ന്യൂഡൽഹി: ഇന്ത്യന്‍ കായികരംഗം ഇന്ന് ആഗോള ഭൂപടത്തില്‍ തലയുയര്‍ത്തിനില്‍ക്കുമ്പോള്‍, രാജ്യം സ്വന്തമായി ഒരു കായികസ്വത്വം കണ്ടെത്താനാകാതെ ഉഴറിയ 90കളിലേക്ക് കണ്ണോടിക്കുക. ക്രിക്കറ്റ് എന്ന കൊളോണിയല്‍ കായികവിനോദമല്ലാതെ മറ്റൊന്നിനും ഇന്ത്യന്‍ മനസുകളില്‍ വലിയ ഇടമില്ലാതിരുന്ന കാലം. ആ നിശബ്ദതയിലേക്കാണ് കൈയിലൊരു പിസ്റ്റളുമായി ഉത്തരാഖണ്ഡില്‍ നിന്നൊരു കൗമാരക്കാരന്‍ നടന്നുകയറിയത്. പേര് ജസ്പാല്‍ റാണ.
തന്‍റെ അമ്പതാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജസ്പാല്‍ റാണ എന്ന ഇതിഹാസം വിടവാങ്ങുമ്പോള്‍, ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് 15 അന്താരാഷ്ട്ര സ്വര്‍ണമെഡലുകള്‍ വെടിവച്ചിട്ട കരിയറിന്‍റെ കരുത്തിലാണ്.
എന്നാല്‍, ആ തിളക്കമാര്‍ന്ന കരിയറിന്‍റെ നേര്‍പകുതിയില്‍ ഒരു വിങ്ങലായി, പൂര്‍ത്തിയാകാത്ത ഒരു സ്വപ്നമായി ഒളിമ്പിക്‌സ് അവശേഷിച്ചിരുന്നു. ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയുടെ നട്ടെല്ലും ആത്മാവുമായി മാറിയ ഒരു ഇതിഹാസത്തിന്‍റെ കളിജീവിതത്തിലൂടെയുള്ള ഒരു യാത്ര.
12-ാം വയസിലെ വിസ്മയം, വരവ് ലോക റിക്കാര്‍ഡുമായി
സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച്, ഐടിബിപി ഉദ്യോഗസ്ഥനായ പിതാവ് നാരായണ്‍ സിംഗ് റാണയിലൂടെയാണ് ജസ്പാല്‍ തോക്കുകളുടെ ലോകത്തേക്ക് എത്തുന്നത്. റൈഫിളും പിസ്റ്റളും ഒരുപോലെ വഴങ്ങിയിരുന്ന റാണ, മികച്ച ഫലങ്ങള്‍ക്കായി പിസ്റ്റള്‍ തെരഞ്ഞെടുത്തു.
ചരിത്രത്തെ മാറ്റിമറിച്ച തീരുമാനമായിരുന്നു അത്. കേവലം 12-ാം വയസില്‍, 1988ല്‍ അഹമ്മദാബാദ് നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് റാണ വരവറിയിച്ചത്. പിന്നീട് ആ കുതിപ്പ് തടയാന്‍ ആര്‍ക്കുമായില്ല. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, 1994ല്‍ ഇറ്റലിയില്‍ നടന്ന ലോക ജൂണിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ ലോകകായികരംഗത്ത് ഇന്ത്യ പുതിയ മേച്ചില്‍പുറം കണ്ടെത്തി.
ഏഷ്യയും കോമണ്‍വെല്‍ത്തും കീഴടക്കിയ ഗോള്‍ഡന്‍ ബോയ്
1994 മുതല്‍ 2006 വരെയുള്ള പന്ത്രണ്ട് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ 'ജസ്പാല്‍ റാണ യുഗം' ആയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ദേശീയഗാനം തുടര്‍ച്ചയായി മുഴങ്ങാന്‍ കാരണം അദ്ദേഹത്തിന്‍റെ പിസ്റ്റളില്‍ നിന്നുള്ള വെടിയൊച്ചകളായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ നിന്നായി റാണ ഇന്ത്യയ്ക്ക് സമ്മാനിച്ചത് 15 സ്വര്‍ണ മെഡലുകളാണ്.

ജസ്പാലിന്‍റെ സ്വര്‍ണമെഡലുകള്‍
ഏഷ്യന്‍ ഗെയിംസ് - 4
കോമണ്‍വെല്‍ത്ത് ഗെയിംസ് - 9
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് - 1
വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് - 1
രാജ്യത്തിന്‍റെ ആദരം:
1994: അര്‍ജുന അവാര്‍ഡ്
1997 പത്മശ്രീ
2020: ദ്രോണാചാര്യ അവാര്‍ഡ്
18-ാം വയസില്‍ അര്‍ജുന അവാര്‍ഡും 21-ാം വയസില്‍ പത്മശ്രീയും നല്‍കിയാണ് രാജ്യം ഈ സമാനതകളില്ലാത്ത പോരാളിയെ ആദരിച്ചത്. മത്സരരംഗത്ത് കടുത്ത സമ്മര്‍ദ്ദഘട്ടങ്ങളിലും അതീവ ശാന്തനായി, അനാവശ്യ ബഹളങ്ങളൊന്നുമില്ലാതെ ലക്ഷ്യം കാണുന്നതായിരുന്നു റാണയുടെ ശൈലി.
അറ്റ്‌ലാന്‍റയിലെ നിരാശ: കരിയറിലെ ഒരേയൊരു ഖേദം
ഇത്രയേറെ സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടിയിട്ടും, ജസ്പാല്‍ റാണ എന്ന ഇതിഹാസത്തിന്‍റെ കരിയറില്‍ ഒരു വലിയ അപൂര്‍ണത അവശേഷിച്ചിരുന്നു ഒരു ഒളിമ്പിക് മെഡല്‍.
1996ലെ അറ്റ്‌ലാന്‍റ ഒളിമ്പിക്‌സില്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് റാണയിലേക്കായിരുന്നു. എന്നാല്‍ കരിയറിന്‍റെ ഏറ്റവും മികച്ച ഫോമിലായിരുന്നിട്ടും ഒളിമ്പിക്‌സിന്‍റെ കടുത്ത സമ്മര്‍ദത്തിന് മുന്നില്‍ അദ്ദേഹത്തിന് അടിപതറി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ 29-ാം സ്ഥാനവും, 50 മീറ്റര്‍ ഫ്രീ പിസ്റ്റളില്‍ 45-ാം സ്ഥാനവും കൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു.
ഒളിമ്പിക് വേദികളില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ കഴിയാത്തതില്‍ റാണ തന്‍റെ ജീവിതത്തില്‍ പലപ്പോഴും ആഴത്തില്‍ ഖേദിച്ചിരുന്നു. ആ ഒരൊറ്റ മെഡലിന്‍റെ കുറവ് അദ്ദേഹത്തിന്‍റെ കളിജീവിതത്തിലെ എക്കാലത്തെയും വലിയ വിങ്ങലായി അവശേഷിച്ചു.

മനു ഭാക്കറിലൂടെ ഖേദം മായ്ച്ച ദ്രോണാചാര്യര്‍
തനിക്ക് നേടാനാകാതെ പോയത് വരുംതലമുറയിലൂടെ നേടിയെടുക്കുക എന്നതായിരുന്നു പിന്നീട് റാണയുടെ ലക്ഷ്യം. തോക്കുകള്‍ താഴെവച്ച് അദ്ദേഹം ക്ലിപ്പ്‌ബോര്‍ഡ് കൈയിലേന്തിയത് അതിനായിരുന്നു. 2018 മുതല്‍ അദ്ദേഹം മനു ഭാക്കര്‍ എന്ന കൗമാരക്കാരിയെ പരിശീലിപ്പിച്ചുതുടങ്ങി.
ഷൂട്ടിംഗ് റേഞ്ചില്‍ താന്‍ അനുഭവിച്ച ഒളിമ്പിക്‌സിലെ അതെ സമ്മര്‍ദ്ദം തന്‍റെ ശിഷ്യ നേരിടരുത് എന്നു റാണയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സാങ്കേതികതയേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത് താരങ്ങളുടെ മാനസിക കരുത്തിനായിരുന്നു.
ലക്ഷ്യം തെറ്റുന്ന ഓരോ ഷോട്ടിനും കടുത്ത സ്വയംശിക്ഷകള്‍ ഏര്‍പ്പെടുത്തിയും, സോഷ്യല്‍ മീഡിയയില്‍നിന്ന് പൂര്‍ണമായി അകറ്റിനിര്‍ത്തിയും അദ്ദേഹം മനുവിനെ ഒരു യഥാര്‍ഥ പോരാളിയാക്കി മാറ്റി.
ഒടുവില്‍ 2024 പാരിസ് ഒളിമ്പിക്‌സ് വേദിയില്‍ മനു ഭാക്കര്‍ ഇരട്ട ഒളിമ്പിക് മെഡലുകളുമായി ചരിത്രം കുറിച്ചപ്പോള്‍, ഗാലറിയിലിരുന്ന് ആനന്ദക്കണ്ണീര്‍ വാര്‍ത്തത് ജസ്പാല്‍ റാണയായിരുന്നു. അറ്റ്‌ലാന്‍റയിലെ തന്‍റെ ആ പഴയ ഖേദം, പാരിസിന്‍റെ മണ്ണില്‍ തന്‍റെ പ്രിയശിഷ്യയിലൂടെ റാണ തിരുത്തിക്കുറിച്ചു.

മ്യൂണിച്ചിലെ ലോകകപ്പ് കഴിഞ്ഞ് വിമാനത്തില്‍ തിരികെ വരുമ്പോള്‍ നെഞ്ചില്‍ തോന്നിയ ആ ചെറിയ അസ്വസ്ഥത ഒരു വലിയ യാത്രയുടെ അവസാനമാണെന്ന് അദ്ദേഹം കരുതിയിരുന്നില്ല. 49-ാം വയസില്‍ ജസ്പാല്‍ യാത്രയാകുമ്പോള്‍, രാജ്യത്തിന് ഒരു ചാമ്പ്യനെ മാത്രമല്ല, ഇന്ത്യന്‍ കായികരംഗത്തിന് ലോകവേദിയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്ത ഗുരുവിനെകൂടിയാണ് നഷ്ടമായത്.
ഒരുകാലത്ത് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ, ഒരൊറ്റ ലക്ഷ്യത്തിലേക്കു മാത്രം ചലിച്ചിരുന്ന ആ വിരലുകള്‍ ഇന്ന് നിശ്ചലമാണ്. താരമായും പരിശീലകനായും ഒരേപോലെ വിസ്മയം തീര്‍ത്ത ദീര്‍ഘദര്‍ശിയാണ് നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്.
കരിയറില്‍ 15 സ്വര്‍ണമെഡലുകളുമായി ഇന്ത്യയുടെ കായിക ഭാവിയെ ഉണര്‍ത്തുകയും, പരിശീലകനായപ്പോള്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിന്‍റെ ഇരട്ട മധുരം സമ്മാനിക്കുകയും ചെയ്ത ജസ്പാല്‍ റാണ എന്ന പേര് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണാക്ഷരങ്ങളാല്‍ എന്നും രേഖപ്പെടുത്തപ്പെട്ടിരിക്കും.
ആ തോക്കും ദര്‍ശനങ്ങളും ഇനി ഓര്‍മ്മ... എന്നാല്‍ അദ്ദേഹം തെളിച്ച പാതയിലൂടെ ഇന്ത്യന്‍ ഷൂട്ടിംഗ് ഏറെ മുന്നേറിയിരിക്കുന്നു. ഇനിയും കുതിക്കുക തന്നെ ചെയ്യും.
Tags : Jaspal Rana Olympian Shooter