മധ്യപ്രദേശിലെ നരസിംഹപൂർ ജില്ലയിൽനിന്ന് പുറത്തുവന്ന അസാധാരണമായ ഒരു പോലീസ് നടപടിയുടെ കഥയാണിത്. വർഷങ്ങളായി പ്രദേശത്ത് അനധികൃത മദ്യക്കടത്ത് നടത്തിവന്നിരുന്ന ധൻരാജ് ലോധി എന്ന കുപ്രസിദ്ധ കുറ്റവാളിയെ പിടികൂടാൻ പോലീസ് പ്രയോഗിച്ച വേറിട്ട മനഃശാസ്ത്ര തന്ത്രം ജനശ്രദ്ധ നേടുന്നു.
പ്രദേശത്തെ പ്രധാന മദ്യ മാഫിയ തലവനായ ലോധിക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ അടുത്തിടെ കാരേലി പോലീസ് നടത്തിയ വ്യാപക റെയ്ഡിൽ, ഒരു വാഹനത്തിൽനിന്ന് 44 പെട്ടികളിലായി സൂക്ഷിച്ചിരുന്ന 309 ലിറ്ററോളം വ്യാജമദ്യം പിടിച്ചെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.
റെയ്ഡിനിടെ ലോധിയുടെ രണ്ട് കൂട്ടാളികൾ വലയിലായെങ്കിലും പ്രധാന സൂത്രധാരനായ ലോധി പോലീസിനെ വെട്ടിച്ച് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിത്താവളങ്ങൾ മാറിമാറി പോലീസിനെ വലച്ചു.
സാധാരണയായി പോലീസിന്റെ പിടിതരാതെ മുങ്ങിനടക്കുന്ന വൻകിട ക്രിമിനലുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങളോ ആയിരങ്ങളോ ആണ് റിവാർഡ് ആയി പ്രഖ്യാപിക്കാറുള്ളത്.
എന്നാൽ ഇവിടെ നരസിംഹപൂർ എസ്പി ഡോ. ഋഷികേശ് മീനയുടെ നേതൃത്വത്തിൽ പോലീസ് തികച്ചും വ്യത്യസ്തമായ ഒരു വഴിയാണ് തിരഞ്ഞെടുത്തത്.
ഒളിവിലുള്ള ലോധിയെക്കുറിച്ച് കൃത്യമായ സൂചന നൽകുന്നവർക്ക് വെറും ഒരു രൂപ സമ്മാനം നൽകുമെന്ന അസാധാരണ പ്രഖ്യാപനമാണ് പോലീസ് നടത്തിയത്.
മദ്യ മാഫിയ താൻ മാത്രമാണെന്ന പ്രതിയുടെ അഹങ്കാരത്തിനും അധോലോക പ്രതിച്ഛായയ്ക്കും കനത്ത പ്രഹരമേൽപ്പിക്കുകയായിരുന്നു ഈ തന്ത്രത്തിന്റെ പ്രധാന ലക്ഷ്യം.
വളരെ പെട്ടെന്നുതന്നെ ഈ പ്രഖ്യാപനം ഗ്രാമങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറി. തനിക്കുമേൽ പോലീസ് ചാർത്തിക്കൊടുത്ത ഈ നിസാരത നാടെങ്ങും പരിഹാസ വിഷയമായതോടെ ലോധിയുടെ സാമൂഹിക പ്രതിച്ഛായ പൂർണമായും തകർന്നു.
ഒടുവിൽ നാട്ടുകാരുടെ പരിഹാസവും ഇതിലൂടെ ഉണ്ടായ കടുത്ത മാനസിക സമ്മർദ്ദവും താങ്ങാനാവാതെ വന്നതോടെ, നിയമത്തിന് മുന്നിൽ കീഴടങ്ങുകയല്ലാതെ ഇയാൾക്ക് മറ്റു വഴികളില്ലാതായി.
കുറ്റവാളികളുടെ ധാർഷ്ട്യം തകർക്കാനും സമൂഹത്തിൽ അവരെ നാണംകെടുത്തി കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കാനും ഇത്തരം വിചിത്ര തന്ത്രങ്ങൾ ഫലപ്രദമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Tags : NarsinghpurPolice MadhyaPradesh CrimeNews IllegalLiquor UniquePoliceStrategy