തിരുവനന്തപുരം: തിരുവനന്തപുരത്തു മുന്നിലെത്തുന്നവർ ഭരണം പിടിക്കുമെന്ന കീഴ്വഴക്കം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ ആകെയുള്ള പതിനാലിൽ ഏഴു സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റ് നേടിയ ബിജെപി ചരിത്രം കുറിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ പതിനാലിൽ പതിമൂന്നിടത്തു വിജയിച്ച എൽഡിഎഫ് അഞ്ചു സീറ്റിലേക്കു പതിച്ചു. 2016ൽ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ഒ. രാജഗോപാലിലൂടെ ഇരിപ്പിടം നേടിയ ബിജെപി ഇത്തവണ നേമം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിലൂടെ തിരിച്ചുപിടിച്ചു.
കൂടാതെ കഴക്കൂട്ടത്ത് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ തകർത്ത് ബിജെപിയുടെ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചതിനു ശേഷം കോർപറേഷൻ പരിധിയിലുള്ള രണ്ടു മണ്ഡലങ്ങളിൽ വിജയിക്കാനായത് ബിജെപിക്ക് ഇരട്ടി മധുരമായി.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് യുഡിഎഫിനായി അട്ടിമറി വിജയമാണു കൈവരിച്ചത്. കാട്ടാക്കടയിൽ പുതുമുഖമായ എം.ആർ. ബൈജുവും നെയ്യാറ്റിൻകരയിൽ എൻ. ശക്തനും കോവളത്ത് എം. വിൻസെന്റും തിരുവനന്തപുരത്ത് സിഎംപിയുടെ സി.പി. ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും വിജയിച്ചു.
കോണ്‍ഗ്രസിന്റെ യുവനേതാവ് സുധീർഷാ പാലാട് വാമനപുരം പിടിച്ചെടുത്തത് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ടാണ്. സിറ്റിംഗ് എംഎൽഎ ആയ ഡി.കെ. മുരളിയെ 12,185 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുധീർ ഷാ അട്ടിമറിച്ചത്. 1970നു ശേഷം ആദ്യമായാണ് ഒരു കോണ്ഗ്രസുകാരൻ ഇവിടെ വിജയിക്കുന്നത്.
എൽഡിഎഫിനു നിലനിർത്താനായത് അരുവിക്കര, ആറ്റിങ്ങൽ, നെടുമങ്ങാട്, പാറശാല, വർക്കല മണ്ഡലങ്ങൾ മാത്രമാണ്.
Tags : Thiruvananthapuram tradition Without breaking Kerala Assembly election Kerala Niyama sabha Election