പാലക്കാട്: മൂന്ന് വർഷത്തിലധികമായി നികുതി അടക്കാത്തതിനെത്തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. പാലക്കാട്, ഷൊർണ്ണൂർ നഗരസഭകളാണ് പാർട്ടി ഓഫീസുകൾക്കെതിരേ റവന്യൂ റിക്കവറി നടപടി എടുത്തത്.
കൊളപ്പുള്ളി, ഷൊർണ്ണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരേയാണ് നടപടി. കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതി കുടിശിക 75,000 രൂപയും ഷൊർണൂരിൽ 25,000 രൂപയുമാണ്.
ഷൊർണ്ണൂർ നഗരസഭ കഴിഞ്ഞ പത്ത് വർഷമായി സിപിഎം ആണ് ഭരിക്കുന്നത്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നികുതി കുടിശിക തീർക്കുമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നികുതി പിരിവ് നടത്തിയ നഗരസഭ ഷൊർണ്ണൂരാണ്. എന്നാൽ അത് നൂറ് ശതമാനത്തിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പ്രധാനകാരണം സിപിഎം പാർട്ടി ഓഫീസുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് നികുതി ലഭിക്കാത്തതായിരുന്നു.
Tags : cpm offices tax seizure palakkad