ന്യൂയോര്‍ക്ക്: നിലവിലെ ചാമ്പ്യന്മാരായ അർജീന്റയുടെ ലോകകപ്പ് സ്ക്വാഡിൽ മാറ്റം.
പരിക്കേറ്റ ലിയോനാര്‍ഡോ ബലേര്‍ഡിക്ക് പകരം ഡിഫന്‍ഡര്‍ മാര്‍ക്കോസ് സെനേസിയെ ടീമില്‍ ഉള്‍പ്പെടുത്തി. മാഴ്സെയുടെ സെന്റർ ബാക്ക് ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമിന് പുറത്താവുകയായിരുന്നു.
ടീമില്‍ ആരെ ഉള്പ്പെടുന്നതുമെന്നുള്ള കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ടായിരുന്നു. ബലേര്‍ഡിക്ക് പകരം ഒരു മധ്യനിര താരത്തെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ സെനേസിക്ക് നറുക്ക് വീഴുകയായിരുന്നു.
ജൂണ്‍ 14ന് അള്‍ജീരിയക്കെതിരെ നടക്കുന്ന അര്‍ജന്റീനയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി സെനേസി ടീമിനൊപ്പം ചേരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബോണ്‍മൗത്തിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഉജ്ജ്വല പ്രകടനമാണ് സെനേസി പുറത്തെടുത്തത്.
അടുത്ത സീസണില്‍ ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ ഈ പ്രതിരോധ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍, ബോണ്മൗത്തിനൊപ്പം യൂറോപ്പ ലീഗ് കളിക്കാനുള്ള അവസരമുണ്ടായിട്ടും ക്ലബ്ബിന്റെ പുതിയ കരാര്‍ ഓഫര്‍ സെനേസി നിരസിക്കുകയായിരുന്നു.
ഫ്രീ ട്രാന്‍സ്ഫറിലൂടെ ടോട്ടനം ഹോട്സ്പറിലേക്ക് മാറാനാണ് സെനേസി താല്പര്യം പ്രകടിപ്പിച്ചത്. 29 കാരനായ സെനേസി ഇതുവരെ അര്‍ജന്റീനയുടെ സീനിയര്‍ ടീമിനായി മൂന്ന് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.