x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനാമ കനാലിനെ നടുക്കി വൻ സ്ഫോടനം; ആകാശത്തോളം ഉയർന്ന് അഗ്നിഗോളം


Published: April 7, 2026 05:56 PM IST | Updated: April 7, 2026 05:56 PM IST

പനാമ കനാലിന്‍റെ പസഫിക് പ്രവേശന കവാടത്തിന് സമീപമുള്ള ബാൽബോവയിലെ എണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനവും തീപിടുത്തവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നു.

തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം നാല് മണിയോടെ ലാ ബോക്ക മേഖലയിലുണ്ടായ ഈ അപകടത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു.

മൂന്ന് ഇന്ധന ടാങ്കറുകൾ ഒരേസമയം അഗ്നിക്കിരയായതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. സ്ഫോടനത്തെത്തുടർന്ന് ആകാശത്തേക്ക് ഉയർന്ന ഭീമാകാരമായ അഗ്നിഗോളങ്ങൾ ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ് എന്ന പ്രശസ്തമായ പാലത്തിന് മുകളിൽ വരെ എത്തിയതോടെ പ്രദേശം ഭീതിയിലായി.

ആദ്യമുണ്ടായ തീപിടുത്തം നിമിഷങ്ങൾക്കുള്ളിൽ ഇന്ധന ടാങ്കറുകളിലേക്ക് പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്കും രണ്ട് പ്രദേശവാസികൾക്കും ഗുരുതരമായി പൊള്ളലേറ്റു.

കാണാതായ വ്യക്തിക്കായി തകർന്ന വാഹനങ്ങൾക്കിടയിലും സമീപപ്രദേശങ്ങളിലും തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. ടാങ്കറുകൾക്ക് സമീപമുള്ള എണ്ണ സംഭരണികളിലേക്ക് തീ പടരാതിരിക്കാൻ അഞ്ച് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം കഠിനമായി പരിശ്രമിച്ച ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.

സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി പനാമയിലെ പ്രധാന ഗതാഗത മാർഗമായ ബ്രിഡ്ജ് ഓഫ് ദി അമേരിക്കാസ് അധികൃതർ താൽക്കാലികമായി അടച്ചു. സ്ഫോടനത്തിന്‍റെ തീവ്രത പാലത്തിന്‍റെ ബലത്തെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊതുമരാമത്ത് മന്ത്രാലയം പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചു.

സാങ്കേതിക പരിശോധനകൾ പൂർത്തിയായി പാലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് വരെ ഗതാഗതം പുനരാരംഭിക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. ആഗോള സമുദ്ര വ്യാപാരത്തിൽ നിർണായക പങ്കുവഹിക്കുന്ന പനാമ കനാലിന്‍റെ തൊട്ടടുത്ത് ഇത്തരമൊരു അപകടം സംഭവിച്ചത് രാജ്യാന്തര തലത്തിലും ചർച്ചയായിട്ടുണ്ട്.

 

Tags : Panama Explosion BreakingNews WorldNews PanamaCanal

Recent News

Corehub Up