മൂവാറ്റുപുഴ: അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് റോഡിന് നടുവിലുണ്ടായ കൂറ്റൻ മൺകൂനയിൽ കിടന്ന് വേറിട്ട രീതിയിൽ പ്രതിഷേധിച്ച പൊതുപ്രവർത്തകനും ഓട്ടോറിക്ഷ തൊഴിലാളിയുമായ എം.ജെ. ഷാജിയുടെ സമരം വിജയിച്ചു. വാട്ടർ അതോറിറ്റിയുടെ ഉറപ്പിനെ തുടർന്ന് അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ചു.
മൂവാറ്റുപുഴ പി.ഒ ജംഗ്ഷനിലും കാവുംപടി റോഡിൽ പോലീസ് സ്റ്റേഷന് സമീപവും പൈപ്പ് പൊട്ടലിനെ തുടർന്ന് ജല അതോറിറ്റി എടുത്ത കുഴികൾ ഗർത്തങ്ങളായി മാറി അപകടങ്ങൾ നിത്യസംഭവമായിരുന്നു. ദിവസങ്ങളോളം ഈ നില തുടർന്നിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി കടുത്ത പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
ഷാജി റോഡിനു നടുവിലെ തകർന്ന ഭാഗത്തെ മൺകൂനയിൽ കിടന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചു. അദ്ദേഹത്തിന്റെ കൈവശവും അദ്ദേഹം കിടന്നിരുന്ന മൺകൂനയ്ക്കു മുകളിൽ വച്ചിരുന്ന താൽക്കാലിക ഡിവൈഡറിലും പ്ലക്കാർഡുകൾ പതിച്ചിരുന്നു. "അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ സമരം, റോഡ് സഞ്ചാരയോഗ്യമാക്കുക' - എന്ന് പ്ലക്കാർഡുകളുമായിട്ട് ആയിരുന്നു സമരം.
സംഭവം അറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിന്ന് ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അദ്ദേഹത്തോട് സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ, വാട്ടർ അതോറിറ്റി അധികൃതർ എത്തി ഉടൻ റോഡ് ശരിയാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയാൽ മാത്രമേ പിന്നോട്ട് പോകൂ എന്ന് ഷാജി ഉറപ്പിച്ചു പറഞ്ഞു. നിരവധി നാട്ടുകാരും അദ്ദേഹത്തിന് പിന്തുണയുമായി സ്ഥലത്ത് തടിച്ചുകൂടി.
ഒടുവിൽ, മൂവാറ്റുപുഴ വാട്ടർ അതോറിറ്റിയിലെ പി.എച്ച്. സെക്ഷൻ ഏ.ഇ. വിജിൽ ഡബ്ല്യു.എസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ, മൺകൂന നിരപ്പാക്കി അടിയന്തരമായി റോഡ് സഞ്ചാര യോഗ്യമാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയ ശേഷമാണ് ഷാജി സമരം അവസാനിപ്പിച്ചത്. മുമ്പും അനേകം പൊതുവിഷയങ്ങളിൽ വ്യത്യസ്തമായ സമരമുറകളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ഷാജിയുടെ ഈ വേറിട്ട പ്രതിഷേധം സമൂഹത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റി.
Tags : water authority mismanagement muvattupuzha protest