x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാലാ നഗരസഭാ ഭരണം തുലാസില്‍; കോണ്‍ഗ്രസും സ്വതന്ത്ര കൂട്ടായ്മയും തമ്മിലുള്ള പോര് മുറുകി

കോട്ടയം ബ്യൂറോ
Published: June 12, 2026 01:10 PM IST | Updated: June 12, 2026 01:10 PM IST

പാലാ: കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ സ്വതന്ത്ര കൂട്ടായ്മ ഭരിക്കുന്ന പാലാ നഗരസഭയിലെ ഭരണം തുലാസില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യുസും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും തമ്മിലുള്ള പോരാണ് ഭരണം തുലാസിലാകാന്‍ കാരണമായിരിക്കുന്നത്.

രണ്ടു പോലീസ് കേസുകളാണ് കോണ്‍ഗ്രസ് അംഗവും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളും തമ്മിലുണ്ടായത്. ഇതോടെയാണ് നഗരസഭയിലെ പോര് മറനീക്കി പുറത്തു വന്നത്. ആദ്യ കേസ് നല്കിയത് ബിജു മാത്യൂസാണ്. രണ്ടാമത്തെ കേസ് നല്കിയതു ചെയര്‍പേഴ്സൺ ദിയാ ബിനുവും.

കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനെ ചൊല്ലിയുണ്ടായ തര്‍ക്കം വളര്‍ന്നാണ് പോലീസ് കേസിലെത്തിയത്. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തന്നെ കൈയേറ്റം ചെയ്യാന്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം ശ്രമിച്ചുവെന്ന് കാണിച്ചു കോണ്‍ഗ്രസിലെ ബിജു മാത്യുസ് പോലീസില്‍ പരാതി നല്കി. ഇതിന്‍റെ ഭാഗമായി ചെയര്‍പേഴ്സന്‍റെ ചേമ്പറില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് പോലീസ് എത്തി. ഇതാണ് രണ്ടാമത്തെ കേസിന് ആധാരം.

നഗരസഭാ ചെയര്‍പേഴ്സന്‍റെ ചേംബറില്‍ നിന്നും സുപ്രധാനമായ ഫയലും അതിനുള്ളിലിരുന്ന വിലപിടിപ്പുള്ള വാച്ചും മോഷണം പോയെന്ന് കാണിച്ചു ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവും പോലീസില്‍ പരാതി നല്‍കി. ഇതോടെ ഇന്നലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാണി സി. കാപ്പന്‍ എംഎല്‍എയുടെ വസതിയില്‍ ഉന്നത കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്ത് ചേര്‍ന്നെങ്കിലും പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

നഗരസഭാ ചെയര്‍പേഴ്സണില്‍ വിശ്വാസം നഷ്ടപ്പെട്ടതായാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വ്യക്തമാക്കുന്നത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന നഗരസഭ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്വതന്ത്ര കൂട്ടായ്മയ്ക്ക് തിരിച്ചടിയാകും.

ആറ് മാസത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന മായാ രാഹുലിന് പകരം സ്വതന്ത്ര കൂട്ടായ്മയെ നയിക്കുന്ന ബിനു പുളിക്കക്കണ്ടത്തിലിനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പദവി എന്നാണ് യുഡിഎഫ്, സ്വതന്ത്രകൂട്ടായ്മ സഖ്യത്തിലെ മുന്‍ ധാരണ.

നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിലപാട് സ്വീകരിച്ചതും ബിനുവിന് തിരിച്ചടിയായി. വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനുവിനെ പിന്തുണയ്ക്കില്ലെന്നും പകരം കോണ്‍ഗ്രസ് പ്രതിനിധിയെ നിശ്ചയിച്ചാലേ താന്‍ സ്ഥാനം ഒഴിയൂ എന്നുമണ് മായാ രാഹുലിന്‍റെ നിലപാട്.

ബിനുവിനെ വൈസ് ചെയര്‍മാന്‍ ആക്കുന്നതില്‍ കോണ്‍ഗ്രസിനും താത്പര്യമില്ലന്നാണ് പുറത്തുവരുന്ന വിവരം. ഇതു മുന്‍കൂട്ടി കണ്ടാണ് യുഡിഎഫിലെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന്‍റെ മൂന്നും കെഡിപിയുടെ ഒരംഗവും ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരെ സ്വതന്ത്ര കൂട്ടായ്മ ഒപ്പം ചേര്‍ത്ത് വിലപേശല്‍ ശക്തമാക്കിയത്.

എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നിലപാട് എതിരായതിനാല്‍ വൈസ് ചെയര്‍മാന്‍ പദവിയിലേക്ക് ബിനു വരുന്നതിന് തടസമാകും. അങ്ങനെ വന്നാല്‍ സ്വതന്ത്ര കൂട്ടായ്മ യുഡിഎഫ് സഖ്യം ഉപേക്ഷിച്ചേക്കും. ഇത് നഗരസഭയില്‍ യുഡിഎഫിനുള്ള മേൽക്കൈ നഷ്ടപ്പെടുത്തും.

26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളുണ്ട്. കോണ്‍ഗ്രസ് വിമത മായാ രാഹുല്‍ പാര്‍ട്ടി പാര്‍ലമെന്‍ററി സമിതിയില്‍ ചേര്‍ന്നതോടെ യുഡിഎഫ് 11, സ്വതന്ത്ര കൂട്ടായ്മ മൂന്ന് എന്നിങ്ങനെയാണ് കൗണ്‍സിലിലെ അംഗബലം. സ്വതന്ത്ര കൂട്ടായ്മയ്ക്കൊപ്പം ചേര്‍ന്ന യുഡിഎഫിലെ നാല് അംഗങ്ങള്‍ നിലപാടില്‍ ഉറച്ചു നിന്നാല്‍ യുഡിഎഫിന്‍റെ അംഗബലം ഏഴായി ചുരുങ്ങും.

Tags : Pala Municipality governance Congress

Recent News

Corehub Up