തിരുവനന്തപുരം: കോണ്ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം രണ്ടു ഘട്ടമായി. ഇതിൽ ആദ്യഘട്ട പട്ടിക തയാറാക്കി സംസ്ഥാന നേതൃത്വം ഡൽഹിക്കു പോയി. സിറ്റിംഗ് എംഎൽഎമാരും മത്സരിക്കാൻ ഉറപ്പുള്ള മുതിർന്ന നേതാക്കളും കഴിഞ്ഞ തവണ മത്സരിച്ച് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടവരും ഉൾപ്പെട്ട പട്ടികയാണ് സംസ്ഥാന നേതൃത്വം തയാറാക്കി കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറിയത്.
സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ ആദ്യഘട്ട പട്ടികയിലെ പേരുകളും വിജയസാധ്യതയും ചർച്ച ചെയ്യും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരാണ് ഡൽഹിക്കു പോയത്.
സിറ്റിംഗ് എംഎൽഎമാരായ 19 പേരുടെ പേരുകളും പട്ടികയിലുണ്ട്. മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച തൃപ്പൂണിത്തുറയിൽനിന്നുള്ള കെ. ബാബു, ലൈംഗികപീഡന ആരോപണത്തെത്തുടർന്ന് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട പാലക്കാട്ടുനിന്നുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ ഒഴികെയുള്ളവരുടെ പേരുകളും പട്ടികയിലുണ്ട്.
മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവരുടെ പേരുകളും ആദ്യഘട്ട പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച് നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട ശേഷവും മണ്ഡലം കേന്ദ്രമാക്കി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന വി.ടി. ബലറാമിനെപ്പോലുള്ള നേതാക്കളുടെ പേരുകളും ആദ്യ പട്ടികയിലുണ്ട്. പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധിയായ സാഹചര്യത്തിലാണ് നേതാക്കൾ ഡൽഹിക്കു പോകുന്നത്.
പോഷകസംഘടനകൾക്കും പ്രാമുഖ്യം
യൂത്ത് കോണ്ഗ്രസിന് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിന് അടക്കം നാലു സീറ്റുകൾ വരെ നൽകും. 10 സീറ്റുകൾ വേണമെന്നായിരുന്നു യൂത്ത് കോണ്ഗ്രസ് ആവശ്യം. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും സീറ്റുണ്ടാകും. മഹിളാ കോണ്ഗ്രസ് ഭാരവാഹികൾക്കും നാല് സീറ്റ് വരെ നൽകുമെന്നാണ് സൂചന.
ആദ്യഘട്ടത്തിൽ 50 മണ്ഡലങ്ങളിലെ പട്ടികയാണ് തയാറാക്കിയത്. പരാമവധി ഒറ്റപ്പേരുള്ള പട്ടികയാണ് തയാറാക്കിയത്. എന്നാൽ, ചിലയിടങ്ങളിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 35- 45 വരെയുള്ള പേരുകളാകും ഇന്നു കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറുക.
ജില്ലയിലെ പ്രധാന നേതാക്കൾ നൽകിയ പേരുകൾ, വിവിധ സർവേകളിലൂടെ കണ്ടെത്തിയ സ്ഥാനാർഥികൾ തുടങ്ങിയവർ അടങ്ങിയ രണ്ടാംഘട്ട പട്ടിക പുതുയുഗ യാത്ര സമീപിച്ച ശേഷം കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറും.
Tags : Congress candidates candidates First list Two phase Congress Kerala Niyama sabha Election Kerala Assumbly Election