ബംഗളൂരുവിൽ ഊബർ യാത്രയ്ക്കിടെ അമേരിക്കൻ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഡാന മേരി എന്ന യുവതിയാണ് തനിക്കുണ്ടായ മോശം അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.
ബംഗളൂരുവിലെ തിരക്കേറിയ സ്ഥലത്തേക്ക് പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങാൻ ഊബർ ടാക്സി വിളിച്ചപ്പോഴാണ് സംഭവം. യാത്ര തുടങ്ങി ഏതാനും മിനിറ്റുകൾക്കകം ഡ്രൈവർ അധിക തുക ആവശ്യപ്പെടുകയായിരുന്നു.
ആപ്പിൽ കാണിച്ച നിരക്ക് ടോൾ ചാർജ് അടയ്ക്കാൻ തികയില്ലെന്നും അതിനാൽ ടോൾ തുക കൈയ്യിൽ നിന്ന് വേറെ നൽകണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടു.
എന്നാൽ, ആപ്പിലെ തുകയിൽ ടോൾ നിരക്ക് ഉൾപ്പെട്ടിട്ടുണ്ടെന്നും മുൻപും ഈ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളതിനാൽ അധിക പണം നൽകില്ലെന്നും യുവതി വ്യക്തമാക്കി.
സംശയമുണ്ടെങ്കിൽ ആപ്പ് അധികൃതരുമായി സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവർ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് വാഹനം നിർത്തുകയും തിരക്കേറിയ ഒരു കവലയിൽ വെച്ച് യുവതിയോട് കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.
റോഡിന് നടുവിൽ വെച്ച് തന്നോട് ഇറങ്ങിപ്പോകാൻ പറയുന്നത് ചോദ്യം ചെയ്ത യുവതി, സംഭവം മൊബൈലിൽ ചിത്രീകരിക്കാൻ തുടങ്ങി. ആപ്പ് കാണിക്കുന്ന നിരക്ക് കൃത്യമായി നൽകാം എന്നും തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും അവർ ഡ്രൈവറോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഒടുവിൽ വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ തന്നോട് കടുത്ത അസഭ്യവർഷം നടത്തിയതായി യുവതി ആരോപിക്കുന്നു. ഭയപ്പെടുത്തുന്ന അന്തരീക്ഷത്തിൽ ഏകദേശം 10 മിനിറ്റോളം കാത്തുനിന്ന ശേഷമാണ് യുവതിക്ക് മറ്റൊരു ക്യാബ് ലഭിച്ചത്.
രണ്ടാമതെത്തിയ ഡ്രൈവർ യാതൊരുവിധ അധിക തുകയും ആവശ്യപ്പെടാതെ തന്നെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ടോൾ നിരക്ക് ടിക്കറ്റ് തുകയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർ സ്ഥിരീകരിക്കുകയും, ഡ്രൈവർക്കെതിരെ യുവതി ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. വീഡിയോ വൈറലായതോടെ ഊബറിനും ഇത്തരം ഡ്രൈവർമാരുടെ പെരുമാറ്റത്തിനുമെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയരുന്നത്.
ബംഗളൂരുവിൽ സമാനമായ അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും നടപ്പിലാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.
Check the video here.
https://www.instagram.com/reel/DeHGJ8OI6lA/?utm_source=ig_web_copy_link&stkn=MzRlODBiNWFlZA==
Tags : Bengaluru UberIndia Uber DanaMarie CabViralVideo