Kerala
തുറവൂർ: കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. എൽദോ വർഗീസ്, ജിബി, സി.എ. ബിജു എന്നിവരാണ് പിടിയിലായത്. ഡിസംബർ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന പേരിൽ എൽദോ വർഗീസ് രണ്ട് മുക്കുപണ്ട വളകൾ പണയംവച്ച് 1,40,000 രൂപ തട്ടിയെടുത്തിരുന്നു. ഭിന്നശേഷിക്കാരനായി അഭിനയിച്ചാണ് എൽദോ വർഗീസ് പണയം വയ്ക്കാനെത്തിയത്.
ഇയാൾക്കൊപ്പം സഹായിയെന്ന നിലയിൽ ജിബിയും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ബിജു മൊബൈൽ ആപ്പ് വഴി നിർമിച്ച വ്യാജ ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ബ്രാഞ്ച് മാനേജർ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഒരു പവൻ സ്വർണത്തിൽ 32 ഗ്രാം ചെമ്പ് കയറ്റി സ്വർണനൂലുകൾ കൊണ്ട് പൊതിഞ്ഞാണ് സംഘം ആഭരണം നിർമിച്ചിരുന്നത്.
Viral
അർദ്ധരാത്രിയിൽ ഉറക്കെ പാട്ടു വെച്ചതിനെ ചൊല്ലിയുണ്ടായ തർക്കം വെടിവെയ്പ്പിൽ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലോകമെമ്പാടും ചർച്ചയാകുന്നത്.
റഷ്യയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, മദ്യലഹരിയിലായിരുന്ന ഒരു യുവതി അയൽവാസികളുടെ കെട്ടിടങ്ങൾക്ക് നേരെ പ്രകോപനമില്ലാതെ വെടിയുതിർക്കുന്നത് കാണാം.
രാത്രി വൈകി തന്റെ അപ്പാർട്ട്മെന്റിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത അയൽവാസികളോടുള്ള പക തീർക്കാനാണ് യുവതി റൈഫിൾ കയ്യിലെടുത്തത്.
ജനാല തുറന്ന് തോക്ക് പുറത്തേക്ക് നീട്ടി ലക്ഷ്യസ്ഥാനത്തേക്ക് ഒന്നിലധികം തവണ വെടിയുതിർക്കുന്നതും, വീണ്ടും ഉണ്ടകൾ നിറച്ച് ആക്രമണം തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്.
മറ്റൊരാൾ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയരുന്നത്.
ജനവാസ മേഖലയിൽ ഇത്രയും മാരകമായ ആയുധം കൈകാര്യം ചെയ്ത യുവതിക്കെതിരെ കർശന നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
സംഭവത്തിന്റെ കൃത്യമായ തീയതിയോ സ്ഥലമോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മദ്യപാനവും തോക്ക് ഉപയോഗവും ചേർന്നുള്ള ഇത്തരം പ്രവണതകൾ പൊതുജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
National
ഉദയ്പുർ: രാജസ്ഥാനിൽ ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. ഉദയ്പുർ ജികെഎം ഐടി കമ്പനി സിഇഒ ജിതേഷ് പ്രകാശ് സിസോദിയ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, ഇവരുടെ ഭർത്താവ് ഗൗരവ് സിരോഹി എന്നിവരാണ് പിടിയിലായത്.
ഡിസംബർ 20ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഹപ്രവർത്തകർക്കൊപ്പം ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പരാതിക്കാരി മദ്യപിച്ചിരുന്നു. തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളായതോടെ വീട്ടിൽ വിടാമെന്ന് അറിയിച്ച് പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയി.
യാത്രാമധ്യേ ബോധരഹിതയായ പരാതിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോഴാണ് താൻ ലൈംഗികമായി ആക്രമിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിൽ ബാർ ജീവനക്കാരനായ യുവാവിന് വെടിയേറ്റു. തൂങ്ങാംപാറ സ്വദേശി രഞ്ജിത്തിനാണ് വെടിയേറ്റത്. പരിക്കേറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
രഞ്ജിത്തിന്റെ ബന്ധു സജീവ് എന്നയാളാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. രഞ്ജിത്തിന്റെ പരിക്ക് ഗുരുതരമല്ല. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ചെമ്പൂരിൽ വയോധികനെ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചെമ്പൂര് എതിര്‍ക്കര വിളാകത്ത് മിനി ഭവനില്‍ സത്യരാജ് (60) ആണ് കൊല്ലപ്പെട്ടത്.
കേസിലെ ഒന്നാംപ്രതിയായ ജോയി(32) ആണ് ആര്യങ്കോട് പോലീസിന്റെ പിടിയിലായത്. സത്യരാജിന്റെ അനുജന്റെ ഭാര്യ സഹോദരനാണ് പ്രതി ജോയി. പിടിയിലായ ജോയിയെ കൂടാതെ സഹോദരൻ ജോഷിയും പിതാവ് ജോസ് എന്ന ആല്‍ബിനും ഇനിയും പിടിയിലാകാനുണ്ട്.
ശനിയാഴ്ച രാത്രി 8.30ന് സത്യരാജിന്റെ അനുജൻ മനോഹരനെ ഭാര്യ സഹോദരങ്ങളും പിതാവും ചേർന്ന് മർദിച്ചിരുന്നു. ബഹളം കേട്ട് പിടിച്ചുമാറ്റാനെത്തിയ സത്യരാജിനെ തുടർന്ന് പ്രതികൾ ക്രൂരമായി മർദിച്ചു.
പിന്നാലെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ സത്യരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ ശിക്ഷ വിധി നാളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വെള്ളിയാഴ്ച ശിക്ഷ വിധിക്കുക.
ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ എൻ.എസ്, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.
Kerala
പാലക്കാട്: കല്ലേക്കാട് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഡിസിസി സെക്രട്ടറി നന്ദാബാലന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Kerala
ഇടുക്കി: ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് 5വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
2024ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഗിരീഷിന്റെ മകൾക്കൊപ്പം വീട്ടിൽ കളിക്കാനെത്തിയ കുട്ടിക്ക് നേരെ ആയിരുന്നു അതിക്രമം. വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയിരുന്നു.
വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി 30,000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
Kerala
കൊല്ലം: മദ്യലഹരിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെയും പോലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
മദ്യലഹരിയിൽ അലക്ഷ്യമായെത്തിയ ഓട്ടോറിക്ഷ തടഞ്ഞ് പരിശോധിക്കുന്നതിനിടെ ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ അമൽ ലാലിനെ പ്രതികൾ ആക്രമിച്ചത്. കുന്നിക്കോട് പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു മോട്ടോർ വാഹന വകുപ്പ് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞത്.
ഉദ്യോഗസ്ഥനെ ആക്രമിച്ച വിവരം അറിഞ്ഞെത്തിയ കുന്നിക്കോട് പോലീസ് പ്രതികളായ അനസ്, സാബു, സജീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു.
Kerala
ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ട് വയസുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മ്ലാമല പുത്തൻ മഠത്തിൽ വിഷ്ണു (30) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ മുഖംമൂടി ധരിച്ചെത്തിയ പ്രതി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ഇയാൾ കുട്ടിയുടെ ഇരുകരണത്തും മർദിക്കുകയും കവിളിൽ കടിക്കുയകും ചെയ്ത ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കോഴിക്കോട്: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പെയ്ഡ് ഗ്രൂപ്പുകളില്‍ വിൽപന നടത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കൂടരഞ്ഞി സ്വദേശി ക്ലമന്റ് ആണ് സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയായ യുവതിയുമായി ക്ലമന്റ് സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പ്രണയം നടിച്ച് വീഡിയോ കോളിംഗ് നടത്തുന്നത് പതിവാക്കി. ഇയാൾ വീഡിയോ കോളിംഗിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
തുടർന്ന് സമൂഹ്യമാധ്യമങ്ങളിലെ പെയ്ഡ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച് പണം കൈപ്പറ്റുകയായിരുന്നു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ ചതിച്ച് പണം സമ്പാദിക്കുന്ന സംഘങ്ങളിലെ പ്രധാനിയാണ് പിടിയിലായ ക്ലെമന്റെന്ന് പോലീസ് അറിയിച്ചു.
Kerala
കോട്ടയം: പാലായിൽ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച റോസമ്മ ഉലഹന്നാൻ അഞ്ച് പേരുടെ ജീവിതത്തിൽ വെളിച്ചമായി. മസ്തിഷ്ക മരണത്തെ തുടർന്ന് റോസമ്മയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്യുകയായിരുന്നു.
റോസമ്മയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. നവംബർ അഞ്ചിന് നടന്ന വാഹനാപകടത്തെ തുടർന്നാണ് മസ്തിഷ്ക മരണം സംഭവിച്ചത്. ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ കാർ ഇടിച്ചാണ് അപകടം.
സംഭവത്തിന് ശേഷം നിർത്താതെ പോയ കാർ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഡമ്മി പ്രതിയെ ഹാജരാക്കി ഉടമ ഒളിവിൽ പോയി. കാറുടമ ജോർജുകുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
Kerala
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ കേസിൽ അറസ്റ്റിലായ ജോയൽ വി. ജോസിന്റെ സഹായിയും സുഹൃത്തുമായ യുവതിയാണ് അറസ്റ്റിലായത്.
അഹമ്മദാബാദ് സ്വദേശിയായ ഹിരാൽ ബെൻഅനൂജ് പട്ടേൽ (37) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹിരാൽ ബെൻഅനൂജ് പട്ടേലിന്റെ അറസ്റ്റ്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈൽ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോൾ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Kerala
പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ പണം കടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.
ഇയാൾക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.
കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.
National
മീററ്റ്: യുപി മീററ്റിൽ യുവാവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പിടിയിലായി. കൊല്ലപ്പെട്ട രാഹുലിന്റെ ഭാര്യയും കാമുകൻ അജയ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അജയ്യും രാഹുലിന്റെ ഭാര്യ അഞ്ജലിയും തമ്മിലുള്ള ബന്ധം പുറത്തായതിനെ തുടർന്നായിരുന്നു കൊലപാതകം. ദേഹത്ത് മൂന്ന് തവണ വെടിയേറ്റ നിലയിലായിരുന്നു രാഹുലിന്റെ മൃതദേഹം കൃഷിയിടത്ത് കാണപ്പെട്ടത്.
കവർച്ചസംഘം കൊലപ്പെടുത്തിയതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൊഴിയെടുക്കാൻ വിളിക്കുന്പോൾ അഞ്ജലി സ്ഥലത്തില്ലാതിരുന്നതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അജയ്യുമായുള്ള യുവതിയുടെ ബന്ധം കണ്ടെത്തുന്നത്.
രാഹുലിന്റെ മൃതദേഹം സംസ്കരിച്ചതിന് പിന്നാലെ ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തി ചോദ്യം ചെയ്തതോടെ അജയ് കുറ്റസമ്മതം നടത്തി. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Kerala
കൊച്ചി: എറണാകുളം ആലുവയിൽ നാല് വീടുകളിലായി നടന്ന മോഷണ പരമ്പരയിൽ ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടു. ആലുവ തോട്ടയ്ക്കാട്ടുകരയിലെ സുജിത്തിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണം നഷ്ടപ്പെട്ടത്.
സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായി. സുജിത്തിന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റൂറൽ എസ്പിയുടെ ക്യാമ്പ് ഓഫീസിനടുത്തുള്ള വീട്ടിലായിരുന്നു മോഷണം.
അതേസമയം മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതായാണ് വിവരം. മോഷണത്തിന് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.