ന്യൂഡൽഹി: ആന്റി നാർക്കോട്ടിക്സ് ബ്യൂറോയുടെ പരിശോധനയ്ക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയ യുവതി മരിച്ചു. ഔട്ടർ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നൈജീരിയൻ സ്വദേശിനിയായ സ്റ്റെല്ല പയസ് ആണ് മരിച്ചത്.
സ്റ്റെല്ല താമസിക്കുന്ന ഫ്ളാറ്റിൽ ലഹരിമരുന്നു നിർമാണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് ആന്റി നാർക്കോട്ടിക്സ് സ്ക്വാഡ് പരിശോധന നടത്താനെത്തിയത്. എന്നാൽ സ്ക്വാഡിനെ കണ്ടയുടനെ സ്റ്റെല്ല നാലാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയിൽനിന്നു താഴേക്കു ചാടുകയായിരുന്നു.
ഉടൻതന്നെ സമീപത്തെ ബുരാരി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റെല്ല താമസിച്ച ഫ്ളാറ്റിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നും സിന്തറ്റിക് മരുന്ന നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ബീക്കറുകളും പൈപ്പുകളുമടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന സ്കൈ എന്നയാളെയും നാലാം നിലയിൽ താമസിക്കുന്ന മാർട്ടിൻ ആരോൺ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്കൈയുടെ പക്കൽനിന്നു നിരോധിത മയക്കുമരുന്നായ മെത്താംഫെറ്റാമിനും ഒന്നരഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
മാർട്ടിന്റെ മുറിയിൽ നടത്തിയ പരിശോധനയിലാണ് സ്റ്റെല്ലയുടെ ഫ്ളാറ്റിൽ മയക്കുമരുന്ന് നിർമിക്കുന്ന മുറിയുടെ താക്കോൽ ലഭിച്ചത്. ഇയാളിൽനിന്നു ഭിച്ച വിവരങ്ങൾ പ്രകാരം സ്റ്റെല്ല താമസിക്കുന്ന മുറി പരിശോധിക്കാനെത്തിയപ്പോഴാണ് ഇവർ ബാൽക്കണിയിൽനിന്നു താഴേക്കു ചാടിയത്.
Tags : African Woman Jump Death Anti-Narcotics Raid Delhi