കണ്ണൂര്: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തളിപ്പറന്പിലും പേരാവൂരിലും പയ്യന്നൂരിലും പ്രചാരണം തുടങ്ങി സിപിഎം. തളിപ്പറന്പിൽ പി.കെ. ശ്യാമളയും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും പേരാവൂരിൽ കെ.കെ. ശൈലജയുമാണു പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
പേരാവൂരിൽ പ്രാദേശിക പരിപാടികളിൽ പങ്കെടുത്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശൈലജ സജീവമായിരിക്കുന്നത്. കൂടാതെ, വിവിധ കർഷകസംഘടനാ പ്രതിനിധികളെ നേരിൽക്കണ്ട് ആശയവിനിമയവും നടത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനും സംസ്ഥാന സമിതിയംഗം പനോളി വത്സനുമാണ് പേരാവൂർ മണ്ഡലത്തിന്റെ ചുമതല.
പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചെറിയ എതിർപ്പുകളോടെ മണ്ഡല കമ്മിറ്റികൾ കഴിഞ്ഞതോടെ തളിപ്പറന്പ് മണ്ഡലത്തിൽ ശ്യാമളയും സജീവമായി. പി. ജയരാജനു പുറമേ എം.വി. ജയരാജനും മണ്ഡലത്തിൽ ചുമതല നല്കിയിട്ടുണ്ട്.
എം.വി. ജയരാജനു കാസർഗോഡിന്റെ അധിക ചുമതലയ്ക്കു പുറമേയാണ് തളിപ്പറന്പിന്റെ ചുമതലകൂടി നല്കിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്ക് പൊതുവെ മണ്ഡലങ്ങളുടെ ചുമതല നല്കാറില്ല. എന്നാൽ, തളിപ്പറന്പ് നിലനിർത്തുകയെന്നതു സിപിഎമ്മിന്റെ അഭിമാന പോരാട്ടമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള സിപിഎം സ്ഥാനാർഥികളും മണ്ഡലങ്ങളിൽ സജീവമായി. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനുവേണ്ടി ചുവരെഴുത്തും തുടങ്ങി.
നിലവിൽ, സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പേര് ഒഴിവാക്കിയാണ് ചുവരെഴുത്ത്. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും തലശേരിയിൽ കാരായി രാജനും അഴീക്കോട്ട് കെ.വി. സുമേഷും ഗോദയിലിറങ്ങിക്കഴിഞ്ഞു.
Tags : election campaign Kannur CPM Kerala Niyama Sabha Election Kerala Assembly election