സെൻട്രൽ ഡെമാസ്ക്കസിലെ ഫോർ സീസൺസ് ഹോട്ടലിനു സമീപമുണ്ടായ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യത്തിൽനിന്ന്.
ഡമാസ്കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിനിടെ സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ സ്ഫോടനം. 18 പേർക്കു പരിക്കേറ്റു.
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാരയുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മാക്രോൺ എത്തിയതിനു പിന്നാലെയാണു സ്ഫോടനമുണ്ടായത്. മാക്രോൺ താമസിച്ചിരുന്ന ഫോർ സീസൺസ് ഹോട്ടലിനു സമീപമായിരുന്നു സ്ഫോടനം.
മാക്രോൺ സുരക്ഷിതനാണെന്നും അഹമ്മദ് അൽ ഷാരയുമായുള്ള കൂടിക്കാഴ്ച നടന്നതായും ഫ്രഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. തുർക്കിയിലെ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കു പോകുന്നതിനു മുമ്പാണു മാക്രോണിന്റെ സിറിയൻ സന്ദർശനം.
മാലിന്യക്കൂമ്പാരത്തിലും പാർക്ക് ചെയ്തിരുന്ന കാറിലും സ്ഥാപിച്ച സ്ഫോടകവസ്തുക്കളാണു പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരിൽ നാലു പേർ പോലീസ് ഉദ്യോഗസ്ഥരാണ്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
Tags : Explosion Damascus Macron visit