x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍': മൂവാറ്റുപുഴയില്‍ ഫ്‌ളക്‌സ്, ചര്‍ച്ചയായതോടെ നീക്കി

കൊച്ചി ബ്യൂറോ
Published: April 29, 2026 01:38 PM IST | Updated: April 29, 2026 01:47 PM IST

കൊച്ചി: ബാലറ്റ് പെട്ടി പൊട്ടിക്കാന്‍ നാലു ദിവസം മാത്രം ബാക്കിനില്‍ക്കെ വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് വീണ്ടും ഫ്‌ളക്‌സ്. മൂവാറ്റുപുഴ നഗരത്തിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് കോണ്‍ഗ്രസ് കൊടിമരത്തിന് തൊട്ടുതാഴെ "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍' എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്.

ബോര്‍ഡില്‍ സ്ഥാപിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള മേഖലയാണ് കിഴക്കേക്കര. ഫ്‌ളക്സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയയില്‍ അടക്കം വൈറല്‍ ആയതോടെ ആരോ ഫ്‌ളക്‌സ് നീക്കം ചെയ്തിട്ടുമുണ്ട്.

നേതൃത്വത്തിന്‍റെ നിര്‍ദേശം മറികടന്ന് ബോര്‍ഡ് സ്ഥാപിച്ചതിനു പിന്നില്‍ സതീശന്‍ അനുകൂലികളാണോ അതോ വിവാദം സൃഷ്ടിക്കാന്‍ മറ്റാരെങ്കിലും ചെയ്തതാണോ എന്ന് പാര്‍ട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. അതേസമയം, ചൊവ്വാഴ്ച ആലുവ യുസി കോളജിന് മുന്നില്‍ വി.ഡിയെ അനുകൂലിച്ച് ഫ്‌ളക്‌സ് എത്തിയിരുന്നു.

സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലും കളമശേരിയിലും ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് അനുകൂലിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകള്‍ വീണ്ടും എത്തുന്നത്. കടുങ്ങല്ലൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സതീശന് അനുകൂലമായി ആലുവയില്‍ വീണ്ടും ഫ്ളക്സ് വച്ചത്.

അതേസമയം, പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ളക്സുകള്‍. 'പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്‍റെ വ്യാമോഹം വിലപ്പോകില്ല' എന്ന ഫ്ളക്സും 'വി.ഡി. സതീശന്‍റെ പിആര്‍ പണി അവസാനിപ്പിക്കുക, കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിച്ചുകൊള്ളും' എന്ന പോസ്റ്ററുമായിരുന്നു വി.ഡിക്കെതിരെ എറണാകുളം ഡിസിസി ഓഫിസിന് മുന്നിലും കളമശേരിയിലും പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ മലപ്പുറം തവനൂരില്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്നു പറഞ്ഞുള്ള ഫ്ളക്സും എത്തിയിരുന്നു. മേയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിന് മുമ്പേ തന്നെ മുഖ്യമന്ത്രി കസേര ആര്‍ക്ക് എന്ന ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ആരാകണം മുഖ്യമന്ത്രി എന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. മൂന്നു നേതാക്കളുടെ അനുനായികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വിഷയത്തില്‍ നേതാക്കളുടെ പരസ്യ പ്രതികരണം പാര്‍ട്ടി വിലക്കിയിട്ടുണ്ട്.

 

 

Tags : Flex V.D. Satheesan Muvattupuzha Congress

Recent News

Corehub Up