമാൻ കഴിയുമെന്നും ഇതോടെ നിയന്ത്രണം ഒഴിവാക്കാൻ കഴിയുമെന്നുമാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
International
ബാങ്കോക്ക്: തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ചശേഷം അമേരിക്കയുടെ ആണവവാഹക യുദ്ധക്കപ്പലായ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' തായ്ലൻഡിലെ പട്ടായ തീരത്ത് എത്തി. കപ്പലിലുണ്ടായിരുന്ന 5000ത്തോളം സൈനികർക്കു വിശ്രമം നൽകുന്നതിന്റെ ഭാഗമായാണ് കപ്പൽ തായ്ലൻഡിൽ നങ്കൂരമിട്ടത്.
വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ സൈനികർ വിശ്രമത്തിനായി എത്തിയതോടെയാണു പട്ടായ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രദേശത്തെ വ്യാപാരികൾക്കു സൈനികരുടെ വരവ് വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നഗരത്തിലെ ലൈംഗിക തൊഴിൽ നിയന്ത്രിക്കാൻ അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
സൈനികരുടെ വരവിനു മുന്നോടിയായി നടത്തിയ പരിശോധനകളിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടുവെന്ന സംശയത്തിൽ 40 മുതൽ 50 വരെ സ്ത്രീകൾ അടക്കമുള്ളവരെ തായ് പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ, ലൈംഗികശാലകൾക്കു പേരുകേട്ട 'സോയ് 6' മേഖല, കഞ്ചാവ് ഷോപ്പുകൾ, പാരാഗ്ലൈഡിംഗ് തുടങ്ങിയ സാഹസികവിനോദങ്ങൾ എന്നിവയിൽനിന്നു യുഎസ് സൈനികർക്കു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തായ്ലൻഡിൽ നിയമപരമായി ലൈംഗിക തൊഴിൽ നിരോധിച്ചിട്ടുള്ളതാണെന്ന് പൊലിസ് ഓർമിപ്പിച്ചു.
കഴിഞ്ഞ നവംബറിൽ സാൻ ഡിയാഗോയിൽനിന്നു പുറപ്പെട്ട ഈ യുദ്ധക്കപ്പൽ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്നു പേർഷ്യൻ ഗൾഫിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇത്രയും ദീർഘനാൾ കടലിൽ കഴിഞ്ഞത് സൈനികരിൽ മാനസികസമ്മർദത്തിനു കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
സൈനികരുടെ സുരക്ഷയും നഗരത്തിലെ ക്രമസമാധാനവും ഉറപ്പാക്കാൻ നൂറുകണക്കിന് പൊലിസുകാരെയാണ് പട്ടായയിൽ വിന്യസിച്ചിരിക്കുന്നത്. ഈമാസം ആറിന് കപ്പൽ തിരികെ അമേരിക്കയിലേക്കു യാത്ര തിരിക്കും.
Kerala
തിരുവനന്തപുരം : സര്ക്കാര് സ്ഥാപനങ്ങള്ക്ക് വായ്പ എടുക്കുന്നതില് നിയന്ത്രണം ഏര്പ്പെടുത്തി ധന വകുപ്പ്. മുന് വായ്പകളുടെ ശരിയായ ഉപയോഗവും കണക്കും ലഭ്യമായതിനു ശേഷംമാത്രമേ പുതിയ വായ്പകള് എടുക്കുന്നതു പരിഗണിക്കൂ. കോര്പറേഷനുകള്, സ്വയംഭരണ സ്ഥാപനങ്ങള്, ഗ്രാൻഡ് ഇന് എയ്ഡ് സ്ഥാപനങ്ങള്, പൊതുമേഖലാ സ്ഥാപനങ്ങള്, സര്ക്കാര് വായ്പകള് ലഭിച്ച മറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കാണ് സർക്കാർ നിയന്ത്രണം ബാധകം.
കഴിഞ്ഞ 17 ന് ധനകാര്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഇറക്കിയ സര്ക്കുലര് പ്രകാരം മുന് വായ്പകളുടെ ഉപയോഗത്തിന്റേയും തിരിച്ചടവിന്റേയും വിശദാംശങ്ങള്, യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റുകള്, ബില്ലുകള്, വൗച്ചറുകള് എന്നിവ അടിയന്തരമായി സമര്പ്പിക്കാന് നിര്ദേശം നല്കി.
പുതിയ വായ്പ അപേക്ഷ ഇതു പരിശോധിച്ച് ബോധ്യപ്പെട്ടാല് മാത്രമേ അനുവദിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. മുന്കാല വായ്പകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റുകള്, ബില്ലുകള്, വൗച്ചറുകള് എന്നിവ ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ചു ധന വകുപ്പിന് കൈമാറണം. ധന വകുപ്പ് വിശദമായി പരിശോധിച്ച് അംഗീകരിച്ചാല് മാത്രമേ പുതിയ വായ്പ എടുക്കാന് സര്ക്കാര് ഗ്യാരന്റി നല്കൂ.
ഇതുവരെ സര്ക്കാര് സ്ഥാപനങ്ങള് വായ്പ എടുക്കാന്, അതാതു വകുപ്പ് സെക്രട്ടറി വഴി, വകുപ്പ് മന്ത്രിക്കു ഫയൽ നല്കി , അതു മന്ത്രിസഭാ യോഗത്തില് വച്ചു പാസാക്കുകയും സര്ക്കാര് ഗ്യാരന്റി ലഭ്യമാക്കി വായ്പ എടുക്കുകയുമായിരുന്നു. എന്നാൽ പലപ്പോഴും ഈ തുക വിനിയോഗിക്കാതെ ബാങ്കുകളില് ഡിപ്പോസിറ്റ് ചെയ്യുകയും വായ്പയുടെ പലിശ അടയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല യൂട്ടിലൈസേഷന് സര്ട്ടിഫിക്കറ്റ് ധന വകുപ്പിന് കൈമാറാന് കാലതാമസമെടുത്തിരുന്നു. അതേ സമയം വ്യക്തമായ വൗച്ചറുകളോ ബില്ലുകളോ ധനവകുപ്പിന് കൈമാറുന്നുമില്ല. ഇതിനെ തുടര്ന്നാണ് ധന വകുപ്പ് വായ്പ എടുക്കുന്നതില് കടിഞ്ഞാണിടാന് തീരുമാനിച്ചത്.
ഒരു സ്ഥാപനം വായ്പയുടെ ഒരു ഭാഗം മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിൽ ബാക്കി തുക എന്തുകൊണ്ടാണ് ചെലവഴിക്കാത്തതെന്നു വിശദീകരിക്കണം. അനുവദനീയമായ ഉപയോഗ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് മുഴുവന് വായ്പ തുകയുടെയും ഉപയോഗ വിശദാംശങ്ങള് സമര്പ്പിക്കാന് സര്ക്കാര് സ്ഥാപനങ്ങള്ക്കു ധന വകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങള്ക്ക് അനുവദിച്ച വായ്പകള്, അവയുടെ വിനിയോഗം, തിരിച്ചടവ് എന്നിവ ട്രാക്ക് ചെയ്യുന്നതിനായി 2021 ഡിസംബറില് സര്ക്കാര് ലോണ് മോണിറ്ററിംഗ് ആന്ഡ് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. എന്നാല് അതു പരാജയപ്പെട്ടു. ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി വി.ഡി .സതീശന് നേരിട്ട് ഇടപെട്ടാണ് കര്ശന പരിശോധനയ്ക്കു തീരുമാനിച്ചത്.
Business
ന്യൂഡൽഹി: ഗോതന്പ് മാവ് (ആട്ട), മൈദ, റവ, ഹോൾ വീറ്റ് ആട്ട, റിസൾട്ടന്റ് ആട്ട എന്നിവയുൾപ്പെടെയുള്ള ഗോതന്പ് ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രണം കേന്ദ്ര സർക്കാർ ഉടനടി പ്രാബല്യത്തോടെ ഇന്നലെ പിൻവലിച്ചു.
ഗോതന്പ് പൊടിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും കയറ്റുമതി നയത്തിൽ സർക്കാർ ഭേദഗതി വരുത്തുകയും ഇവയുടെ വിദേശ കയറ്റുമതിക്കുമേൽ മുൻപ് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കുകയും ചെയ്തതായി ഒൗദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
2022 ജൂലൈ 12-നാണ് കേന്ദ്ര സർക്കാർ ഗോതന്പ് കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഇതിനുശേഷമുള്ള പ്രധാന ഇളവാണിത്. മുൻപുണ്ടായിരുന്ന നിരോധനത്തിന് പകരം ഇവ സൗജന്യമായി കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ സർക്കാർ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തി.
കയറ്റുമതി
നിയന്ത്രണങ്ങളിൽ ഇളവ്
ഗോതന്പിന്റെയും ഗോതന്പ് അധിഷ്ഠിത ഉത്പന്നങ്ങളുടെയും മേലുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 50 ലക്ഷം ടണ് വരെ കയറ്റുമതി ചെയ്യാൻ അനുമതി നൽകിക്കൊണ്ട് സർക്കാർഈ വർഷം ആദ്യം ഭാഗികമായി ഇളവുകൾ നൽകിയിരുന്നു.
പുതിയ ഭേദഗതിയോടെ ഈ പരിധിയും ഒഴിവാക്കി. ഇത് വഴി കയറ്റുമതിക്കാർക്ക് അന്താരാഷ്ട്ര വിപണിയിലെ ആവശ്യകത അനുസരിച്ച് കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സാധിക്കും. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കാനും ഭക്ഷ്യവിലക്കയറ്റം തടയാനുമായി കുറച്ചു വർഷങ്ങളായി തുടർന്നുവന്ന നിയന്ത്രണങ്ങൾക്കാണ് ഇതോടെ മാറ്റമാകുന്നത്.
ഇന്ത്യ ഗോതന്പ് കയറ്റുമതി നിരോധിച്ചത് എന്തുകൊണ്ട്?
ആഭ്യന്തര വിപണിയിൽ ഗോതന്പിന്റെയും ആട്ടയുടെയും വില കുത്തനെ ഉയർന്നതിനെ തുടർന്ന് 2022ൽ ഇന്ത്യ ഗോതന്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഉയർന്നതിനെത്തുടർന്ന് ഇന്ത്യ ഗോതന്പ് കയറ്റുമതി വർധിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ വിതരണ തടസങ്ങൾ കാരണം ആഗോളതലത്തിൽ ഗോതന്പ് വില ഏകദേശം 40 % വരെ ഉയർന്നിരുന്നു. ലോകത്തിലെ ഗോതന്പ് വ്യാപാരത്തിന്റെ 25 % കൈകാര്യം ചെയ്തിരുന്ന കരിങ്കടൽ മേഖലയിലെ വിതരണം തടസപ്പെട്ടതാണ് ആഗോള വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ഈ സമയത്ത് ഇന്ത്യ കൂടുതൽ കയറ്റുമതി നടത്തുകയും അന്താരാഷ്ട്ര വിപണിയിലെ ക്ഷാമത്തിന് ഒരു പരിധി വരെ ആശ്വാസമാകുകയും ചെയ്തു. എന്നാൽ, രാജ്യത്തിനകത്ത് വില ഉയരുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്തതോടെ ഇന്ത്യ ആഭ്യന്തര വിപണിയിലെ ലഭ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കയറ്റുമതി നിയന്ത്രിക്കുകയായിരുന്നു.
പുതിയ തീരുമാനത്തോടെ ഇന്ത്യ വീണ്ടും ഗോതന്പ് ഉത്പന്നങ്ങളുടെ ആഗോള വ്യാപാരത്തിലേക്ക് സജീവമായി തിരിച്ചെത്തുകയാണ്. ഈ നിയന്ത്രണങ്ങൾ നീക്കിയതിലൂടെ തദ്ദേശീയ മാവ് മില്ലുകൾക്കും കയറ്റുമതിക്കാർക്കും വിദേശ വിപണിയിലേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
National
ന്യൂഡല്ഹി: നാലു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷം, അലര്ജി, മൂക്കടപ്പ്, കണ്ണില്നിന്നു വെള്ളം വരിക തുടങ്ങിയ അസുഖങ്ങള്ക്കുള്ള മരുന്നുകള്ക്ക് നിയന്ത്രണമേര്പ്പെടുത്തി കേന്ദ്രസര്ക്കാര്.
ക്ലോര്ഫെനിറാമിന് മാലിയേറ്റും ഫെനൈല്ഫ്രൈന് ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള് ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്പ്പെടുത്തിയത്. രാജ്യത്തെ ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ മരുന്നുകളുടെ നിര്മാണം, വിൽപന, വിതരണം എന്നിവയ്ക്ക് കേന്ദ്രസര്ക്കാരിന്റെ കര്ശന നിര്ദേശങ്ങള് പാലിക്കണം.
നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്ക്ക് ഈ മരുന്നുകള് നല്കാന് പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പുകള് മരുന്നിന്റെ ലേബലുകളിലും പായ്ക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യപ്രചാരണങ്ങളിലും പ്രദര്ശിപ്പിക്കണമെന്ന വ്യവസ്ഥയും നിര്ബന്ധമാക്കി.
നേരത്തേ 2025 ഏപ്രില്15ലെ വിജ്ഞാപനപ്രകാരം ക്ലോര്ഫെനിറാമിന് മാലിയേറ്റും ഫെനൈല്ഫ്രൈന് ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള്ക്ക് പ്രായപരിധി മുന്നറിയിപ്പോടെ സർക്കാർ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നു.
പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള്ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.ഈ മരുന്നുകള് കുഞ്ഞുങ്ങളില് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്കു വഴിവച്ചേക്കുമെന്ന് ഡ്രഗ്സ് ടെക്നിക്കല് അഡ്വൈസറി ബോര്ഡും വിദഗ്ധസമിതിയും കേന്ദ്രസര്ക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരത്തിലുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന് മരുന്നുകള് നാലു വയസിന് താഴെയുള്ള കുട്ടികളില് ആരോഗ്യപ്രശ്നങ്ങള്ക്കു കാരണമായേക്കാമെന്നും കൂടുതല് സുരക്ഷിതമായ ബദല് മരുന്നുകള് ലഭ്യമാണെന്നും സര്ക്കാര് ചൂണ്ടിക്കാട്ടി.
District News
ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ അധിവാസത്തിന് നിയന്ത്രണം ഏര്പ്പെടുത്തണമെന്ന് വ്യാപാരി-വ്യവസായി സമിതി പായിപ്പാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. അന്യസംസ്ഥാന തൊഴിലാളികള് കൂടുതല് അധിവസിക്കുന്ന പായിപ്പാട് മേഖലയില് ഇത്തരം തൊഴിലാളികളുടെ കടന്നുവരവ് മയക്കുമരുന്ന് മാഫിയ മുതലെടുക്കുകയാണ്. തൊഴിലാളികള് ശുചിത്വമില്ലാതെ പാകം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ വില്പനയും ചെറിയ തട്ടുകടകളും നിര്ത്തലാക്കാന് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വൈഎംഎ ജംഗ്ഷനിലെ ഓഡിറ്റോറിയത്തില് നടന്ന സമ്മേളനം സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. വിനു ജോബ് എംഎല്എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില കുമാരി, സമിതി ഏരിയാ സെക്രട്ടറി ജി. സുരേഷ് ബാബു, പ്രദീപ്കുമാര്, സക്കീര് ഹുസൈന്, ശ്രീനാഥ് കൃഷ്ണന്, പി.വി. ഷാജി, അബ്ദുല് സമദ്, ഇസ്മയില് പാറക്കല് എന്നിവര് പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി കെ.എ. അഷറഫ് കുട്ടി (പ്രസിഡന്റ്), സക്കീര് ഹുസൈന് (സെക്രട്ടറി), ശ്രീനാഥ് കൃഷ്ണന് (ട്രഷറര്)എന്നിവരെ തെരഞ്ഞെടുത്തു.
International
കാഠ്മണ്ഡു: 2016ലെ നോട്ടു നിരോധനത്തെത്തുടർന്ന് നേപ്പാൾ കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ രൂപയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്.
ദ നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ(എൻആർബി) പുതുക്കിയ വിജ്ഞാപന പ്രകാരം ഇനി ഇന്ത്യൻ, നേപ്പാളി പൗരന്മാർക്ക് 200, 500 രൂപ നോട്ടുകളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകാനാകും. മുന്പ് 100 രൂപ നോട്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ അനുമതിയുണ്ടായിരുന്നത്.
2016 നവംബർ ഒന്പതിനോ അതിനു ശേഷമോ പുറപ്പെടുവിപ്പിച്ച 200, 500 രൂപ നോട്ടുകൾ, ഒരാൾക്ക് 25,000 രൂപ എന്ന പരിധിയിലാണു കൊണ്ടുപോകാനാകുക. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ വ്യക്തതയ്ക്കായി എൻആർബി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിൽനിന്നല്ലാതെ ഇന്ത്യൻ കറൻസി രാജ്യത്തേക്കു കൊണ്ടുവരാനാകില്ലെന്നും നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് ഇത് കൊണ്ടുപോകാനാകില്ലെന്നും എൻആർബി വക്താവ് ഗുരു പ്രസാദ് പൗഡേൽ പറഞ്ഞു.
ഭേദഗതി ചെയ്ത വ്യവസ്ഥ നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും ഇന്ത്യയുമായി വ്യാപാര-വാണിജ്യ ബന്ധമുള്ള നേപ്പാളി പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡല്ഹിയില് വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള് നീക്കി കേന്ദ്ര സര്ക്കാര്.
സിജെപി സമരത്തെ തുടര്ന്ന് നിര്ത്തിവച്ച ഡല്ഹി മെട്രോ സര്വീസ് പുനരാരംഭിച്ച് ഡല്ഹി മെട്രോ കോര്പ്പറേഷന്.
ദിവസങ്ങളായി ജന്തര് മന്തറില് നിരോധിച്ചിരുന്ന ഇന്റര്നെറ്റ് സര്വീസും പുനഃസ്ഥാപിച്ചു. കേന്ദ്ര സര്ക്കാര് വൃത്തങ്ങള് തന്നെയാണ് നിയന്ത്രണങ്ങള് നീക്കിയതായി അറിയിച്ചത്.
National
ന്യൂഡൽഹി: പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ആയിരക്കണക്കിനാളുകളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്. ജന്തർ മന്തർ ഉൾക്കൊള്ളുന്നതിലും അധികം ആളുകൾ എത്തുന്നതോടെ സമരാനുകൂലികൾ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ കൊണാട്ട് പ്ലേസും പരിസര പ്രദേശങ്ങളിലുമായി നിറയും.
രാത്രിയാകുമ്പോഴേക്കാണ് സമരമേഖല നിറയുന്നത്. ഇവരെ പോലീസ് തടയുന്നതോടെ രാത്രിയിൽ ജന്തർ മന്തറിന് പുറത്തെ സമരവേദി യുദ്ധക്കളമായി മാറുന്നതാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടു. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധക്കാർ കൈ യിൽ കിട്ടിയത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. തങ്ങളെ മർദിച്ച പോ ലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ വളഞ്ഞിട്ട് തിരിച്ചടിച്ചു. കൂടാതെ യൂണിഫോമില്ലാതെ മർദിച്ചവരെയും വിദ്യാർഥികൾ തിരിച്ചടിച്ചു.
വൈകുന്നേരത്തോടെ പ്രതിഷേധക്കാർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടയ്ക്കണമെന്ന് വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി. അതേസമയം പ്രതിഷേധത്തെ തകർക്കാൻ ചിലർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിജെപി ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനം ബാരിക്കേഡുകളും പോലീസ് സന്നാഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹമാണുള്ളത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പോലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു.
ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണമുണ്ട്. പോലീസ് നിയന്ത്രണം കടുപ്പിച്ചതോടെ മിക്കയിടത്തും വലിയ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
അതേസമയം, ദേശസുരക്ഷാ നിയമ പ്രകാരം ആളുകളെ മൂന്നു മാസം വരെ മുൻകൂട്ടി തടങ്കലിൽ വയ്ക്കാൻ ഡൽഹി പോലീസിനുള്ള പ്രത്യേക അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി ഡൽഹി ലഫ്.ഗവർണറുടെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി. എന്നാൽ, ഇത് സാധാരണ ഭരണനടപടിയുടെ ഭാഗമാണെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.
Kerala
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിലെ ഭേദഗതികൾ രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കേരള കോൺഗ്രസ്-എം അധ്യക്ഷൻ ജോസ് കെ. മാണി.
അടുത്തിടെ എഫ്സിആർഎ ചട്ടങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്ത് സുതാര്യമായും ആത്മാർഥമായും പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളെ പൂർണമായി തടസപ്പെടുത്തുന്നതാണെന്ന് ജോസ് കെ. മാണി യോഗത്തിൽ ചൂണ്ടിക്കാണിച്ചു.
സംഘടനകളുടെ ആത്മാർഥതയും വിശ്വാസ്യതയും മാത്രം പരിശോധിച്ച് ആവശ്യമായ ചട്ടലഘൂകരണം വരുത്തണമെന്നും അനാവശ്യമായ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
ബ്രസൽസ്: യൂറോപ്യൻ യൂണിയനിലും കുട്ടികൾക്കു സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദോർ ലെയ്ൻ ആണ് ഇക്കാര്യം അറിയിച്ചത്. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂണിയന്റെ നീക്കം സോഷ്യൽ മീഡിയ കന്പനികൾക്കു വലിയ ആഘാതമാകും.
13നു താഴെ പ്രായമുള്ളവർ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങി ഉത്തരവാദിത്വപ്പെട്ടവരുടെ മേൽനോട്ടത്തിൽ പരിമിതമായ സമയത്തു മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള നിർദേശമാണു പരിഗണനയിലെന്ന് ഉർസുല പറഞ്ഞു.
കുട്ടികളുടെ പ്രായം വർധിക്കുന്നതിനനുസരിച്ച് ഇളവുകൾ നല്കും. പ്രായത്തിനനുസരിച്ച് സോഷ്യൽ മീഡിയ നിയന്ത്രണം അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. കുട്ടിൾക്കു സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തിയ ആദ്യ രാജ്യം ഓസ്ട്രേലിയയാണ്.
National
ന്യൂഡൽഹി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും വലിയ വിവാദമായ പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കാൻ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇതിനായി ശക്തമായ വ്യവസ്ഥകളോടെയുള്ള പുതിയ ദേശീയ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.
പുതിയ നിയമം വരുന്നതോടെ കോച്ചിംഗ് സെന്ററുകളുടെ വൻതോതിലുള്ള 'ടോപ്പർ' റാങ്ക് പരസ്യങ്ങൾക്ക് കർശന കടിഞ്ഞാൺ വീഴും. കൂടാതെ, സ്ഥാപനത്തിലെ അധ്യാപകരുടെ യോഗ്യത, കൃത്യമായ വിജയനിരക്ക് എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ കോച്ചിംഗ് സെന്ററുകൾ ബാധ്യസ്ഥരായിരിക്കും.
വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികളുടെ കോച്ചിംഗ് സമയം ദിവസേന 2–3 മണിക്കൂറായി പരിമിതപ്പെടുത്തും. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവർക്ക് മാത്രമേ ഇനി മുതൽ തീവ്രമായ കോച്ചിംഗ് നൽകാൻ പാടുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കുന്നതോടെ നിയമനിർമാണ നടപടികൾ വേഗത്തിലാകും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വൈകുന്നേരം ആറ് മുതൽ അർധരാത്രി 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവർ എക്സ്ചേഞ്ചിൽ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂൺ 16 മുതൽ തിരിച്ചുനൽകേണ്ട സാഹചര്യമുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി നഗരത്തിലെ ഹോട്ടലുകളില് രാത്രി 11ന് ശേഷം ഡിജെ പാര്ട്ടികള്ക്കുള്ള നിയന്ത്രണം തുടരും. കൊച്ചി സിറ്റി പോലീസ് പരിധിയില് രാത്രി 11ന് ശേഷം ഡിജെ പാര്ട്ടികളും ഉയര്ന്ന ഡെസിബെലില് ഉള്ള സംഗീത പരിപാടികളും നടത്തുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തി സിറ്റി പോലീസ് കമ്മിഷ്ണര് ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഈ ഉത്തരവ് നിലവില് 15 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. പുലര്ച്ചെ വരുന്ന നീളുന്ന ഡിജെ പാര്ട്ടികള് ലഹരി പാര്ട്ടികളായി മാറുന്ന സാഹചര്യത്തിലായിരുന്നു പോലീസ് കമ്മിഷണറുടെ ഉത്തരവ്. ഡിജെ പാര്ട്ടികളില് സ്ത്രീകള്ക്ക് നേരെ അതിക്രമങ്ങള് വര്ധിക്കുന്നതും നിയന്ത്രണം ഏര്പ്പെടുത്താന് കാരണമായിരുന്നു.
കടവന്ത്ര ആഡംബര ഹോട്ടലില് പുലര്ച്ചെ നടന്ന വൈറ്റ് കോളര് ഡ്രഗ് പാര്ട്ടിയെ തുടര്ന്ന് മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള വിവരങ്ങള് പോലീസിന് ലഭിച്ചിരുന്നു. ലഹരി വിതരണം ചെയ്യുന്ന കെവിന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെവിന്റെ മൊഴിയുടെ അടിസ്ഥാനത്തില് ഇയാളില് നിന്നും ലഹരി വാങ്ങുന്നവരെയും വില്ക്കുന്നവരെയും പോലീസ് പിടികൂടിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനക്ഷാമവും പൂഴ്ത്തിവയ്പും തടയുന്നതിന് വ്യാവസായിക-വാണിജ്യ സ്ഥാപന ഉപഭോക്താക്കൾ റീട്ടെയിൽ പെട്രോൾ പന്പുകളിൽനിന്ന് ഇന്ധനം വാങ്ങുന്നതിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി.
റീട്ടെയിൽ പന്പുകളിലെയും മൊത്തവ്യാപാര വിപണിയിലെയും ഇന്ധനവിലയിലുണ്ടായ വ്യത്യാസം കാരണം വ്യാവസായിക ഉപഭോക്താക്കൾ കൂട്ടത്തോടെ സാധാരണ പന്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണു നടപടി.
വൻകിട ഉപഭോക്താക്കൾക്ക് ഇനിമുതൽ മൊത്തവ്യാപാര കേന്ദ്രങ്ങൾ വഴിയോ സ്വന്തം കണ്സ്യൂമർ പാന്പുകൾ വഴിയോ മാത്രമേ ഇന്ധനം സ്വീകരിക്കാൻ കഴിയുകയുള്ളൂ. നിലവിൽ 90 ദിവസത്തേക്കു മാത്രമാണ് നിയന്ത്രണം. സമയപരിധിയിൽ കേന്ദ്രസർക്കാരിനു മാറ്റം വരുത്താം.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോളവിപണിയിൽ എണ്ണവില വർധിച്ചപ്പോൾ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ സർക്കാർ റീട്ടെയിൽ വില നിയന്ത്രിച്ചുനിർത്തിയിരുന്നു.
എന്നാൽ, ടെലികോം ടവറുകൾ, ഫാക്ടറികൾ തുടങ്ങിയ വൻകിട ഉപഭോക്താക്കൾ അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള ഉയർന്ന നിരക്ക് നൽകേണ്ടിവന്നു. ഈ വിലവ്യത്യാസം ചൂഷണം ചെയ്തു വൻകിടക്കാർ റീട്ടെയിൽ പന്പുകളിലേക്കു മാറിയത് പ്രാദേശികമായി ഇന്ധനക്ഷാമത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
ഇതിനുപുറമെ സാധാരണ പന്പുകളിൽനിന്നുള്ള ഡീസൽ വിതരണത്തിനും സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇനിമുതൽ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലോ അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച കണ്ടെയ്നറുകളിലോ മാത്രമേ ഡീസൽ ലഭ്യമാകൂ.
ഒരു ഉപഭോക്താവിനോ വാഹനത്തിനോ ഒരു ദിവസം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂവെന്നും ഇത് മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
കൊച്ചി: നഗരത്തിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ. രാത്രി 11ന് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷ്ണർ പറഞ്ഞു.
ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിന്റെ പ്രവർത്തനം പുലർച്ചെ മൂന്ന് വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.
പാർട്ടിക്ക് എത്തുന്നതിന് മുൻപും പിന്നീടുമുള്ള ലഹരി ഉപയോഗം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പല പബ്ബുകളിലെയും ഡിജെ പാർട്ടികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. പല ലഹരി വിൽപ്പനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
പരവൂര്: എറണാകുളം ജംഗ്ഷന്, കളമശേരി റെയില്വേ യാര്ഡുകളില് ട്രാക്ക് നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല് വിവിധ ട്രെയിന് സര്വിസുകള്ക്ക് റെയില്വേ നിയന്ത്രണം ഏര്പ്പെടുത്തി.
കളമശേരി യാര്ഡിലെ ജോലികള് പ്രമാണിച്ച് ഇന്നാണ് പ്രധാനമായും സമയമാറ്റമുണ്ടാകുക. ഇന്ന് പുലര്ച്ചെ 3.25ന് പുറപ്പെടേണ്ട ഗുരുവായൂര് - തിരുവനന്തപുരം ഇന്റര്സിറ്റി എക്സ്പ്രസ് (16341) ഒരു മണിക്കൂര് വൈകി 4.25നേ യാത്ര തുടങ്ങൂ. രാവിലെ 11.35നുള്ള തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റര്സിറ്റി (22628) 85 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒരു മണിയ്ക്കാകും പുറപ്പെടുക.
ഇതുകൂടാതെ എറണാകുളം ജംഗ്ഷന് യാര്ഡിലെ നവീകരണ പ്രവര്ത്തനങ്ങളെത്തുടര്ന്ന് 27 മുതല് ജൂണ് മൂന്നു വരെ ആലപ്പുഴ വഴിയുള്ള പല ട്രെയിനുകളും കോട്ടയം വഴി തിരിച്ചുവിടും. മേയ് 27 മുതല് ജൂണ് മൂന്ന് വരെയുള്ള ഗുരുവായൂര് - ചെന്നൈ എഗ്മോര് എക്സ്പ്രസ് (16128) കോട്ടയം വഴിയാകും സര്വിസ് നടത്തുക. ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര് എന്നിവിടങ്ങളില് അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 28, 30 തീയതികളിലെ തിരുവനന്തപുരം നോര്ത്ത് മംഗളൂരു -ആന്ത്യോദയ എക്സ്പ്രസും (16355) കോട്ടയം വഴിയാകും പോകുക. ഈ ട്രെയിനിന് ചെങ്ങന്നൂര്, കോട്ടയം, എറണാകുളം ടൗണ് എന്നിവിടങ്ങളില് താത്കാലിക സ്റ്റോപ്പ് ഉണ്ടാകും.
29ന് മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), ചെന്നൈ സെന്ട്രല് -തിരുവനന്തപുരം എസി എക്സ്പ്രസ് (22207) എന്നിവയും കോട്ടയം വഴി തിരിച്ചുവിടും. മാവേലി എക്സ്പ്രസിന് എറണാകുളം ടൗണ്, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര് എന്നിവിടങ്ങളിലും ചെന്നൈ സെന്ട്രല് തിരുവനന്തപുരം എസി എക്സ്പ്രസിന് എറണാകുളം ടൗണ്, കോട്ടയം, ചെങ്ങന്നൂര് എന്നിവിടങ്ങളിലും സ്റ്റോപ്പ് നല്കും.
കൂടാതെ 27 മുതല് ജൂണ് രണ്ട് വരെയുള്ള ദിവസങ്ങളില് മംഗളൂരുവില് നിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് 40 മിനിറ്റും 29 ലെ മംഗളൂരു കൊച്ചുവേളി എക്സ്പ്രസ് (16356) 30 മിനിറ്റും വഴിമധ്യേ നിയന്ത്രിക്കുമെന്നും റെയില്വേ അറിയിച്ചു. രാത്രികാലങ്ങളില് നടക്കുന്ന ട്രാക്ക് നവീകരണ ജോലികള് മൂലമാണ് ഈ ക്രമീകരണമെന്ന് റെയില്വേ അറിയിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ റെഡ്സോണ് മാപ്പിംഗില് വന്നിട്ടുളള മാറ്റം മൂലം ഖനന മേഖലയിലും നിര്മാണ മേഖലയിലും ഉണ്ടായ ബുദ്ധിമുട്ടുകള് കുറയ്ക്കുന്നതിനായി ഇതുസംബന്ധിച്ച നിയന്ത്രണങ്ങള് ലഘൂകരിക്കാന് നീക്കം. ഇതു സംബന്ധിച്ചു പഠിച്ച് റിപ്പോര്ട്ട് നല്കാന് ദുരന്ത നിവാരണവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു.
ക്വാറികളില് സ്ഫോടനങ്ങള് നടത്തുന്നതിനടക്കം നിലവിലുള്ള മാനദണ്ഡങ്ങള് കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് പഠിക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം പുതിയ സ്റ്റാന്ഡേര്ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര് (എസ്ഒപി) രൂപവത്കരിക്കുന്നതിനെക്കുറിച്ചും വിദഗ്ധ സമിതി റിപ്പോര്ട്ട് നല്കും.
നിലവിലെ ദുരന്ത നിവാരണ പ്ലാനിലെ ക്വാറി സ്ഫോടനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളില് (സെക്ഷന് 3.21.1) മാറ്റങ്ങള് ആവശ്യമുണ്ടോ എന്നു സമിതി പരിശോധിക്കും. ക്വാറികള്ക്ക് അനുമതി നല്കുന്നതിനുള്ള നിലവിലെ നടപടിക്രമങ്ങള് ഭേദഗതി ചെയ്ത് കൂടുതല് വ്യക്തവും പ്രായോഗികവുമായ എസ്ഒപി രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും.
ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റികളുടെ പ്രവര്ത്തനരീതിയില് വരുത്തേണ്ട മാറ്റങ്ങളും സമിതിയുടെ പരിഗണനയില് വരും.
അഞ്ചംഗ വിദഗ്ധ സമിതിയുടെ ചെയര്പേഴ്സണ് ദുരന്ത നിവാരണ കമ്മീഷണറാണ്. കെഎസ്ഡിഎംഎ ഹസാര്ഡ് ആന്ഡ് റിസ്ക് അനലിസ്റ്റാണ് കണ്വീനര്. പരിസ്ഥിതി വകുപ്പ് ഡയറക്ടര്, ഖനന-ഭൂവിജ്ഞാന വകുപ്പ് ഡയറക്ടര്, നിയമ വകുപ്പ് സെക്രട്ടറിയുടെ നോമിനി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്.
റെഡ് സോണ് മാപ്പിംഗ് കാരണം ഖനന-നിര്മാണ മേഖലകളില് ഉണ്ടായ പ്രതിസന്ധികള് ചര്ച്ച ചെയ്യാന് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്.
Kerala
പരവൂർ: നാഗർകോവിൽ യാർഡിലെ പാലം പണിയും വടക്കുകിഴക്കൻ റെയിൽവേയിലെ മൂന്നാം ലൈൻ നിർമാണവും പ്രമാണിച്ച് വിവിധ ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി.
ഇന്നും നാളെയുമാണ് നാഗർകോവിൽ റൂട്ടിലെ മാറ്റങ്ങൾ. ജൂൺ, ജൂലൈ മാസങ്ങളിൽ ഗോരഖ്പുർ, ബറൂണി ഭാഗത്തേക്കുള്ള സർവീസുകളും വഴിതിരിച്ചുവിടും.
നാഗർകോവിൽ യാർഡിലെ എട്ടാം നമ്പർ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ഇന്നു രാത്രി ഒമ്പത് മുതൽ നാളെ പുലർച്ചെ മൂന്നു വരെയാണു നിയന്ത്രണം. ഇതെത്തുടർന്ന് താഴെ പറയുന്ന ട്രെയിനുകൾ നാഗർകോവിലിനും കന്യാകുമാരിക്കുമിടയിൽ ഭാഗികമായി റദ്ദാക്കി.
വിവേക് എക്സ്പ്രസ്: ഡിബ്രുഗഡിൽനിന്ന് പുറപ്പെട്ട ഡിബ്രുഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ് (22504) ഇന്ന് നാഗർകോവിൽ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.
നാഗർകോവിലിനും കന്യാകുമാരിക്കുമിടയിൽ സർവീസ് ഉണ്ടായിരിക്കില്ല.പരശുറാം എക്സ്പ്രസ് (മംഗളൂരു - കന്യാകുമാരി): ഇന്ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് (16649) നാഗർകോവിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.നാളെ കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ട പരശുറാം എക്സ്പ്രസ് (16650) കന്യാകുമാരിക്കു പകരം നാഗർകോവിൽ ജംഗ്ഷനിൽനിന്നാകും സർവീസ് ആരംഭിക്കുക.
വടക്കുകിഴക്കൻ റെയിൽവേയിലെ ഗോണ്ട - ഗോണ്ട കച്ചേരി സ്റ്റേഷനുകൾക്കിടയിലെ മൂന്നാം ലൈൻ നിർമാണ പ്രവർത്തനങ്ങൾ പ്രമാണിച്ച് തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), എറണാകുളം എന്നിവിടങ്ങളിൽനിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും.
രപ്തിസാഗർ എക്സ്പ്രസ് (തിരുവനന്തപുരം - ഗോരഖ്പുർ): ജൂൺ 28, 30, ജൂലൈ ഒന്ന്, അഞ്ച്, ഏഴ് തീയതികളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രസ് (12512) ബാരബങ്കി - മൽഹോർ സ്റ്റേഷനുകൾക്കിടയിൽ ഐഷ്ബാഗ് വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് ഗോണ്ടയിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
രപ്തിസാഗർ എക്സ്പ്രസ് (എറണാകുളം - ബറൂണി): ജൂലൈ മൂന്നിന് എറണാകുളം ജംഗ്ഷനിൽനിന്ന് പുറപ്പെടുന്ന രപ്തിസാഗർ എക്സ്പ്രസ് (12522) ഐഷ്ബാഗ് വഴി തിരിച്ചുവിടും. ഈ സർവീസിനും ഗോണ്ടയിലെ സ്റ്റോപ്പ് ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വൈദ്യുതി ബില്ലിനെ പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവരാണ് ഇപ്പോള് നിസഹായരായി നോക്കി നില്ക്കുന്നത്.
ഇതാണോ പിണറായി വിജയനും മന്ത്രിമാരും മുതല് സൈബര് പോരാളികള് വരെ തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിപ്പൊക്കിയ പവര്കട്ട് ഇല്ലാത്ത കേരളമെന്ന് സതീശൻ ചോദിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടര്ന്നാല് യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
കൊടുംചൂടിനിടെ രാത്രികാലങ്ങളില് ഉള്പ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗും വൈദ്യുതി നിയന്ത്രണവും ഏര്പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതി ലക്ഷ്യമിട്ട് സര്ക്കാരിലെയും വൈദ്യുതി ബോര്ഡിലെയും റെഗുലേറ്ററി കമ്മീഷനിലെയും ഉന്നതര് നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്.
ഉമ്മന് ചാണ്ടി സര്ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര് ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി നാലുരൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാർ അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പിണറായി സര്ക്കാര് റദ്ദാക്കിയതെന്ന് സതീശൻ പറഞ്ഞു.
Kerala
കൊച്ചി: നഴ്സുമാരുടെ സമരത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്ക്കത്തില് നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര് വി. മേനോനാണ് മുന് ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്ക്കിടയില് മധ്യസ്ഥത വഹിക്കാന് കോടതി നിര്ദേശിച്ചതിനാല് നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള് ജോലിയില്നിന്നു വിട്ടുനില്ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില് ഏര്പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്ദേശിച്ചിരുന്നു.
എന്നാല്, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്ന്നാണ് മുന് ഉത്തരവില് ഭേദഗതി വരുത്തിയത്. നഴ്സുമാര്ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വോട്ടെടുപ്പു ദിവസവും തലേന്നും സ്ഥാനാർഥികളുടെയും പാർട്ടികളുടെയും പരസ്യങ്ങൾക്കു തെരഞ്ഞെടുപ്പു കമ്മീഷന്റെ കർശന നിയന്ത്രണം. ഈ ദിവസങ്ങളിലെ അച്ചടി മാധ്യമ പരസ്യങ്ങൾക്കു ജില്ലാതല മാധ്യമ നിരീക്ഷണ - സാക്ഷ്യപ്പെടുത്തല് സമിതി (എംസിഎംസി) യുടെ മുൻകൂർ സാക്ഷ്യപ്പെടുത്തല് നിര്ബന്ധമാക്കി.
നിഷ്പക്ഷമായ പ്രചാരണ അന്തരീക്ഷം ഉറപ്പാക്കാന് രണ്ടു ദിവസങ്ങളിലും മുൻകൂർ സാക്ഷ്യപ്പെടുത്തിയ പരസ്യങ്ങൾ ഒഴികെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ സംഘടനകളോ വ്യക്തികളോ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ പാടില്ല.
വ്യക്തികൾക്കും മത്സരരംഗത്തെ സ്ഥാനാർഥികൾക്കും പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് ജില്ലാ മാധ്യമ നിരീക്ഷണ സാക്ഷ്യപ്പെടുത്തല് സമിതിയിൽ അപേക്ഷ നൽകാം.
രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാനതല എംസിഎംസിയിൽ അപേക്ഷിക്കാമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി നിശ്ചയിക്കണമെന്ന നിർദേശത്തെ അനുകൂലിച്ച് പാർലമെന്ററി സമിതി. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്റ് കമ്മിറ്റി ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി നിർദേശം സംബന്ധിച്ച റിപ്പോർട്ട് അംഗീകരിച്ചു.റിപ്പോർട്ട് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
കുട്ടികൾക്ക് സമൂഹമാധ്യമത്തിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മിക്ക ലോകരാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിലുള്ള നിയന്ത്രണമാണ് ഇന്ത്യയിലും ആലോചിക്കുന്നത്.
നിയന്ത്രണം സംബന്ധിച്ച വിഷയം കേന്ദ്രസർക്കാർ വിശദമായി പരിശോധിക്കുന്നതായി കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ആന്ധ്രപ്രദേശിലും തെലുങ്കാനയിലും മാത്രമാണ് കുട്ടികൾക്ക് സമൂഹമാധ്യമം ഉപയോഗിക്കാൻ നിയന്ത്രണമുള്ളത്. ദേശീയതലത്തിൽ പൊതുവായ നയം ഇതുവരെ സ്വീകരിച്ചിട്ടില്ല.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിനോടൊപ്പം നിർമിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് ) ദുരുപയോഗം തടയുന്നതിന് സമഗ്രമായ നിയമനിർമാണം കൊണ്ടുവരണമെന്നും പാർലമെന്ററി സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.
ഓണ്ലൈൻ മുഖേന നടത്തുന്ന സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾക്ക് സമിതി പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ പുരോഗതിക്ക് ഗുണകരമായ രീതിയിൽ എഐ അധിഷ്ഠിത പഠന കോഴ്സുകൾ പ്രോത്സാഹിപ്പിക്കണമെന്നും സമിതി കേന്ദ്രസർക്കാരിനോട് ശിപാർശ ചെയ്യും.
കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം അവരുടെ ബൗദ്ധിക, ശാരീരിക വളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന തിരിച്ചറിവിൽ ഓസ്ട്രേലിയയാണ് ആദ്യമായി 16 വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം കഴിഞ്ഞ വർഷം നിരോധിച്ചത്. ഇതിനു പിന്നാലെ ഡെന്മാർക്കും ഏറ്റവുമൊടുവിൽ ഓസ്ട്രിയയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിയമം മൂലം നിരോധിച്ചു.
ഫ്രാൻസ്, നോർവെ, ഗ്രീസ്, സ്പെയിൻ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഇതുസംബന്ധിച്ച തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ആന്ധ്രപ്രദേശിനും തെലുങ്കാനയ്ക്കും പിന്നാലെ കർണാടകയും കുട്ടികൾക്കിടയിലെ സമൂഹമാധ്യമ ഉപയോഗം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യക്തികളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ ലോസ് ഏഞ്ചൽസിലെ കോടതി ഇൻസ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് 4.2 ദശലക്ഷം ഡോളറും യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിന് 1.8 ദശലക്ഷം ഡോളറും പിഴശിക്ഷ വിധിച്ചിരുന്നു.
District News
പത്തനംതിട്ട: അഞ്ചുവർഷം മുന്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോൾ കോവിഡ് കാല നിയന്ത്രണങ്ങളുണ്ടായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകാതിരിക്കുന്നതിലേക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പ്രചാരണം. പ്രചാരണത്തിലും ഭവന സന്ദർശനത്തിലും നിയന്ത്രണങ്ങളുണ്ടായിരുന്നു.
വോട്ടെടുപ്പിലും കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ പ്രത്യേക ക്രമീകരണമുണ്ടായിരുന്നു. പോളിംഗ് സ്റ്റേഷനിൽ നിർബന്ധമായും ഗ്ലൗസും മാസ്കുംധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ടായിരുന്നു.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോൾ പൂർണമായും പാലിച്ചായിരുന്നു വോട്ടെടുപ്പ്.ഇത്തവണ കോവിഡ് ഭീതി ഇല്ലെങ്കിലും പകൽച്ചൂടിന്റെ കാഠിന്യമേറുകയാണ്.വേനൽമഴ പലയിടങ്ങളിലും ലഭിച്ചെങ്കിലും പകൽച്ചൂടിനു കുറവുണ്ടായിട്ടില്ല. 36 - 37 ഡിഗ്രിയാണ് പകൽച്ചൂട് അനുഭവപ്പെടുന്നത്.
Kerala
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് കൊച്ചി നഗരത്തിൽ നഗരത്തിൽ ഇന്നും ബുധനാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കലൂർ, മറൈൻ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകൾ നടക്കുകയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
800 ഓളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിർദേശവും പോലീസുകാർക്ക് നൽകിയിട്ടുണ്ട്.
സിറ്റി പോലീസിന് ഇന്നും ബുധനാഴ്ചയും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിർബന്ധിത ഡ്യൂട്ടിയും നൽകിയിട്ടുണ്ട്. നഗരത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്നാണ് അറിയിപ്പ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ട കന്പനികളുമായി സർക്കാർ ചർച്ച ആരംഭിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ്.
പ്രായാധിഷ്ഠിത നിയന്ത്രണം പല രാജ്യങ്ങളിൽ നടപ്പാക്കിയതായും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ശരിയായ മാർഗം സർക്കാർ പരിശോധിച്ചുവരികയാണെന്നും ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റി വിഷയം സംബന്ധിച്ചു പഠനം നടത്തി ചില ശിപാർശകൾ നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ജറൂസലേം: കത്തോലിക്കാസഭയുടെ ഔദ്യോഗിക സന്നദ്ധസംഘടനയായ കാരിത്താസിന് കൂടുതൽ പ്രവര്ത്തനസ്വാതന്ത്ര്യം അനുവദിക്കാൻ ഇസ്രയേൽ സർക്കാർ തീരുമാനിച്ചു.
ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജറൂസലെമിലും ഗാസ പ്രദേശങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന വിവിധ സന്നദ്ധ, സഹായ സംഘടനകൾക്കും വിദേശികൾക്കും പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽനിന്നാണ് കാരിത്താസ് സംഘടനയെ ഒഴിവാക്കിയത്.
തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായി കാരിത്താസ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഇസ്രയേൽ സർക്കാർ സംഘടനകളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജറൂസലെം, ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. മാനുഷിക പ്രതിസന്ധി രൂക്ഷമായ വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് ഈ തീരുമാനം തുറക്കുന്നതെന്നും സംഘടന അറിയിച്ചു.
സുരക്ഷാകാരണങ്ങളാൽ ആവശ്യമായ അനുമതികൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 30ലധികം സംഘടനകൾക്കു നിയന്ത്രണമേർപ്പെടുത്താൻ ജനുവരി ആദ്യവാരമാണ് ഇസ്രയേൽ സർക്കാർ തീരുമാനിച്ചത്.
District News
ചാലക്കുടി: കോടശേരി പഞ്ചായത്ത് പരിധിയിലെ മേച്ചിറയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിർമാണ നിയന്ത്രണങ്ങളിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോ ളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ നിർമാണ വിലക്ക് പിൻവലിച്ചത്.
നിർമാണനിയന്ത്രണംമൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ സർക്കാ രിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിനു വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും അവതരിപ്പിച്ചി രുന്നു. കഴിഞ്ഞ എട്ടുവർഷമായി പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
2018 ലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് സംസ്ഥന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉരുൾപൊട്ടൽ ഉപദേശകസമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണു നിർമാണനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
District News
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായുള്ള അമ്പെഴുന്നള്ളിപ്പിനുള്ള തടസങ്ങള് ഒഴിവാക്കിയതായി മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു.
ഠാണാ ചന്തക്കുന്ന് വികസന പ്രവൃത്തികളുടെ ഭാഗമായി നടക്കുന്ന റോഡ് നിര്മാണം പിണ്ടിപ്പെരുന്നാളിന്റെ ശോഭ കുറയ്ക്കുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്. ഇന്നലെ രാത്രി ആറുമണിയോടെ പൂതംകുളം ജംഗ്ഷന്മുതല് ഠാണാ ജംഗ്ഷന്വരെ ഒരു ഭാഗം ഗതാഗതത്തിനായി താത്കാലികമായി തുറന്നുകൊടുത്തു. അമ്പ് പ്രദക്ഷിണങ്ങള് ആരംഭിക്കുന്നതിനു മണിക്കൂറുകള്ക്കുമുമ്പാണ് ഈ നടപടികള് പൂര്ത്തിയാക്കിയത്. ഇന്നലെത്തന്നെ പള്ളിയുടെ മുന്പിലെ കാനയുടെ നിര്മാണം പൂര്ത്തിയാക്കി സ്ലാബുകള് ഇട്ട് മണ്ണിട്ടുമൂടി സഞ്ചാരയോഗ്യമാക്കി.
ചന്തക്കുന്ന് മുതല് കോമ്പാറവരെയുള്ള കോണ്ക്രീറ്റ് റോഡ് നിര്മാണം പൂര്ത്തിയായ ഭാഗം താത്കാലികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തതായി മന്ത്രി അറിയിച്ചു.
Kerala
കൊച്ചി : മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ ഹൈക്കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 35,000 പേർക്ക് മാത്രമായിരിക്കും അന്ന് പ്രവേശനം. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക.
13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തിനുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല.
11 കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
District News
കൊല്ലം: പുതുവത്സരാഘോഷങ്ങൾ സുരക്ഷിതമാക്കാൻ കൊല്ലം സിറ്റി പോലീസ് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ അറിയിച്ചു.
ഇതിന്റെ ഭാഗമായി എക്സൈസ്, മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റ് , മറൈൻ എൻഫോഴ്സ്മെന്റ് എന്നീ ഡിപ്പാർട്ടുമെന്റുകളുമായി സഹകരിച്ച് ലഹരി ഉപയോഗം, ലഹരി വ്യാപാരം, അമിതവേഗം മുതലായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി പരിശോധനകൾ ശക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും പോലീസിന്റെ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.
പ്രധാന റോഡുകളിലും ഇടറോഡുകളിലുമായി അറുപതോളം സ്ഥലങ്ങളിൾ ബാരിക്കേഡ് സ്ഥാപിച്ചു പോലീസും എക്സൈസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി വാഹന പരിശോധന നടത്തുന്നതുമായിരിക്കും. നിയമ ലംഘനത്തിനു പിടിച്ചെടുക്കുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്.
പുതുവത്സരാഘോഷങ്ങളുടെ മറവിൽ അനഃധികൃതമായി ഉപയോഗിക്കുന്ന മൈക്ക്സെറ്റ് മുതലായ വസ്തുവകകൾ പിടിച്ചെടുത്തു മൈക്ക് ഓപ്പറേറ്റർ അടക്കമുളളവർക്കെതിരെയും ബീച്ചുകൾ, വിനോദകേന്ദ്രങ്ങൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയമം ലംഘിക്കുന്നവർക്കെതിരെയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
കൊല്ലം ബീച്ചിലെയും വി പാർക്കിലെയും വാഹന ബാഹുല്യം കണക്കിലെടുത്തു ബീച്ചിൽ എത്തുന്നവരുടെ വാഹനങ്ങൾ ഡിസിസി ഓഫീസിൽ നിന്നും മുണ്ടക്കലേക്കു പോകുന്ന റോഡിന്റെ വശങ്ങളിലും വി പാർക്കിൽ എത്തുന്നവരുടെ വാഹനം ക്യുഎസി റോഡിന്റെ വശങ്ങളിലും കർബല-ശാരദാമഠം റോഡിന്റെ വശങ്ങളിലും ഗതാഗത തടസം ഉണ്ടാക്കാത്ത വിധം പാർക്ക് ചെയ്യേണ്ടതാണ്.
സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുന്നതും ഇവരുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ 50 പിക്കറ്റ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
പ്രത്യേക പട്രോളിംഗിനായി 42 പോലീസ് ജീപ്പുകളും 35 ബൈക്കുകളും വാഹനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു നിർത്തി പരിശോധിക്കുന്നതിനായി 65 വെഹിക്കിൾ ചെക്കിംഗ് പോയിന്റുകളും സജീകരിച്ചിട്ടുണ്ട്.
അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനും നഗരത്തിൽ ലഹരി ഉപയോഗവും വിൽപനയും തടയുന്നതിന് ഡാൻസാഫിന്റെയും മഫ്തി പോലീസിന്റെയും നേതൃത്വത്തിൽ കർശന പരിശോധന നടത്തുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ 4 എസിപി മാരുടെ നിയന്ത്രണത്തിൽ 16 പോലീസ് ഇൻസ്പെക്ടർന്മാരും 175 ഓളം എസ്ഐ മാരും അടക്കം 700 ഓളം പോലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ്, മോട്ടോർവെഹിക്കിൾ, മറൈൻ എൻഫോഴ്സ്മെന്റ് എന്നീ വകുപ്പുകളുടെയും സേവനം സജ്ജമാക്കിയിട്ടുണ്ട്.
Kerala
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദര്ശനത്തിന വെര്ച്വല് ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില് നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 3,0000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമേ വെര്ച്വല് ക്യൂ മുഖേന അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്ഥസാരഥി ക്ഷേത്രത്തില്നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കല് ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും.
26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കല്നിന്നു 10നുശേഷം പമ്പയില് നിന്നു ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില് നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജ പൂര്ത്തിയാകും. എന്നാല് ഭക്തര്ക്ക് രാത്രിവരെ ദര്ശന സൗകര്യം ഉണ്ടാകും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30നു വൈകുന്നേരമാണ് നട തുറക്കുന്നത്.
Kerala
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തും.
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വെർചൽ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏർപ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടത്.
ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കൽ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പ് സന്നിധാനത്തെത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കൽ നിന്നും പത്തിനുശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല.
ഘോഷയാത്ര ശരം കുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയിൽ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.
Kerala
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിംഗ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂ.
വിർച്ച്വൽ ക്യൂ വഴി വണ്ടിപെരിയാർ - പുല്ലുമേട് പാത ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പാതയുടെ പ്രകൃതി ഭംഗി കണ്ട് നിരവധി തീർഥാടകരാണ് പുല്ലുമേട് പാത തെരഞ്ഞെടുക്കുന്നത്.
പ്രകൃതിരമണീയമായ പുല്ലുമേടുകൾ മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ചെങ്കുത്തായ ഇറക്കങ്ങളും ഉൾപ്പെടെ 16 കിലോമീറ്റർ ദൈർഘ്യം ഉള്ളതാണ് പുല്ലുമേട് കാനനപാത. അതിനാൽ കുട്ടികളും പ്രായമായവരും പരമാവധി കാനനപാത ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുല്ലുമേട് പാതയിലൂടെയുള്ള യാത്രയ്ക്കിടെ വനത്തിൽ കുടുങ്ങിപ്പോയ നിരവധി തീർഥാടകരെയാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള റെസ്ക്യൂ സംഘം സ്ട്രക്ചറിൽ വനപാതയിൽ നിന്ന് സന്നിധാനത്ത് എത്തിച്ചത്. അതിനാൽ പൂർണ ശാരീരിക ക്ഷമതയുള്ളവർ മാത്രം ഈ പാത തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
എരുമേലിയിൽ നിന്ന് പരമ്പരാഗത കാനനപാത വഴി എത്തുന്നവർക്ക് ദർശനത്തിനുള്ള പ്രത്യേക പാസ് നൽകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഇത്തരത്തിൽ ഒരു പാസും നിലവിൽ എരുമേലി പരമ്പരാഗത പാത വഴി എത്തുന്ന തീർഥാടകർക്ക് നൽകുന്നില്ല.
പാസ് ഏർപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. എങ്കിലും ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുന്നത്. നിലവിൽ അത്തരത്തിൽ പ്രത്യേക പാസ് ഭക്തർക്ക് നൽകുന്നില്ല.
Kerala
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വെള്ളിയാഴ്ച ഒരു ലക്ഷത്തിനടുത്ത് ആളുകൾ ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. ബാബരി മസ്ജിദ് ആക്രമണ വാർഷികദിനത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയടത്ത് അധിക സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രി വൈകി എത്തുന്ന ഭക്തർ നടപ്പന്തലിൽ തന്നെ തുടരണം. അടുത്ത ദിവസം മാത്രമേ പതിനെട്ടാം പടി ചവിട്ടാൻ സാധിക്കൂ. ദർശനം നടത്തി ഇറങ്ങുന്ന ഭക്തരുടെ എണ്ണത്തിന് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്.
തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് കൂടുതൽ ആളുകൾക്ക് നൽകും. ഞായറാഴ്ച കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നും തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബുധനാഴ്ച (നവംബർ 26) ദർശന നിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.
ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദർശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
Kerala
ശബരിമല: തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ കടുപ്പിച്ചതോടെ ഇന്നലെ ഭക്തർക്ക് സുഖദർശനം സാധ്യമായി. ചൊവ്വാഴ്ചയുണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പാളിച്ചകൾ മനസിലാക്കി ഇന്നലെ രാവിലെ മുതൽ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നു. പുലർച്ചെ മുതൽ തിരക്കുണ്ടായെങ്കിലും ശരണപാതയിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു.
പമ്പയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകൾ പൂർണമായും നിലയ്ക്കലിലേക്ക് മാറ്റി. 20,000 പേർക്ക് മാത്രമേ സ്പോട്ട് ബുക്കിംഗ് അനുവദിച്ചുള്ളൂ. വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്ത 70,000 പേരെയും കയറ്റിവിട്ടു. സ്പോട്ട് ബുക്കിംഗിനു നിശ്ചയിച്ച എണ്ണത്തിൽ കൂടുതലായപ്പോൾ ഭക്തരെ അടുത്ത ദിവസത്തെ സ്ലോട്ടിലേക്കു മാറ്റുകയായിരുന്നു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്രസേനയായ എൻഡിആർഫ് സംഘത്തെയും എത്തിച്ചു. ഇവരിൽ ആദ്യസംഘം ഇന്നലെ രാവിലെയും രണ്ടാമത്തെ സംഘം രാത്രിയിലും ശബരിമലയിലെത്തി. പന്പയിലും ഇവരുടെ സേവനം വിനിയോഗിക്കും.
ചൊവ്വാഴ്ച അനിയന്ത്രിതമായ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഉച്ചയോടെ നിയന്ത്രണങ്ങള് പാളി. ഭീതിജനകമായ സാഹചര്യമെന്ന് സ്ഥലത്തുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും എഡിജിപി എസ്. ശ്രീജിത്തും വിലയിരുത്തി. തുടര്ന്ന് ദര്ശനസമയം അടക്കം നീട്ടി തിരക്ക് നിയന്ത്രിക്കുകയായിരുന്നു. നേരത്തേ തമ്പടിച്ചവരും കുറുക്കുവഴികളിലൂടെ വന്നവരും ഒന്നിച്ചു പതിനെട്ടാംപടിക്കു താഴേക്ക് എത്തിയതോടെയാണ് തിരക്ക് നിയന്ത്രണങ്ങൾ പാളിയതെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിൽ പരിചയസന്പന്നരായ പോലീസ് ഉദ്യോഗസ്ഥരുടെ കുറവും ക്രമീകരണങ്ങളെ ബാധിച്ചു. ഭക്തർക്ക് കുടിവെള്ളം കിട്ടാതെയും വലഞ്ഞു. ക്യൂവിൽ നിന്ന പലരും കുഴഞ്ഞുവീണതും തീർഥാടകർ മടങ്ങിപ്പോയതും പ്രശ്നങ്ങൾ സൃഷ്ടിച്ചു. 81,547 പേരാണ് ചൊവ്വാഴ്ച പമ്പയിൽനിന്ന് മല കയറിയത്. ഇതു നിയന്ത്രിക്കാൻ കഴിയുന്ന സംഖ്യയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിക്കൂറിലധികം കാത്തുനിന്നവരാണ് ഇന്നലെ രാവിലെ ദർശനം നടത്തിയത്. പിന്നീട് കാത്തിരിപ്പ് സമയം കുത്തനെ കുറഞ്ഞു. പമ്പയിലും തിരക്ക് കുറഞ്ഞു. പമ്പയിലെയും സന്നിധാനത്തെയും തിരക്കൊഴിവാക്കാൻ നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിട്ടത്. പന്പ-സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകളിലൂടെ അയ്യപ്പഭക്തരെ കടത്തിവിട്ടു.
ക്യൂ നിന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനും സംവിധാനമായി. സന്നിധാനത്തെ തിരക്ക് പരിഗണിച്ചു മാത്രമായിരുന്നു നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ടത്.
പന്പ - സന്നിധാനം പാതയിൽ ക്യൂവിൽ കാത്തുനിൽക്കാതെ ചന്ദ്രാനന്ദൻ റോഡ് മറികടന്ന് കാടിനുള്ളിൽ പ്രവേശിച്ച് കുറുക്കുവഴികളിലൂടെ ഭക്തർ എത്തുന്നതും പോലീസ് തടഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ഇത്തരം കാട്ടുവഴികളിലൂടെ നിരവധിപ്പേർ സന്നിധാനത്തെത്തി ക്യൂവിൽ നുഴഞ്ഞു കയറിയിരുന്നു.
പാതിവഴിയിൽ മടങ്ങിയവരെ തിരികെയെത്തിച്ച് പോലീസ്
ശബരിമല: പന്ത്രണ്ട് മണിക്കൂർ നീണ്ട കാത്തുനിൽപ്പിനുശേഷം ശബരിമലയിൽ ദർശനം നടത്താനാകാതെ മലയിറങ്ങിയവരെ കണ്ടെത്തി തിരികെയെത്തിച്ച് പോലീസ്. ചൊവ്വാഴ്ചത്തെ കനത്ത തിരക്കിൽപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് പോലീസ് തിരികെ കൂട്ടിക്കൊണ്ടുവന്ന് ദർശനം നടത്തിച്ച് മടക്കിയത്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്പ്പെടെയുള്ള എട്ടംഗ സംഘമാണ് പോലീസ് സഹായത്തോടെ മലകയറി ദർശനം നടത്തിയത്. വെർച്വൽ ക്യൂ പാസുണ്ടായിട്ടും തിരക്കിൽ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമായതോടെയാണ് മുതിര്ന്ന സ്ത്രീകളും കുട്ടികളും ഉള്പ്പടെയുള്ള സംഘം മടങ്ങിയത്.
ആറ് സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം നിലയ്ക്കലിലെത്തിയപ്പോൾ മാധ്യമശ്രദ്ധ നേടി. ഇതിലൂടെ വിവരം അറിഞ്ഞ പോലീസ് ചീഫ് കോ-ഓര്ഡിനേറ്റര് കൂടിയായ എഡിജിപി എസ്. ശ്രീജിത്ത് പോലീസ് ഉദ്യോഗസ്ഥരോട് ഇവര്ക്ക് ദര്ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്ദേശിച്ചു.
ആദ്യമായി മാലയിട്ടു മലകയറിയ നിരഞ്ജൻ അടക്കം ദര്ശനം നടത്താൻ കഴിയാതെ മടങ്ങിപ്പോകേണ്ട സങ്കടത്തിലിരിക്കുമ്പോഴാണ് വിഷയത്തിൽ എഡിജിപി ഇടപെട്ടത്. തുടര്ന്ന് ഇവര് പോലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തി മനം നിറഞ്ഞ് തൊഴുത് മടങ്ങി. നിലയ്ക്കലിൽനിന്ന് ആംബുലൻസിലാണ് ഇവരെ വീണ്ടും പമ്പയിലെത്തിച്ചത്. തുടർന്ന് പ്രത്യേക വാഹന സൗകര്യത്തിൽ സന്നിധാനത്തേക്ക് എത്തിക്കുകയായിരുന്നു.
ദർശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല-മകരവിളക്ക് തീര്ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതേവരെ ദര്ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്. 2,98,310 പേരാണ് ഇന്നലെ വൈകുന്നേരം അഞ്ച് വരെ എത്തിയത്. 16ന് 53,278, 17ന് 98,915, 18ന് 81,543, ഇന്നലെ വൈകുന്നേരം വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില് വെര്ച്വല് ക്യൂവിലൂടെയെത്തുന്ന എല്ലാ ഭക്തര്ക്കും സുഗമമായ ദര്ശനം ഉറപ്പാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്ക്ക് ദര്ശനം ലഭിച്ചില്ലങ്കില് പോലീസിനെ അറിയിച്ചാല് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ ബുധനാഴ്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം ഏഴു മുതൽ വ്യാഴാഴ്ച രാവിലെ ആറ് വരെയാണ് നിരോധനം.
ജില്ലയിൽ നടക്കുന്ന ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു. തൊഴിലുറപ്പ്, തോട്ടം ജോലികൾ, റോഡ് നിർമ്മാണം എന്നിവയും നിർത്തിവച്ചു. സാഹസിക വിനോദങ്ങൾക്കും ജല വിനോദങ്ങൾക്കും നിരോധനമുണ്ട്.
ഇടുക്കിയിൽ മിക്ക സ്ഥലത്തും മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞ മഴയാണിപ്പോൾ പെയ്യുന്നത്. ജില്ലയില് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് അപകടങ്ങള് ഒഴിവാക്കാനായി പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ബുധനാഴ്ച ജില്ലാ കളക്ടര് അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല് കോളേജുകള്, അങ്കണവാടികള്, നഴ്സറികള്, കേന്ദ്രീയ വിദ്യാലയങ്ങള്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്, മദ്രസകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന് വിദ്യാര്ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി ബാധകമല്ല.