ഭോപ്പാലിലെ തിരക്കേറിയ റോഡിൽ ബൈക്ക് യാത്രികയായ യുവതിയുടെ കാലിലൂടെ കാർ കയറ്റിയിറക്കിയ ശേഷം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ച സംഭവം വലിയ ജനരോഷത്തിന് വഴിവെക്കുന്നു.
യുവതിയുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ മുഴുവൻ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ യുവതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവരികയായിരുന്നു.
തൊട്ടുമുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ താനും ബൈക്ക് പൂർണമായും നിർത്തിയിരുന്നുവെന്നും, എന്നാൽ തൊട്ടുപിന്നിൽ കുറച്ചകലത്തിലുണ്ടായിരുന്ന കാർ അപ്രതീക്ഷിതമായി അടുത്തെത്തി തന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കുന്നു.
ടയറിനടിയിൽ കാൽ കുടുങ്ങിയതോടെ വാഹനം പുറകോട്ട് എടുക്കാൻ ഡ്രൈവറോട് യുവതിയും നാട്ടുകാരും അപേക്ഷിച്ചെങ്കിലും, കാർ മുന്നോട്ടെടുത്ത് പരിക്കിന്റെ ആഘാതം വർധിപ്പിക്കുകയാണ് ഡ്രൈവർ ചെയ്തത്. അപകടത്തിന് ശേഷവും വാഹനം നിർത്തിയിടാതെ ഓടിച്ചുപോകാനാണ് ഉള്ളിലുണ്ടായിരുന്ന ദമ്പതികൾ ശ്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു.
തുടക്കത്തിൽ ദൃശ്യങ്ങൾ പുറത്തുവിടാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ഡ്രൈവറുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലമാണ് ഇത് പങ്കുവെക്കാൻ തീരുമാനിച്ചതെന്നും, സംഭവത്തിന്റെ തുടർഭാഗങ്ങൾ അടങ്ങിയ വീഡിയോ ഉടൻ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്, എന്നാൽ സംഭവത്തിൽ പൊലിസോ മറ്റ് അധികൃതരോ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Tags : ViralVideo RoadSafety HitAndRun InstagramViral BreakingNews