Kerala
കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. പരീക്കപ്പീടിക അടയ്ക്കാമുണ്ടയ്ക്കല്‍ ക്രിസ് വിനുവിന്റെ മൃതദേഹം പത്തരയോടെയാണ് മൂവാറ്റുപുഴ പുഴക്കര കാവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പെട്ട് കാണാതായത്.
വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷിന്റെ മൃതദേഹം ഇന്ന് രാവിലെ ആറോടെ കണ്ടെത്തിയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്ലസ്ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഇന്നലെ വൈകുന്നേരെ കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്.
അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നു വരെ തിരച്ചില്‍ നടന്നിരുന്നു.
ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്റെ തൊട്ടടുത്ത കടവില്‍ നിന്നും അശ്വിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അശ്വിന് മൂവാറ്റുപുഴ എസ്എന്‍ഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.
Kerala
കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവില്‍ പുഴയില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി അശ്വിന് സന്തോഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. അശ്വിനൊപ്പം കാണാതായ ക്രിസ് വിനുവിനായി തിരച്ചില്‍ തുടരുകയാണ്.
പ്ലസ് ടു വിദ്യാര്‍ഥികളായ അശ്വിനും ക്രിസും ഞായറാഴ്ച വൈകുന്നേരം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. സമപ്രായക്കാരായ ആറുപേരാണ് പുഴയിലിറങ്ങിയത്. അവധിക്കാലമായതിനാല്‍ കാറ്ററിംഗ് ജോലിക്ക് പോയി മടങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒരാള്‍ ഒഴുക്കില്‍ പെട്ടതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റേയാളും ഒഴുക്കില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് സ്കൂബ ടീമും ഫയര്‍ ഫോഴ്സും നാട്ടുകാരും തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നു വരെ തെരച്ചില്‍ നടന്നിരുന്നു. രാവിലെ വീണ്ടും തെരച്ചില്‍ നടത്താന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം നടന്നതിന്റെ തൊട്ടടുത്ത കടവില്‍നിന്നു അശ്വിന്റെ മൃതദേഹം കണ്ടെത്തുന്നത്. ക്രിസ് കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിലും അശ്വിൻ മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലും പ്ലസ് ടു പരീക്ഷ കഴിഞ്ഞവരാണ്.
District News
മൂവാറ്റുപുഴ : ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്കി മൂവാറ്റുപുഴ നഗരസഭ ബജറ്റ്. വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം ബജറ്റ് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. 62,44,87,813 രൂപ വരവും 51,96,96,647 രൂപ ചെലവും 10,47,91,166 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നഗരത്തിന്റെ മുഖഛായ മാറ്റുന്ന തരത്തില്‍ നദീതീരങ്ങളില്‍ സൗകര്യപ്രദമായ നടപ്പാതകൾ, വിശ്രമ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്ഷണങ്ങള് എന്നിവ സൃഷ്ടിക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തി. പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കാന്‍ നഗരസഭയുടെ ഉപയോഗപ്പെടുത്താത്ത സ്ഥലങ്ങള്‍ കണ്ടെത്തി ഒരുക്കാന്‍ 40 ലക്ഷം നീക്കി വച്ചു.
മോഡേണ്‍ ഫിഷ് മാര്‍ക്കറ്റിലേക്ക് വഴി നിര്‍മിക്കാന്‍ 10 ലക്ഷം. വൈദ്യുത കാറുകളുടെ പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം, ഓണ്‍ കോള്‍ ഓട്ടോ പദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം. അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും വിധം സ്നേഹ സമുച്ചയം ഭവന പദ്ധതി, ഇതിനായി 50 ലക്ഷവും സ്ത്രീകളുടെ ക്ഷേമത്തിനായി 25 ലക്ഷവും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ശുചിത്വ മിഷനില്‍ നിന്ന് ഗ്രാന്റായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 30 കോടി വിനിയോഗിച്ച് ഗ്രീന്‍ പാര്‍ക്ക് നിര്‍മിക്കും. ഇതിനു പുറമേ ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 92 ലക്ഷം വകയിരുത്തി.
നഗരത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ രീതിയിൽ വെള്ളപ്പൊക്ക ഭീഷണിയെ അതിജീവിക്കുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള ടൗണ്‍ഹാള്‍ നിര്‍മിക്കും. ആധുനിക മത്സ്യ മാര്‍ക്കറ്റ്, അര്‍ബന്‍ ഹാറ്റ്, സ്റ്റോട്ടര്‍ ഹൗസ് എന്നിവ സംബന്ധിച്ച് പഠനം നടത്തുന്നതിന് മൂന്നുലക്ഷവും സത്രം കോംപ്ലക്സ്, പേവാര്‍ഡ് കോംപ്ലക്സ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്ക് 31 ലക്ഷവും നഗരസഭ വക കച്ചേരിത്താഴം ഷോപ്പിംഗ് കോംപ്ലക്സ് അറ്റകുറ്റപ്പണികള്‍ക്ക് 14 ലക്ഷവും മുനിസിപ്പല്‍ പാര്‍ക്കില്‍ കളി ഉപകരണങ്ങള്‍ വാങ്ങാന്‍ അഞ്ചുലക്ഷവും വയോജന വിജ്ഞാന സൗഹൃദ കേന്ദ്രത്തിന് 10 ലക്ഷവുമടക്കം പൊതുഭരണ- ധനകാര്യ വിഭാഗത്തിനായി 89,75,000 രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്.
സമഗ്ര നെല്‍കൃഷി വികസനം, പുരയിട കൃഷി വികസനം, കുറ്റിക്കുരുമുളക് വിതരണം, പച്ചക്കറി കൃഷി വികസനം, എച്ചഡിപി ചട്ടികളും സ്പ്രേയിംഗ് മിക്സറും പച്ചക്കറി തൈകളും വിതരണം എന്നിവയടക്കം കൃഷി വികസനത്തിനായി പത്തൊമ്പതര ലക്ഷം വകയിരുത്തി.
Sports
കൊച്ചി: എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന പാരതിയില്‍ പോലീസ് കേസെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെ മൂവാറ്റുപുഴ പോലീസാണ് കേസെടുത്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഭര്‍ത്താവ് മെസേജിലൂടെ മുത്തലാഖ് ചൊല്ലിയതായാണ് പരാതി. ശാരീരികവും മാനസികവുമായി ഇയാൾ പീഡിപ്പിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
2016ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മേയ് 21നാണ് ഭര്‍ത്താവ് മുത്തലാഖ് സന്ദേശം അയച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
Kerala
മൂവാറ്റുപുഴ: കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഞായറാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.
മണര്‍കാട് ഭാഗത്തുനിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
Kerala
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. ഒഡീഷ സ്വദേശി രാകേഷ് ബഹ്റയാണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. മദ്യപിക്കുന്നതിനിടെ രാകേഷും സുഹൃത്തുക്കളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നു.
രാകേഷിന്റെ ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം.
കസ്റ്റഡിയിലുള്ള മൂന്നു പേരെയും മൂവാറ്റുപുഴ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
District News
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണ പുരോഗതികള്‍ വിലയിരുത്തുന്നതിനായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി പി.ബി. നൂഹിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മൂവാറ്റുപുഴയിൽ സ്ഥലപരിശോധന നടത്തി. പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടന്നിരുന്ന മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണം 2023-24 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.25 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.
നിലവില്‍ ഫയര്‍ ടാങ്ക്, ഗാരേജ് റൂഫിംഗ്, വാഷിംഗ് സര്‍വീസ് സ്റ്റേഷന്, പാര്‍ക്കിംഗ് ഏരിയ, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് ടാങ്ക്, കേബിള്‍ ഡക്ട്, ഡ്രെയ്നേജ് തുടങ്ങിയ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ക്ലോക്ക് ടവര്‍, കോമ്പൗണ്ട് വാള്, സ്ട്രക്ചറല്‍ ഗ്ലേസിംഗ് എന്നിവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും പെയന്റിംഗ് ജോലികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുതിയ കെട്ടിടത്തിന്റെയും പഴയ കെട്ടിടത്തിന്റെയും ഇലക്ട്രിഫിക്കേഷന് പ്രവൃത്തിനങ്ങള്, ടോയ്ലറ്റുകള് തുറക്കുന്നതിനാവശ്യമായ എസ്ടിപി വര്‍ക്കുകള്‍, ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ചില സാങ്കേതിക തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, ഇവ പരിഹരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍ കൈക്കൊള്ളും. എസ്ടിപി, ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പി.ബി. നൂഹ് വ്യക്തമാക്കി.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സ്റ്റേഷന് മാസ്റ്റര്‍ റൂം, ഇന്‍ഫര്‍മേഷന്‍ ഏരിയ, വനിതാ-പുരുഷ ജീവനക്കാര്‍ക്ക് പ്രത്യേക വിശ്രമ മുറികള്‍, യാത്രികര്‍ക്കായി ആധുനിക കാത്തിരിപ്പ് കേന്ദ്രം, ശുചിമുറികള്‍, വാഷ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഹിയറിംഗ്, സ്ക്രീനിംഗ് എന്നീ ജോലികള്‍ക്കായി റവന്യു ഉദ്യോഗസ്ഥരെ നിയമിച്ചതിനാല്‍ കഴിഞ്ഞ ഒരു മാസമായി മൂവാറ്റുപുഴ താലൂക്ക് ഓഫീസിന്റേയും റവന്യു ഡിവിഷണല്‍ ഓഫീസിന്റേയും പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. താലൂക്കില്‍ നിന്നു ക്ലര്‍ക്ക്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, തഹസില്‍ദാര്‍ ഉള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതിനാല്‍ മിക്ക സെക്ഷനുകളിലും ഉദ്യോഗസ്ഥര്‍ ഇല്ലാത്ത സാഹചര്യമാണ്.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ ഒരു മാസമായി ഓഫീസുകള്‍ പല തവണ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളതും. പലരും സേവനങ്ങള്‍ വൈകുന്നതിനാല്‍ കയര്‍ത്ത് സംസാരിക്കുന്ന സാഹചര്യം നിലവിലുണ്ട്.
ഒരു മാസത്തിലധികമായി പ്രവര്‍ത്തിക്കുന്ന എസ്ഐആര്‍ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് ഇതര ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെ മുപ്പതോളം ജീവനക്കാരാണ് ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.തിരക്ക് കുറഞ്ഞ ഇതര വകുപ്പുകളിൽ നിന്നും ജീവനക്കാരെ ഈ ജോലികള്‍ക്കായി നിയോഗിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്.
ബംഗാളിൽ നിന്ന് ട്രെയിനിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ നാലുവയസുകാരി കിണറ്റിൽ വീണു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ചത്.
ആയവനയിൽ രാവിലെ പത്തോടെയാണ് അപകടം. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നെടുത്തത്.എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ സ്വകാര്യ ബസ് ഡ്രൈവറും സ്കൂട്ടര്‍ യാത്രികനും തമ്മില്‍ കൈയാങ്കളി. നടുറോഡില്‍ ഇരുവരും ഏറ്റുമുട്ടിയതോടെ നഗരത്തില്‍ ഗതാഗതം തടസപ്പെട്ടു. ടിബി ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. തുഷാരം എന്ന ബസിന്റെ ഡ്രൈവറാണ് നടുറോഡില്‍ ബസ് നിര്‍ത്തി ഇറങ്ങിയത്.
ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ സ്കൂട്ടര്‍ യാത്രികനെ അനുവദിക്കാത്തതിനും അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിനെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സ്കൂട്ടര്‍ യാത്രികന് ചോദ്യം ചെയ്തതോടെ നടുറോഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ ചാടിയിറങ്ങുകയായിരുന്നു.
ഇരുവരും അസഭ്യം പറയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. ഗതാഗതം സ്തംഭിച്ചതോടെ മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. അതേസമയം, റോഡില്‍ മീഡിയന് നിര്‍മിച്ചതോടെ ഒരേ സമയം രണ്ടു വാഹനങ്ങള്‍ക്കു കടന്നു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇതു തര്‍ക്കങ്ങള്‍ക്കു കാരണമാവുന്നുണ്ട്.
District News
മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമായി. ആകെയുള്ള 14 ഡിവിഷനുകളിലേക്ക് 41 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
തൃക്കളത്തൂര്‍: നസീര്‍ കെ.എം. കല്ലുവെട്ടിക്കുഴിയില്‍ (എസ്ഡിപിഐ), ബേസില്‍ പൊളുമൂട്ടില് (ബിജെപി), ഫൈസല്‍ വടക്കനേത്ത് (കോണ്‍.), ഹരിദാസ് ഇ.എ. ഇടശേരിക്കുടി (സിപിഎം). പായിപ്ര: നന്ദിനി അനില്‍ കുമാര്‍ കൊച്ചുപറമ്പില്‍ (ബിജെപി), നെജി ഷാനവാസ് പറമ്പില്‍ (കോണ്‍.), സീനത്ത് മീരാന്‍ മുകുളംപുറത്ത് (സിപിഎം). മുളവൂര്‍: സുലൈഖ മക്കാര്‍ വെളിയത്ത്കുടി (മുസ്ലിം ലീഗ്), സുഷമ (സുഷമ രാജന്) നെടിയാലില്‍ (ബിജെപി), റംല (റംല അനസ്) കുന്നുംപുറം (സിപിഎം).
അഞ്ചല്‍പ്പെട്ടി: പി.എച്ച്. നിസാര്‍ പാറപ്പുറത്ത് (സ്വത.), മാനുവല്‍ (മാനുവല്‍ കാക്കനാട്ട്) കാക്കനാട്ട് (ബിജെപി), സുബാഷ് കടയ്ക്കോട്ട് (കോണ്‍.). ആയവന: എന്‍.കെ. പുഷ്പ നടുവിലേടത്ത് (സിപിഐ), മേഴ്സി ജോര്‍ജ്ജ് പാലേക്കുടിയില്‍ (കോണ്‍.), ഷീബ ബി. പുത്തന്‍പുര (ബിജെപി). കല്ലൂര്‍ക്കാട്: ബെറ്റി സാബു കോന്നംപ്ലാക്കല്‍ (ബിജെപി), ലിസി ജോളി നെടുങ്കല്ലേല്‍ (കേരള കോണ്‍.), സെലിന് അഗസ്റ്റിന് (സ്വത.). മഞ്ഞള്ളൂര്‍: ജോണ്‍ കളമ്പുകാട്ട് (കേരള കോണ്‍.), ബിജു മോന് വി.കെ. വീണ്ടപ്ലാക്കില് (ബിജെപി), ഷാജു കെ. തോമസ് കാഞ്ഞിരക്കൊമ്പില്‍ (സ്വത.).
ആവോലി: അലക്സാണ്ടര്‍ ജോര്‍ഡി ചക്കാലക്കുടിയില്‍ (സ്വത.), കെ.കെ. ദിനേശ് കിഴക്കുംകരയില്‍ (ബിജെപി), ജോസ് പെരുമ്പിള്ളിക്കുന്നേല്‍ (കോണ്‍.). അടൂപ്പറമ്പ്: രാധിക സുരേഷ് കക്കാട്ടുകുന്നേല് (സിപിഐ), സഹീറ മജീദ് ചാലില്‍ (സ്വത.), സുശീല വടക്കേക്കടിയില് (ബിജെപി).
പണ്ടപ്പിള്ളി: ബിന്ദു ജോര്‍ജ് ഓണാട്ട് (കോണ്‍.), രഞ്ചിനി കെ.ബി. കുന്നത്തുകുടിയില്‍ (ബിജെപി), റാണി ജെയ്സണ്‍ ചിറ്റേത്ത് (സ്വത.). ആരക്കുഴ: ചിന്നമ്മ മഞ്ചു മലേക്കുടിയില്‍ (കേരള കോൺ. എം), ജോഫി ആന്റണി തുലാമറ്റത്തില്‍ (കോണ്‍.). മാറാടി: ജെയ്സ് ജോണ്‍ പുളിയാനിക്കാട്ട് (കോണ്‍.), മുരളി ശശി കോട്ടേരില്‍ (സിപിഎം), വിഷ്ണു വി. നായര്‍ (ബിജെപി).
മേക്കടമ്പ്: അബ്രഹാം സ്കറിയ വെളിയത്ത് (സിപിഐ), ഒ.പി. മാത്യു ഓലിക്കല്‍ (ബിജെപി), സാബു ജോണ്‍ നടുപ്പറമ്പില്‍ (കോണ്‍ഗ്രസ്). വാളകം: കുട്ടപ്പന് കെ.കെ. സ്വാതി ഭവന് (സിപിഎം), മനോജ് പി.കെ. പാറപ്പാട്ട് (കോണ്‍.)
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ പുതിയതായി ആരംഭിച്ച എന്‍ഡിപിഎസ് കോടതി ഹൈക്കോടതി സീനിയര്‍ ജഡ്ജി വി. രാജ വിജയരാഘവന് ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് കോടതിയില്‍ വിചാരണ ചെയ്യുക. എറണാകുളം ജില്ലയിലെ രണ്ടാമത്തെ എന്‍ഡിപിഎസ് കോടതിയാണ് മൂവാറ്റുപുഴയില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കോടതിയുള്ളത് പറവൂരാണ്. സമയബന്ധിതമായി വിചാരണ നടത്താന്‍ കഴിയാതെ ജില്ലയില്‍ കെട്ടിക്കിടക്കുന്ന കേസുകളിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ കോടതി തുടങ്ങുന്നതോടെ സാധിക്കുമെന്ന് സീനിയര്‍ ജഡ്ജി വി. രാജ വിജയരാഘവന് പറഞ്ഞു.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹണി എം. വര്‍ഗീസ്, അഡീഷണല്‍ ജില്ലാ ജഡ്ജി കെ.എന്‍. ഹരികുമാര്‍, സെക്രട്ടറി എ.കെ. ശ്രീകാന്ത്, എം. ജയലാല്‍, ഏബ്രഹാം ജോസഫ്, സാബു ജോണ്‍, റിജാ ബാബു എന്നിവര്‍ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ടു നിർമിച്ച നടപ്പാതയില്നിന്നു വീണ് അഭിഭാഷകയുടെ കൈയ്ക്ക് പൊട്ടൽ. മൂവാറ്റുപുഴ കോടതിയിലെ അഭിഭാഷകയും മോഡല്‍ ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഐക്കരക്കുടിയില്‍ ഡയന വര്‍ഗീസിനാണ് പരിക്കേറ്റത്. കച്ചേരിതാഴത്ത് വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇറങ്ങി വരികയായിരുന്ന അഭിഭാഷക നടപ്പാതയിലെ ഉയര്‍ന്ന സ്ലാബില്‍ കാല് തട്ടിയതിനെ തുടര്‍ന്ന് റോഡില്‍ കാല് വഴുതി വീഴുകയായിരുന്നു.
മൂവാറ്റുപുഴ നഗര വികസന പ്രവര്‍ത്തനത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്ന് അഭിഭാഷക പറഞ്ഞു. പരിക്കേറ്റ അഭിഭാഷക മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
District News
കോതമംഗലം: മൂവാറ്റുപുഴയാറിലെ ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളം സംഭരിച്ച് തുടങ്ങി. ഇടുക്കി ജല വൈദ്യുത പദ്ധതി അറ്റകുറ്റപ്പണിക്കായി ഒരു മാസത്തേക്ക് അടച്ചതോടെ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴുന്നത് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഭൂതത്താന്‍കെട്ട് ഡാമില്‍ ജലം സംഭരിക്കുന്നത്. ഡാമില്‍നിന്ന് പെരിയാര്‍വാലി കനാലുകളിലൂടെ മൂവാറ്റുപുഴയിലേക്ക് വെള്ളം എത്തിക്കും. ഇതിനായി ഡാമിന്റെ മൂന്ന് ഷട്ടര്‍ ഒഴിച്ച് ബാക്കിയുള്ളവ ബുധനാഴ്ച രാത്രി മുതല്‍ ഘട്ടംഘട്ടമായി അടച്ചു.
ഇടുക്കി പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നവംബറില്‍ കനാല്‍ തുറക്കുന്നത്. കോതമംഗലം, മുളവൂര്‍ ബ്രാഞ്ച് കനാലുകള്‍ മാത്രമാണ് അടുത്ത ആഴ്ച തുറക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് കൂടി മൂവാറ്റുപുഴയാറിലെ ജലനിരപ്പിൽ കാര്യമായ താഴ്ചയുണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്.
ഇത് താഴ്ന്നാൽ പുഴയെ ആശ്രയിച്ചുള്ള നിരവധി കുടിവെള്ള പദ്ധതികളെ ബാധിക്കും. മൂവാറ്റുപുഴയാറിലേക്ക് പ്രത്യേക സാഹചര്യത്തില്‍ ആദ്യമായാണ് ഇങ്ങനെ വെള്ളം എത്തിക്കുന്നതെന്ന് പെരിയാര്‍ വാലി അധികൃതര്‍ ചൂണ്ടിക്കാട്ടി. വെള്ളം എത്തിക്കുന്നതിനായി രണ്ട് കനാലുകളിലും ശുചീകരണ പ്രവൃത്തി തുടങ്ങി. ശുചീകരണം ഏതാനും ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കി 22ന് മുമ്പ് കനാല്‍ തുറക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ല കലോത്സവം വൈഖരി 2025 ഇന്ന് മുതല്‍ 15 വരെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നിര്‍മല ജൂണിയര്‍ സ്കൂള്‍ എന്നിവിടങ്ങളിലായി നടക്കും. ഇന്ന് രാവിലെ 10ന് കലോത്സവത്തിന്റെ വിളംബര റാലി വിവിധ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ അരങ്ങേറും.
പ്രധാന വേദിയായ സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആറു വേദികളിലും ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്ന് വേദികളിലും നിര്‍മല ജൂനിയര്‍ സ്കൂളില്‍ ഒരു വേദിയിലുമായാണ് മത്സരങ്ങള്‍. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് കലോത്സവം. ആദ്യദിനത്തില്‍ രചനാ മത്സരങ്ങളാണ് നടക്കുന്നത്.
പ്രധാനവേദിയില്‍ കലോത്സവം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. പാവനാത്മ കോര്‍പറേറ്റ് എജ്യുക്കേഷന്‍ ഏജന്‍സി മാനേജര്‍ സിസ്റ്റര്‍ മെറീന സിഎംസി അനുഗ്രഹപ്രഭാഷണം നടത്തും.
സമാപന സമ്മേളനം മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ നടത്തിപ്പിനായി 14 ഉപസമിതികള്‍ രൂപീകരിച്ച് വിപുലമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് മൂവാറ്റുപുഴ എഇഒ വി.ടി ജയശ്രീ, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ കെ. റാണി അഗസ്റ്റിന്, ജോയിന്റ് കണ്‍വീനര്‍ സിസ്റ്റര്‍ സിനി സ്റ്റീഫന്‍, പ്രോഗ്രാം കണ്‍വീനര്‍ സിസ്റ്റര്‍ ജിനി കെ. ജോസ് എന്നിവര്‍ അറിയിച്ചു.
District News
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പുതുതായി മൂന്ന് ബസ് സര്‍വീസ് കൂടി ആരംഭിക്കാന്‍ അനുമതി. രാവിലെ 7.40ന് രാമമംഗലം വഴി ഹൈക്കോടതി (രാമമംഗലം, മീമ്പാറ, ചൂണ്ടി, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ വഴി). വൈകുന്നേരം 4.15ന് കോയമ്പത്തൂര്‍ (തൃശൂര്‍, വടക്കഞ്ചേരി, ആലത്തൂര്‍, കൊടുവായൂര്‍, കൊഴിഞ്ഞമ്പാറ, ചിറ്റൂര്‍ വഴി). 4.25ന് ഗൂഡല്ലൂര്‍ (തൃശൂര്‍, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വഴിക്കടവ് വഴി) എല്ലാ ഭാഗത്തേക്കും മുവാറ്റുപുഴയില്‍ നിന്നും സര്‍വീസുകള്‍ ഉണ്ടാകുന്നതോടെ ജനങ്ങളുടെ യാത്ര ക്ലേശത്തിന് പരിഹാരമാകുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ വ്യക്തമാക്കി.
District News
മൂവാറ്റുപുഴ: ഡിസിഎൽ മൂവാറ്റുപുഴ മേഖലാ ടാലന്റ് ഫെസ്റ്റിൽ 74 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് ജേതാക്കളായി. 59 പോയിന്റോടെ വെള്ളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും, 46 പോയിന്റോടെ മൂവാറ്റുപുഴ നിർമല എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
മൂവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിൽ നടന്ന ഫെസ്റ്റ് ഡിസിഎൽ സ്പോർട്സ് സംസ്ഥാന ഡയറക്ടർ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. നിർമല ജൂണിയർ സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ലൂസി അധ്യക്ഷത വഹിച്ചു.
ഡിസിഎൽ മൂവാറ്റുപുഴ മേഖല ഓർഗനൈസർ ജോമോൻ ജോസ്, ജോയി കൊടക്കതാനം, ജയൻ തൊടുപുഴ, അലീസ് സൈമൺ, ഷൈജി ജോൺ, മരിയ ഫ്രാൻസിസ്, കെ.എസ്. അനുമോൾ, തുടങ്ങിയവർ പ്രസംഗിച്ചു. എഫ്സിസി അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ റാണി സമാപന സമ്മേളനത്തിന്റെ ഉദ്ഘടനവും സമ്മാന ദാനവും നിർവഹിച്ചു.
ഡിസിഎൽ ആന്തം, ലഹരി വിരുദ്ധ ഗാനം, ലളിത ഗാനം, പ്രസംഗം, കഥാ രചന, കവിത രചന, ഉപന്യാസ രചന എന്നീ ഇനങ്ങളിൽ എൽപി, യുപി, എച്ച്എസ്എസ് വിഭാഗങ്ങളിലായി 200 കുട്ടികൾ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: നഗരസഭ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയങ്ങളിലെ മുറി വാടക സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരമായി. രണ്ട് വര്‍ഷം മുമ്പ് വാടക പിഡബ്ല്യുഡി നിരക്കില്‍ ഈടാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കിയാല്‍ നിലവിലുള്ള വാടക നിരക്ക് 150 മുതല്‍ 200 ശതമാനം വരെ വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടി മുറികള്‍ ലേലത്തിലെടുത്തവര്‍ രംഗത്ത് വന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധിയിലുള്ള നഗരസഭയുടെ വരുമാനം ഉയര്‍ത്താന്‍ കാലികമായ വര്‍ധനവ് മാത്രമാണ് നടപ്പാക്കിയതെന്ന് നിലപാടിലായിരുന്നു കൗണ്‍സില്‍. തുടര്‍ന്നു മുറി ലേലത്തില്‍ എടുത്തവര്‍ കോടതിയെ സമീപിച്ചു.
വിശദമായ വാദം കേട്ട കോടതി പരാതിക്കാരെ കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ നഗരസഭയോട് നിര്‍ദേശിച്ചു. മാത്രമല്ല തര്‍ക്കങ്ങളും കേസും എല്ലാമായതോടെ പ്രതിമാസ വാടക അടയ്ക്കാത്ത സാഹചര്യവുമുണ്ടായി. ഇത് നഗരസഭയുടെ വരുമാനം കുറച്ചു.
വരുമാനം കുറഞ്ഞതോടെ നഗരസഭ അധികൃതര്‍ കുത്തക പാട്ടക്കാരുമായി നിരന്തരം ചര്‍ച്ച നടത്തി. ഒടുവില്‍ കച്ചേരിത്താഴത്തെ വാണിജ്യ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ നിലവിലുള്ള നിരക്കിനെക്കാള്‍ 25 ശതമാനം കൂട്ടി നല്‍കാമെന്ന് അറിയിക്കുകയും നഗരസഭയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു.
ഇതിന്റെ ചുവടു പിടിച്ച് ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം പൊതുമരാമത്ത് നിരക്ക് ഒഴിവാക്കി മുഴുവന്‍ മുറികള്‍ക്കും പഴയ നിരക്കിനേക്കാള്‍ 25 ശതമാനം വാടക വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതോടെ 150 മുതല്‍ 200 ശതമാനം വരെ വാടക വര്‍ധിപ്പിച്ചുവെന്ന പരാതിക്ക് പരിഹാരമായെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പറഞ്ഞു.
നഗരത്തില്‍ 10 വാണിജ്യ സമുച്ചയങ്ങളിലായി 300 ഓളം മുറികളാണുള്ളത്. നഗരസഭയുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണിത്. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിയതിന് ശേഷമാണ് കൗണ്‍സില്‍ തീരുമാനമെടുത്തതെന്ന് നഗരസഭാധ്യക്ഷന്‍ വ്യക്തമാക്കി.
District News
മൂവാറ്റുപുഴ: നഗരസഭയില്‍ സംസ്ഥാനത്തെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വികസന സദസ് സംഘടിപ്പിച്ചു. നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച പരിപാടി നഗരസഭാ മുന്‍ അധ്യക്ഷൻ യു.ആര്. ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവത്തനങ്ങളും, മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവരുടെ വിശകലനങ്ങളും അടങ്ങിയ വീഡിയോയുടെ പ്രദർശനവും നടന്നു.
നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നഗരസഭാ സെക്രട്ടറി എച്ച്. സിമി വിശദീകരിച്ചു. കില ഫാക്കള്‍ട്ടി എ.ടി. രാജീവ്, സ്ഥിരംസമിതി അധ്യക്ഷ മീര കൃഷ്ണന്, ആര്. രാകേഷ്, കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍കുമാര്‍, നിസ അഷ്റഫ്, പി.വി. രാധാകൃഷ്ണന്, ജാഫര്‍ സാദിക്ക്, നെജില ഷാജി, പി.എം. സലിം, സുധ രഘുനാഥ്, മുന്‍ നഗരസഭാ ചെയ്പേഴ്സണ് ഉഷ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സദസ് ബഹിഷ്കരിച്ചു.
District News
മൂവാറ്റുപുഴ: മേക്കടമ്പ് സെന്റ് ജൂഡ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് കുര്‍ബാന, വൈകുന്നേരം 4.15ന് വാര്‍ഡുകളില്‍നിന്ന് അമ്പ് പ്രദക്ഷിണം, 4.30ന് ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന, 6.30 പ്രദക്ഷിണം, 7.30 സമാപന പ്രാര്‍ഥന, എട്ടിന് വാദ്യമേളങ്ങള്‍.
സമാപന ദിവസമായ നാളെ 6.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം 4.30ന് ആഘോഷമായ കുര്‍ബാന, നൊവേന, പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം.
അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ
വാഴക്കുളം: അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 4.45 ന് ജപമാല. 5.15 ന് തിരുനാൾ കുർബാന, പ്രസംഗം, നൊവേന - ഫാ. കുര്യൻ പുത്തൻപുരയിൽ. നാളെ രാവിലെ 6.45ന് പള്ളിയിൽ കുർബാന. വൈകുന്നേരം 4.30ന് കപ്പേളയിൽ ജപമാല.
അഞ്ചിന് തിരുനാൾ കുർബാന, നൊവേന - ഫാ. ജോസഫ് കൂനാനിക്കൽ. പ്രസംഗം - ഫാ. സ്കറിയ കുന്നത്ത്. 6.30ന് പ്രദക്ഷിണം. 7.30ന് സ്നേഹവിരുന്ന്, ചെണ്ടമേളം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജിൻസ് പുളിക്കൽ അറിയിച്ചു.
District News
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടി, സൊസൈറ്റിപ്പടി എന്നീ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായതോടെ സെക്രട്ടറിക്ക് പരാതി നല്കി പഞ്ചായത്തംഗങ്ങള്‍. സ്ഥിരം സമിതി അധ്യക്ഷ സുകന്യ അനീഷ്, പഞ്ചായത്തംഗം എം.സി. വിനയന് എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര് നിരന്തരം സഞ്ചരിക്കുന്ന പ്രദേശങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായത്. തെരുവുനായ്ക്കളില്‍ പലതും അക്രമകാരികളായതുകൊണ്ട് പ്രദേശത്തെ ജനങ്ങളും യാത്രക്കാരും ഭീതിയിലാണെന്നും ഉടന്‍ പരിഹാരം കാണണമെന്നും പഞ്ചായത്തംഗങ്ങളുടെ പരാതിയില്‍ പറയുന്നു.
District News
മൂവാറ്റുപുഴ: നഗരസഭ അതിദാരിദ്ര മുക്തമായതായി നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പ്രഖ്യാപിച്ചു. ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം.
നഗരസഭ നടത്തിയ സര്‍വേയില്‍ 31 പേരെയാണ് അതിദരിദ്രരരായി കണ്ടെത്തിയിരുന്നത്.
ഇവരെ മോചിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. ഭക്ഷണം, അരോഗ്യം, വരുമാനം, സുരക്ഷിതമായ വാസസ്ഥലം എന്നീ നാല് ക്ലേശ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അതിദാരിദ്ര നിര്‍ണയം നടത്തിയത്. ഭക്ഷണത്തിന്റെ കുറവ് അനുഭവപ്പെട്ടിരുന്ന 23 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് മാസവും നഗരസഭയില്‍നിന്ന് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നുണ്ട്.
District News
മൂവാറ്റുപുഴ: കഴിഞ്ഞ അധ്യയന വര്‍ഷം മൂവാറ്റുപുഴ ഉപജില്ലയില്‍ എല്‍എസ്എസ് സ്കോളര്‍ഷിപ്പില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ലിറ്റില്‍ മാസ്റ്റേഴ്സ് പദ്ധതിക്ക് മൂവാറ്റുപുഴ ഉപജില്ലയില്‍ തുടക്കമായി.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സലാവുദ്ദീന്‍ പുല്ലത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിപിസി ആനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ടി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി.
ലിറ്റില്‍ മാസ്റ്റേഴ്സ് ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ. മിനിമോള്‍ പദ്ധതി വിശദീകരണം നടത്തി.
District News
മൂവാറ്റുപുഴ: തൊടുപുഴ വിമല പബ്ലിക് സ്കൂളില്‍ നടന്ന മധ്യകേരള സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കലാകിരീടം ചൂടിയ നിര്‍മല പബ്ലിക് സ്കൂളിനെ ആദരിച്ചു. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും മാനേജ്മെന്റും പിടിഎയും ചേർന്ന് അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ജയ്ബി കുരുവിത്തടം, സ്കൂള്‍ ലീഡര്‍മാരായ റിച്ചാര്‍ഡ് കെ. റോള്‍സണ്‍, എസ്. ഗൗരികൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
കലോത്സവത്തില്‍ 938 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ കലാകിരീടം ചൂടിയത്. സഹോദയ കലോത്സവത്തില്‍ രണ്ടാം തവണയാണ് നിര്‍മല പബ്ലിക് സ്കൂള്‍ ഹാട്രിക് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. 839 പോയിന്റ് നേടിയ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 703 പോയിന്റോടെ തൊടുപുഴ വിമല പബ്ലിക് സ്കൂള്‍ മൂന്നാമതും 591 പോയിന്റ് നേടി വാളകം ബ്രൈറ്റ് പബ്ലിക് സ്കൂള്‍ നാലാമതും എത്തി. 570 പോയിന്റ് നേടിയ തൊടുപുഴ ഡീപോള്‍ പബ്ലിക് സ്കൂളാണ് അഞ്ചാം സ്ഥാനത്ത്.
അഞ്ച് കാറ്റഗറികളിലായി 140 ഇനങ്ങളിലാണ് മത്സരം നടന്നത്. അഞ്ചുദിവസം നീണ്ടുനിന്ന കലാമേളയില്‍ എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ നൂറില്‍പ്പരം സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി നാലായിരത്തിലധികം മത്സരാര്‍ഥികള്‍ മാറ്റുരച്ചു. രചനാ മത്സരങ്ങളില്‍ എല്ലാ വിഭാഗത്തിലും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി. സ്റ്റേജ് ഇനങ്ങളില്‍ മൂന്ന്, നാല് കാറ്റഗറികളിലും കാറ്റഗറി ഇതര വിഭാഗത്തിലും നിര്‍മല പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. കാറ്റഗറി രണ്ടില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് നിര്‍മലയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്.
കാറ്റഗറി ഒന്നിലും രണ്ടിലും വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാം സ്ഥാനം. ബാന്‍ഡ് ഡിസ്പ്ലേ മത്സരത്തില്‍ തുടര്‍ച്ചയായ നാലാം തവണയും മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂള്‍ ജേതാക്കളായി. 2011 മുതല്‍ 2014 വരെ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയ നിര്‍മല പബ്ലിക് സ്കൂള്‍ 2023 മുതല്‍ വീണ്ടും ചാമ്പ്യന്മാരായി തുടരുന്നു. കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ കലോത്സവങ്ങളിലെല്ലാം ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ നിര്‍മല പബ്ലിക് സ്കൂള്‍ ഇടം നേടിയിരുന്നു.
വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആന്റണി ഞാലിപ്പറമ്പില്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ദീപ്തി റോസ്, അധ്യാപകരായ ജിന്‍സി ജോര്‍ജ്, അന്നമ്മ മാത്യു, കെ.എസ്. സുഷ, എം.എസ്. രജനി, അനിത ആന്റണി, ജോബിന് അലക്സ്, മാത്യൂസ് കുര്യന്, സോനു സത്യന് എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ നിര്‍മല പബ്ലിക് സ്കൂള്‍ കലോത്സവത്തിന് ഒരുങ്ങിയത്. സഹോദയ കലോത്സവത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയര്‍ക്ക് നവംബര്‍ 12 മുതല്‍ 15 വരെ കോട്ടയം ലേബര്‍ ഇന്ത്യ പബ്ലിക് സ്കൂളില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
സംസ്ഥാന കലാമേളയില്‍ 33 വ്യക്തിഗത ഇനങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കുവാന്‍ നിര്‍മല പബ്ലിക് സ്കൂള്‍ അര്‍ഹത നേടിയതായും രക്ഷാകര്‍ത്താക്കളുടെ സഹകരണവും പ്രോത്സാഹനവുമാണ് നിര്‍മലയെ തുടര്‍ച്ചയായി കലോത്സവ വിജയത്തിലേക്കു നയിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ ഫാ. പോള്‍ ചൂരത്തൊട്ടി പറഞ്ഞു.