National
ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ നാലു സൈനികർക്ക് പരിക്ക്.
ഇന്നലെ സൈന്യത്തിന്റെ പതിവ് പട്രോളിംഗിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗീക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രജൗരിയിലെ നൗഷേര സെക്ടറിലുള്ള കാലൽ ഫോർവേഡ് ഏരിയയിലാണ് സ്ഫോടനം. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു.
International
യാങ്കോൺ: വടക്കുകിഴക്കൻ മ്യാൻമറിലെ കെട്ടിടത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 46 പേർ മരിക്കുകയും 74 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചൈനീസ് അതിർത്തിയോടു ചേർന്ന നാംകാം പട്ടണത്തിനടുത്ത ഗ്രാമത്തിൽ ഖനനാവശ്യത്തിന് സ്ഫോടകവസ്തുക്കൾ ശേഖരിച്ചിരുന്ന കെട്ടിടത്തിലാണ് ഇന്നലെ ദുരന്തമുണ്ടായത്.
സ്ഫോടനത്തിന്റെ ശക്തിയിൽ കെട്ടിടം പൂർണമായി തകർന്നു. സമീപത്തെ നൂറോളം വീടുകൾക്കു കേടുപാടുണ്ടായി. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു.
മ്യാൻമറിലെ പട്ടാള ഭരണകൂടത്തെ എതിർക്കുന്ന താആംഗ് നാഷണൽ ലിബറേഷൻ ആർമി എന്ന വംശീയ സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽപ്പെടുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ പാക്കേജിംഗ് കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്വ്യൂവിലുള്ള 'നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്' കമ്പനിയിൽ ചൊവ്വാഴ്ചയാണ് വൻ സ്ഫോടനമുണ്ടായത്.
കടലാസ് നിർമാണത്തിന് മരം മൃദുവാക്കാൻ ഉപയോഗിക്കുന്ന "വൈറ്റ് ലിക്വർ' എന്ന രാസലായനി സൂക്ഷിച്ചിരുന്ന ടാങ്ക് തകർന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊട്ടിത്തെറിച്ച സമയത്ത് ടാങ്കിൽ ഏകദേശം 9,00,000 ഗാലൻ വൈറ്റ് ലിക്വർ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ ഒരു അഗ്നിശമന സേനാംഗം ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. കാണാതായവർക്കായി തzരച്ചിൽ തുടരുന്നുണ്ട്. ടാങ്കിൽ നിന്ന് രാസവസ്തുക്കൾ പുറത്തേക്ക് ഒഴുകിയത് രക്ഷാപ്രവർത്തനത്തിന് തടസമാണ്.
ഹസാർഡസ് മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലകൾക്ക് നിലവിൽ ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. വാഷിംഗ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ടോക്കിയോ ആസ്ഥാനമായുള്ള നിപ്പോൺ പേപ്പർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഈ ഫാക്ടറി. കാർട്ടണുകളും കപ്പുകളും നിർമ്മിക്കുന്നതിനാവശ്യമായ പേപ്പർബോർഡുകളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അമേരിക്കയിലെ അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ട്രാസ്ഫോർമർ പൊട്ടിത്തെറിച്ച് വൈദ്യുതി തടസം നേരിട്ടു. വൈദ്യുതി മുടങ്ങിയത് റാപ്പിഡ് മെട്രോ സർവീസുകളെ ഒരു മണിക്കൂറോളം ബാധിച്ചു. നിരവധി യാത്രക്കാരാണ് മെട്രോയ്ക്കുള്ളിൽ കുടുങ്ങിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ ഓയിൽ ചോർച്ചയാണ് ട്രാൻസ്ഫോർമർ സർക്യൂട്ടിൽ സ്ഫോടനത്തിനും തീപിടിത്തത്തിനും കാരണമെന്ന് അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് വൈദ്യുതി ബന്ധം പൂർണമായും നിലക്കുകയായിരുന്നു.
അമിതമായ ചൂട് കാരണമാണ് അപകടമുണ്ടായത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മെട്രോ പാതിവഴിയിൽ നിർത്തിയതോടെ യാത്രക്കാർ ട്രാക്കിലൂടെ നടന്നുപോവുകയായിരുന്നു. ഗുരുഗ്രാമിൽ താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനെ തുടർന്ന് വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്.
Kerala
കണ്ണൂർ: കണ്ണൂരിൽ 13കാരന് പരിക്കേറ്റ സ്ഫോടനത്തിന് കാരണം ബോംബ് അല്ലെന്ന് നിഗമനം. വടക്കേ പൊയിലൂരിൽ ആയിരുന്നു സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോളിൽ ഓലപ്പടക്കത്തിലെ വെടിമരുന്ന് നിറച്ച് കത്തിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
ജനൽ കർട്ടൻ പൈപ്പിന്റെ അറ്റത്ത് അലങ്കാരത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോളിലാണ് കുട്ടികൾ വെടിമരുന്ന് നിറച്ചത്. കളിക്കുന്നതിനിടെ സംഭവിച്ചതെന്നാണ് കുട്ടികളുടെ മൊഴി. ഫോറൻസിക് പരിശോധന ഫലത്തിന് ശേഷമാകും സ്ഥിരീകരണം.
ചൊവ്വാഴ്ച ആയിരുന്നു കണ്ണൂർ വടക്കേ പൊയിലൂരുള്ള മുഹമ്മദ് ഷഹദിന് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
തലശേരി: പാനൂർ വടക്കേ പൊയിലൂരിൽ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ദുരൂഹതയേറുന്നു. റോഡിൽ നിന്ന് ലഭിച്ച സമൂസ പോലുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പരിക്കേറ്റ മുഹമ്മദ് ഷഹിദ് പോലീസിന് നൽകിയ ആദ്യ മൊഴിയിൽ പറയുന്നത്. എന്നാൽ, പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്ഫോടനത്തിൽ ദുരൂഹതയേറിയിരിക്കുകയാണ്.
സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിക്കേറ്റ കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും പോലീസ് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും.
സ്ഫോടനത്തിൽ ഇടതുകൈയുടെ രണ്ട് വിരലുകൾ കുട്ടിക്ക് നഷ്ടപ്പെട്ടു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ കുട്ടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വീടിനോടുചേർന്ന കുളിമുറിക്കു സമീപം സ്ഫോടനം നടന്നത്.
പാനൂർ സ്വദേശിയും പാചക തൊഴിലാളിയുമായേ സഫീറിന്റെ മകനാണ് പതിമൂന്നുകാരനായ മുഹമ്മദ് സഹദ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഹ്ലാദ പ്രകടനം കടന്നുപോയതിനു ശേഷം റോഡിൽ നിന്ന് കിട്ടിയ സമൂസ പോലുള്ള വസ്തു എടുത്തുകൊണ്ടു വന്നതാണെന്നും അത് പരിശോധിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ചതെന്നുമാണ് കുട്ടിയുടെ ആദ്യ മൊഴി.
എന്നാൽ, സംഭവസ്ഥലത്ത് പോലീസിനും ഫോറൻസിക് വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പൊട്ടിയത് സ്റ്റീൽ ബോംബാണെന്ന് വ്യക്തമായത്. സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ സംഭവ സ്ഥലത്തുനിന്നു കണ്ടെത്തുകയും ചെയ്തു.
ഇതോടെ കുട്ടിയുടെ മൊഴിയിൽ അസ്വാഭാവികത കടന്നുവന്നതായി പോലീസ് സംശയിക്കുന്നുണ്ട്. സ്ഫോടനത്തിൽ കുട്ടിയുടെ ഇടതു കൈ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ രണ്ട് വിരലുകൾ മുറിച്ചുനീക്കുകയായിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
International
ബെയ്ജിംഗ്: ചൈനയിൽ പടക്ക നിർമാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 26 പേർ മരിച്ചു. 61 പേർക്കു പരിക്കേറ്റു.
ചൈനീസ് പടക്കനിർമാണ വ്യവസായത്തിന്റെ ആസ്ഥാനമായ ലിയുയാംഗ് നഗരത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ദുരന്തം.
ഫാക്ടറി നിലനിന്നിരുന്ന സ്ഥലം നിരപ്പായി എന്നാണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആകാശംമുട്ടെ പുക ഉയരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി. സ്ഫോടനസ്ഥലത്തിനു മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചുമാറ്റി.
1500 അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രോണുകളും റോബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. അടിയന്തര അന്വേഷണം നടത്താൻ പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലിയുയാംഗ് നഗരത്തിലെ എല്ലാ പടക്കശാലകളിലും പരിശോധന നടത്താൻ ചൈനീസ് അധികൃതർ തീരുമാനിച്ചു. അതുവരെ ഉത്പാദനം നിർത്തിവയ്ക്കാൻ എല്ലാ സ്ഥാപനങ്ങളോടും നിർദേശിച്ചു.
ലിയുയാംഗ് ഉൾപ്പെടുന്ന ഹുനാൻ പ്രവിശ്യയിൽ കഴിഞ്ഞവർഷം ജൂണിൽ മറ്റൊരു പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടത്തിൽ ഒന്‍പതു പേർ മരിച്ചിരുന്നു.
കഴിഞ്ഞവർഷം 114 കോടി ഡോളറിന്റെ പടക്കങ്ങളാണ് ചൈന കയറ്റുമതി ചെയ്തത്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ടതിന്റെ മൂന്നിൽ രണ്ടു വരുമിത്.
National
റായ്പുർ: ഛത്തീസ്ഗഡിലെ കാങ്കറിൽ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഐഇഡി സ്ഫോടനത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കാങ്കർ-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം. മാവോയിസ്റ്റുകൾ മുൻപ് സ്ഥാപിച്ചിരുന്ന കുഴിബോബുകൾ നിർവ്വീര്യമാക്കുന്നതിനിടയിൽ പൊട്ടിതെറിക്കുകയായിരുന്നു.
ജില്ലാ റിസർവ് ഗാർഡിലെ ഇൻസ്പെക്ടർ സുഖ്റാം വട്ടി, കോൺസ്റ്റബിൾ കൃഷ്ണ കൊമ്ര, കോൺസ്റ്റബിൾ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് വീരമൃത്യു വരിച്ചത്.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന് ഞായറാഴ്ച മരിച്ചിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ ഉണ്ണികൃഷ്ണന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിൽ കഴിഞ്ഞ 21 നാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
National
ചെന്നൈ: തമിഴ്നാട് വിരുദുനഗർ കട്ടുന്നാർപട്ടിയിലെ പടക്ക നിർമ്മാണശാല സ്ഫോടനത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. തമിഴ്നാട് ചീഫ് സെക്രട്ടറി, വിരുദുനഗർ എസ്പി എന്നിവർക്ക് നോട്ടീസ് അയച്ചു.
രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് കമ്മീഷന്റെ നിർദേശം. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ 25 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 21 പേർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതര പരുക്കേറ്റ ആറുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനം നടന്ന സമയത്ത് ജോലിയിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. സ്ഫോടനം നടന്ന വനജ ഫയർ ഫാക്ടറി ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവർ വിരുദുനഗർ കോടതിയിൽ കീഴടങ്ങിയിരുന്നു.
Kerala
തൃശൂർ: അപകട കാരണം കണ്ടെത്താൻ ഫോറൻസിക് സംഘം മുണ്ടത്തിക്കോട് സ്ഫോടനമുണ്ടായ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. വിദഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. മൃതദേഹ ഭാഗങ്ങൾക്കായി ഇന്നും തെരച്ചിൽ നടത്തും. കെഡാവർ നായ്ക്കളെ അടക്കം സ്ഥലത്ത് എത്തിച്ച് പരിശോധന നടത്താനാണ് തീരുമാനം.
അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ട് പേർ വെന്റിലേറ്ററിലാണുള്ളത്. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ ജലാശയങ്ങളിലും തെരച്ചിൽ നടത്തും.
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം രാവിലെ മുതൽ തുടങ്ങും. ഒൻപത് മൃതദേഹങ്ങൾ കിട്ടിയതിൽ അഞ്ചു പേരുടെ പോസ്റ്റ് മോർട്ടം രാത്രിതന്നെ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടുനൽകിയിരുന്നു. ബാക്കി നാല് മൃതദേഹങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 23 ശരീര ഭാഗങ്ങളും കിട്ടിയതായി മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം അറിയിച്ചു.
ഇവയിൽ 11 ശരീര ഭാഗങ്ങളുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ബാക്കി ഇന്ന് നടക്കും. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ കൂടുതൽ സംഘങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തി. ഒരു രോഗിക്ക് മൂന്നു ഡോക്ടർമാരുടെയെങ്കിലും പരിചരണം ഉറപ്പാക്കുമെന്നാണ് ആരോഗ്യ മന്ത്രി അറിയിച്ചത്.
Kerala
തൃശൂർ: തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ദേവസ്വങ്ങളുടെ ആലോചന. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തൃശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം.
തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണനയെന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
National
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. കോൻസായി ഗ്രാമത്തിലെ താത്കാലിക പടക്കനിർമാണ യൂണിറ്റിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണു സ്ഫോടനമുണ്ടായത്. അപകടസമയം 35 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു.
Kerala
തൃശൂർ: മുണ്ടത്തിക്കോട്ടെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. തൃശൂർ പഴയന്നൂർ വെണ്ണൂർ സ്വദേശിയായ സുദർശനൻ (54), പാലക്കാട് കുമരനെല്ലൂർ മാടിപ്പുറം സ്വദേശിയായ വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശിയായ സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ കാണാതായവർക്കായി സമീപത്തെ കുളത്തിൽ ഉൾപ്പെടെ നടത്തിയ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള യൂണിറ്റിലെത്തി ഡോക്ടർമാരുമായി കളക്ടർ ചർച്ച നടത്തി. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചും മരിച്ചവരുടെ എണ്ണം സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
National
ന്യൂഡൽഹി: തൃശൂര്‍ പൂര വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തി. ജീവഹാനിയും നാശനഷ്ടങ്ങളും ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്തിലാക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
അതേസമയം സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം 13 ആയി. 13 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്നും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: തൃശൂർപൂരത്തിന് വെടിക്കെട്ടു സാമഗ്രികൾ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ. നടന്നത് ഉഗ്ര സ്ഫോടനമാണ്.
തീ അണയ്ക്കാൻ റോബോട്ടിക് സംവിധാനം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിനെ എറണാകുളത്ത് നിന്ന് എത്തിക്കും. സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തുക വെല്ലുവിളി നിറഞ്ഞതാണെന്നും അപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നും നിതിൻ അഗർവാൾ പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30നാണ് ആദ്യസ്ഫോടനം ഉണ്ടായത്. പിന്നീട് രണ്ടു മണിക്കൂറോളം തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായി. വൈകുന്നേരം ആറോടെ തീ പൂർണമായി അണച്ചു. സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്.
പൊട്ടാതെ കിടക്കുന്ന വെടിമരുന്ന് സാമഗ്രികളും ഭീഷണി ഉയർത്തുന്നുണ്ട്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയതെന്നും ഫയർഫോഴ്സ് മേധാവി വ്യക്തമാക്കി.
Kerala
തൃശൂർ: ഉച്ചകഴിഞ്ഞു മൂന്നരയോടെ തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ
വൻ സ്ഫോടനം ഉണ്ടായെന്നു അറിഞ്ഞപ്പോൾ ഞെട്ടിത്തരിച്ചവരിൽ നാട്ടുകാർ
മാത്രമല്ല മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു.
കാരണം രാവിലെ പതിനൊന്നോടെ ഒരു സംഘം മാധ്യമപ്രവർത്തകർ വെടിക്കെട്ടു പുരയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും ഇവിടം സന്ദർശിച്ചിരുന്നു.
ഇവർ വാർത്തകളെടുത്തു മടങ്ങി ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് രാജ്യത്തെതന്നെ ഞെട്ടിച്ച വൻ ദുരന്തം മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ അരങ്ങേറിയത്. വെടിക്കെട്ടു പുരയിൽ ജോലിയിലായിരുന്ന തൊഴിലാളികളോടു സംസാരിക്കുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത റിപ്പോർട്ടർമാർ തങ്ങൾ അല്പനേരം മുമ്പ് സംസാരിച്ച പലരും ദുരന്തത്തിന് ഇരയായെന്ന വിവരമറിഞ്ഞു ഞെട്ടിത്തരിച്ചുപോയി.
National
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനത്തിൽ കേസെടുത്ത് പോലീസ്. പടക്ക നിർമാണ ശാല ഉടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വച്ചക്കാരൻപെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് പ്രതികൾ.
പ്രതികൾക്കെതിരെ നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരിൽ നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കൊല്ലപ്പെട്ട 24 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
National
ജമ്മു: ജമ്മുകാഷ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമത്തിൽ കുഴിബോംബ് സ്ഫോടനത്തിൽ സൈനികനു പരിക്കേറ്റു.
ബാലാകോട്ട് മേഖലയിൽ സൈനികസംഘം പരിശോധന നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. ഒരു അഗ്നിവീർ ഭടനാണു പരിക്കേറ്റതെന്ന് സൈനികവൃത്തങ്ങൾ സ്ഥിരീകരിച്ചു.
International
ലാഹോർ: പാക്കിസ്ഥാനിൽ ഗ്യാസ് പൈപ്പ്ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ ഒരു വ്യവസായ എസ്റ്റേറ്റിലാണ് ഗ്യാസ് പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചത്.
ഹരിപുർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്താണ് സംഭവം. പൈപ്പ്ലൈൻ പൊട്ടിത്തെറിച്ചതിനെ തുടർന്ന് സമീപത്തുള്ള വീടിന് തീപിടിച്ചത് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. നിരവധി ആളുകൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
നാല് സ്ത്രീകളേയും ആറ് കുട്ടികളേയും രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. എമർജൻസി വിഭാഗം രക്ഷാ പ്രവർത്തനവും തീനിയന്ത്രണത്തിലാക്കുവാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. തീപിടിത്തത്തെ തുടർന്നുണ്ടായ ശ്വാസതടസം മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ഹരിപുർ ഡെപ്യൂട്ടി കമ്മീഷണർ വസീം അഹമ്മദ് പറഞ്ഞു.
National
റായ്പൂർ: ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 40ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഛത്തീസ്ഗഡിലെ സക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേഷനും പോലീസ് സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
National
ചെന്നൈ: ചെന്നൈ സിംഗപ്പെരുമാൾ കോവിലിന് സമീപമുള്ള അനുമന്തപുരം ഫയറിംഗ് റേഞ്ചിൽ ട്രക്കിംഗിന് പോയ വിദ്യാർഥി സഫോടനത്തിൽ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. നാലാം വർഷ എൻജിനിയറിംഗ് വിദ്യാർഥി എമാൻസു യാദവ് (21) ആണ് മരിച്ചത്. വിശാൽ വേണുഗോപാൽ, ആര്യൻ ശർമ, കൃഷ്ണ സിരാജ് മഹാജൻ, നിഷ്കാസ് നിരജ് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം ആറംഗ വിദ്യാർഥി സംഘമാണ് ട്രക്കിംഗിന് പോയത്. ഫയറിംഗ് റേഞ്ചിന് സമീപമുള്ള കുന്നിൻ മുകളിൽ അനുവാദമില്ലാതെ കയറിയ വിദ്യാർഥികൾ അവിടെ ഒരു ഇരുന്പ് വസ്തു കിടക്കുന്നത് കണ്ടു. തുടർന്ന് വിദ്യാർഥികളിൽ ഒരാൾ അത് കാലുകൊണ്ട് തട്ടി. തെറിച്ചു പോയ വസ്തു പാറയിൽ തട്ടി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
എമാൻസുവിന്റെ നെഞ്ചിലും തോളിലും മാരകമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ വിശാലിന്റെ ഇടതുകൈയ്ക്കും വിരലുകൾക്കും വലിയ ക്ഷതമേറ്റിട്ടുണ്ട്. ഇവരോടൊപ്പമുണ്ടായിരുന്ന വിരാട് സഞ്ജയ് കുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സുരക്ഷാ സേനകൾ പരിശീലനത്തിനായി ഉപോയിക്കുന്ന സ്ഥലമാണ്. പരിശീലനത്തിന് ശേഷം പൊട്ടിത്തെറിക്കാതെ പോയ ഷെല്ലാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
രാംഗഡ്: ജാർഖണ്ഡിലെ രാംഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാന്റിലുണ്ടായ ഫർണസ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒന്‍പതു പേർക്കു പരിക്കേറ്റിരുന്നു.
60 ശതമാനത്തിൽ കൂടുതൽ പൊള്ളലേറ്റ ഏഴു പേരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ മൂന്നു പേരാണു മരിച്ചത്.
Viral
പനാമ കനാലിന്റെ പസഫിക് പ്രവേശന കവാടത്തിന് സമീപമുള്ള ബാൽബോവയിലെ എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനവും തീപിടുത്തവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു.
തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം നാല് മണിയോടെ ലാ ബോക്ക മേഖലയിലുണ്ടായ ഈ അപകടത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു.
മൂന്ന് ഇന്ധന ടാങ്കറുകൾ ഒരേസമയം അഗ്നിക്കിരയായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് ഉയർന്ന ഭീമാകാരമായ അഗ്നിഗോളങ്ങൾ ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ് എന്ന പ്രശസ്തമായ പാലത്തിന് മുകളിൽ വരെ എത്തിയതോടെ പ്രദേശം ഭീതിയിലായി.
ആദ്യമുണ്ടായ തീപിടുത്തം നിമിഷങ്ങൾക്കുള്ളിൽ ഇന്ധന ടാങ്കറുകളിലേക്ക് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്കും രണ്ട് പ്രദേശവാസികൾക്കും ഗുരുതരമായി പൊള്ളലേറ്റു.
കാണാതായ വ്യക്തിക്കായി തകർന്ന വാഹനങ്ങൾക്കിടയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. ടാങ്കറുകൾക്ക് സമീപമുള്ള എണ്ണ സംഭരണികളിലേക്ക് തീ പടരാതിരിക്കാൻ അഞ്ച് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം കഠിനമായി പരിശ്രമിച്ച ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പനാമയിലെ പ്രധാന ഗതാഗത മാർഗമായ ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ് അധികൃതർ താൽക്കാലികമായി അടച്ചു. സ്ഫോടനത്തിന്റെ തീവ്രത പാലത്തിന്റെ ബലത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രാലയം പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചു.
സാങ്കേതിക പരിശോധനകൾ പൂർത്തിയായി പാലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ ഗതാഗതം പുനരാരംഭിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. ആഗോള സമുദ്ര വ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന പനാമ കനാലിന്റെ തൊട്ടടുത്ത് ഇത്തരമൊരു അപകടം സംഭവിച്ചത് രാജ്യാന്തര തലത്തിലും ചർച്ചയായിട്ടുണ്ട്.
National
ചണ്ഡിഗഡ്:ചണ്ഡിഗഡിലെ ബിജെപി ആസ്ഥാനത്തിനു പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ പാക് ബന്ധമുള്ള അഞ്ചുപേർ അറസ്റ്റിൽ.
പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുടെ സഹായത്തോടെയാണ് അഞ്ചംഗസംഘം സ്ഫോടനം നടത്തിയതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
എസ്ബിഎസ് നഗറിനു സമീപം മജാരി സ്വദേശി ഷമി എന്ന ബൽവീന്ദർ ലാൽ, ഭരപൂർ സ്വദേശി ജസ്വി എന്നറിയപ്പെടുന്ന ജസ്സി, സുജവൽപൂരിൽ നിന്നുള്ള ചന്നി എന്ന ചരൺജിത് സിംഗ്, ഷിംല സ്വദേശികളായ റൂബൽ ചൗഹാൻ, മന്ദീപ് എന്ന അഭിജോത് ശർമ എന്നിവരെയാണ് അറസ്റ്റിലായത്.
പാക് ബന്ധമുള്ള ഇവർക്കു നിർദേശങ്ങൾ നൽകിയിരുന്നത് പോർച്ചുഗരിലും ജർമനിയിലുമുള്ള ചിലരാണ്. അറസ്റ്റിലായ പ്രതികളുമായി ബന്ധിപ്പിക്കുന്ന ആഭ്യന്തര-രാജ്യാന്തര കണ്ണികളെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ബിജെപി ആസ്ഥാനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞത്.
International
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ ഇസ്രേലി അനുകൂല സംഘടനയുടെ മന്ദിരത്തിനു മുന്നില്‍ സ്ഫോടനം. ജെല്ഡര്ലാന്ഡ് പ്രവിശ്യയിലെ നിജെര്ക് നഗരത്തിലുള്ള ക്രിസ്ത്യന്‍സ് ഫോര്‍ ഇസ്രയേല്‍ എന്ന സന്നദ്ധസംഘടനയുടെ ഓഫീസ് പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ ബോംബ് സ്ഥാപിക്കുന്നത് സിസിടിവി കാമറാദൃശ്യങ്ങളിലൂടെ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
അന്വേഷണം തുടരുന്നതായി ഡെച്ച് പോലീസ് അറിയിച്ചു. നാശനഷ്ടം ചെറുതായേ ഉണ്ടായിട്ടുള്ളൂവെങ്കിലും അതുളവാക്കിയിരിക്കുന്ന നടുക്കം, പ്രത്യേകിച്ച് വിശുദ്ധ വാരത്തിലുണ്ടായ സ്ഫോടനം ഗൗരവമേറിയതാണെന്ന് സംഘടന വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ യഹൂദര്‍ക്കെതിരായ വിദ്വേഷം ശക്തിപ്പെടുന്നതായാണു റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ലണ്ടനില്‍ യഹൂദ വോളണ്ടിയര്‍മാരുടെ ആംബുലന്‍സുകള്‍ അജ്ഞാതസംഘം അഗ്നിക്കിരയാക്കുകയും ബെല്‍ജിയത്തിലെ ലെയ്ജ് നഗരം, ഡെച്ച് തുറമുഖനഗരമായ റോട്ടര്‍ഡാം എന്നിവിടങ്ങളില്‍ സിനഗോഗുകള്ക്കുമുന്നില് ചെറിയരീതിയില്‍ സ്ഫോടനമുണ്ടാകുകയും ആംസ്റ്റര്‍ഡാമില്‍ ഒരു യഹൂദസ്കൂള് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
യഹൂദ, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരേ നേരത്തേതന്നെ ഐഎസ് ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
National
ന്യൂഡൽഹി: പഞ്ചാബിലെ ഛണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപം സ്ഫോടനം. ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.
സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ട് പേർ ഐഇഡി ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടതായാണ് വിവരം. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ജീവനക്കാർക്ക് പരിക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐഎഇഎ പറഞ്ഞു.
അതേസമയം സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
National
സൂററ്റ്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. ഒന്‍പതു പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ സൂററ്റ് നഗരത്തിൽ തയ്യൽക്കട ഉൾപ്പെടെയുള്ള കെട്ടിടത്തിലാണു പൊട്ടിത്തെറി ഉണ്ടായത്.
എട്ടു സിലിണ്ടറുകളാണു കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതെന്നും ഇതിൽ രണ്ടെണ്ണമാണു പൊട്ടിത്തെറിച്ചത്.
സ്ഫോടനമുണ്ടായുടനെതന്നെ അഗ്നിരക്ഷാ സേനയുടെ നാലു യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ സ്ഫോടനത്തിൽ 11 തൊഴിലാളികൾക്കു പൊള്ളലേറ്റു.
മഹാരാഷ്ട്ര വ്യവസായ വികസന കോർപറേഷന്റെ ലോട്ടെ പരശുറാമിലെ ഡോ. ഖാൻ ഇൻഡട്രിയൽ കൺസൾട്ടന്റ്സിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ വിദഗ്ധചികിത്സയ്ക്കായി നവിമുംബൈയിലേക്കു കൊണ്ടുവന്നു.
National
വെറ്റ്ലപാലം: ആന്ധ്രപ്രദേശിലെ കാക്കിനഡയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 പേർ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ എട്ടുപേരെ കാക്കിനഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിഭാഗത്തിനും 90 മുതൽ 100 ശതമാനം വരെ പൊള്ളലേറ്റതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വെറ്റ്ലപാലത്തെ സമർലകോട്ടയിലുള്ള സൂര്യ ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടം. സ്ഫോടനത്തെത്തുടർന്ന് ആളുകളുടെ ശരീരഭാഗങ്ങൾ തൊട്ടടുത്ത വയലിലേക്കു തെറിച്ചുപോയി. വളം കൊണ്ടുവരുന്ന ചാക്കുകൾ ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ നീക്കംചെയ്തത്. ഡ്രോൺ സഹായത്തോടെ ഉൾപ്പെടെ നടത്തിയ തെരച്ചിലിലാണ് 21 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രദേശമാകെ പുകപടലംനിറഞ്ഞതോടെ രക്ഷാപ്രവർത്തനം വൈകി. അപകടസമയത്ത് മുപ്പതിലേറെ തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്ന് മന്ത്രി കെ. ദുർഗേഷ് അറിയിച്ചു.
അപകടസ്ഥലത്തുള്ള ഒരാൾപോലും രക്ഷപ്പെടാൻ സാധ്യതയില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അപകടസ്ഥലത്ത് ഉടൻ സന്ദർശനം നടത്തുമെന്ന് സർക്കാർ അറിയിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശിൽ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 18പേർ മരിച്ചു. കാക്കിനട ജില്ലയിലെ വെറ്റ്ലപാലം ഗ്രാമത്തിലെ ഗോദാവരി കനാലിനടുത്തുള്ള സൂര്യ ശ്രീ ഫയർവർക്ക്സിൽ ഉച്ചയോടെയാണ് സംഭവം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇവരിൽ 11 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പുകപടലങ്ങൾ നിറഞ്ഞു. സ്ഫോടനത്തിന്റെ ശബ്ദം അഞ്ച് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ ഗ്രാമത്തിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ സ്ലാബിന് വിള്ളലുണ്ടായി.
അഡപ നാനി കുടുംബത്തിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കനിർമാണശാല. അനുവദനീയമായതിലും കൂടുതൽ പടക്കങ്ങൾ നിർമിച്ചതാണ് സ്ഫോടനത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, വിജയനഗരം ജില്ലയിൽ സന്ദർശനം നടത്തിയിരുന്ന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.
ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി. അപകടസ്ഥലം സന്ദർശിക്കാൻ ആഭ്യന്തരമന്ത്രി അനിതയോട് അദേഹം നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.
International
ടെഹ്റാന്: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിനു പിന്നാലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ സുരക്ഷിത താവളത്തിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടത്.
ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇപ്പോൾ നിങ്ങളൊരു പാത തുറന്നിരിക്കുകയാണ്. അതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കമ്മീഷൻ തലവൻ ഇബ്രാഹിം അസീസി പറഞ്ഞു.
അതേസമയം മുൻകരുതൽ നടപടികളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസി എല്ലാ ഉദ്യോഗസ്ഥർക്കും ഷെൽട്ടർ-ഇൻ-പ്ലേസ് നടപ്പിലാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൗരൻമാരും ഇതു പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
തലശേരി: ജെസിബി ഉപയോഗിച്ച് പറമ്പ് വൃത്തിയാക്കി മണ്ണു നീക്കുന്നതിനിടെ സ്റ്റീൽ ബോംബ് സ്ഫോടനം.
സ്ഫോടനത്തിൽ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരിലെ ഷമിത്ത് ലാലിനാണ് (24) പരിക്കേറ്റത്.
ഷമിത്ത് ലാലിനെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മേപ്പാട്ടെ വീട്ടിക്കൽ സലാമിന്റെ ഉടമസ്ഥതയിലുള്ള പറന്പ് വൃത്തിയാക്കി മണ്ണു നീക്കി ലോറിയിലേക്കിടുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ സോൾജിയർ ബസാറിൽ സ്ഥിതിചെയ്യുന്ന ബഹുനില പാർപ്പിടസമുച്ചയത്തിലായിരുന്നു സംഭവം.
എല്ലാവരും റംസാനിലെ ആദ്യദിനം നോന്പാരംഭത്തിനു മുന്‍പായുള്ള ഭക്ഷണം തയാറാക്കുന്നതിനിടെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു. അവശിഷ്ടങ്ങളിൽ ആളുകൾ കുടുങ്ങിയതായി സംശയിക്കുന്നു.
കഴിഞ്ഞ മാസം കറാച്ചിയിലെ മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 70 പേർ മരിച്ചിരുന്നു.
International
ബെയ്ജിംഗ്: ചൈനയിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ 12 പേർ മരിച്ചു. മധ്യചൈനയിലെ ഹുബൈ പ്രവിശ്യയിലായിരുന്നു സംഭവം.
കടയ്ക്കു തീപിടിച്ചു പൊട്ടിത്തെറിച്ചുവെന്നാണു പ്രാഥമിക റിപ്പോർട്ട്. കാരണം വ്യക്തമല്ല.
ചാന്ദ്ര കലണ്ടർ പ്രകാരമുള്ള പുതുവത്സരാഘോഷത്തിനിടെ ഇത്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഞായറാഴ്ച കിഴക്കൻ പ്രവിശ്യായ ജിയാംഗ്സുവിൽ പടക്കക്കടയ്ക്കു തീപിടിച്ച് എട്ടു പേർ മരിച്ചിരുന്നു.
National
മാണ്ഡ്യ: കർണാടകയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ് ഫോടനത്തിൽ രണ്ടു പേർ മരിച്ചു. മാണ്ഡ്യക്കു സമീപം കാരെക്കട്ടെ ഗ്രാമത്തിലെ ഫാക്ടറിയിലെ കെമിക്കൽ സ്റ്റോറേജ് ടാങ്കിലായിരുന്നു സ്ഫോടനമുണ്ടായത്. നാലു പേർക്കു പരിക്കേറ്റു. ഇവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.
ഫാക്ടറി മാറ്റിസ്ഥാപിക്കുന്നതു നടന്നുവരികയായിരുന്നു. ഫാക്ടറിക്കെതിരേ നാട്ടുകാർ എതിർപ്പുയർത്തിയിരുന്നു. 2022ൽ വിഷവാതകച്ചോർച്ചയിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു.
National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഇന്നലെ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.
ഖനിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. തെരച്ചിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഖനിയിൽ ഡൈനമൈറ്റ് സ്ഫോടനത്തിനിടെ ദുരന്തമുണ്ടായത്.
National
ഷില്ലോംഗ്: മേഘാലയയിൽ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
ഖനിക്കുള്ളിലായിരുന്നു സ്ഫോടനം. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തു. പരിക്കേറ്റ ഒരാളെ ഷില്ലോംഗിലെ ആശുപത്രിയിലേക്കു മാറ്റി. സ്ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. മരിച്ചവരെല്ലാം ആസാം സ്വദേശികളാണ്.
അപകടസമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നു എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.
National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്റാം പറഞ്ഞു.
തംഗ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പടക്ക നിർമാണശാലയുടെ ഉടമയായ ആനക്കുഴി സ്വദേശി സജിന്‍ ഗുരുതര പരിക്കേറ്റു.
രാവിലെ ഒമ്പതിനാണ് അപകടം സംഭവിക്കുന്നത്. പടക്ക നിർമാണശാലയിൽ ഉണ്ടായ തീപ്പോരിയാണ് പൊട്ടിത്തെറിക്ക് കാരണമായത്.
ശരീരത്തിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ സജിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർച്ചയായി ഈ മേഖലയിൽ അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോനധ നടത്തിയിരുന്നു.
National
ജയ്പുർ: ഫാക്ടറിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. വിശ്വകർമ ഇൻഡസ്ട്രിയൽ ഏരിയയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ഉഗ്രസ്ഫോടനത്തിൽ ഫാക്ടിയുടെ മേൽക്കൂര പറന്നുപോയി.
ഒരു തൊഴിലാളി സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റൊരു തൊഴിലാളിയെയും മാനേജരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു
International
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു.
എംബസികളും ഷോപ്പിംഗ് കോംപ്ലക്സുകളും ഓഫീസ് ബിൽഡിംഗുകളും സ്ഥിതി ചെയ്യുന്ന ഷെഹർ - ഇ - നവ് എന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിനടുത്ത് വിവാഹവീട്ടിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ നവവരനും വധുവും ഉൾപ്പെടെ എട്ടുപേർ മരിച്ചു. ഇസ്ലാമാബാദിലെ ക്രിസ്ത്യൻ കോളനിയിൽ പ്രാദേശികസമയം ഇന്നലെ പുലർച്ചെ ഹാനിഫ് മസിഹ് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം.
ഹാനിഫിന്റെ മകന്റെ വിവാഹം ശനിയാഴ്ചയായിരുന്നു. വൈകുന്നേരം നടന്ന വിവാഹസൽക്കാരത്തിനും ആഘോഷങ്ങൾക്കുംശേഷം പുലർച്ചെ മൂന്നിനാണ് കുടുംബാംഗങ്ങൾ ഉറങ്ങാൻ കിടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീഴുകയും ഭിത്തികൾ ചിതറിത്തെറിക്കുകയും ചെയ്തു.
പാചകവാതകം ചോർന്ന് മുറികളിലേക്കു വ്യാപിക്കുകയും വൻ സ്ഫോടനമുണ്ടാകുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. തൊട്ടടുത്തുള്ള മൂന്ന് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തിനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
ബെളഗാവി: കർണാടകയിലെ ബെളഗാവിയിൽ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മാരാകുംബിയിലെ ഇനാംഗാർ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ചയാണ് സ്ഫോടനമുണ്ടായത്.
മൂന്നു പേർ അന്നുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന അഞ്ചു പേർകൂടി ഇന്നലെ മരിച്ചു.
Kerala
തൃശൂർ: മാടക്കത്തറ സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് തൃശൂർ ജില്ലയുടെ പലഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. ചാലക്കുടി, കുന്നംകുളം അടക്കമുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. വലിയ രീതിയിലുള്ള ശബ്ദത്തോടെ സബ്സ്റ്റേഷനിൽ പൊട്ടിത്തെറി ഉണ്ടായെന്ന് നാട്ടുകാർ പറഞ്ഞു.
പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്നും രാത്രിയോടുകൂടി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.
International
കാരക്കാസ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ യുഎസ് ബോംബാക്രമണം. തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ സ്ഫോടനങ്ങൾ നടന്നതായും നാല് വിമാനത്താവളങ്ങൾ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു. സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് ആക്രമണമുണ്ടായത്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിടാൻ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. വെനസ്വേലയ്ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ആക്രമണത്തെ കുറിച്ച് യുഎസ് സൈന്യമോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകൾ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു.
International
ബേൺ: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ റിസോർട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് നൂറിലേറെ പേർ ബാറിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ക്രാൻസ് മൊണ്ടാന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.
National
ബംഗളൂരു: മൈസൂരു പാലസിനുമുന്നിൽ ബലൂണിൽ നിറയ്ക്കുന്ന വാതകം നിറച്ച സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരിക്കാനിടയായ സംഭവം എൻഐഎ അന്വേഷിക്കും. സിലിണ്ടർ കൊണ്ടുവന്ന ഉത്തർപ്രദേശ് സ്വദേശി സലിം ഉൾപ്പെടെ രണ്ടു പേരാണു മരിച്ചത്.
24 ന് വൈകുന്നേരമുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. സലിമിനൊപ്പം ലഷ്കർ മൊഹല്ലയിൽ താമസിച്ചുവന്ന രണ്ടുപേരെ എൻഐഎ ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
വ്യാപാരമേളകളിലും മറ്റും എത്തുന്ന ഇക്കൂട്ടരെ പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് രൂപരേഖ തയാറാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്ന് പരമേശ്വര കൂട്ടിച്ചേർത്തു.
International
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു.
21 പേർക്കു പരിക്കേറ്റു. മുൻ പ്രസിഡന്റ് ബഷർ അസാദിന്റെ അലാവി വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള മേഖലയിലെ മോസ്കിലാണു സ്ഫോടനമുണ്ടായത്.
മോസ്കിനുള്ളിൽ സ്ഥാപിച്ച സ്ഫോടകവസ്തുവാണു പൊട്ടിത്തെറിച്ചതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
District News
പാലോട്: ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു.
ഇതോടെ മരണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരി പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടില്‍ രാജി (47) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരി പാലോട് പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ഇന്നലെ മരിച്ചിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം നവാസ് എന്നയാളും മരിച്ചിരുന്നു. ഈ മാസം 14 നാണ് അപകടം നടന്നത്.
പൊട്ടിത്തെറിയിൽ മൂന്നുപേർക്കായിരുന്നു പരിക്കേറ്റത്. അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായകുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേൽക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരണപ്പെടുകയായിരുന്നു.
Kerala
പിണറായി: കണ്ണൂർ പിണറായിയിൽ സിപിഎം പ്രവർത്തകൻ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നതിന് കാരണമായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
റീൽസ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം. പൊട്ടിയത് പടക്കം എന്നായിരുന്നു പോലീസിന്റെയും സിപിഎമ്മിന്റെയും വാദം. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ സ്ഫോടനത്തിലാണ് വിപിന്‍ രാജിന്റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.
ഇയാളെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പോലീസിലും അറിയിച്ചത്.
പോലീസ് എഫ്ഐആറിലും അപകട കാരണം പടക്കം പൊട്ടിയതാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം രൂക്ഷമായ സമയത്താണ് സ്ഫോടനം നടന്നത്.
NRI
ഐഡഹോ: ഐഡഹോയിലെ പാർക്കിംഗ് ഏരിയയിൽ യു-ഹോൾ ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെ ലെവിസ്റ്റൺ നഗരത്തിലാണ് അപകടമുണ്ടായത്.
ട്രക്കിൽ സൂക്ഷിച്ചിരുന്ന ഗ്യാസോലിൻ, പ്രൊപ്പെയ്ൻ ടാങ്കുകൾ ഉൾപ്പെടെയുള്ള കത്തുന്ന വസ്തുക്കൾ കാരണമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
Kerala
കാസര്‍ഗോഡ്: സിപിഐ സ്ഥാനാര്‍ഥിയുടെ വീടിനുസമീപം സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വളര്‍ത്തുനായ ചത്തു.
ജില്ലാ പഞ്ചായത്ത് ബദിയഡുക്ക ഡിവിഷന് സ്ഥാനാര്‍ഥി കുംബഡാജെ കാടരബള്ളിയിലെ പ്രകാശ് കുംബഡാജെയുടെ വീട്ടുവളപ്പില്‍ വോട്ടെടുപ്പ് ദിവസം രാവിലെ 6.45ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമുണ്ടായത്.
ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴാണ് തലതകര്‍ന്ന നിലയില്‍ ചത്തുകിടക്കുന്ന പ്രകാശിന്റെ വളര്‍ത്തുനായയെ കണ്ടത്. സമീപത്ത് പന്നിപ്പടക്കം പോലെ തോന്നിക്കുന്ന മൂന്നു സ്ഫോടകവസ്തുക്കള്‍ വേറെയുമുണ്ടായിരുന്നു.
ബദിയഡുക്ക പോലീസെത്തി സ്ഫോടകവസ്തുക്കള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയത്തിന് വഴിവയ്ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു ആവശ്യപ്പെട്ടു.
National
ചായിബാസ: ജാർഖണ്ഡിലുണ്ടായ സ്ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. രണ്ടു യുവതികൾക്കു പരിക്കേറ്റു.
വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സരാന്ദ വനമേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫൂലൻ ധൻവാർ (18) ആണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ഫൂലൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
Kerala
തിരുവന്തപുരം: കാട്ടായിക്കോണത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ 11നാണ് അപകടം.
കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് പൊട്ടിത്തെറിയുണ്ടായത്. കരിമരുന്ന് ഉണക്കാനിട്ടിരുന്നതിന് സമീപം ഇരുമ്പ് കമ്പി കട്ടർ കൊണ്ട് മുറിക്കുന്നതിനിടെ തീപ്പൊരി വീണാണ് തീപ്പിടിച്ചത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രത്തിലെ ജീവനക്കാരനാണ് ബാലകൃഷ്ണൻ നായര്‍.
National
ശ്രീനഗർ: ശ്രീനഗർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടന കേസിൽ ഉൾപ്പെടെ അറസ്റ്റിലായവരിൽ നിന്ന് ജമ്മു കഷ്മീർ പോലീസ്
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം. പോലീസും ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്.
സ്ഫോടനത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ തകർന്നിട്ടുണ്ട്. സമീപത്തുള്ള കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യൻ ആർമിയുടെ 92 ബേസ് ആശുപത്രിയിലും ഷേർ-ഇ-കഷ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ചു.
International
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ 55 പേർക്കു പരിക്കേറ്റു.
വടക്കൻ ജക്കാർത്തയിലെ കെലാപാ ഗേഡിംഗ് എന്ന സ്ഥലത്ത് സർക്കാർ ഹൈസ്കൂൾ വളപ്പിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
തോക്കുകൾ പോലുള്ള രണ്ടു വസ്തുക്കൾ സ്ഫോടനമേഖലയിൽനിന്നു കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇവ കളിത്തോക്കുകളാണെന്ന് സ്ഥലം സന്ദർശിച്ച ഒരു മന്ത്രി പിന്നീട് പറഞ്ഞു.
സ്കൂളിൽ സഹപാഠികളുടെ കളിയാക്കൽ നേരിടുന്ന ഒരു വിദ്യാർഥി നാടൻ ബോംബ് കൊണ്ടുവന്നതായി മറ്റൊരു വിദ്യാർഥി ഇന്തോനേഷ്യൻ മാധ്യമങ്ങളോടു പറഞ്ഞു.
Kerala
കണ്ണൂർ: പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം.
സ്ഫോടനത്തെ തുടർന്ന് ചിതറിതെറിച്ച ചീളുകളും കല്ലും പതിച്ചാണ് ജനൽ ചില്ലുകൾ തകർന്നത്. സിപിഎം - ബിജെപി സ്വാധീന മേഖലയിലാണ് സംഭവം.
കോണ്‍ഗ്രസ് - സിപിഎം അനുഭാവി കുടുംബങ്ങളുടെ വീടുകൾക്കാണ് കേടുപാടുകൾ പറ്റിയത്. എന്നാൽ ഏറുപടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ കതിരൂർ പോലീസ് അന്വേഷണം തുടങ്ങി.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോവില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഗുഡാംബ സ്റ്റേഷന് പരിധിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ഫോടനത്തില്‍ അഞ്ച് പേര് മരിച്ചിരിക്കാമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ട് മരണങ്ങള് മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിരുന്നു.