Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തു മുന്നിലെത്തുന്നവർ ഭരണം പിടിക്കുമെന്ന കീഴ്വഴക്കം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ആകെയുള്ള പതിനാലിൽ ഏഴു സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റ് നേടിയ ബിജെപി ചരിത്രം കുറിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ പതിനാലിൽ പതിമൂന്നിടത്തു വിജയിച്ച എൽഡിഎഫ് അഞ്ചു സീറ്റിലേക്കു പതിച്ചു. 2016ൽ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒ. രാജഗോപാലിലൂടെ ഇരിപ്പിടം നേടിയ ബിജെപി ഇത്തവണ നേമം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിലൂടെ തിരിച്ചുപിടിച്ചു.
കൂടാതെ കഴക്കൂട്ടത്ത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ തകർത്ത് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനു ശേഷം കോർപറേഷൻ പരിധിയിലുള്ള രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായത് ബിജെപിക്ക് ഇരട്ടി മധുരമായി.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് യുഡിഎഫിനായി അട്ടിമറി വിജയമാണു കൈവരിച്ചത്. കാട്ടാക്കടയിൽ പുതുമുഖമായ എം.ആർ. ബൈജുവും നെയ്യാറ്റിൻകരയിൽ എൻ. ശക്തനും കോവളത്ത് എം. വിൻസെന്റും തിരുവനന്തപുരത്ത് സിഎംപിയുടെ സി.പി. ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും വിജയിച്ചു.
കോണ്‍ഗ്രസിന്റെ യുവനേതാവ് സുധീർഷാ പാലാട് വാമനപുരം പിടിച്ചെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ്. സിറ്റിംഗ് എംഎൽഎ ആയ ഡി.കെ. മുരളിയെ 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീർ ഷാ അട്ടിമറിച്ചത്. 1970നു ശേഷം ആദ്യമായാണ് ഒരു കോണ്ഗ്രസുകാരൻ ഇവിടെ വിജയിക്കുന്നത്.
എൽഡിഎഫിനു നിലനിർത്താനായത് അരുവിക്കര, ആറ്റിങ്ങൽ, നെടുമങ്ങാട്, പാറശാല, വർക്കല മണ്ഡലങ്ങൾ മാത്രമാണ്.
Kerala
കൊച്ചി: ആകെയുള്ള 14 മണ്ഡലങ്ങളും തൂത്തുവാരി യുഡിഎഫ് എറണാകുളം ജില്ലയിൽ കുറിച്ചത് പുതുചരിത്രം. ആദ്യമായാണു ജില്ലയിൽ എല്ലാ സീറ്റുകളിലും മുന്നണി ജയിക്കുന്നത്.
2016ലും 2021ലുമുണ്ടായിരുന്ന 14ൽ 9 എന്ന നിലയിൽനിന്നാണ് 14ൽ 14 എന്നതിലേക്കുള്ള യുഡിഎഫിന്റെ കുതിപ്പ്. സിറ്റിംഗ് സീറ്റുകളെല്ലാം ഭൂരിപക്ഷം ഉയർത്തിയാണു നിലനിർത്തിയത്. സിറ്റിംഗ് എംഎൽഎമാരിൽ മത്സരിച്ച ഏഴു പേരും ജയിച്ചു. ആറു പുതുമുഖങ്ങൾ ജില്ലയിൽനിന്ന് നിയമസഭയിലെത്തും. യുഡിഎഫിലെ കക്ഷിനില: കോൺഗ്രസ്-11, കേരള കോൺഗ്രസ്, കേരള കോൺഗ്രസ്-ജേക്കബ്, മുസ്ലിം ലീഗ് - ഒന്നുവീതം.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോതമംഗലം, കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. പിണറായി മന്ത്രിസഭയിലെ പ്രധാനിയായിരുന്ന പി. രാജീവിന്റെ കളമശേരിയിലെ ദയനീയ തോൽവി എൽഡിഎഫിന് കനത്ത ആഘാതമാണ്. മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഭൂരിപക്ഷം (20,600) 2021ലേക്കാൾ (21,301) അല്പം കുറയ്ക്കാനായതാണ് ജില്ലയിൽ എൽഡിഎഫിന് തെല്ലെങ്കിലും ആശ്വസിക്കാനുള്ളത്.
തൃക്കാക്കരയിൽ അരലക്ഷം കടന്ന ഉമാ തോമസിന്റെ ഭൂരിപക്ഷം (50,211) ജില്ലയിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉയർന്നതായി. പിറവത്ത് അനൂപ് ജേക്കബിന്റെയും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെയും ഭൂരിപക്ഷം 40,000 കടന്നു. കൊച്ചിയിലൊഴികെ 13 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ഭൂരിപക്ഷം 10,000 വോട്ടിനു മുകളിലാണ്.
ബിജെപിക്കൊപ്പം ചേർന്ന ട്വന്റി-20യ്ക്കു നേട്ടമുണ്ടാക്കാനായില്ല. ഉണ്ടായിരുന്ന ശക്തി ചോർന്നെന്നാണു കുന്നത്തുനാട് ഫലം വ്യക്തമാക്കുന്നത്. ഇവിടെ പാർട്ടിയുടെ സ്ഥാനാർഥിക്ക് 2021ലേതിനേക്കാൾ 2,480 വോട്ട് കുറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ചരിത്ര വിജയം. വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ ക്രമാനുഗതമായി വോട്ടുയർത്തിയ ബിജെപി മൂന്നു സീറ്റിൽ വിജയിച്ചാണ് ഇക്കുറി ചരിത്രം കുറിച്ചത്.
നേമത്ത് പൂട്ടിയ അക്കൗണ്ട് പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ റീ-ഓപ്പണ്‍ ചെയ്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ കഴക്കൂട്ടം, ചാത്തന്നൂർ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടിയുമാണ് ബിജെപിയുടെ ശക്തി പ്രകടനം.
സിപിഎം മന്ത്രിയായ വി. ശിവൻകുട്ടിയെ വീഴ്ത്തിയാണ് നേമത്തെ വിജയമെങ്കിൽ കഴക്കൂട്ടത്ത് സിപിഎം മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് മുൻ കേന്ദ്രമന്ത്രിയായ വി. മുരളീധരൻ വിജയിച്ചു കയറിയത്. ചാത്തന്നൂരിൽ സിപിഐയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്താണ് ബി.ബി. ഗോപകുമാറിന്റെ വിജയം.
ഇതിനു പുറമെ ആറു മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതുമെത്തി. ആറ്റിങ്ങൽ, കാസർഗോഡ്, മലന്പുഴ, മഞ്ചേശ്വരം, പാലക്കാട്, തിരുവല്ല എന്നീ സീറ്റുകളിലാണ് പാർട്ടി രണ്ടാമതെത്തിയത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായിരുന്ന നേമത്ത് രണ്ടാം സ്ഥാനത്തേക്കു പോയ ബിജെപി വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, മലന്പുഴ, കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് എന്നീ മണ്ഡലങ്ങളിലും രണ്ടാമതെത്തിയിരുന്നു. കഴിഞ്ഞ തവണ ജനപക്ഷം സ്ഥാനാർഥിയായി മത്സരിച്ച പി.സി. ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നെങ്കിൽ ഇക്കുറി ബിജെപി സ്ഥാനാർഥി ആയപ്പോൾ മൂന്നാമതായി.
കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലങ്ങളിൽ മൂന്നിടത്ത് വിജയിക്കാനും മറ്റ് ആറ് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നിലനിർത്താനും പാർട്ടിക്കു കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാമതായിരുന്ന വട്ടിയൂർക്കാവിൽ ഇക്കുറി മൂന്നാം സ്ഥാനത്തേക്കു പോയെങ്കിലും തിരുവല്ല മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയതോടെയാണ് രണ്ടാമതെത്തിയ മണ്ഡലങ്ങളുടെ എണ്ണം ആറായി നിലനിർത്താനായത്.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ വിജയിക്കാനായില്ല എന്നതും ശ്രദ്ധേയമാണ്.
Kerala
തിരുവനന്തപുരം: നാളെ വോട്ടെണ്ണൽ. രാവിലെ 8.30 മുതൽ ആദ്യ ഫല സൂചനകൾ വന്നുതുടങ്ങും. ബലാബല മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഒഴികെയുള്ളിടങ്ങളിലെ ആദ്യചിത്രം ഒൻപതു മണി മുതൽ ലഭ്യമാകും. 10 മണിയോടെ കേരളം ആരു ഭരിക്കുമെന്ന ഏകദേശ ചിത്രം വ്യക്തമാകും.
സംസ്ഥാനത്തെ 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ആറിന് വോട്ടെണ്ണൽ പ്രക്രിയയിലെ ആദ്യഘട്ടമായ സ്ട്രോംഗ് റൂം തുറക്കൽ നടപടി തുടങ്ങും. ഇവിഎമ്മുകളും വിവിപാറ്റുകളും തരംതരിക്കും. സ്ട്രോംഗ് റൂം ചുമതലയുള്ള ഉദ്യോഗസ്ഥനും സഹായിയുമാകും സ്ട്രോംഗ് റും തുറക്കുക.
സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ഒബ്സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോടുകൂടിയാണ് സ്ട്രോംഗ് റൂമുകൾ തുറക്കുക. തുടർന്ന് ത്രിതല സുരക്ഷയോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകും. മുഴുവൻ സമയ സിസിടിവി നിരീക്ഷണവുമുണ്ടാകും.
ആദ്യമെണ്ണുന്നത് തപാൽ വോട്ടുകൾ
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആദ്യമെണ്ണുന്നത് തപാൽ വോട്ടുകളാണ്. 500 തപാൽ വോട്ടുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് കേന്ദ്രീകരിക്കുന്നത്. ഒരു മണ്ഡലത്തിൽ 2500 തപാൽ വോട്ടുകൾ ഉണ്ടെങ്കിൽ അഞ്ച് ടേബിളുകൾ ക്രമീകരിക്കും. ഓരോ ടേബിളിലും ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ വീതം കാണും. 8.30ന് ഇവിഎമ്മുകൾ എണ്ണിത്തുടങ്ങും. 8.30നു ശേഷവും തപാൽ വോട്ടുകൾ എണ്ണേണ്ടി വന്നാൽ ഒരു ഭാഗത്ത് അതും തുടരും.
വോട്ടെണ്ണൽ ഹാളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കണം. വോട്ടെണ്ണൽ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഹാജരാകണമെന്നും നിർദേശമുണ്ട്.
ഇവിഎമ്മുകൾ എണ്ണാൻ ഒരു ഹാളിൽ ഏഴു മുതൽ 14 വരെ ടേബിളുകൾ
ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) രാവിലെ 8.30 മുതലാണ് എണ്ണിത്തുടങ്ങുക. ഒരു ടേബിളിൽ ഒരു സമയം ഒരു ഇവിഎം വീതമാണ് എണ്ണുക. ഒരു നിയോജക മണ്ഡലത്തിനായി ഒരുക്കുന്ന ഒരു ഹാളിൽ ഏഴു മുതൽ പരമാവധി 14 വരെ ടേബിളുകൾ ക്രമീകരിക്കും. തർക്കമില്ലാതെ ഒരു ഇവിഎം എണ്ണിത്തീർക്കാൻ അഞ്ചു മുതൽ എട്ടു മിനിറ്റ് വരെ വേണ്ടി വരാമെന്നാണ് കണക്കാക്കുന്നത്. തർക്കമുണ്ടായാൽ സമയം നീളും.
ഒരു പോളിംഗ് ബൂത്താണ് ഒരു ഇവിഎം. എട്ടു മിനിറ്റിൽ 14 ഇവിഎമ്മുകൾ വരെ എണ്ണാമെന്നു സാരം. ഇവിഎമ്മിലും നേരത്തെ നോട്ടിഫൈ ചെയ്ത പട്ടികയിലുമായി ഒരു വോട്ടിന്റെ എങ്കിലും കുറവുണ്ടായാൽ വിവിപാറ്റുകൾ എണ്ണാൻ ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് എല്ലാ കൗണ്ടിംഗ് ഏജന്റുമാർക്കു നൽകിയ നിർദേശം.
എല്ലാ മണ്ഡലത്തിലും അഞ്ച് വിവിപാറ്റുകൾ വീതം എണ്ണും
കൃത്യത ഉറപ്പാക്കാൻ ഓരോ റൗണ്ടിലും രണ്ട് ഇവിഎം റാൻഡമായി എണ്ണും. ഓരോ മണ്ഡലത്തിലും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണാനാണ് നിർദേശം. ഒരു സ്ഥാനാർഥിക്കും ഇവിഎമ്മിന് ആനുപാതികമായി കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കും. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ പരമാവധി 25 കൗണ്ടിംഗ് ഏജന്റുമാരെ വരെ പാർട്ടികൾക്കു നിയോഗിക്കാം. ഒരു മണിക്കൂറിനുള്ളിൽ ഫലസൂചനകൾ വന്നു തുടങ്ങും.
11 മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.
വോട്ടെണ്ണാൻ 15,465 ഉദ്യോഗസ്ഥർ
വോട്ടെണ്ണൽ ജോലികൾക്കായി 15,465 ഉദ്യോഗസ്ഥരെയാണ് ജോലിക്കായി നിയോഗിച്ചത്. 140 ആർഒമാർ, 1,340 അഡീഷണൽ എആർഒമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ ഭാഗമാകും. വോട്ടെണ്ണൽ വിവരങ്ങൾ അറിയാൻ: results. eci.gov.in
Kerala
കോട്ടയം: കേരള കോണ്‍ഗ്രസ് -എം മത്സരിക്കുന്ന 12 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പത്രക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചെയര്മാന് കൂടിയായ ജോസ് കെ. മാണി പാലായില്‍ മത്സരിക്കും.
ജോസ് കെ. മാണി (പാല), റോഷി അഗസ്റ്റിന് (ഇടുക്കി), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പളളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി) സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), പ്രമോദ് നാരായണന് (റാന്നി), സാബു കെ. ജേക്കബ് (പിറവം), അഡ്വ. ബിജു ചിറയത്ത് (ചാലക്കുടി), മാത്യു കുന്നപ്പള്ളി (ഇരിക്കൂര്‍), ബേസില്‍ പോള്‍ (പെരുമ്പാവൂര്‍), കടുത്തുരുത്തി (നിർമല ജിമ്മി), തൊടുപുഴ (സിറിയക് ചാഴികാടൻ).
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന് സ്ഥാനാര്‍ഥിയാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.
കണ്ണൂരില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചിരുന്ന മുല്ലപ്പള്ളി നിലവില്‍ കെ. സുധാകരന് കണ്ണൂര്‍ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു തീരുമാനിക്കുമെന്നാണ് അറിയാനുള്ളത്.
കെ. സുധാകരനെ അനുനയിപ്പിക്കാന്‍ അദ്ദേഹം പറയുന്ന മറ്റൊരാള്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയേക്കും. അങ്ങനെ വന്നാല്‍ സുധാകരനുമായി അത്ര നല്ല ബന്ധമില്ലാത്ത മുല്ലപ്പള്ളിയെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സാധ്യത കുറവാണ്.
എംപിമാര്‍ മത്സരിക്കേണ്ട എന്ന കടുത്ത തീരുമാനം എടുത്ത ഹൈക്കമാന്‍ഡ് മറ്റ് മുതിര്‍ന്ന നേതാക്കളുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നാണ് അറിയാനുള്ളത്.
കെപിസിസി പ്രസിഡന്റായിരിക്കേ മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നു നേതൃത്വത്തെ അറിയിച്ച് മത്സരരംഗത്തുനിന്നും സ്വയം ഒഴിഞ്ഞുനിന്നയാളാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ മുല്ലപ്പള്ളി.
മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ ഇതിനകം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട് കണ്ണൂരിനു പുറമേ നാദാപുരം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലും മുല്ലപ്പള്ളിയുടെ പേർ ഉയർന്നിരുന്നു. ഇതില്‍ കൊയിലാണ്ടിയില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും നാദാപുരത്ത് കെ.എം. അഭിജിത്തും സീറ്റുറപ്പിച്ചുകഴിഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചാല്‍ മലബാറില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്കു വലിയ സ്വീകാര്യത ലഭിക്കുമെന്ന വാദവും പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുണ്ട്. ഈഴവ സമുദായത്തിന്റെ പിന്തുണയ്ക്കു മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.
Kerala
തൃശൂർ: സ്ഥാനാർഥിത്വം പ്രഖ്യാപിക്കുംമുന്‍പേ സാംസ്കാരികനഗരിയെ തെരഞ്ഞെടുപ്പുഗോദയാക്കി പര്യടനം തുടങ്ങി കവി ആലങ്കോട് ലീലാകൃഷ്ണൻ.
അക്കാദമിക് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയും സാംസ്കാരികനേതാക്കളെ നേരിൽകണ്ടും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പുകാഹളം മുഴക്കിയിരിക്കുകയാണ് ആലങ്കോട്.
ഇന്നലെ രാവിലെ തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററുകൾക്കും മറ്റാവശ്യങ്ങൾക്കുമുള്ള ഫോട്ടോഷൂട്ടിനുശേഷം സാഹിത്യ അക്കാദമിയിലെത്തി സെക്രട്ടറി സി.പി. അബൂബക്കറെയും സംഗീതനാടക അക്കാദമിയിൽ സെക്രട്ടറി കരിവെള്ളൂർ മുരളിയെയും കണ്ടു. തുടർന്ന് സാറാ ജോസഫിനെയും വീട്ടിൽ സന്ദർശിച്ചു. വൈകുന്നേരം പുല്ലഴി, ഒളരി, കിഴക്കേകോട്ട, കുട്ടനെല്ലൂർ, കുരിയച്ചിറ, കണ്ണംകുളങ്ങര, വടൂക്കര എന്നിവിടങ്ങളിലെത്തി വോട്ടർമാരെ നേരിൽകണ്ടു സൗഹൃദം സ്ഥാപിച്ചു.
കഴിഞ്ഞദിവസം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ ആലങ്കോടിനു ഉജ്വല സ്വീകരണമാണ് സിപിഐ നേതാക്കൾ നല്‍കിയത്. തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസും സന്ദർശിച്ച ആലങ്കോട് ജില്ലയിലെ പഴയകാല നേതാക്കളുടെ വീടുകളും സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിന്റെ പേരിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയും കേന്ദ്രം ഭരിക്കുന്ന എൻഡിഎയും തമ്മിലുള്ള രാഷ്ട്രീയപോരു തന്നെ. ഇപ്പോൾ ഇങ്ങനെയൊരു പൊട്ടിത്തെറിക്കു കാരണം ചോദിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് ഉത്തരം.
ഒരു കാലത്തോളം ഇടതുമുന്നണി സർക്കാരിന്റെ ഭരണനേട്ടമായും പിന്നീട് പാത തകർന്നുവീണപ്പോൾ തള്ളിപ്പറയുകയും വീണ്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടതുപക്ഷം ചേർത്തുപിടിക്കുകയും ചെയ്ത വികസന പ്രവർത്തനമാണ് ദേശീയപാത 66. അതിന്റെ ക്രെഡിറ്റ് അത്രയും കേന്ദ്ര സർക്കാർ എടുത്തുകൊണ്ടുപോകുന്നത് അവർക്കു സഹിക്കില്ല. അതു ശരിയുമല്ല. കേരളത്തിന്റെ കൂടി വിഹിതം ഉപയോഗിച്ചാണ് ദേശീയപാത നിർമാണം പൂർത്തിയാക്കുന്നത്. മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും പൊതുമരാമത്ത് മന്ത്രിയെ ക്ഷണിച്ചില്ലെന്നാണു പരാതി.
കേന്ദ്ര നടപടിക്കെതിരായ പ്രതിഷേധം മമത സ്റ്റൈൽ ബഹിഷ്കരണത്തിലേക്കു മാറ്റിയതു സാധാരണ ഇടതു സർക്കാരിന്റെ രീതിയല്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധവുമുണ്ടായിരുന്നു. ദേശീയപാതയുടെ കാര്യത്തിൽ ഈ ബന്ധവും സഹായകമായിട്ടുണ്ടെന്നാണു വയ്പ്. എന്നാൽ തെരഞ്ഞെടുപ്പു കാലത്ത് ബിജെപിയെ ശത്രുപക്ഷത്തു നിർത്തേണ്ട രാഷ്ട്രീയമായ ആവശ്യം ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിനുണ്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്നു സിജെപി എന്ന പദപ്രയോഗം നടത്തിയത് ഈയിടെയാണ്. കഴിഞ്ഞ ഏതാനും ഉപതെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സിപിഎം-ബിജെപി ബന്ധം എന്ന് ആരോപിച്ചുകൊണ്ട് സിജെപി പ്രയോഗം നടത്തി വരുന്നുണ്ട്. ഇതു സാധാരണക്കാർക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുമുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തന്ത്രപരമായ വോട്ടിംഗ് നടത്തുമെന്ന ഭയവും അവർക്കുണ്ട്.
ഈ സാഹചര്യത്തിലാണ് ഇടതുപക്ഷവും ബിജെപിയും മുഖാമുഖംനിന്നു പോരടിക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇടതുപക്ഷം ഈ അവസരം മുതലാക്കി. പ്രധാനമന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടി സർക്കാർ ബഹിഷ്കരിച്ചു. മാത്രമല്ല ദേശീയപാതയുടെ ബദൽ ഉദ്ഘാടനം സംഘടിപ്പിക്കുകയും ചെയ്തു. തലപ്പാടി ചെങ്കള ഭാഗത്തെ പാതയുടെ ജനകീയ ഉദ്ഘാടനം സി.എച്ച്. കുഞ്ഞന്പു എംഎൽഎ നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെങ്ങളം പാതയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഏതായാലും ഇന്നലത്തെ ദിനം കേരളത്തിൽ എൽഡിഎഫ്-എൻഡിഎ മുഖാമുഖ പോരാട്ടമാണു നടന്നത്. ഇങ്ങനെയൊരു രാഷ്ട്രീയ അവസ്ഥ സൃഷ്ടിക്കുന്നത് ഇരുകൂട്ടർക്കും നേട്ടമുള്ള കാര്യമാണ്. പോരാട്ടം തങ്ങൾ തമ്മിലെന്ന ആഖ്യാനം സൃഷ്ടിക്കാനായാൽ ഇരുകൂട്ടരും അതിന്റെ ഗുണഭോക്താക്കളാകും.
Kerala
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തില്‍ കെ. സുധാകരന്റ പേര് വെട്ടാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനു കടുത്ത മുന്നറിയിപ്പുമായി അനുകൂലികള്‍ രംഗത്ത്.
സുധാകരനെ മാറ്റിയാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനെ മൊത്തത്തില്‍ ബാധിക്കുമെന്നും കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അനുകൂലികള്‍ വ്യക്തമാക്കുന്നു. സുധാകരന്റെ സന്തതസഹചാരിയും അടുത്ത അനുയായിയുമായ ജയന്ത് ദിനേശ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.
“കണ്ണൂരില്‍ കെ. സുധാകരന് എന്ന വന്മരം മത്സരിച്ചാല്‍ ആ തരംഗം തൊട്ടടുത്ത പല മണ്ഡലങ്ങളിലും ഉണ്ടാകും. കണ്ണൂരില്‍നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റുകള്‍ യുഡിഎഫ് ജയിക്കും” എന്ന് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
എല്ലാവരും കരുതുന്നതുപോലെ യുഡിഎഫിന് ഈസി വാക്കോവര്‍ അല്ല ഈ തെരഞ്ഞെടുപ്പ്. സിപിഎം കോടികള്‍ മുടക്കി ശക്തമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍തന്നെ പ്രവര്‍ത്തകര്‍ ഒന്നടങ്കം കെ. സുധാകരന് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
സുധാകരന് അധികാരമോഹമില്ലെന്നും ഇത് അണികളുടെ ആഗ്രഹമാണെന്നും ജയന്ത് ദിനേശ് വ്യക്തമാക്കുന്നു. 2016ല്‍ കണ്ണൂര്‍ ഒഴിവാക്കി സിപിഎം സിറ്റിംഗ് സീറ്റായ ഉദുമയില്‍ മത്സരിക്കാന്‍ പോയ ഒരു നേതാവിനെ അധികാരമോഹിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
“അപമാനിച്ചാല്‍ കൈയുംകെട്ടി നില്‍ക്കില്ല” എന്നും നേതൃത്വത്തിന് നേരിട്ട് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ജയന്ത് ദിനേശ് കുറിക്കുന്നു. ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് സുധാകരന് അനുകൂലികളുടെ നീക്കം.
Kerala
തൊടുപുഴ: ഇടുക്കി മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി നാലുതവണ വെന്നിക്കൊടി പാറിച്ച മന്ത്രി റോഷി അഗസ്റ്റിന് അഞ്ചാം അങ്കത്തിനിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ജൈത്രയാത്രയ്ക്കു തടയിടാന്‍ ആരെയാകും യുഡിഎഫ് രംഗത്തിറക്കുകയെന്ന ആകാംക്ഷയിലാണ് ഇവിടത്തുകാര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ 5,573 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് റോഷി എല്‍ഡിഎഫ് മന്ത്രിസഭയില്‍ എത്തിയത്. തുടര്‍ച്ചയായി മൂന്നു തവണയും യുഡിഎഫില്നിന്നായിരുന്നു വിജയമെങ്കില്‍ മുന്നണിമാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ഉജ്വലവിജയം നേടിയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
സംസ്ഥാനത്ത് പ്രസ്റ്റീജ് മത്സരം നടക്കുന്ന മണ്ഡലമായി ഇക്കുറി ഇടുക്കി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ ഏക മന്ത്രിയാണ് ഇദ്ദേഹം. അതിനാല്‍തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ റോഷിയുടെ പ്രകടനം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.
ഇത്തവണ ഇടുക്കി സീറ്റ് സംബന്ധിച്ച് യുഡിഎഫില്‍ ഇതുവരെ ധാരണയായിട്ടില്ല. സീറ്റ് കോണ്‍ഗ്രസിനു വിട്ടുകൊടുക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുമ്പോഴും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചത്. അതേസമയം റോഷിയെ തറപറ്റിക്കാന്‍ ശക്തനായ സ്ഥാനാര്‍ഥിതന്നെ വേണമെന്നാണ് യുഡിഎഫിലെ പൊതുവികാരം.
റോഷിക്ക് മണ്ഡലത്തിലുള്ള ജനസ്വാധീനവും മന്ത്രിയെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭൂചട്ടഭേദഗതിയും അനുകൂലമാകുമെന്ന വിലയിരുത്തലാണ് എല്‍ഡിഎഫിനുള്ളത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കട്ടപ്പന നഗരസഭയും ഭൂരിഭാഗം പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഒപ്പംനിന്നതാണ് യുഡിഎഫിനു പ്രതീക്ഷ നല്‍കുന്നത്.
മണ്ഡലങ്ങള്‍ വിട്ടുനല്‍കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച തുടരുകയാണ്. രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നോടിയായി ടെലികോളിംഗ് സംവിധാനവുമായി യുഡിഎഫ്. പുതുയുഗയാത്ര അവസാനിച്ചപ്പോള്‍ ഉദ്ഘാടകനായെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിലെ ജനങ്ങള്‍ക്കായി യുഡിഎഫിന്റെ ഗ്യാരന്റിയായി അവതരിപ്പിച്ച വാഗ്ദാനങ്ങളെ മുന്‍നിര്‍ത്തിയാണ് ടെലികോളിംഗ് സംവിധാനം.
ഇന്‍ഷ്വറന്‍സ് പരിരക്ഷ, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളറിഞ്ഞിരുന്നോ? ഇല്ലെങ്കില്‍ കൂടുതലറിയാന്‍ ഈ സംഖ്യ അമര്‍ത്തൂ എന്നാണ് ഇതില്‍ പറയുന്നത്. തുടര്‍ന്ന് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങളുടെ വിശദവിവരങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളും യുഡിഎഫ് വന്നാല്‍ ഇതെല്ലാം ലഭിക്കുമെന്നുമുള്ള വിവരവുമാണ് ഇതിലൂടെ വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ വാഗ്ദാനം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ? പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്യുന്നവരാണോ? നിങ്ങളുടെ വോട്ട് എന്‍ഡിഎയ്ക്കോ അതോ മറ്റ് മുന്നണികള്‍ക്കോ? എന്നിവയാണ് തുടര്‍ ചോദ്യങ്ങള്‍.
കൂടാതെ യുവസംരംഭകരെയും യുവാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കത്തക്ക വിധത്തില്‍ വേറെ വാഗ്ദാനങ്ങളുമുണ്ട്. കേരളത്തില്‍ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് നേതാക്കള്‍ നിരന്തരം പറയുന്നതിനിടയിലാണ് ഒരു മുഴം മുന്നേ നിര്‍ണായക ചുവടുവയ്പ്.
Kerala
കണ്ണൂര്‍: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തളിപ്പറന്പിലും പേരാവൂരിലും പയ്യന്നൂരിലും പ്രചാരണം തുടങ്ങി സിപിഎം. തളിപ്പറന്പിൽ പി.കെ. ശ്യാമളയും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും പേരാവൂരിൽ കെ.കെ. ശൈലജയുമാണു പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
പേരാവൂരിൽ പ്രാദേശിക പരിപാടികളിൽ പങ്കെടുത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശൈലജ സജീവമായിരിക്കുന്നത്. കൂടാതെ, വിവിധ കർഷകസംഘടനാ പ്രതിനിധികളെ നേരിൽക്കണ്ട് ആശയവിനിമയവും നടത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും സംസ്ഥാന സമിതിയംഗം പനോളി വത്സനുമാണ് പേരാവൂർ മണ്ഡലത്തിന്റെ ചുമതല.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചെറിയ എതിർപ്പുകളോടെ മണ്ഡല കമ്മിറ്റികൾ കഴിഞ്ഞതോടെ തളിപ്പറന്പ് മണ്ഡലത്തിൽ ശ്യാമളയും സജീവമായി. പി. ജയരാജനു പുറമേ എം.വി. ജയരാജനും മണ്ഡലത്തിൽ ചുമതല നല്‍കിയിട്ടുണ്ട്.
എം.വി. ജയരാജനു കാസർഗോഡിന്റെ അധിക ചുമതലയ്ക്കു പുറമേയാണ് തളിപ്പറന്പിന്റെ ചുമതലകൂടി നല്‍കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് പൊതുവെ മണ്ഡലങ്ങളുടെ ചുമതല നല്‍കാറില്ല. എന്നാൽ, തളിപ്പറന്പ് നിലനിർത്തുകയെന്നതു സിപിഎമ്മിന്റെ അഭിമാന പോരാട്ടമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള സിപിഎം സ്ഥാനാർഥികളും മണ്ഡലങ്ങളിൽ സജീവമായി. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനുവേണ്ടി ചുവരെഴുത്തും തുടങ്ങി.
നിലവിൽ, സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പേര് ഒഴിവാക്കിയാണ് ചുവരെഴുത്ത്. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും തലശേരിയിൽ കാരായി രാജനും അഴീക്കോട്ട് കെ.വി. സുമേഷും ഗോദയിലിറങ്ങിക്കഴിഞ്ഞു.
Kerala
തൃശൂർ: സി.സി. മുകുന്ദൻ എംഎൽഎയുടേതു രാഷ്ട്രീയപാപ്പരത്തം നിറഞ നിലപാടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
തന്നെ സ്ഥാനാർഥിയും എംഎൽഎയുമാക്കിയതു സിപിഐയും ഇടതുപക്ഷവുമാണെന്ന് അദ്ദേഹം മറന്നുപോയി. മുകുന്ദൻ എതിരാളികളുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുന്നു.
നാട്ടിക നിയമസഭാമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ്. സംസ്ഥാനത്തെ ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ ഉണ്ടാക്കിയ സ്വീകാര്യത ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വലതുകൂടാരത്തിൽ അഭയം തേടാനുള്ള സി.സി. മുകുന്ദന്റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും അബ്ദുൾ ഖാദർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
കൊല്ലം: കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യവും സഭയുടെ പരിഗണനയിലാണെന്ന് രൂപത രാഷ്ട്രീയ കാര്യസമിതി.
കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തിൽ വികാരി ജനറാൾ ബൈജു ജൂലിയാന്റെ അധ്യക്ഷതയിൽ ചേർന്ന കൊല്ലം രൂപത രാഷ്ട്രീയ കാര്യസമിതിയാണ് തീരുമാനം എടുത്തത്.
യോഗത്തിൽ ജനറൽ മിനിസ്റ്ററി കോ -ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ഡിസിഎംഎസ് ഡയറക്ടർ ഫാ. അരുൺ ആറാടൻ, രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ: ഫ്രാൻസിസ്. ജെ നെറ്റോ, പ്രഫ. എസ്. വർഗീസ്. എസ്. മിൽട്ടൺ, സന്തോഷ് ജോസഫ്, അമൽ അലോഷ്യസ്. ലെറ്റിഷ്യ മാർട്ടിൻ, വത്സല ജോയി എന്നിവർ പ്രസംഗിച്ചു. തീവ്ര വോട്ടർ പട്ടികാപരിശോധനയുടെ രൂപതാതല ഉദ്ഘാടനം 15 നു രാവിലെ 9.30 ന് വാടി പള്ളിയിൽ നടത്തും.
Kerala
തൊടുപുഴ: പീരുമേട്ടില്‍ വാഴൂര്‍ സോമന്റെ പിന്‍ഗാമിയാകാന്‍ സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനെ കളത്തിലിറക്കാന്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം 14നു തിരുവനന്തപുരത്ത് പീരുമേട്ടിലെ ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.
പീരുമേട് എംഎല്‍എയായിരുന്ന വാഴൂര്‍ സോമന്റെ വേര്‍പാടിനെ തുടര്‍ന്നു കഴിഞ്ഞ എട്ടു മാസമായി എംഎല്‍എ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സിപിഐയുടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ. സലിംകുമാറിനെ അങ്കത്തിനിറക്കുന്നത്.
സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ജോസ് ഫിലിപ്പ്, അന്തരിച്ച വാഴൂര്സോമന്റെ മകനും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗവുമായ സോബിന്‍ സോമന് എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ടായിരുന്നു. ദീര്‍ഘനാള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമന് മാറിയതോടെയാണ് സലിംകുമാര്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
മണ്ഡലത്തില്‍ 1967-ലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ഐ. രാജന് ആദ്യ ജനപ്രതിനിധിയായി. 1970-ല്‍ ഇദ്ദേഹം വീണ്ടും ജയിച്ചു. 1977-ല്‍ സിപിഐ സീറ്റ് ഏറ്റെടുത്തു. 1980-ലും സിപിഐക്കായിരുന്നു വിജയം. 1982-ല്‍ സ്വതന്ത്രനായി മത്സരിച്ച കെ.കെ. തോമസിനായിരുന്നു വിജയം.1987-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം വിജയം ആവര്‍ത്തിച്ചു. 1991-ലും മാറ്റമുണ്ടായില്ല. 1996-ല്‍ സിപിഐയിലെ സി.എ. കുര്യന് സീറ്റ് തിരിച്ചുപിടിച്ചു. 2001-ല്‍ ഇ.എം. ആഗസ്തിയിലൂടെ പീരുമേട് വീണ്ടും കോണ്‍ഗ്രസ് പക്ഷത്തായി. 2006-ല്‍ സിപിഐയിലെ ഇ.എസ്.ബിജിമോള്‍ സീറ്റ് തിരിച്ചുപിടിച്ചു. 2011-ലും 2016-ലും ബിജിമോള്‍ വിജയം ആവര്‍ത്തിച്ചു. 2021-ല്‍ വാഴൂര്‍ സോമന് കോണ്‍ഗ്രസിന്റെ അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്,പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പീരുമേട് മണ്ഡലം.
Kerala
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ മുസ്ലിം ലീഗും സജീവമാക്കി. യുഡിഎഫിൽ ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന പാർട്ടി ഇത്തവണയും മുസ്ലിം ലീഗ് തന്നെയാകുമെന്നാണ് സൂചനകൾ.
വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തുന്നതിന് താഴെത്തട്ടിൽ നിന്നുവരെ അഭിപ്രായ രൂപീകരണം ഇതിനകം നടന്നുകഴിഞ്ഞു. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകിക്കൊണ്ടും മുതിർന്ന നേതാക്കളിൽ അനിവാര്യരായവരെ തുടരാൻ അനുവദിച്ചുമുള്ള സ്ഥാനാർഥി നിർണയമാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിക്കുന്നത്.
പാർട്ടി മത്സരിക്കുന്ന ഓരോ മണ്ഡലത്തിലും വിജയസാധ്യത ഏത് നേതാവിനെന്നറിയാൻ ആഭ്യന്തര സർവേയും ഇതിനകം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയുടെ പ്രാദേശിക നേതാക്കളിൽ മഹാഭൂരിപക്ഷവും വിജയിച്ച സാഹചര്യത്തിൽ പ്രാദേശിക തലത്തിൽനിന്ന് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനമോഹികളുടെ എണ്ണം കുറയുമെന്നാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. വാർഡ് തലം മുതൽ പാർട്ടി അണികളുടെ അഭിപ്രായംകൂടി കണക്കിലെടുത്തായിരിക്കും മുൻ വർഷങ്ങളെ പോലെ സ്ഥാനാർഥികളെ നിർണയിക്കുന്നത്. സ്വന്തം നിലയിൽ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി വിമത നീക്കം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
വിജയസാധ്യതയുള്ള ഒരു സീറ്റിലെങ്കിലും ഒരു വനിതാ സ്ഥാനാർഥിയെ ഇത്തവണ മത്സരിപ്പിച്ചേക്കും. കൂത്തുപറന്പ് മണ്ഡലത്തിൽ ജയന്തി രാജനെ ലീഗ് സ്ഥാനാർഥിയാക്കാൻ നീക്കമുണ്ട്. പാർട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയിൽനിന്ന് ഇത്തവണ ഒരു വനിതാ സ്ഥാനാർഥിക്ക് സാധ്യത വർധിച്ചിട്ടുണ്ട്. മുതിർന്ന വനിതാ ലീഗ് നേതാവ് സുഹറ മന്പാട്, ഫാത്തിമ തഹ്ലിയ, എം.കെ. റഫീഖ തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്.
സംസ്ഥാന നേതാക്കളിൽ ഏതാനും പേർ ഇത്തവണയും മത്സരിച്ചേക്കും. മൂന്നു തവണ വിജയിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന പൊതുധാരണയുണ്ടെങ്കിലും മുതിർന്ന നേതാക്കളിൽ ചിലർക്ക് ഇളവുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എൻ.എ. ഖാദർ തുടങ്ങിയവർ ഇത്തവണയും മത്സരിച്ചേക്കും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് ഇത്തവണ സീറ്റ് നൽകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി മണ്ഡലത്തിൽ സ്ഥാനാർഥിയാകേണ്ടിയിരുന്ന സലാം, മുതിർന്ന നേതാവ് കെ.പി.എ. മജീദിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്നാണ് സലാമിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം നൽകിയത്. ഇത്തവണ സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും.
ആ സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തും. കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവായ ഡോ. എം.കെ. മുനീറിനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടക്കുന്നുണ്ട്. മത്സരിക്കാൻ മുനീർ സന്നദ്ധത അറിയിച്ചതായാണ് സൂചനകൾ. അതേസമയം, പാർട്ടി പ്രവർത്തകരിൽ വലിയൊരു വിഭാഗം ഇതിനെ എതിർക്കുന്നുണ്ട്.
ഡോ. മുനീറിന്റെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹം മത്സര രംഗത്തുനിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. അതേസമയം, മുനീർ പിന്മാറാൻ തയാറായില്ലെങ്കിൽ അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടേതാകും അവസാന തീരുമാനം.
മലപ്പുറം ജില്ലയിൽ ഭൂരിപക്ഷം സീറ്റുകളിലും പാർട്ടിക്ക് വിജയപ്രതീക്ഷയുണ്ട്. അതേസമയം, അടുത്ത കാലത്ത് പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ഏറെ പാടുപെടേണ്ടി വരും. താനൂർ സീറ്റിൽ മന്ത്രി വി. അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം ശക്തമാക്കിയ സ്വാധീനം തകർക്കൽ ലീഗിന് എളുപ്പമാകില്ല.
പെരിന്തൽമണ്ണ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് സീറ്റ് പിടിച്ചെടുക്കാനായത്. ഈ വിജയം നിലനിർത്തൽ എളുപ്പമാകില്ല. മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ഇത്തവണ ഇവിടെ യുഡിഎഫ് അട്ടിമറി വിജയം നേടിയത് ലീഗിന് പ്രതീക്ഷ നൽകുന്നതാണ്. പൊന്നാനി, തവനൂർ, നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ആണ് മത്സരിക്കാറുള്ളത്. ഇവിടെയും മുസ്ലിം ലീഗ് വോട്ടുകൾ നിർണായകമാണ്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസുമായി ഇന്നലെ അനൗദ്യോഗിക ആശയ വിനിമയം നടത്തി കോണ്‍ഗ്രസ് നേതൃത്വം. ജയസാധ്യത മുൻനിർത്തി ചില സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നു കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉറച്ചു നിന്നു. യുഡിഎഫിന്റെ പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിന്റെ അടക്കം തിരക്കുള്ള സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.
കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച ഇന്നും തുടരുമെന്നാണ് വിവരം. 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആറോ ഏഴോ സീറ്റെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നാണ് സൂചന.
കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായ ശേഷമാകും ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിഎംപി, കേരള കോണ്‍ഗ്രസ്- ജേക്കബ് തുടങ്ങിയവരുമായുള്ള ചർച്ച നടക്കുക.
ആർഎസ്പിയുടെ നാല് സീറ്റിൽ ധാരണയായിരുന്നു. മട്ടന്നൂരിലെ സീറ്റിനു പകരമുള്ള സീറ്റാണ് ഇനി പ്രധാന ചർച്ചയാകുക. മട്ടന്നൂരിന് പകരം കാഞ്ഞങ്ങാട് ആർഎസ്പി ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആർഎസ്പി അഞ്ചു സീറ്റിലായിരുന്നു മത്സരിച്ചിരുന്നത്. ഫോർവേഡ് ബ്ലോക്കിനുള്ള ഒരു സീറ്റും ചർച്ചയാകും.
കൊല്ലമാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. പകരം ചാത്തന്നൂർ നൽകിയേക്കും. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് മത്സരിക്കാൻ തിരുവനന്തപുരം സീറ്റാണ് നൽകാൻ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ, കോണ്‍ഗ്രസിലെ ജില്ലാ, പ്രദേശിക നേതൃത്വം ഇതിനെതിരേ രംഗത്ത് എത്തിയ സാഹചര്യത്തിൽ ഇതും ഏറെ സൂക്ഷ്മതയോടെയാകും കൈകാര്യം ചെയ്യുക.
ലീഗിന്റെ കൈവശമുള്ള തിരുവന്പാടി മണ്ഡലവും സി.പി. ജോണിനായി നൽകുന്നത് നേരത്തേ പരിഗണിച്ചിരുന്നു. അങ്ങനെ വന്നാൽ, തിരുവന്പാടിക്കു പകരം പട്ടാന്പി വിട്ടു നൽകുന്നതും പരിഗണനയിലുണ്ട്. ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരത്തുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ ഘടകകക്ഷിയായ സിഎംപിയുടെ നേതാവ് സി.പി. ജോണിനെ മത്സരരംഗത്ത് ഇറക്കാനുള്ള തീരുമാനത്തിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ.
തിരുവനന്തപുരം മണ്ഡലം സി.പി. ജോണിനു നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു മണ്ഡലത്തിലെ ജില്ലാതല നേതാക്കൾ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ഒപ്പിട്ട നിവേദനം സംസ്ഥാന നേതൃത്വത്തിനു കൈമാറി.
യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിഎംപിയുടെ ജനറൽ സെക്രട്ടറി സി.പി. ജോണിന് തിരുവനന്തപുരമോ തിരുവന്പാടിയോ സീറ്റ് നൽകാനായിരുന്നു സംസ്ഥാന നേതാക്കളുടെ താത്പര്യം.
തിരുവനന്തപുരത്ത് സി.പി. ജോണ്‍ നിശബ്ദ പ്രചാരണവും തുടങ്ങിയിരുന്നു. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ തീരുമാനത്തിനെതിരേ രംഗത്തെത്തിയത്.
ജില്ലയിലെ മുതിർന്ന നേതാക്കളായ വി.എസ്. ശിവകുമാർ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കൾ ഇവിടെ സ്ഥാനാർഥിത്വം ആഗ്രഹിച്ചിരുന്നു.
Kerala
നിലന്പൂർ: പി.വി. അബ്ദുൾ വഹാബ് എംപി നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നു സൂചന. മുസ്ലിംലീഗ് ദേശീയ ട്രഷററും മൂന്ന് തവണ രാജ്യസഭാംഗവുമായ പി.വി.അബ്ദുൾ വഹാബ് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
പി.വി. അബ്ദുൾ വഹാബ് ഇക്കുറി നിയമസഭയിൽ ഉണ്ടാകണമെന്ന അഭിപ്രായം ലീഗിൽ ഒരു വിഭാഗത്തിനുണ്ട്. മുസ്ലിംലീഗിന്റെ സുരക്ഷിതമണ്ഡലങ്ങളായ മഞ്ചേരിയിലെ മലപ്പുറ ത്തോ ആകും മത്സരിക്കുക എന്നാണ് സൂചന.
പി.കെ. ബഷീറിനു മണ്ഡല മാറ്റം ഉണ്ടായാൽ ഏറനാട്ടിലാകാനും സാധ്യതയുണ്ട്. 2027 വരെ പി.വി. അബ്ദുൾ വഹാബിന് രാജ്യസഭയിൽ കാലാവധി ഉണ്ടെങ്കിലും നിയമസഭയിലേക്ക് മത്സരിക്കാൻതന്നെയാണ് സാധ്യത.
യുഡിഎഫ് അധികാരത്തിൽ വന്നാൽ രാജ്യസഭാ സീറ്റ് നിലനിർത്താൻ യുഡിഎഫിനു കഴിയും. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ അബ്ദുൾ വഹാബ് തയാറാകുമെന്ന തന്നെയാണ് സൂചന.
Kerala
തിരുവനന്തപുരം: ജനതാദൾ- എസ് വിഭജിച്ച് കേരളത്തിൽ രൂപീകരിച്ച ഇടതു മുന്നണി ഘടകകക്ഷിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐഎസ്ജെഡി) സംസ്ഥാനത്ത് നാലു സീറ്റിൽ മത്സരിക്കും.
കോവളം കൂടാതെ തിരുവല്ല, ചിറ്റൂർ, അങ്കമാലി സീറ്റുകളാണ് പാർട്ടി മത്സരിക്കുക. എൽഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർജെഡിയിലെ ഡോ.എ. നീലലോഹിതദാസൻ നാടാർ, ജമീലാ പ്രകാശം തുടങ്ങിയവരായിരുന്നു നിലവിൽ കോവളം സീറ്റിൽ മത്സരിച്ചിരുന്നത്.
കോവളം സീറ്റ് ഐഎസ്ജെഡി ഏറ്റെടുക്കുന്നതോടെ റൂഫസ് ഡാനിയേൽ, ഭഗത് റൂഫസ് തുടങ്ങിയവർ ആർജെഡി വിട്ട് ഐഎസ്ജെഡിയിലേക്ക് എത്താൻ താത്പര്യം അറിയിച്ചിരുന്നു. ഇവരിൽ ഒരാളാകും സ്ഥാനാർഥിയെന്നാണ് വിവരം.
തിരുവല്ലയിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും അങ്കമാലിയിൽ ജോസ് തെറ്റയിലുമാകും മത്സരിക്കുക. ചിറ്റൂരിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സരിക്കില്ലെന്ന് ശ്രുതിയുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ജയസാധ്യത മുൻനിർത്തി പാർട്ടി നിർദേശിച്ചാൽ കെ. കൃഷ്ണൻകുട്ടി വീണ്ടും ചിറ്റൂരിൽ മത്സര രംഗത്ത് എത്തും. കെ. കൃഷ്ണൻകുട്ടി മത്സര രംഗത്ത് നിന്നും ഒഴിവായാൽ കെഎസ്ഇബി ഡയറക്ടർ ബോർഡ് അംഗം വി. മുരുകദാസ് സ്ഥാനാർഥിയാകും.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുതന്നെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ പാലക്കാട്ട് ഇക്കുറിയും കനത്ത പോരാട്ടമെന്ന് ഉറപ്പായി. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ കാര്യത്തിൽ ഏതാണ്ടു ധാരണയായതോടെ തെളിയുന്നത് പ്രസ്റ്റീജ് പോരാട്ടം.
യുഡിഎഫിനായി ഇത്തവണ കളത്തിലിറങ്ങുന്നത് സിനിമ-ടെലിവിഷൻ താരം രമേഷ് പിഷാരടിയാണെന്ന് ഉറപ്പായിട്ടുണ്ട്. പ്രഖ്യാപനം മാത്രമാണ് ബാക്കി. പി. സരിൻ എന്ന ഒറ്റപ്പേരാണ് സിപിഎം ജില്ലാ നേതൃത്വം നിർദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തോടെയാകും പ്രഖ്യാപനം. എൻഡിഎയ്ക്കായി ശോഭാ സുരേന്ദ്രൻ കളത്തിലിറങ്ങും.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തെത്തുടർന്ന് പ്രതിരോധത്തിലായ കോണ്‍ഗ്രസിന് മണ്ഡലം കൈവിടുന്നത് ആലോചിക്കാൻപോലും കഴിയില്ല. വിഷയം അടഞ്ഞ അധ്യായമെന്ന് പറയുന്നെങ്കിലും മണ്ഡലം നഷ്ടപ്പെട്ടാൽ ഭരണം കിട്ടിയാൽപോലും നാണക്കേട് മറയ്ക്കാനാകില്ലെന്ന തിരിച്ചറിവ് പാർട്ടിക്കുണ്ട്. അതിനാൽതന്നെ സ്ഥാനാർഥിയായി നിരവധി പേരുകൾ പരിഗണനയ്ക്കു വന്നിരുന്നു. ജില്ലയ്ക്കു പുറത്തുനിന്ന് കൂടുതൽ ശക്തരായ സ്ഥാനാർഥിയെ രംഗത്തിറക്കണമെന്ന നിർദേശത്തിനായിരുന്നു ആദ്യംമുതൽ മുൻതൂക്കം. കെ. മുരളീധരന്റെ പേരാണ് ആദ്യഘട്ടത്തിൽ ഉയർന്നത്. എന്നാൽ വട്ടിയൂർക്കാവ് വിട്ട് എങ്ങോട്ടുമില്ലെന്ന മുരളിയുടെ തീരുമാനം വഴിയടച്ചു.
സിവിൽ സർവീസ് വിട്ട് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥിന്റെ പേരും ഉയർന്നു. പൊതുജനസ്വീകാര്യതകൂടി പരിഗണിക്കണമെന്ന നിർദേശം വന്നതോടെ രമേഷ് പിഷാരടിയിലേക്ക് എത്തുകയായിരുന്നു. ഷാഫി പറന്പിൽ എംപിയുടെ ഇടപെടലും ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഡിസിസി നേതൃത്വത്തിനും വി.കെ. ശ്രീകണ്ഠൻ എംപിക്കും മുരളീധരനോടായിരുന്നു താത്പര്യമെങ്കിലും മുരളി പിൻവാങ്ങിയതോടെ എതിർപ്പുകളില്ലാതെ പിഷാരടിക്കു പാലക്കാട് ഇറങ്ങാനാകുമെന്ന അനുകൂല സ്ഥിതിയുമുണ്ട്.
സെലിബ്രിറ്റി എന്നതിലുപരി കോണ്ഗ്രസുകാരൻ എന്ന മേൽവിലാസം രമേഷ് പിഷാരടിക്കുണ്ട്. കോണ്‍ഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി മുൻ തെരഞ്ഞെടുപ്പുകളിൽ പ്രചരണത്തിനു പിഷാരടി രംഗത്തിറങ്ങിയിരുന്നു. ഷാഫി പറന്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കുവേണ്ടി പ്രചാരണത്തിനായി പിഷാരടി പാലക്കാട്ടെത്തിയിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിലേക്കും പിഷാരടിയെ പരിഗണിച്ചിരുന്നു. പിഷാരടിയുടെ സ്വീകാര്യതയും നിലപാടുകളും ഗുണം ചെയ്യുമെന്നാണു പാർട്ടി വിലയിരുത്തൽ. മത്സരിക്കാൻ സന്നദ്ധനാണെന്നു പിഷാരടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി വിജയം സുനിശ്ചിതമെന്ന് ഇത്തവണ കരുതുന്ന സീറ്റുകളിലൊന്നാണ് പാലക്കാട്. നിരവധി പേരുകളിലൂടെ സഞ്ചരിച്ച് ശോഭാ സുരേന്ദ്രനിലുറപ്പിച്ചാണു പാർട്ടിയുടെ താഴേത്തട്ടിലെ പ്രവർത്തനം പുരോഗമിക്കുന്നത്. മണ്ഡലത്തിലെ പ്രത്യേക സാഹചര്യവും മുന്‍പ് പാലക്കാട്ട് മത്സരിച്ച അനുഭവപരിചയവും മുതലാക്കാൻ തീപ്പൊരി വനിതാ സ്ഥാനാർഥിക്കു കഴിയുമെന്നാണു പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
നിലവിൽ മൂന്നാം സ്ഥാനത്താണെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പി. സരിന് കഴിയുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ആറു സീറ്റുകൾ ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (ആർജെഡി). ഇന്നലെ സിപിഎം നേതൃത്വവുമായി നടത്തിയ ചർച്ചയിലാണു നിലവിലെ മൂന്നു സീറ്റുകൾക്കു പുറമേ മൂന്നു സീറ്റുകൾ കൂടി ആർജെഡി ആവശ്യപ്പെട്ടത്.
തൃശൂർ ജില്ലയിൽ ചാലക്കുടി മണ്ഡലവും തിരുവനന്തപുരം ജില്ലയിൽ ഒന്നും കോഴിക്കോട് ഒന്നും ഇങ്ങനെയാണു മൂന്നു സീറ്റുകൾ. ഇതിൽ ഒരുറപ്പും സിപിഎം ആർജെഡിക്കു നൽകിയിട്ടില്ല. ഇപ്പോൾ കൈവശമുള്ള കൽപറ്റ, കൂത്തുപറന്പ്, വടകര എന്നീ മണ്ഡലങ്ങളിൽ തന്നെ ആർജെഡിക്കു ഒതുങ്ങേണ്ടി വരും.
കേരള കോണ്‍ഗ്രസ്-എമ്മുമായും ഇന്നലെ സിപിഎം ചർച്ച നടത്തി. നിലവിലെ 12 സീറ്റുകൾ തന്നെ നൽകാമെന്നു ചർച്ചയിൽ സിപിഎം നേതാക്കൾ പറഞ്ഞു. എന്നാൽ ഒരു സീറ്റു കൂടി അധികം നൽകണമെന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടു. കുറ്റ്യാടി സീറ്റു വേണമെന്നായിരുന്നു ആവശ്യം. എന്നാൽ തങ്ങൾ മത്സരിക്കുന്ന സീറ്റ് വിട്ടുതരാനാകില്ലെന്ന നിലപാടാണു സിപിഎം സ്വീകരിച്ചത്. കുറ്റ്യാടി അല്ലെങ്കിൽ മറ്റൊരു സീറ്റു നൽകിയേ മതിയാകൂവെന്ന നിലപാടിൽ കേരള കോണ്‍ഗ്രസ്-എം ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറ്റു പാർട്ടികൾക്കു നൽകിയ എണ്ണം സീറ്റുകൾ മാത്രം ഇക്കുറിയും നൽകിയാൽ മതിയെന്ന തീരുമാനത്തിലാണു സിപിഎം. സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ പിന്നീട് ആലോചിക്കാമെന്ന ഉറപ്പു മാത്രമാണു സിപിഎം മറ്റു പാർട്ടികൾക്കു നൽകിയിട്ടുള്ളത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ, ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ എന്നിവരാണു ചർച്ചകൾക്കു നേതൃത്വം നൽകിയത്.
Kerala
തിരുവനന്തപുരം: നാലു ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടികയിൽ തൊടാതെ സംസ്ഥാന നേതൃത്വം. മറ്റു 10 ജില്ലകളിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ഏറെക്കുറെ പൂർത്തിയാക്കി. ഇതിൽ ആദ്യഘട്ടത്തിൽ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കഴിഞ്ഞ ദിവസം കൈമാറിയ 50 സീറ്റിലും ഒറ്റപ്പേരാണുള്ളത്.
തെക്കൻ ജില്ലകളിൽ ഏറെ വിജയസാധ്യത കുറവെന്നു സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന തിരുവനന്തപുരത്ത് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാത്രമാണ് നിശ്ചയിച്ചത്. വട്ടിയൂർക്കാവിൽ മുതിർന്ന നേതാവ് കെ. മുരളീധരനും കോവളത്ത് സിറ്റിംഗ് എംഎൽഎയായ എം. വിൻസെന്റും മാത്രമാണ് തിരുവനന്തപുരം ജില്ലയിലെ പട്ടികയിലുള്ളത്. ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തിൽ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും. കോട്ടയത്ത് സിറ്റിംഗ് എംഎൽഎമാർ മാത്രമാണ് ഇടം നേടിയത്. പത്തനംതിട്ടയിൽ ഒരു സീറ്റിലും സ്ഥാനാർഥിയായില്ല.
ഇവിടങ്ങളിൽ ജയസാധ്യതയുള്ള മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകളും കൂടിയാലോചനകളും ഇനിയും വേണ്ട സാഹചര്യത്തിലാണ് പ്രധാനമായി സ്ഥാനാർഥി നിർണയം പൂർത്തിയാകാൻ തടസമാകുന്നത്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാകാത്തതും മറ്റൊരു പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയിട്ടില്ല. ജയം ലക്ഷ്യമാക്കി പല സീറ്റുകളും കേരള കോണ്‍ഗ്രസുമായി വച്ചുമാറുന്നതും കോണ്‍ഗ്രസ് ആലോചിക്കുന്നു. കോണ്‍ഗ്രസിന്റെ ആറൻമുള സീറ്റ് കേരള കോണ്‍ഗ്രസിനു നൽകി, പകരം തിരുവല്ല സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കുന്നത് സജീവമായി ആലോചനയിലുണ്ട്. ഇതുപോലെ കോട്ടയം ജില്ലയിലെ ചില സീറ്റുകളും വച്ചുമാറുന്നത് ആലോചനയുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫുമായുള്ള ചർച്ചകൾ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ കഴിയൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അങ്ങനെയെങ്കിൽ അപ്രതീക്ഷിത സ്ഥാനാർഥികൾ ഇവിടങ്ങളിൽ മത്സര രംഗത്ത് എത്തും.
വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്ര തിരുവനന്തപുരത്തു സമാപിച്ച ശേഷം മാത്രമേ ഇനി ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഇടയുള്ളൂവെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ രണ്ടാഘട്ട പട്ടികയും ഇതിനു ശേഷമേ തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുകയുള്ളൂ. പുതുയുഗ യാത്രയുടെ സമാപന ദിവസങ്ങളുമായി ബന്ധപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഉണ്ടാകും. രാഹുൽ ഗാന്ധിയുമായും കൂടിയാലോചന നടത്തിയാകും രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം എടുക്കുക.
എന്നാൽ, മറ്റ് 10 ജില്ലകളിലെയും 90 ശതമാനം സീറ്റുകളിലും സ്ഥാനാർഥി പട്ടിക തയാറാക്കിയിട്ടുണ്ട്. പലയിടത്തും ഒരാൾ വീതമാണ് പട്ടികയിലുള്ളതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചു വനിതകളും കോണ്‍ഗ്രസ് പട്ടികയിൽ ഇതുവരെ ഇടം നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നാല് സംസ്ഥാന നേതാക്കളും പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം രണ്ടു ഘട്ടമായി. ഇതിൽ ആദ്യഘട്ട പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വം ഡൽഹിക്കു പോയി. സിറ്റിംഗ് എംഎൽഎമാരും മത്സരിക്കാൻ ഉറപ്പുള്ള മുതിർന്ന നേതാക്കളും കഴിഞ്ഞ തവണ മത്സരിച്ച് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടവരും ഉൾപ്പെട്ട പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറിയത്.
സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഡൽഹിക്കു പോയത്.
സിറ്റിംഗ് എംഎൽഎമാരായ 19 പേരുടെ പേരുകളും പട്ടികയിലുണ്ട്. മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച തൃപ്പൂണിത്തുറയിൽനിന്നുള്ള കെ. ബാബു, ലൈംഗികപീഡന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട പാലക്കാട്ടുനിന്നുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഒഴികെയുള്ളവരുടെ പേരുകളും പട്ടികയിലുണ്ട്.
മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവരുടെ പേരുകളും ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട ശേഷവും മണ്ഡലം കേന്ദ്രമാക്കി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന വി.ടി. ബലറാമിനെപ്പോലുള്ള നേതാക്കളുടെ പേരുകളും ആദ്യ പട്ടികയിലുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധിയായ സാഹചര്യത്തിലാണ് നേതാക്കൾ ഡൽഹിക്കു പോകുന്നത്.
പോഷകസംഘടനകൾക്കും പ്രാമുഖ്യം
യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിന് അടക്കം നാലു സീറ്റുകൾ വരെ നൽകും. 10 സീറ്റുകൾ വേണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യം. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും സീറ്റുണ്ടാകും. മഹിളാ കോണ്‍ഗ്രസ് ഭാരവാഹികൾക്കും നാല് സീറ്റ് വരെ നൽകുമെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ 50 മണ്ഡലങ്ങളിലെ പട്ടികയാണ് തയാറാക്കിയത്. പരാമവധി ഒറ്റപ്പേരുള്ള പട്ടികയാണ് തയാറാക്കിയത്. എന്നാൽ, ചിലയിടങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 35- 45 വരെയുള്ള പേരുകളാകും ഇന്നു കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറുക.
ജില്ലയിലെ പ്രധാന നേതാക്കൾ നൽകിയ പേരുകൾ, വിവിധ സർവേകളിലൂടെ കണ്ടെത്തിയ സ്ഥാനാർഥികൾ തുടങ്ങിയവർ അടങ്ങിയ രണ്ടാംഘട്ട പട്ടിക പുതുയുഗ യാത്ര സമീപിച്ച ശേഷം കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറും.
National
ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും.
ഈസ്റ്റർ കഴിഞ്ഞ് ഏപ്രിൽ ആറിനും വിഷുദിനമായ 15നും മധ്യേ കേരളത്തിൽ വോട്ടെടുപ്പ് നടത്താനാണ് ആലോചനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നതർ സൂചന നൽകി. ഇതനുസരിച്ച് മാർച്ച് ആറിനും 12നും ഇടയിൽ അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായേക്കും.
തെരഞ്ഞെടുപ്പു പ്രഖ്യാപനം നടത്തുന്ന തീയതി മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്ന മാർച്ച് ഒന്പതിനു മുന്‍പായി വോട്ടെടുപ്പിന്റെ കൃത്യ തീയതികളും ഘട്ടങ്ങളും പ്രഖ്യാപിക്കാൻ ശ്രമമുണ്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനു (എസ്ഐആർ) ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാകും കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിൽ നടക്കുക. ആസാമിൽ എസ്ഐആർ നടത്തിയിട്ടില്ല.
2021ൽ ഏപ്രിൽ ആറിന് ഒറ്റ ദിവസമാണ് കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പൂർത്തിയാക്കിയത്. ആസാമിൽ മൂന്നു ഘട്ടവും പശ്ചിമബംഗാളിൽ മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ നീണ്ട എട്ടു ഘട്ടങ്ങളിലായുമായിരുന്നു പോളിംഗ്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളും പ്രത്യേക സന്നാഹങ്ങളും കഴിഞ്ഞതവണ ബൂത്തുകളിൽ ഒരുക്കിയിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും രണ്ടു ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്നതു പരിഗണനയിലുണ്ട്. ബംഗാളിൽ കഴിഞ്ഞ തവണത്തേതുപോലെ എട്ടു ഘട്ടം വേണ്ടെന്നും ആറോ, ഏഴോ ഘട്ടമായി പോളിംഗ് പൂർത്തീകരിക്കാനും കമ്മീഷൻ ആലോചിക്കുന്നുണ്ട്. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ എസ്ഐആറിനുശേഷമുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പശ്ചിമബംഗാൾ, തമിഴ്നാട്, ആസാം, കേരള, പുതുച്ചേരി നിയമസഭകളുടെ അഞ്ചു വർഷത്തെ കാലാവധി യഥാക്രമം മേയ് ഏഴ്, 10, 20, 23 ജൂണ്‍ 15 തീയതികളിൽ അവസാനിക്കും. ഇതിനുമുന്‍പായി തെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കി പുതിയ നിയമസഭ രൂപീകരിക്കും.
Leader Page
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമുള്പ്പെടുന്ന എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു പോരാട്ടങ്ങളെല്ലാം മിക്കതും പൂര്‍ത്തിയാക്കി പിരിഞ്ഞത് കോണ്‍ഗ്രസിനും യുഡിഎഫിനും ‘കൈ’കൊടുത്താണ്. 2021ലും 2016ലും സംസ്ഥാനത്തുണ്ടായ ഇടതുതരംഗത്തില്‍ എറണാകുളം ‘കൈ’വിടാന്‍ മടിച്ചു. ഒരുവേള ഇടതുചേര്‍ന്നു നടന്നേക്കുമെന്നു തോന്നലുണ്ടാക്കിയപ്പോഴും ക്ലൈമാക്സില്‍ വലതുപക്ഷത്തു ചുവടുറപ്പിച്ചതാണ് ജില്ലയുടെ തെരഞ്ഞടുപ്പുചിത്രം. ഇടയ്ക്ക് പേരിനു ചില അട്ടിമറിജയങ്ങള് അഭിമാനിക്കാന്‍ വക നല്കുമ്പോഴും ഇടതുപക്ഷവും മൗനമായി സമ്മതിക്കും ഇത് മധ്യകേരളത്തിലെ യുഡിഎഫിന്റെ പ്രബലമായ കോട്ടതന്നെ.
കൊച്ചി കോര്പറേഷന്, 13 നഗരസഭകള്‍, 82 ഗ്രാമപഞ്ചായത്തുകള്‍. നിയമസഭാ മണ്ഡലങ്ങള്‍ 14. ഒമ്പതിടത്ത് യുഡിഎഫ്, അഞ്ചു സീറ്റുകളില്‍ എല്‍ഡിഎഫ്. ഇതാണ് എറണാകുളം ജില്ലയുടെ പൊതുചിത്രം.
2021ല്‍ സംഭവിച്ചത്
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ് 2021ല്‍ യുഡിഎഫിനു ലഭിച്ചത്. 2016ല്‍ നഷ്ടപ്പെട്ട തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും 2021ല്‍ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം, യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന കളമശേരിയും കുന്നത്തുനാടും കഴിഞ്ഞ തവണ എല്‍ഡിഎഫ് അട്ടിമറിജയത്തോടെ പിടിച്ചെടുത്തു. ഇതിനു പുറമേ വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് ഇടതുപക്ഷ മണ്ഡലങ്ങള്‍.
ഉപതെരഞ്ഞെടുപ്പു മുതല്‍ തദ്ദേശം വരെ യുഡിഎഫ്
തൃക്കാക്കരയില്‍ പി.ടി. തോമസ് എംഎല്‍എയുടെ മരണത്തിനുശേഷം 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി ജയം ആവര്‍ത്തിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജില്ലയില്‍ യുഡിഎഫിനായിരുന്നു ആധിപത്യം. ലോക്സഭാ മണ്ഡലങ്ങളില്‍ എറണാകുളം പൂര്‍ണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഭാഗികമായും ജില്ലയിലുണ്ട്. എല്‍ഡിഎഫിന്റെ കൈയിലുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലുള്‍പ്പടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറ്റമുണ്ടാക്കി.
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിന്, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തിളക്കം കൂട്ടി. കോര്‍പറേഷനില്‍ 76 ല്‍ 47 ഡിവിഷനുകളിലും വിജയിച്ചാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. ജില്ലാ പഞ്ചായത്തില്‍ 28 ഡിവിഷനുകളില്‍ 25, നഗരസഭകളില്‍ 13ല്‍ 12, ബ്ലോക്ക് പഞ്ചായത്തുകള്‍ 14ല്‍ 13, പഞ്ചായത്തുകള്‍ 82ല്‍ 71. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം അതിശയിപ്പിക്കുന്നതായിരുന്നു.
തത്സ്ഥിതിയോ അതുക്കും മേലെയോ?
ജില്ലയില്‍ ഇക്കുറിയും യുഡിഎഫ് ആധിപത്യം ആവര്‍ത്തിക്കുമെന്നു കണക്കുകൂട്ടുന്നവരാണ് എറണാകുളത്തെ നിരീക്ഷിക്കുന്ന രാഷ്ട്രീയവിദഗ്ധരുടെയും പണ്ഡിതരുടെയും പക്ഷം. ആകെയുള്ള 14ല്‍ കഴിഞ്ഞ തവണ കൈവിട്ട അഞ്ചു സീറ്റുകള്‍കൂടി അക്കൗണ്ടിലാക്കി യുഡിഎഫ് സമഗ്രാധിപത്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരും കുറവല്ല.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പു പോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവിന്റെയും സ്ഥാനാര്ഥിപ്രഭാവത്തിന്റെയും പൊലിമയില്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും കൂടുതല്‍ സീറ്റുകള്‍ നേടാനും ആകുമെന്ന കണക്കുകൂട്ടലാണ് എല്‍ഡിഎഫിനുള്ളത്.
നഗരസഭകളിലൊന്നില് (തൃപ്പൂണിത്തുറ) ഭരണം പിടിച്ച് ഇടതു- വലതു മുന്നണികളെ ഞെട്ടിച്ചെങ്കിലും, ബിജെപിക്ക് നിയമസഭയിലേക്ക് ജില്ലയില്‍ നിന്നു ടിക്കറ്റ് കിട്ടുമെന്നു പ്രതീക്ഷയില്ല. ജില്ലയില്‍ വേരോട്ടമുള്ള ട്വന്റി 20 എന്‍ഡിഎ പാളയത്തിലെത്തിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ മുന്നണിയെ ജയത്തിലേക്കെത്തിക്കുന്ന നേട്ടമാകുമെന്ന് കരുതുന്നില്ലെങ്കിലും, ഇടതു, വലതു സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ അതു സ്വാധീനിക്കുമെന്നുറപ്പ്.
എംഎല്‍എമാർ ഏറെയും മത്സരത്തിന്
നിലവിലെ സ്ഥിതിയില്‍ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ കെ. ബാബു ഒഴികെയുള്ളവര്‍ മത്സരരംഗത്തുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കെ. ബാബു മത്സരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിത്വം സ്വപ്നം കാണുന്നവര്‍ കോണ്‍ഗ്രസില്‍ അരയും തലയും മുറുക്കി കളം പിടിച്ചിട്ടുണ്ട്.
റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി. സതീശന് (പറവൂര്‍), ടി.ജെ. വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്നാടന് (മൂവാറ്റുപുഴ), അനൂപ് ജേക്കബ് (പിറവം) എന്നിവര്‍ യുഡിഎഫില്‍ സീറ്റുറപ്പിച്ച മട്ടിലാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും ഉടന്‍ പരിഹരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ മന്ത്രി പി. രാജീവ് തന്നെയാകും കളമശേരിയിലെ സ്ഥാനാര്‍ഥി. കെ.എന്‍. ഉണ്ണികൃഷ്ണന് (വൈപ്പിന്‍), കെ.ജെ. മാക്സി (കൊച്ചി), ആന്റണി ജോണ്‍ (കോതമംഗലം), പി.വി. ശ്രീനിജന് (കുന്നത്തുനാട്) എന്നിവരും പിന്മാറാനിടയില്ല.
പുതുമുഖങ്ങളും വരും
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മേയര്‍ കസേര കിട്ടാത്തതിന്റെ പേരില്‍ അതൃപ്തി പരസ്യമാക്കിയ ദീപ്തി മേരി വര്‍ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍നിന്നു പുതുമുഖ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരാണ്. ഘടകകക്ഷികളുടെ സീറ്റുകളില്‍ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനുള്ള കോതമംഗലം സീറ്റില്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറവും കളമശേരിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന് അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറും വീണ്ടും അങ്കത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയെയോ മറ്റു സെലിബ്രിറ്റി സ്ഥാനാര്‍ഥിയെയോ പരിഗണിക്കാന്‍ യുഡിഎഫില്‍ ചര്‍ച്ചയുണ്ട്.
ഇടതുപക്ഷത്ത് അടിയുറച്ച പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെയും കളത്തിലിറക്കാന്‍ നീക്കങ്ങള്‍ സജീവം. എറണാകുളത്തും തൃപ്പൂണിത്തുറയിലും ആ നിലയിലുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, മുന്‍ മേയര്‍ എ.പി. അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാർഥികളാകാന്‍ സാധ്യതയുണ്ട്.
എന്‍ഡിഎയില്‍ ട്വന്റി 20 മത്സരിക്കുന്ന അങ്കമാലിയില്‍ അഡ്വ. ചാര്‍ളി പോള്‍ മത്സരത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകളുണ്ട്. നഗരസഭാ ഭരണം പിടിച്ച തൃപ്പൂണിത്തുറയില്‍ ബിജെപി വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
മുഖ്യമന്ത്രി, മന്ത്രി...?
യുഡിഎഫ് ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി എറണാകുളം ജില്ലയില്നിന്നെന്നു കരുതുന്നവര്‍ കുറവല്ല. പറവൂരില്‍ മത്സരിക്കുന്ന വി.ഡി. സതീശന് ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ അദ്ദേഹത്തിനു മുഖ്യമന്ത്രിക്കസേര അകലെയാകില്ല. അതു സംഭവിച്ചാല്‍ ജില്ലയ്ക്ക് അതു പുതുചരിത്രമാകും.
അതേസമയം, യുഡിഎഫ് ഭരണത്തില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന അര ഡസനോളം നേതാക്കളെങ്കിലും ജില്ലയിലുണ്ടെന്നതും കൗതുകമാണ്. മൂന്നു വട്ടം എംഎല്‍എയായ അന്‍വര്‍ സാദത്ത്, ദേശീയശ്രദ്ധയിലെത്തിയ യുവമുഖം റോജി എം. ജോണ്‍, നിയമസഭയിലും പുറത്തും രാഷ്ട്രീയ തീപ്പൊരികള്‍ വിതറിയ മാത്യു കുഴല്നാടന്, കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ്... ഇവരെല്ലാം ഇക്കുറി നിയമസഭ മാത്രല്ല, മന്ത്രിക്കസേരകളും ഉന്നം വയ്ക്കുന്നുണ്ട്. പിറവത്ത് ജയവും യുഡിഎഫ് ഭരണവും ഉറപ്പിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാം.
സ്ഥാനാര്‍ഥിത്വവും ജയവും ഇടതുഭരണത്തുടര്ച്ചയും ഉറപ്പായാല്‍ പി. രാജീവിനെത്തേടി സുപ്രധാന മന്ത്രിപദവിയെത്തിയേക്കും.
Kerala
കോട്ടയം: കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് നിയമസഭ തെരഞ്ഞെടുപ്പിനുള്ള അവകാശപത്രിക പുറത്തിറക്കി.
റവന്യു ഭൂമിയിലിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവര്ക്കെതിരേ കേസെടുക്കില്ലെന്ന നയപരമായ തീരുമാനം എടുക്കണം. സംസ്ഥാനത്തെ വന, റവന്യു ഭൂമി അതിര്‍ത്തികളില്‍ 100 മീറ്റര്‍ വീതിയില്‍ വനത്തിനുള്ളിലേക്ക് മരങ്ങളും കുറ്റിക്കാടുകളും പൂര്‍ണമായും നീക്കംചെയ്തു വിസ്ത ക്ലിയറന്‍സ് നടത്തി അതിനു മധ്യത്തിലൂടെ ഹാങ്ങിംഗ് ഫെന്‍സിംഗും കിടങ്ങുകളും നിര്‍മിക്കുക, വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നല്കുന്ന ആശ്വാസധനത്തിനു പകരം മോട്ടോര്‍ ആക്സിഡന്റ് നിയമം നിഷ്കര്‍ഷിക്കുന്നതുപോലെ പ്രത്യേകം കേസുകള്‍ പരിഗണിച്ച് നഷ്ടപരിഹാരം നിജപ്പെടുത്തുക എന്നിങ്ങനെ കാര്‍ഷിക മേഖലയെ പുനരുജീവിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങൾ കിഫ മുന്നോട്ടു വയ്ക്കുന്നു.
ഉത്പാദനച്ചെലവും ചെലവിന്റെ പകുതിയും ചേര്‍ത്ത് താങ്ങുവില നിശ്ചയിക്കുക, റബറിന് 250 രൂപ, തേങ്ങ പൊളിച്ചതിന് 70 രൂപ, നെല്ല് 35 രൂപ തുടങ്ങിയ താങ്ങുവിലകൾ നിശ്ചയിക്കുക. പാട്ടകൃഷി അനുവദിക്കുക, ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് ഉയര്‍ത്തുക, ബഫര്‍ സോണ്‍ റദ്ദ് ചെയ്യുക, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ പരിധി ഉയര്‍ത്തി പലിശനിരക്ക് കുറയ്ക്കുക, ചെറുകിട കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ അവകാശ പത്രികയില്‍ ഉന്നയിക്കുന്നു.
പത്രസമ്മേളനത്തില്‍ ചെയര്മാന് അലക്സ് ഒഴുകയില്‍, ജോസ് ജെ. ചെരുവില്‍, തോംസണ്‍ കെ. ജോര്‍ജ്, കെ.കെ. വിദ്യാധരന്, ടോം വര്‍ഗീസ്, സിജു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Leader Page
ചുവപ്പുകോട്ടയെന്ന പ്രയോഗം പാലക്കാടിനു നിലനിര്‍ത്താനാകുമോ എന്നുതന്നെയാണ് ആസന്നമായ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
വിസ്മയങ്ങള്‍ തുടരും എന്ന പ്രഖ്യാപനവുമായി യുഡിഎഫ് തേരോട്ടം നടത്തുമ്പോള്‍ അവസാന കൈയടി ആര്‍ക്കു ലഭിക്കുമെന്നതിലാണ് ആകാംക്ഷ. എല്ലാക്കാലത്തും എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളതെങ്കിലും ഇത്തവണ പലതും മാറിമറിയുമെന്നാണ് അണിയറവിശേഷങ്ങള്‍ നൽകുന്ന സൂചന.
തദ്ദേശം വേറെ നിയമസഭ വേറെ എന്നു പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ വലിയ മുന്നേറ്റം വിസ്മയതരംഗമാകുമെന്നു യുഡിഎഫ് അടിവരയിട്ടു പറയുന്നു. പ്രതീക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല ബിജെപി. രണ്ടു മണ്ഡലങ്ങളില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനത്താണിവര്. ഒന്നാംസ്ഥാനത്തേക്കു വലിയ ദൂരമൊന്നുമില്ലെന്നു കണക്കുനിരത്തി പറയുന്നതിനൊപ്പം മറ്റു മണ്ഡലങ്ങളില്‍ തങ്ങള്‍ നിര്‍ണായക ശക്തിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് നിലവിൽ യുഡിഎഫിന്റെ കൈവശം. പാലക്കാടും മണ്ണാർക്കാടും ഒഴികെയുള്ള മണ്ഡലങ്ങളെല്ലാം എൽഡിഎഫിനൊപ്പം. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ അഞ്ചു സീറ്റെങ്കിലും കോൺഗ്രസ് ഉറപ്പിക്കുന്നു. മണ്ണാർക്കാട് മുസ്ലിംലീഗ് നിലനിർത്തുകയും ചെയ്താൽ സീറ്റ് ബലാബലത്തിൽ ഒപ്പത്തിനൊപ്പം എത്താമെന്നാണ് യുഡിഎഫ് ക്യാന്പിന്റെ കണക്കുകൂട്ടൽ. സംസ്ഥാനമൊട്ടാകെ പിണറായിവിരുദ്ധതരംഗം അലയടിക്കുമെന്നും വിസ്മയതരംഗമുണ്ടായാൽ കൂടുതൽ സീറ്റുകൾ നേടാമെന്നും യുഡിഎഫ് പ്രതീക്ഷ വയ്ക്കുന്നു.
തദ്ദേശപ്പോരിന്റെ ചുവടുപിടിച്ച്
തദ്ദേശതെരഞ്ഞെടുപ്പില്‍ മുമ്പില്ലാത്തവിധം വലിയ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. പലയിടത്തും എല്‍ഡിഎഫ് അടിപതറുന്നതും ദൃശ്യമായി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍ എല്‍ഡിഎഫിനു മുന്‍തൂക്കമുണ്ടായെങ്കിലും യുഡിഎഫിന്റെ മുന്നേറ്റവും ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. നഗരസഭകളില്‍ യുഡിഎഫ് തിരിച്ചുവന്നു. ആകെയുളള ഏഴു നഗരസഭകളില്‍ മൂന്നിടത്താണ് യുഡിഎഫ് വിജയിച്ചത്. പട്ടാമ്പി, ചിറ്റൂര്‍- തത്തമംഗലം നഗരസഭകള്‍ തിരിച്ചുപിടിച്ചപ്പോള്‍ മണ്ണാര്‍ക്കാട് നിലനിര്‍ത്തി. കഴിഞ്ഞതവണ അഞ്ചു നഗരസഭകളില്‍ വിജയിച്ച എല്‍ഡിഎഫ് ഷൊര്‍ണൂര്‍, ചെര്‍പ്പുളശേരി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒതുങ്ങി. പാലക്കാട് നഗരസഭയില്‍ തുടര്‍ച്ചയായി മൂന്നാംതവണയും എന്‍ഡിഎ ഭരണത്തിലെത്തി.
രണ്ടു ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുത്തതാണ് ബിജെപിയുടെ മറ്റൊരു പ്രധാന നേട്ടം. മലമ്പുഴയിലെ അകത്തേത്തറ, അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം നേടിയെടുത്തത്.
ജില്ലാ പഞ്ചായത്തിലെ മുന്നേറ്റംതന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷകളില്‍ നിറയുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒന്നും മുസ്ലിം ലീഗിനു രണ്ടും സീറ്റടക്കം മൂന്നു സീറ്റിലേക്കൊതുങ്ങിയ യുഡിഎഫ് ഇത്തവണ 12 സീറ്റുകള്‍ നേടിയതു ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് അല്പമെങ്കിലും ആശ്വാസകരമായ ജനവിധിയുണ്ടായത്. 13 ബ്ലോക്ക് പഞ്ചായത്തില്‍ പത്തിടത്തും ഭരണം നിലനിര്‍ത്താനായി.
ഫാക്ടറുകൾ നിർണായകം
തദ്ദേശതെരഞ്ഞെടുപ്പുഫലം നിർണായകഘടകമെന്നു യുഡിഎഫ് വിലയിരുത്തുന്നു. എൽഡിഎഫിലെ വിഭാഗീയതയാണ് യുഡിഎഫ് ഉന്നംവയ്ക്കുന്ന മറ്റൊരു ഘടകം. ജില്ലയിലെ സിപിഎം വിമതർ സംഘടിക്കുന്നെന്നു മാത്രമല്ല യുഡിഎഫിനു പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത് പ്രതീക്ഷയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
മാർച്ച് ആദ്യവാരമാണ് ജില്ലയിലെ സിപിഎം അതൃപ്തരുടെ യോഗം വിളിച്ചിട്ടുളളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്നേ ഇത്തരമൊരു നീക്കമുണ്ടായാൽ മൂന്നു മുന്നണികളുടെയും കണക്കുകൂട്ടലിലും പ്രചാരണതന്ത്രങ്ങളിലും മാറ്റംവന്നേക്കും. പി.കെ. ശശി അടക്കമുള്ള മുതിർന്ന നേതാക്കൾ ഇടഞ്ഞുനിൽക്കുന്നതും കൊഴിഞ്ഞാന്പാറയിലെ പരസ്യമായ വിഭാഗീയപ്രശ്നങ്ങളുമെല്ലാം സിപിഎമ്മിനു വെല്ലുവിളിയാണ്. മുൻമുഖ്യമന്ത്രിയും മലന്പുഴ മണ്ഡലം മുൻ എംഎൽഎയുമായ വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷിനെ ക്യാന്പിലെത്തിക്കാനായതു യുഡിഎഫ് ഉയർത്തിക്കാട്ടുന്നതു സംസ്ഥാനത്തൊട്ടാകെ അലയടിക്കുന്ന തരംഗമായാണ്. ഇനിയും ഇത്തരം വിസ്മയങ്ങളുണ്ടാകുമെന്നു യുഡിഎഫ് ഉറപ്പിച്ചുപറയുന്പോൾ എൽഡിഎഫ് ക്യാന്പിൽ ആശങ്ക ചെറുതല്ല.
വോട്ടർമാരുടെ റെഡ് അലർട്ട്
ചില മണ്ഡലങ്ങൾ ഫലംവരുന്നതുവരെ പിടികൊടുക്കാതെ മുന്നേറുമെന്നാണ് വോട്ടർമാരുടെയും വിലയിരുത്തൽ. ഇതാണ് പാലക്കാട്ടെ വേനൽച്ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിനെയും എത്തിക്കുന്നത്. പാലക്കാട്, മലന്പുഴ, തൃത്താല, പട്ടാന്പി, ചിറ്റൂർ മണ്ഡലങ്ങളാണ് വോട്ടർമാരുടെ റെഡ് ലിസ്റ്റിലുള്ളത്. പാലക്കാട്, മലന്പുഴ മണ്ഡലങ്ങളിൽ നിലവിൽ രണ്ടാംസ്ഥാനത്തുള്ളതു ബിജെപിയാണ്. ഇതാണ് നിർണായക ഘടകമാകുക.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിക്കാട്ടി ഇത്തവണ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ശോഭ സുരേന്ദ്രനെന്ന മുന്നണിപ്പോരാളി രംഗത്തുണ്ടാകുമെന്ന സൂചനയും വന്നുകഴിഞ്ഞു. മണ്ഡലം നിലനിർത്താൻ മികച്ചൊരു ഇറക്കുമതിസ്ഥാനാർഥിയെ രംഗത്തിറക്കാൻ യുഡിഎഫിനു പദ്ധതിയുണ്ട്. ദേശീയശ്രദ്ധയിലുള്ള കണ്ണൻ ഗോപിനാഥനെപ്പോലെയുള്ളവരുടെ സാധ്യത തേടുന്നുണ്ട് യുഡിഎഫ്. പാലക്കാടുമായി അഭേദ്യമായ ബന്ധമുണ്ടെന്നു പ്രഖ്യാപിച്ച് കണ്ണൻ ഗോപിനാഥൻ അടുത്തിടെ രംഗത്തെത്തിയതും ചേർത്തുവായിക്കണം. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും സജീവമായ പരിഗണനയിലുണ്ട്. എന്നാൽ, മുതിർന്ന നേതാവ് കെ. മുരളീധരൻ മത്സരിക്കണമെന്ന നിലപാട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയതു സ്ഥാനാർഥിചർച്ച ചൂടുപിടിപ്പിച്ചിട്ടുണ്ട്. പാലക്കാട്ട് വനിതാസ്ഥാനാർഥിയെ സിപിഎം പരിഗണിക്കുന്നതായി സൂചനകളുണ്ട്. എന്നാൽ ഇവർക്കു പാലക്കാട് മണ്ഡലത്തിലല്ല, മലന്പുഴയിലാണ് മത്സരിക്കാൻ താത്പര്യമെന്നു പാർട്ടിക്കുള്ളിൽ അടക്കംപറച്ചിലുണ്ട്. ഇവർ ഏറെക്കാലമായി മലന്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്നുമുണ്ട്.
മലന്പുഴയിൽ വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺകുമാർ മത്സരിച്ചേക്കാമെന്നു വാർത്തകൾ സത്യമായാൽ, പാലക്കാട് മണ്ഡലത്തിൽ അതേ വനിതാ സ്ഥാനാർഥിയെ പ്രതീക്ഷിക്കാം. അതേസമയം, യുഡിഎഫ് പാളയത്തിലെത്തി വിഎസിന്റെ മുൻ പിഎ എ. സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലന്പുഴയിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അരുൺകുമാർ മത്സരിച്ചാൽമാത്രം പുനർവിചിന്തനമെന്ന നിലപാടും സുരേഷ് പറഞ്ഞിട്ടുണ്ട്. നിലവിൽ മലന്പുഴ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്താണെങ്കിലും സുരേഷിനെപ്പോലൊരു സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ അദ്ഭുതം സൃഷ്ടിക്കാനാകുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ഉരുക്കുകോട്ടയിൽ മുതിർന്ന നേതാവും എംഎൽഎയുമായ എ. പ്രഭാകരനു സിപിഎം രണ്ടാമൂഴം നൽകുമെന്നും സൂചനയുണ്ട്. എ പ്ലസ് മണ്ഡലമായതിനാൽ കടുത്ത പോരാട്ടമൊരുക്കാനാണ് ബിജെപി ക്യാന്പിന്റെ നീക്കം. സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർതന്നെയാണ് സ്ഥാനാർഥിയാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ ഭരണം ബിജെപി സ്വന്തമാക്കിയിരുന്നു. ഇതെല്ലാം മാറ്റത്തിന്റെ സൂചനയാണെന്നും ബിജെപി വെന്നിക്കൊടി പാറിക്കുമെന്നും എൻഡിഎ ക്യാന്പും പ്രതീക്ഷിക്കുന്നു.
പ്രസ്റ്റീജ് പോരാട്ടങ്ങൾ
തൃത്താല മണ്ഡലത്തിൽ ഇത്തവണയും പോരാട്ടം പൊടിപാറും. എൽഎഡിഎഫിനായി മന്ത്രി എം.ബി. രാജേഷും യുഡിഎഫിനായി യുവനേതാവ് വി.ടി. ബൽറാമും കൊന്പുകോർക്കും. കഴിഞ്ഞതവണ നേരിയ വോട്ടിനു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നു യുഡിഎഫ് ഉറപ്പിക്കുന്പോൾ മണ്ഡലവികസനക്കാഴ്ചകൾ നിരത്തിയാണ് എൽഡിഎഫ് രംഗപ്രവേശം. കഴിഞ്ഞതവണ തണുപ്പൻപ്രതികരണവുമായി കൂടെനിന്ന മുസ്ലിംലീഗ് ഇത്തവണ ഒരുങ്ങിപ്പുറപ്പെട്ടത് ബൽറാമിനു തുണയാകും. മുന്നണികളെ മാറിമാറി തുണയ്ക്കാറുള്ള മണ്ഡലത്തിൽ മുസ്ലിം ലീഗ് നിർണായകശക്തിയാണ്. ശബരിമലവിഷയമടക്കം മണ്ഡലത്തിൽ ചർച്ചയാകും. അടുത്തിടെയുണ്ടായ മന്ത്രിയുടെ പ്രസ്താവനകൾ മണ്ഡലത്തിൽ സജീവചർച്ചയാക്കാനും യുഡിഎഫ്- ബിജെപി നീക്കമുണ്ട്.
ചിറ്റൂർ, നെന്മാറ, പട്ടാന്പി മണ്ഡലങ്ങളിലെ പോരാട്ടം ഇത്തവണ ഇരുമുന്നണികൾക്കും നിർണായകമാകും. മന്ത്രിയും ജനതാദൾ- എസ് നേതാവുമായ കെ. കൃഷ്ണൻകുട്ടി രംഗത്തില്ലാത്ത മത്സരം അരങ്ങേറുന്പോൾ മണ്ഡലം ആർക്കൊപ്പം എന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കേണ്ടിവരും. പാർട്ടിയിലെ യുവനേതാവും കെഎസ്ഇബി സ്വതന്ത്ര ഡയറക്ടറുമായ വി. മുരുകദാസ് മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞതവണത്തെ സ്ഥാനാർഥിയും നിലവിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാനുമായ അഡ്വ. സുമേഷ് അച്യുതൻ യുഡിഎഫ് സ്ഥാനാർഥിയാകും. മുതിർന്ന കോൺഗ്രസ് നേതാവ് കെ. അച്യുതന്റെ മകനും ഡിസിസി വൈസ് പ്രസിഡന്റുമാണ് സുമേഷ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുടനീളമുണ്ടായ മുന്നേറ്റംതന്നെയാണ് കോൺഗ്രസിനും യുഡിഎഫിനും ഒരുപോലെ പ്രതീക്ഷ നൽകുന്നത്. കൊഴിഞ്ഞാന്പാറയിലെ സിപിഎം വിഭാഗീയതയും നിർണായകഘടകമാകും.
നെന്മാറ മണ്ഡലപരിധിയിൽ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം വഴിമരുന്നാക്കനാണ് യുഡിഎഫ് നീക്കം. ദീർഘകാലമായി ഘടകകക്ഷിയായ സിഎംപിയാണ് ഇവിടെ മത്സരിച്ചുവരുന്നത്. ഇത്തവണ സിഎംപിയിൽനിന്നും സീറ്റ് ഏറ്റെടുക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിതന്നെ മരംഗത്തുണ്ടാകും. നിലവിലെ ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ അടക്കമുള്ളവരുടെ പേര് പരിഗണനയിലുണ്ട്. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ പേരും പറഞ്ഞുകേൾക്കുന്നു. കെ. ബാബു എംഎൽഎ തന്നെ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചനകളെങ്കിലും ജില്ലയിലെ മുതിർന്ന നേതാവടക്കം പുതിയ സ്ഥാനാർഥികളും സാധ്യതാപട്ടികയിലുണ്ട്.
കോൺഗ്രസ് ഏറ്റെടുക്കാൻ സാധ്യതയുള്ള മറ്റൊരു സീറ്റാണ് കോങ്ങാട് സംവരണമണ്ഡലം. കഴിഞ്ഞതവണ മുസ്ലിംലീഗാണ് മത്സരിച്ചത്. കോങ്ങാട് സീറ്റ് കോൺഗ്രസിനു വിട്ടുനൽകി പട്ടാന്പി മുസ്ലിംലീഗ് ഏറ്റെടുത്താൽ രണ്ടിടത്തും വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് വിലയിരുത്തൽ. സീറ്റ് കൈമാറ്റമുണ്ടാകില്ലെന്നു സംസ്ഥാനനേതാക്കൾ അറിയിച്ചുകഴിഞ്ഞെങ്കിലും അവസാനഘട്ടത്തിൽ മാറിമറിയാനും സാധ്യതയുണ്ട്. മണ്ണാർക്കാട് മണ്ഡലം മുസ്ലിംലീഗിന്റെ പ്രസ്റ്റീജ് മണ്ഡലമായതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സിപിഎം നേതാവ് പി.കെ. ശശിയുടെ നിലപാടുകൾ തുണയാകുമെന്നും യുഡിഎഫ് കരുതുന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ പി.കെ. ശശി ഫാക്ടറിൽ വൻമുന്നേറ്റമാണ് മണ്ണാർക്കാട് മണ്ഡലത്തിൽ യുഡിഎഫിനു നേടാനായത്.
തരൂർ, ആലത്തൂർ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങൾ തങ്ങളുടെ ശക്തികേന്ദ്രമായി നിലനിൽക്കുമെന്ന് എൽഡിഎഫ് കരുതുന്നു. അതേസമയം, മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി തരംഗത്തിന്റെ ഭാഗമായാൽ സീറ്റുകൾ ഒപ്പംപോരുമെന്നു യുഡിഎഫും വിലയിരുത്തുന്നു. മലയോര കുടിയേറ്റ മേഖലയിലെ പ്രശ്നങ്ങൾ തരൂർ മണ്ഡലത്തിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. ഈ വിഷയം ഫലപ്രദമായി കൈകാര്യംചെയ്യുന്ന മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് യുഡിഎഫിന്റെ നീക്കം. നിലവിലെ എംഎൽഎ പി.പി. സുമോദ് തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി.
ആലത്തൂരിൽ നിർണായക നീക്കമുണ്ടായില്ലെങ്കിൽ കെ.ഡി. പ്രസേനൻ തന്നെയായിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ഒറ്റപ്പാലം സീറ്റിൽ കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ.പി. സരിൻ ഇത്തവണ എൽഡിഫ് സ്ഥാനാർഥിയായേക്കും. പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സരിന് അന്നു നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ ഇതു യാഥാർഥ്യമായേക്കും. അതേസമയം പി.കെ. ശശി പാർട്ടി വിട്ടുവന്നാൽ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന സൂചനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്തായാലും ഈ തീരുമാനത്തിലെത്താൻ യുഡിഎഫിന് ഏറെ പാടുപെടേണ്ടിവരും. പി. സരിൻ ഒറ്റപ്പാലത്തു വന്നാൽ നിലവിലെ എംഎൽഎ അഡ്വ. കെ. പ്രേംകുമാർ പി. മമ്മിക്കുട്ടിക്കു പകരം ഷൊർണൂരിലേക്കു മാറാനും സാധ്യതയുണ്ട്.
Leader Page
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കിയിലാണ്. ആര്‍ച്ച് ഡാം ഉള്‍പ്പെടെ നിരവധി അണക്കെട്ടുകള്‍, സഞ്ചാരികളുടെ മനം കവരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കാഹളമുയരുമ്പോള്‍ ഇടുക്കി ജില്ല ഇടത്തേക്കോ വലത്തേക്കോ എന്ന കാര്യം പ്രവചനാതീതമായി മാറുകയാണ്. മലയോര ജില്ലയായ ഇവിടുത്തെ അഞ്ചു മണ്ഡലങ്ങളില്‍ നാലിടത്തും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനാണ് വ്യക്തമായ മേല്‍ക്കോയ്മ. നിയമസഭയിലേക്കാകുമ്പോൾ ചിത്രം വ്യത്യസ്തമാണ്. അഞ്ചിടത്തും മത്സരം കടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജില്ലയിലെ സങ്കീര്‍ണമായ ഭൂ വിഷയങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, വന്യമൃഗശല്യം, നിര്‍മാണനിരോധനം ഉള്‍പ്പെടെയുള്ളവയാണ് യുഡിഎഫിന്റെ പ്രചാരണായുധങ്ങള്‍. അഞ്ചുവര്‍ഷത്തിനിടെ ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലും.
മന്ത്രി റോഷി അഗസ്റ്റിന്, മുന്‍ മന്ത്രിമാരായ പി.ജെ. ജോസഫ്, എം.എം. മണി എന്നീ പ്രമുഖരുടെ മണ്ഡലങ്ങളുള്ളതിനാൽ ഏറെ ശ്രദ്ധേയമാകും പോരാട്ടം. പി.ജെ. ജോസഫ് തൊടുപുഴയില്‍നിന്നും മന്ത്രി റോഷി അഗസ്റ്റിന് ഇടുക്കി മണ്ഡലത്തില്‍നിന്നും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ഉടുമ്പന്‍ചോലയില്‍ എം.എം.മണി മത്സരിക്കുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലായിരുന്ന 2016ല്‍ ഇടുക്കിയും തൊടുപുഴയും യുഡിഎഫിനൊപ്പം നിന്നെങ്കില്‍ ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. ഭരണവിരുദ്ധ വികാരം എല്ലാ മണ്ഡലത്തിലും ഇത്തവണ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. നിലവിലുള്ളതിനു പുറമെ തൊടുപുഴകൂടി പിടിച്ചെടുക്കാനുള്ള തന്ത്രമാണ് എല്‍ഡിഎഫ് നോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ്-മൂന്ന്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍ഡിഎഫില്‍ സിപിഎം-രണ്ട്, കേരള കോണ്‍ഗ്രസ് എം-രണ്ട്, സിപിഐ-ഒന്ന് എന്നിങ്ങനെയായിരുന്നു മത്സരിച്ചത്.
തൊടുപുഴയില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ യുഡിഎഫ്
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ നിയോജകമണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്ന ചരിത്രമുള്ളത്. മറ്റു തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിനായിരുന്നു തിളക്കമാര്‍ന്ന വിജയം. പി.ജെ. ജോസഫ് എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ എത്തിയതോടെ ഈ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയായി മാറി. ജോസഫ് വിഭാഗം യുഡിഎഫിലെത്തിയ 2011ല്‍ പി.ജെ.ജോസഫിന്റെ ഭൂരിപക്ഷം 22,868 വോട്ടായിരുന്നു. 2016-ല്‍ 45,823 വോട്ടുകള്‍ നേടി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. കോവിഡ് ഭീഷണി നിലനിന്ന 2021ല്‍ ഭൂരിപക്ഷം നേര്‍പകുതിയായെങ്കിലും പി.ജെ. ജോസഫ് വീണ്ടും മിന്നുന്ന വിജയവുമായി നിയമസഭയിലെത്തി. നിരവധി ബൈപാസുകൾ ഉള്‍പ്പെടെ തുറന്ന് വികസനരംഗത്ത് തൊടുപുഴയുടെ മുഖച്ഛായ മാറ്റിയ ജനപ്രതിനിധിയെന്ന ഖ്യാതിയാണ് പിജെയുടെ വിജയരഹസ്യം.
കഴിഞ്ഞ പത്തുവര്‍ഷമായി മണ്ഡലത്തില്‍ വികസനമുരടിപ്പാണെന്നു ചൂണ്ടിക്കാട്ടി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരുകൈ പയറ്റാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, എന്‍ഡിഎ ആകട്ടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നഗരസഭയിലും മണ്ഡലപരിധിയിലുള്ള രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലും 12 പഞ്ചായത്തുകളില്‍ 10 ഇടങ്ങളിലും യുഡിഎഫിനായിരുന്നു വിജയം.
ജില്ലാ ആസ്ഥാനം ആരു പിടിക്കും?
ജില്ലാ ആസ്ഥാനവും മന്ത്രി റോഷി അഗസ്റ്റിന്റെ തട്ടകവുമായ ഇടുക്കിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാവും. കേരള കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് പാളയത്തിലെത്തിയശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്ന ഇടുക്കിയില്‍ കുത്തക തകര്‍ത്ത് റോഷി വിജയിച്ചുകയറുകയായിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള അടുപ്പവും മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുക. മികച്ച സ്ഥാനാര്‍ഥി വന്നാൽ ജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൊണ്ടുവന്ന ഭൂ ചട്ടഭേദഗതി അനുകൂലമാകുമെന്ന് എല്‍ഡിഎഫ് കരുതുന്പോൾ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കണമെന്ന നിര്‍ദേശത്തിനെതിരേ യുഡിഎഫ് വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ഇതും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.
തോട്ടം മേഖലയുടെ മനസ്
വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് പീരുമേട്. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങള്‍. തോട്ടം തൊഴിലാളികളും കര്‍ഷകരുമാണ് കൂടുതൽ. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ടിന് യുഡിഎഫിന് നഷ്ടപ്പെട്ട മണ്ഡലം. 2016ല്‍ 314 വോട്ടുകള്‍ക്കും 2021ല്‍ 1,835 വോട്ടുകള്‍ക്കുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചത്. എംഎൽഎ ആയിരുന്ന സിപിഐയിലെ വാഴൂര്‍ സോമന്റെ വിയോഗത്തോടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നതിൽ ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിന്റെ പേരാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. വാഴൂര്‍ സോമന് മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാകും എല്‍ഡിഎഫിന്റെ പ്രചാരണം. അതേസമയം, ഇനിയും അടഞ്ഞുകിടക്കുന്ന തോട്ടങ്ങളും തൊഴിലാളികളുടെ ദുരിതവുമെല്ലാം അക്കമിട്ട് നിരത്തിയാകും യുഡിഎഫ് ജനങ്ങളെ സമീപിക്കുക. മണ്ഡലത്തിലെ സിഎച്ച്ആറില്‍ ഉള്‍പ്പെടുന്ന ചക്കുപള്ളം, ആനവിലാസം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെ പട്ടയപ്രശ്നങ്ങളും ഏലം കുത്തകപ്പാട്ടം പുതുക്കിനല്‍കല്‍, ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, വണ്ടിപ്പെരിയാര്‍ മേഖലയിലെ വന്യമൃഗശല്യം, സത്രം എയര്‍സ്ട്രിപ്പ് ഉള്‍പ്പെടുന്ന പ്രദേശം റിസര്‍വ് വനഭൂമിയാക്കല് തുടങ്ങിയ വിഷയങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. എന്‍ഡിഎ കാര്യമായ സ്വാധീനം ഇവിടെയില്ലെങ്കിലും ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
ഉടുമ്പന്‍ചോലയില്‍ പോര് കടുക്കും
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിയുടെ സാന്നിധ്യമാണ് വീറും വാശിയും കൂട്ടുന്നത്. കര്‍ഷകരും തോട്ടംതൊഴിലാളികളും തമിഴ് വംശജരും ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് എം.എം. മണി വിജയിച്ചത്. മണ്ഡലത്തില്‍ നടപ്പാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം. എന്നാല്‍, മണ്ഡലത്തിലെ ഭൂരിഭാഗം വില്ലേജുകളും സിഎച്ച്ആര്‍ പരിധിയിലായതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയമെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല.
കുത്തകപാട്ടം പുതുക്കി നല്കാത്തതിനാല് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പുറമെ ഷോപ്പ് സൈറ്റുകള്‍ക്ക് പട്ടയം, മതികെട്ടാനിലെ ബഫര്‍സോണ്‍ എന്നിവയെല്ലാം കരുക്കളാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്‍ഡിഎ സ്ഥാനാര്‍ഥിയാരെന്ന് തീരുമാനമായില്ല.
Leader Page
കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് എട്ടിന് നടക്കും എന്നാണു സൂചന. കേരളത്തിലെ മൂന്നു മുന്നണികളും തയാറെടുപ്പിലാണ്. ഭരണം പിടിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് ജനാധിപത്യമുന്നണി എല്ലാ കരുക്കളും നീക്കുന്നത്. പോരാട്ടം കടുത്തതാവും എന്നതൊഴിച്ചാൽ മൂന്നാമൂഴം തന്നെ എന്ന ഉറപ്പിലാണ് ഇടതുമുന്നണി. കേരളത്തിൽ ശക്തമായ സാന്നിധ്യം തെളിയിക്കാനാവും എന്ന പ്രതീക്ഷയിൽ ബിജെപി മുന്നണിയും. പല തിരിച്ചടികളും നീർച്ചുഴികളും രൂപംകൊണ്ടിരിക്കുന്നു എന്നത് മൂന്നു മുന്നണികളെയും അസ്വസ്ഥമാക്കുന്നുണ്ട്.
2021 ൽ ഇടതുമുന്നണിയിൽ 86 സീറ്റിലാണ് സിപിഎം മത്സരിച്ചത്. 75 ഔദ്യോഗിക സ്ഥാനാർഥികളും 11 സ്വതന്ത്രരും. 67 പേർ ജയിച്ചു. സിപിഐ 25 സീറ്റിൽ മത്സരിച്ചു 17 സീറ്റിൽ വിജയിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന് 13 സീറ്റ് കൊടുത്തു. 12 ഇടത്ത് മത്സരിച്ചു. അഞ്ചു സീറ്റ് നേടി. ജനതാദൾ നാല്, എൻസിപി മൂന്ന്, ആർജെഡി മൂന്ന് ഐഎൻഎൽ മൂന്ന്, ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ആർഎസ്പി ലെനിനിസ്റ്റ് എന്നിവ ഓരോ സീറ്റിലും മത്സരിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസ് 92 സീറ്റിലും ലീഗ് 27 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് 10 സീറ്റിലും ആർഎസ്പി അഞ്ചു സീറ്റിലും കേരള കോണ്‍ഗ്രസ് ജേക്കബും എൻസിപി കാപ്പനും രണ്ടു സീറ്റിൽ വീതവും മത്സരിച്ചു. ഇടതുമുന്നണിക്കും എൻഡിഎയ്ക്കും സീറ്റ് വിഭജനം വലിയ വിഷയമാകില്ല. യുഡിഎഫിൽ അത്ര സുഗമമല്ല ഇപ്പോൾ കാര്യങ്ങൾ.
ഭരണവിരുദ്ധ വികാരം
പിണറായി സർക്കാരിനെതിരേ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് പലവട്ടം തെളിയിക്കപ്പെട്ടു. അതിനൊപ്പമാണ് കോടതികളിൽ നിന്ന് അടുത്തകാലത്ത് സർക്കാരിനുണ്ടാകുന്ന തിരിച്ചടികൾ. തിരുവനന്തപുരം കോർപറേഷന് സവിശേഷമായി കേന്ദ്രത്തിൽനിന്ന് ഒന്നും കിട്ടിയില്ല എന്നതും കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടു എന്നതും ബിജെപിയെ വെട്ടിലാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടാവും കോണ്‍ഗ്രസ് മുന്നണിയുടെ നീർച്ചുഴികളിൽ ഏറ്റവും ഭയപ്പെടേണ്ടത്.
വന്യജീവി ആക്രമണം പെരുകുന്നതും സർക്കാർ അവാർഡ് നേടിയ കർഷകൻ ആത്മഹത്യ ചെയ്യേണ്ടിവന്നതും ആരോഗ്യമേഖലയെക്കുറിച്ച് ഉയരുന്ന പരാതികളും സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നുണ്ട്.സഖാക്കളുടെ ഭരണ വിരുദ്ധ വികാരംകൊണ്ടല്ല പിണറായിയുടെ മുസ്ലിം പ്രീണന സമീപനങ്ങൾകൊണ്ടാണ് ഈ തിരിച്ചടികൾ എന്നാണ് ഒരു വിലയിരുത്തൽ. അതുകൊണ്ടാണ് ഭരണവിരുദ്ധ വികാരം ഇല്ല എന്ന നിലപാട് ഇടതുമുന്നണി എടുക്കുന്നത്. പിണറായിയുടെ മുസ്ലിം പ്രീണന സമീപനത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ആ മാറ്റം മുതലാക്കി മുസ്ലിം വോട്ടുകളാകെ സമാഹരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് വിജയിച്ച് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ കർണാടകത്തിലെപ്പോലെ മുസ്ലിം താത്പര്യങ്ങൾക്കനുസരിച്ചാവും ഭരണമുണ്ടാകാൻ പോകുന്നത് എന്ന സംശയം മറ്റു സമുദായങ്ങളിൽ ശക്തമാക്കപ്പെടുന്നുണ്ട്. ഇതെല്ലാം വലിയ നീർച്ചുഴികളായി രുപാന്തരപ്പെടുമോ എന്നാണ് അറിയേണ്ടത്.
കോടതികളിൽനിന്നു തിരിച്ചടികൾ
കോടതികളിൽനിന്ന് ശക്തമായ തിരിച്ചടികൾ ഏൽക്കേണ്ടിവന്നിട്ടും ഇടതുമുന്നണി പതറാതെ മുന്നോട്ടു പോവുകയാണ്. കോടതിയിൽ നിയമയുദ്ധം തുടരുന്നു. നവകേരള സർവേ റദ്ദാക്കിയതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കേസ് 2017ൽ നടന്ന കൊടിമര നിർമാണത്തിലെ തട്ടിപ്പുകളിലേക്ക് എത്തിച്ച് കോണ്‍ഗ്രസുകാരെയും സംശയനിഴലിലാക്കി. ശബരിമലയുടെ ഭരണത്തിൽ ഒരു കാര്യവും ഇല്ലാത്ത തന്ത്രിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിന് ഇക്കാരണം പറഞ്ഞു കോടതി ജാമ്യം അനുവദിച്ചതും അന്വേഷണസംഘത്തിനു മാത്രമല്ല, സർക്കാരിനും വലിയ തിരിച്ചടിയായി. ശബരിമലയിൽ സ്ത്രീകൾ എത്തിയപ്പോൾ നട അടച്ചതിനുള്ള പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ് എന്ന ആരോപണമുയർത്തി എൻഡിഎ കൃത്യമായ ഗെയിം പ്ലാനോടെ മുന്നേറുകയാണ്. ഇതുണ്ടാക്കാവുന്ന നീർച്ചുഴികൾ കൃത്യമായി വരുന്നതേയുള്ളൂ.
ജനാധിപത്യമുന്നണി
കോണ്‍ഗ്രസിന്റെ പുതുയുഗ ജാഥയിൽ വിസ്മയങ്ങൾ ഉണ്ടാകുന്നുണ്ട്. പതിവുപോലെ വേദിയിൽ ഇടം നേടാനും പ്രസംഗിക്കാൻ മൈക്കിനുമെല്ലാംവേണ്ടി നേതാക്കൾ തമ്മിലുള്ള സ്നേഹത്തള്ളൽ ഉണ്ടാകുന്നുണ്ടെങ്കിലും വേറെ നല്ലതു പലതും സംഭവിക്കുന്നുണ്ട്. മലന്പുഴയിൽ വി.എസിന്റെ മാനസപുത്രനായിരുന്ന വി.എ. സുരേഷ് ജാഥയിൽ ചേർന്നു. സഖാവ് അയിഷ പോറ്റി നേരത്തേ ചേർന്നു. സിനിമാ നടൻ പ്രേംകുമാർ സമ്മേളനത്തിലെത്തി. പാലക്കാട്ടെ പി.കെ. ശശി സിപിഎം വിട്ടു. പയ്യന്നൂരിലെ വി. കുഞ്ഞിക്കൃഷ്ണനും കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കാനാണിട. ഇവരിൽ കുപ്രസിദ്ധനായ ശശി കോണ്‍ഗ്രസ് സ്ഥാനാർഥിയായി വന്നാൽ തലവേദനയാകും. മലന്പുഴയിൽ വി.എസിന്റെ സുരേഷും മകൻ വി.എ. അരുണ്‍കുമാറും തമ്മിൽ മത്സരിക്കുമോ എന്നാണ് ഇപ്പോഴത്തെ സംശയം. നൂറുതവണ അപ്പീൽ തന്നാലും തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതോടെ വേറെ വഴി തേടുകയാണ് സുരേഷ്. അച്യുതാനന്ദനും പിണറായിയും തമ്മിലുള്ള പകയുടെ ഇരയാണ് ഞാൻ- സുരേഷ് വിലപിക്കുന്നു. വി.എസിനുവേണ്ടി മലന്പുഴയിൽ വോട്ടു തേടിയ സുരേഷ് ഇനി തനിക്കുവേണ്ടി വോട്ടു ചോദിക്കുന്പോൾ പഴയ സഖാക്കൾ എന്തു ചെയ്യും?
കോണ്‍ഗ്രസിൽ സ്ഥാനാർഥികളാകാൻ വലിയ ഇടിയുണ്ട്. അതു കുറയ്ക്കാൻ ദേശീയ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു കാര്യം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് പുതിയ സർക്കാർ വന്നാൽ പദവികളുണ്ടാവില്ല. മാറിനിന്നവരെ പരിഗണിക്കും.
ഇടതുമുന്നണി
സർക്കാർ സംവിധാനങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് തിളങ്ങുന്നു. ഹൈക്കോടതി നവകേരള സർവേ റദ്ദാക്കിയെങ്കിലും ജനുവരി ഒന്നിന് ആരംഭിച്ച സർവേ ഏതാണ്ട് പൂർത്തിയായി. വിഷൻ 2031 അന്താരാഷ്ട്ര ശില്പശാലയും കഴിഞ്ഞു. നവകേരള സർവേയ്ക്കുവേണ്ടി സർക്കാർ നേട്ടങ്ങളുടെ എട്ടുപേജ് ലഘുലേഖയുടെ 80 ലക്ഷം കോപ്പികൾ ഉണ്ടാക്കി വിതരണം ചെയ്തതായാണ് കണക്ക്. ഇതിന് 6.7 കോടി രൂപ ചെലവായി. സംസ്ഥാനത്ത് ഒട്ടാകെ സർക്കാർ നേട്ടങ്ങളുടെ 627 ഹോർഡിംഗ് വച്ചു. ഇവയുടെ ജനുവരിയിലെ മാത്രം വാടക 3.7 കോടി രൂപയാണ്. കെഎസ്ആർടിസി പരസ്യത്തിന് ജനുവരി വാടക 1.7 കോടി വരും.
നവകേരളം പുതിയ വഴിയിലൂടെ എന്നു വാഗ്ദാനം ചെയ്തും, തുടരും ഈ മുന്നേറ്റം എന്ന് അവകാശപ്പെട്ടുമാണ് അവർ നടത്തുന്ന പ്രചാരണം. ബാറുകളുടെ സമയം വർധിപ്പിച്ചുകൊടുത്ത തീരുമാനം സർക്കാരിനു വരുമാനം കൂട്ടുന്നതുപോലെ ഭരണകക്ഷിക്കാർക്ക് തെരഞ്ഞെടുപ്പുഫണ്ടും ഉണ്ടാക്കും.
ഇതിന് പുറമെയാണ് കിഫ്ബിയുടെ പരസ്യങ്ങൾ. സർക്കാർ ഫണ്ട് ഉപയോഗിച്ചു പിണറായി സർക്കാർ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനു തെളിവാണ് കിഫ്ബി പരസ്യങ്ങൾ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സാന്പത്തികവർഷം മാത്രം 150 കോടി രൂപ പ്രചാരണത്തിന് ചെലവാക്കി. മസാല ബോണ്ട് വഴി 9.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് ഇങ്ങനെ ദുർവിനിയോഗിക്കുന്നത്. ധനകാര്യ വിപണിയിൽ വിശ്വാസ്യത ഉണ്ടാക്കാനും നിലനിർത്താനും മികച്ച രീതിയിൽ ബ്രാൻഡിംഗ് ചെയ്യണമെന്ന് 2018 മുതൽ തീരുമാനമുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിന് അനുപാതികമായി പരസ്യം ചെയ്യുന്നു -കിഫ്ബി വിശദീകരിച്ചു. തുടർഭരണം കിട്ടിയില്ലെങ്കിൽ ഇടതു സർക്കാർ തുടങ്ങിയതെല്ലാം നിലയ്ക്കും എന്നും അവർ പറയുന്നുണ്ട്.
മണിശങ്കർ അയ്യരും കെ.വി. തോമസും
പിണറായി മൂന്നാമതും വരും എന്നു പറഞ്ഞ രണ്ടു മുൻ കോണ്‍ഗ്രസുകാർ മാധ്യമശ്രദ്ധയിൽ വന്നു. മണിശങ്കർ അയ്യരും കെ.വി. തോമസും. രണ്ടു പേരും മുൻ കേന്ദ്രമന്ത്രിമാരാണ്. ഇപ്പോൾ അനഭിമതർ. പിണറായിയുടെ സ്വന്തക്കാരാണ് രണ്ടുപേരുമിപ്പോൾ. പിണറായിക്കു മൂന്നാമൂഴം കിട്ടുമെന്ന് പറയുന്നത് അവരുടെ കടമ.
ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതർ
ലോകത്ത് മുസ്ലിംകൾ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകൻ അബ്ദുൾ ഹക്കിം അസ്ഹരി ഈ മാസം 18ന് ദുബായിൽ പറഞ്ഞത് മുസ്ലിംകളിൽ വരുന്ന മനംമാറ്റത്തിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 17ന് കാന്തപുരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം മതരാഷ്ട്രത്തെ എതിർക്കുന്ന മതനേതാവാണ് കാന്തപുരം. ഭാരതത്തിൽ മുസ്ലിം മതരാഷ്ട്രം ഉണ്ടാക്കാൻ വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയുമായി ഭാരതത്തിലെ രാഷ്ട്രീയ പാർട്ടികൾ സഖ്യമുണ്ടാക്കുന്നത് ആപത്താണെന്ന് മുന്നറിയിപ്പു നൽകിയ മുസ്ലിം നേതാവും. മലപ്പുറത്ത് നടക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാന്തപുരം ക്ഷണിച്ചു. മോദി അനുകൂല സമീപനം സ്വീകരിച്ചതായും വാർത്തയുണ്ട്. കേരളത്തിലെ സുന്നികൾ എല്ലാം ഒന്നിക്കുന്നതിനുള്ള നീക്കം നടക്കുകയാണ്. ജനാധിപത്യമുന്നണിയേക്കാൾ ദേശീയ മുന്നണിയാണ് നല്ലതെന്ന് മുസ്ലിം ലീഗിന് തോന്നുന്നതിലേക്ക് ഈ അടുപ്പം എത്തും എന്നുവരെ പറയുന്നവരുണ്ട്.
വിവാഹപൂർവ ബന്ധം അപകടം
വിവാഹത്തിനു മുന്‍പ് ആരെയും വിശ്വസിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജിമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂ