കേരളത്തിന്റെ വാണിജ്യ തലസ്ഥാനമുള്പ്പെടുന്ന എറണാകുളം ജില്ലയുടെ തെരഞ്ഞെടുപ്പു പോരാട്ടങ്ങളെല്ലാം മിക്കതും പൂര്‍ത്തിയാക്കി പിരിഞ്ഞത് കോണ്‍ഗ്രസിനും യുഡിഎഫിനും ‘കൈ’കൊടുത്താണ്. 2021ലും 2016ലും സംസ്ഥാനത്തുണ്ടായ ഇടതുതരംഗത്തില്‍ എറണാകുളം ‘കൈ’വിടാന്‍ മടിച്ചു. ഒരുവേള ഇടതുചേര്‍ന്നു നടന്നേക്കുമെന്നു തോന്നലുണ്ടാക്കിയപ്പോഴും ക്ലൈമാക്സില്‍ വലതുപക്ഷത്തു ചുവടുറപ്പിച്ചതാണ് ജില്ലയുടെ തെരഞ്ഞടുപ്പുചിത്രം. ഇടയ്ക്ക് പേരിനു ചില അട്ടിമറിജയങ്ങള് അഭിമാനിക്കാന്‍ വക നല്കുമ്പോഴും ഇടതുപക്ഷവും മൗനമായി സമ്മതിക്കും ഇത് മധ്യകേരളത്തിലെ യുഡിഎഫിന്റെ പ്രബലമായ കോട്ടതന്നെ.
കൊച്ചി കോര്പറേഷന്, 13 നഗരസഭകള്‍, 82 ഗ്രാമപഞ്ചായത്തുകള്‍. നിയമസഭാ മണ്ഡലങ്ങള്‍ 14. ഒമ്പതിടത്ത് യുഡിഎഫ്, അഞ്ചു സീറ്റുകളില്‍ എല്‍ഡിഎഫ്. ഇതാണ് എറണാകുളം ജില്ലയുടെ പൊതുചിത്രം.
2021ല്‍ സംഭവിച്ചത്
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ് 2021ല്‍ യുഡിഎഫിനു ലഭിച്ചത്. 2016ല്‍ നഷ്ടപ്പെട്ട തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും 2021ല്‍ യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.
അതേസമയം, യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന കളമശേരിയും കുന്നത്തുനാടും കഴിഞ്ഞ തവണ എല്‍ഡിഎഫ് അട്ടിമറിജയത്തോടെ പിടിച്ചെടുത്തു. ഇതിനു പുറമേ വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് ഇടതുപക്ഷ മണ്ഡലങ്ങള്‍.
ഉപതെരഞ്ഞെടുപ്പു മുതല്‍ തദ്ദേശം വരെ യുഡിഎഫ്
തൃക്കാക്കരയില്‍ പി.ടി. തോമസ് എംഎല്‍എയുടെ മരണത്തിനുശേഷം 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തി ജയം ആവര്‍ത്തിച്ചു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജില്ലയില്‍ യുഡിഎഫിനായിരുന്നു ആധിപത്യം. ലോക്സഭാ മണ്ഡലങ്ങളില്‍ എറണാകുളം പൂര്‍ണമായും ചാലക്കുടി, ഇടുക്കി, കോട്ടയം മണ്ഡലങ്ങള്‍ ഭാഗികമായും ജില്ലയിലുണ്ട്. എല്‍ഡിഎഫിന്റെ കൈയിലുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലുള്‍പ്പടെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറ്റമുണ്ടാക്കി.
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തിന്, 2025ലെ തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തിളക്കം കൂട്ടി. കോര്‍പറേഷനില്‍ 76 ല്‍ 47 ഡിവിഷനുകളിലും വിജയിച്ചാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. ജില്ലാ പഞ്ചായത്തില്‍ 28 ഡിവിഷനുകളില്‍ 25, നഗരസഭകളില്‍ 13ല്‍ 12, ബ്ലോക്ക് പഞ്ചായത്തുകള്‍ 14ല്‍ 13, പഞ്ചായത്തുകള്‍ 82ല്‍ 71. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം അതിശയിപ്പിക്കുന്നതായിരുന്നു.
തത്സ്ഥിതിയോ അതുക്കും മേലെയോ?
ജില്ലയില്‍ ഇക്കുറിയും യുഡിഎഫ് ആധിപത്യം ആവര്‍ത്തിക്കുമെന്നു കണക്കുകൂട്ടുന്നവരാണ് എറണാകുളത്തെ നിരീക്ഷിക്കുന്ന രാഷ്ട്രീയവിദഗ്ധരുടെയും പണ്ഡിതരുടെയും പക്ഷം. ആകെയുള്ള 14ല്‍ കഴിഞ്ഞ തവണ കൈവിട്ട അഞ്ചു സീറ്റുകള്‍കൂടി അക്കൗണ്ടിലാക്കി യുഡിഎഫ് സമഗ്രാധിപത്യം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നവരും കുറവല്ല.
എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പു പോലെയല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണമികവിന്റെയും സ്ഥാനാര്ഥിപ്രഭാവത്തിന്റെയും പൊലിമയില്‍ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനും കൂടുതല്‍ സീറ്റുകള്‍ നേടാനും ആകുമെന്ന കണക്കുകൂട്ടലാണ് എല്‍ഡിഎഫിനുള്ളത്.
നഗരസഭകളിലൊന്നില് (തൃപ്പൂണിത്തുറ) ഭരണം പിടിച്ച് ഇടതു- വലതു മുന്നണികളെ ഞെട്ടിച്ചെങ്കിലും, ബിജെപിക്ക് നിയമസഭയിലേക്ക് ജില്ലയില്‍ നിന്നു ടിക്കറ്റ് കിട്ടുമെന്നു പ്രതീക്ഷയില്ല. ജില്ലയില്‍ വേരോട്ടമുള്ള ട്വന്റി 20 എന്‍ഡിഎ പാളയത്തിലെത്തിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ മുന്നണിയെ ജയത്തിലേക്കെത്തിക്കുന്ന നേട്ടമാകുമെന്ന് കരുതുന്നില്ലെങ്കിലും, ഇടതു, വലതു സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങളെ അതു സ്വാധീനിക്കുമെന്നുറപ്പ്.
എംഎല്‍എമാർ ഏറെയും മത്സരത്തിന്
നിലവിലെ സ്ഥിതിയില്‍ ജില്ലയിലെ സിറ്റിംഗ് എംഎല്‍എമാരില്‍ കെ. ബാബു ഒഴികെയുള്ളവര്‍ മത്സരരംഗത്തുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കെ. ബാബു മത്സരിക്കാനില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിത്വം സ്വപ്നം കാണുന്നവര്‍ കോണ്‍ഗ്രസില്‍ അരയും തലയും മുറുക്കി കളം പിടിച്ചിട്ടുണ്ട്.
റോജി എം. ജോണ്‍ (അങ്കമാലി), അന്‍വര്‍ സാദത്ത് (ആലുവ), വി.ഡി. സതീശന് (പറവൂര്‍), ടി.ജെ. വിനോദ് (എറണാകുളം), ഉമ തോമസ് (തൃക്കാക്കര), മാത്യു കുഴല്നാടന് (മൂവാറ്റുപുഴ), അനൂപ് ജേക്കബ് (പിറവം) എന്നിവര്‍ യുഡിഎഫില്‍ സീറ്റുറപ്പിച്ച മട്ടിലാണ്. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും ഉടന്‍ പരിഹരിക്കുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എല്‍ഡിഎഫില്‍ മന്ത്രി പി. രാജീവ് തന്നെയാകും കളമശേരിയിലെ സ്ഥാനാര്‍ഥി. കെ.എന്‍. ഉണ്ണികൃഷ്ണന് (വൈപ്പിന്‍), കെ.ജെ. മാക്സി (കൊച്ചി), ആന്റണി ജോണ്‍ (കോതമംഗലം), പി.വി. ശ്രീനിജന് (കുന്നത്തുനാട്) എന്നിവരും പിന്മാറാനിടയില്ല.
പുതുമുഖങ്ങളും വരും
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മേയര്‍ കസേര കിട്ടാത്തതിന്റെ പേരില്‍ അതൃപ്തി പരസ്യമാക്കിയ ദീപ്തി മേരി വര്‍ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍നിന്നു പുതുമുഖ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരാണ്. ഘടകകക്ഷികളുടെ സീറ്റുകളില്‍ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനുള്ള കോതമംഗലം സീറ്റില്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറവും കളമശേരിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകന് അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറും വീണ്ടും അങ്കത്തിനിറങ്ങും. തൃപ്പൂണിത്തുറയില്‍ രമേഷ് പിഷാരടിയെയോ മറ്റു സെലിബ്രിറ്റി സ്ഥാനാര്‍ഥിയെയോ പരിഗണിക്കാന്‍ യുഡിഎഫില്‍ ചര്‍ച്ചയുണ്ട്.
ഇടതുപക്ഷത്ത് അടിയുറച്ച പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം പൊതുസ്വീകാര്യതയുള്ള മുഖങ്ങളെയും കളത്തിലിറക്കാന്‍ നീക്കങ്ങള്‍ സജീവം. എറണാകുളത്തും തൃപ്പൂണിത്തുറയിലും ആ നിലയിലുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, മുന്‍ മേയര്‍ എ.പി. അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാർഥികളാകാന്‍ സാധ്യതയുണ്ട്.
എന്‍ഡിഎയില്‍ ട്വന്റി 20 മത്സരിക്കുന്ന അങ്കമാലിയില്‍ അഡ്വ. ചാര്‍ളി പോള്‍ മത്സരത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥിക്കായുള്ള ചര്‍ച്ചകളുണ്ട്. നഗരസഭാ ഭരണം പിടിച്ച തൃപ്പൂണിത്തുറയില്‍ ബിജെപി വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കും.
മുഖ്യമന്ത്രി, മന്ത്രി...?
യുഡിഎഫ് ഭരണം പിടിച്ചാല്‍ മുഖ്യമന്ത്രി എറണാകുളം ജില്ലയില്നിന്നെന്നു കരുതുന്നവര്‍ കുറവല്ല. പറവൂരില്‍ മത്സരിക്കുന്ന വി.ഡി. സതീശന് ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയും ചെയ്താല്‍ അദ്ദേഹത്തിനു മുഖ്യമന്ത്രിക്കസേര അകലെയാകില്ല. അതു സംഭവിച്ചാല്‍ ജില്ലയ്ക്ക് അതു പുതുചരിത്രമാകും.
അതേസമയം, യുഡിഎഫ് ഭരണത്തില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന അര ഡസനോളം നേതാക്കളെങ്കിലും ജില്ലയിലുണ്ടെന്നതും കൗതുകമാണ്. മൂന്നു വട്ടം എംഎല്‍എയായ അന്‍വര്‍ സാദത്ത്, ദേശീയശ്രദ്ധയിലെത്തിയ യുവമുഖം റോജി എം. ജോണ്‍, നിയമസഭയിലും പുറത്തും രാഷ്ട്രീയ തീപ്പൊരികള്‍ വിതറിയ മാത്യു കുഴല്നാടന്, കേരള കോണ്‍ഗ്രസ് ജേക്കബിലെ അനൂപ് ജേക്കബ്... ഇവരെല്ലാം ഇക്കുറി നിയമസഭ മാത്രല്ല, മന്ത്രിക്കസേരകളും ഉന്നം വയ്ക്കുന്നുണ്ട്. പിറവത്ത് ജയവും യുഡിഎഫ് ഭരണവും ഉറപ്പിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കാം.
സ്ഥാനാര്‍ഥിത്വവും ജയവും ഇടതുഭരണത്തുടര്ച്ചയും ഉറപ്പായാല്‍ പി. രാജീവിനെത്തേടി സുപ്രധാന മന്ത്രിപദവിയെത്തിയേക്കും.
ട്വന്റി 20- ബിജെപി
കുന്നത്തുനാട് ഉള്‍പ്പടെ ജില്ലയിലെ ഏതാനും മണ്ഡലങ്ങളില്‍ വേരോട്ടമുള്ള ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമായശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍, എന്തു ചലനമുണ്ടാക്കുമെന്നത് രാഷ്ട്രീയപ്രാധാന്യമുള്ള വിഷയമാണ്. അത്തരമൊരു ചലനമുണ്ടെങ്കില്‍ അതു തെളിയിക്കേണ്ടത് എറണാകുളം ജില്ലയിലാണുതാനും.
2021ല്‍ എട്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ട്വന്റി 20 കുന്നത്തുനാട്, കൊച്ചി, വൈപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു. കുന്നത്തുനാട്ടില്‍ 42,701 വോട്ടുകള്‍ നേടിയ ട്വന്റി 20 തെരഞ്ഞെടുപ്പുഫലത്തില്‍ നിര്‍ണായക സ്വാധീനമായി. ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ പ്രകടനം മോശമായില്ല.
2021ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ചില മണ്ഡലങ്ങളില്‍ നാലാം സ്ഥാനത്തേക്കു തള്ളപ്പെട്ടതിന്റെ ക്ഷീണം ബിജെപി ക്യാമ്പിനുണ്ട്. അന്നു വിജയം ഉറപ്പെന്നു പറഞ്ഞു ബിജെപി കളത്തിലിറക്കിയ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണനു 2016ല്‍ പാര്‍ട്ടിക്കു കിട്ടിയ വോട്ടുപോലും കിട്ടിയില്ല. എങ്കിലും ഇക്കുറി ജില്ലയില്‍ ഇടതു, വലതു സ്ഥാനാര്‍ഥികളുടെ ആത്മവിശ്വാസങ്ങളുടെ വീര്യം കുറയ്ക്കാനാകുന്ന സസ്പെന്സുകള് തങ്ങളുടെ പാളയത്തിലുണ്ടാകുമെന്നാണ് എന്‍ഡിഎ നേതാക്കള്‍ പറയുന്നത്.
രാഷ്ട്രീയം, വികസനം, വ്യക്തിപ്രഭാവം
കേരളത്തിലെ പൊതുവായ രാഷ്ട്രീയ സാഹചര്യങ്ങളെയും വികസന ദര്‍ശനങ്ങളെയും സ്ഥാനാര്‍ഥികളുടെ വ്യക്തിത്വമികവുകളെയും സൂക്ഷ്മമായി വിലയിരുത്തി വോട്ട് ചെയ്യാനുറച്ചവരാണ് എറണാകുളം ജില്ലയിലധികവും. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ഭരണത്തുടര്‍ച്ചയുടെ അനിവാര്യത ഓര്‍മപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്റെ തുറുപ്പുചീട്ട്. കളമശേരി ഉള്‍പ്പടെ ജില്ലയിലെ ഇടതുമണ്ഡലങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ സിപിഎം ഉയര്‍ത്തിക്കാട്ടുന്നു. ചെല്ലാനത്ത് കടലാക്രമണം നേരിടാനുള്ള ടെട്രാപ്പോഡ് പദ്ധതി, കൊച്ചിയിലെ മെട്രോ വികസനം എന്നിവയും ഇടതുനേട്ടങ്ങളായി പ്രചാരണത്തില്‍ ഇടംപിടിക്കും.
സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം ഉറക്കെപ്പറഞ്ഞാകും എറണാകുളത്തും യുഡിഎഫിന്റെ മുഖ്യപ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നും ജയത്തിന്റെ ശോഭ കെടാതെ, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയം ഉറപ്പാക്കാമെന്നു യുഡിഎഫ് കണക്കുകൂട്ടുന്നു.
Tags : Ernakulam Kerala Niyama Sabha Election Kerala Assumbly Election