കണ്ണൂര്‍: ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും തിളക്കമുണ്ടായില്ല. വോട്ടെണ്ണലിന്റെ ആദ്യ നാലു മണിക്കൂറുകള്‍ സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ചങ്കിടിപ്പേറ്റുന്ന തരത്തിലായിരുന്നു.
പിണറായി വിജയനെ വിറപ്പിച്ചായിരുന്നു ആദ്യത്തെ ആറു റൗണ്ടുകളിൽ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിന്റെ മുന്നേറ്റം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പിറവി നല്കിയ പിണറായി ഉള്‍പ്പെടുന്ന ധര്‍മടം മണ്ഡലം സിപിഎമ്മിന്റെ ചെങ്കോട്ടയാണ്. സംസ്ഥാനത്ത് തന്നെ സിപിഎമ്മിന്റെ ഇളകാത്ത കോട്ട കൂടിയാണ് ധര്‍മടം. മൂന്നാം ഭരണത്തിന് നായകനാകാന്‍ ധര്‍മടത്ത് മത്സരിച്ച പിണറായി വിജയന് ഇത്തവണ രക്ഷപ്പെട്ടത് അപ്രതീക്ഷിത ഭൂരിപക്ഷത്തിന്.
2016ൽ 36,905 ഉം 2021 ല്‍ 50,123 വോട്ടും ഭൂരിപക്ഷം നേടിയായിരുന്നു പിണറായി വിജയന് ധര്‍മടത്തുനിന്ന് ജയിച്ചത്. ഈ ഭൂരിപക്ഷമാണ് ഇത്തവണ 19,247ആയി കുറഞ്ഞത്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍തന്നെ ധര്‍മടത്ത് പിണറായി വിജയന് പിറകിലായത് പാര്‍ട്ടി അണികളില്‍ ഞെട്ടലാണുണ്ടാക്കിയത്. ഒന്നാം റൗണ്ടില്‍ 733 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് മുന്നിട്ടു നിന്നത്. പിന്നീട് ആറ് റൗണ്ടുകളിലും അബ്ദുൾ റഷീദിനു തന്നെയായിരുന്നു ലീഡ്.
Tags : Pinarayi vijayan six rounds Kerala Assembly Election Kerala Niyama Sabha Election