District News
കോട്ടയം: കോടിമതയിലെ പുതിയ പാലം ഉടന് ഗതാഗതത്തിനായി തുറന്നു കൊടുക്കും. പാലത്തിലും ഇരുവശങ്ങളിലും അപ്രോച്ച് റോഡിലും ടാറിംഗ് പൂര്ത്തിയാക്കി. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും റോഡ് സേഫ്റ്റി അധികൃതരും അവസാനവട്ട പരിശോധനകള് പൂര്ത്തിയാക്കിവരികയാണ്. കഴിഞ്ഞ ഓണക്കാലത്ത് പഴയ പാലത്തിന്റെ അപ്രോച്ച് റോഡിലെ അപകടസാധ്യത കണക്കിലെടുത്ത് പാലം പൂര്ണമായും അടച്ചു മറ്റു വഴികളിലൂടെ വാഹനങ്ങള് കടത്തിവിടാന് തീരുമാനിച്ചിരുന്നു. എന്നാല് ഇത് വൻ ഗതാഗതക്കുരുക്കിന് കാരണമാകാൻ സാധ്യതയുള്ളതിനാൽ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പഴയ പാലത്തിൽ കോട്ടയം ഭാഗത്തുനിന്നുള്ള വശത്തെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതോടെയാണ് അപകടസാധ്യത രൂപപ്പെട്ടത്. സ്ഥലപരിചയമില്ലാത്ത ദീർഘദൂര വാഹനങ്ങൾ രാത്രികാലങ്ങളിൽ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഇതേതുടർന്ന് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന്റെ നേതൃത്വത്തില് ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികള് മനസിലാക്കിയശേഷമാണ് രണ്ടാം പാലത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയത്.
സിഗ്നൽ ലൈറ്റ് അനിവാര്യം
പുതിയ പാലം വരുന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന ആശങ്കയുള്ളതിനാല് സിഗ്നല് ലൈറ്റും മുഴുവന് സമയ പൊലിസ് സേവനവും വേണമെന്ന ആവശ്യം ശക്തമാണ്. പാലം തുറന്നുകൊടുക്കുന്നതിനുമുമ്പ് ആവശ്യമായ ഗതാഗത ക്രമീകരണങ്ങള് ഏര്പ്പെടുത്തണമെന്നാണ് യാത്രക്കാര് ആവശ്യപ്പെടുന്നത്.
ട്രാഫിക് സിഗ്നല് ലൈറ്റ് സ്ഥാപിക്കണമെന്നാണ് സമീപത്തെ വ്യാപാരികളുടെ ആവശ്യം. പുതിയ പാലം തുറന്നാല് പഴയ പാലം അടച്ച് അപ്രോച്ച് റോഡിന്റെ തകരാര് പരിഹരിക്കും. തുടര്ന്ന് രണ്ടു പാലങ്ങളും തുറന്നുകൊടുക്കുമ്പോള് വാഹനത്തിരക്ക് നിയന്ത്രിക്കാന് അടിയന്തര നടപടിയെടുക്കണം. രണ്ടു പാലങ്ങളും വണ്വേയായി തുറന്നുകൊടുക്കാനാണ് സാധ്യത.
അനധികൃത പാർക്കിംഗ് തടയണം
പുതിയ പാലം വരുന്നതോടെ എംസി റോഡിൽ നിന്ന് മാർക്കറ്റിലേക്കും തിരിച്ചും വേഗത്തിലെത്താനാകും. ടൗണില് നിന്നും ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള് മാര്ക്കറ്റ് റോഡിലേക്ക് പെട്ടെന്ന് തിരിയുന്നത് അപകടങ്ങള്ക്കും ഗതാഗതക്കുരുക്കിനും കാരണമായേക്കും. ഇതിനു പരിഹാരമായി മാര്ക്കറ്റ് റോഡിലെ അനധികൃത പാര്ക്കിംഗ് ഒഴിവാക്കണം. നിലവില് കണ്ടെയ്നര് ലോറികള് റോഡിന്റെ ഇരുവശവും പാര്ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇതിനും പരിഹാരം കാണണം.
District News
ദീര്ഘനാള് വട്ടം ചുറ്റിക്കരുതേ!
മേലുകാവ്: പഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ കുരിശുങ്കല് പാലത്തിന്റെ പുനര്നിര്മാണം ആരംഭിച്ചു. നിര്മാണം സമയബന്ധിതമായി പൂര്ത്തിയായില്ലെങ്കില് ഏറെനാള് വട്ടം ചുറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാര്.
വാഹനങ്ങള് വഴിതിരിച്ചു വിടുന്നതിന് ബദല് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജല് ജീവന് പദ്ധതിക്കായി കുഴിയെടുത്തതിനാല് ഈ റോഡുകളുടെ അവസ്ഥ മോശമാണ്. പല സ്ഥലങ്ങളിലും ടാറിംഗും പൊളിഞ്ഞ് റോഡ് കുണ്ടും കുഴിയുമായ നിലയിലാണ്.
അന്തീനാട്-മേലുകാവ് മേജര് ജില്ലാ റോഡില് 18 മീറ്റര് നീളവും 9.75 മീറ്റര് വീതിയിലുമാണ് പുതിയ പാലം നിര്മിക്കുന്നത്. ഒരുവശത്ത് നടപ്പാതയും അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തിയും നിര്മിക്കും. വീതികുറഞ്ഞ പാലം പുതുക്കിപ്പണിയാന് സമീപവാസികളായ ഏബ്രഹാം മാരിപ്പുറത്ത്, ടോമി ഫ്രാന്സിസ് പുളിക്കൽ, രാജമ്മ തമ്പി കുമ്മട്ടിയില് എന്നിവര് സ്ഥലം വിട്ടു നല്കി.
പാലം പൂര്ത്തിയാകുന്നതോടെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വേഗത്തിലെത്താം. പ്രദേശവാസികളുടെ സാന്നിധ്യത്തില് മാണി സി. കാപ്പന് എംഎല്എ ഇന്നലെ നിര്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്വഹിച്ചു.
സമ്മേളനത്തില് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്സി ടോമി, പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ഫെര്ണാണ്ടസ്, എം.എസ്. സുനിൽ, പ്രസന്ന സോമൻ, സുനില് ഐസക്, ജോസ് സെബാസ്റ്റ്യൻ, ജയിംസ് തെക്കേല്, ടി.വി ജോര്ജ് തുടങ്ങിയവര് പ്രസംഗിച്ചു.
പ്രതികരണങ്ങൾ
വികസനകാര്യത്തിൽ സര്ക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണിത്. മൂന്നു വര്ഷമായി ഫണ്ട് അനുവദിച്ചിട്ടും ഇതുവരെ പണി ആരംഭിക്കാന് മുന് സര്ക്കാരിന് സാധിച്ചിരുന്നില്ല. ഇലവീഴാപൂഞ്ചിറയുടെ മാത്രമല്ല പ്രദേശത്തെ വികസനത്തിന്റെ പ്രധാന പാതയാണിത്.
ജോയി സ്കറിയ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
ഒന്നര വര്ഷമാണ് പാലം നിർമാണ കാലാവധിയെങ്കിലും കാലാവസ്ഥ അനുകൂലമായാല് എട്ടു മാസംകൊണ്ട് പണി പൂര്ത്തിയാക്കുമെന്നാണ് കരാർ കമ്പനി അറിയിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടന് ആരംഭിക്കും. ഇതിനായി എംഎല്എ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ബിന്സി ടോമി (മേലുകാവ് പഞ്ചായത്ത് പ്രസിഡന്റ്)
സമയബന്ധിതമായി പാലംപണി പൂര്ത്തീകരിക്കണം. പലവിധ കാരണങ്ങള് പറഞ്ഞുപണി മുടങ്ങരുത്. ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമാണ് ഈ പാലം.
സുനില് സുകുമാരന് (പഞ്ചായത്തംഗം)
പുതിയ പാലം നിര്മിക്കുക എന്നത് വര്ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. എത്രയും വേഗം പണി പൂര്ത്തികരിക്കണം.
മറിയാമ്മ ഫെര്ണാണ്ടസ് (പഞ്ചായത്തംഗം)
കുരിശുങ്കല് കുളത്തിക്കണ്ടം-പാണ്ടിയാമ്മാവ് റോഡ്, കുരിശുങ്കല് വെള്ളാത്തൊട്ടി ചാലമറ്റം റോഡ്, മേരിലാൻഡ്-പൈകടപീടിക റോഡ്, കുരിശുങ്കല്-കൊടിത്തോപ്പ് റോഡ് എന്നീ ബദല് റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണം.
ജോസുകുട്ടി വട്ടക്കാവുങ്കല് (പൊതുപ്രവര്ത്തകൻ)
International
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിലേക്ക് ഇന്ത്യ ബെയ്ലി പാലം നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ അയച്ചു.
പ്രളയം തകർത്ത ഭദ്രാവതി മേഖലയുടെ നവീകരണത്തിനായി ഗതാഗതമാർഗങ്ങൾ ഒരുക്കാനാണ് 70 മീറ്റർ നീളമുള്ള ബെയ്ലി പാലത്തിന്റെ സാമഗ്രികൾ എത്തിക്കുന്നതെന്നു കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. നേപ്പാളിലെ ഹട്ടൗഡ റോഡ് ഡിവിഷനു സാമഗ്രികൾ കൈമാറ്റം ചെയ്തതായും മറ്റു ഭാഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുക്കുദണ്ഡുകളിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിക്കുന്നതും വലിയ യന്ത്രസംവിധാനങ്ങളോ മറ്റോ ഇല്ലാതെ എളുപ്പത്തിൽ കൈകൊണ്ടുതന്നെ സ്ഥാപിക്കാവുന്നതുമാണു ബെയ്ലി പാലം.
പ്രളയത്തിൽ തകർന്ന നേപ്പാളിനെ സഹായിക്കാൻ ഇന്ത്യ മാനുഷിക പരിഗണനയിൽ നൽകിവരുന്ന സഹായങ്ങളുടെ ഭാഗമാണ് ഇതും. 130 ടണ്ണോളം ദുരിതാശ്വാസ ഉത്പന്നങ്ങളും രക്ഷാപ്രവർത്തനങ്ങളിലും ഫൊറൻസിക് പ്രവർത്തനങ്ങളിലും സഹായിക്കാൻ 54 വിദഗ്ധരെയും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 26നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 1400ഓളം പേർ മരിച്ചതായാണു കണക്ക്. അയ്യായിരത്തിലധികം പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
District News
കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന മുണ്ടൂർ കാലംപാറ തൂക്കുപാലം അപകടാവസ്ഥയിലായി വർഷങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പാലം പുനര് നിര്മിക്കാന് പഞ്ചായത്ത് അധികൃതർ തയാറാകാത്തതിൽ പ്രദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമാണിത്. മുണ്ടൂർ, കാട്ടിപ്പൊയിൽ, നാരാങ്ങാതോട്, കുരോട്ടുപാറ നിവാസികൾക്ക് ആനക്കാംപൊയിൽ അങ്ങാടി, വിവിധ സ്കൂളുകൾ, പള്ളി, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താനുള്ള ആശ്രയമായിരുന്നു ഈ പാലം. 2018-ലെ പ്രളയത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലാണ് പാലത്തിന്റെ നടപ്പാത ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പികൾ തകർന്ന് പ്ലാറ്റ്ഫോം ഒടിഞ്ഞു തൂങ്ങിയത്. പാലം അതീവ അപകടാവസ്ഥയിലാണെങ്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ജീവൻ പണയംവച്ച് ഇതുവഴി സാഹസികമായി നടന്നുപോകുന്ന സ്ഥിതിയാണുള്ളത്.
അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ യാതൊരു സുരക്ഷാ മുന്നറിയിപ്പുകളോ അപായ സൂചനാ ബോർഡുകളോ സ്ഥാപിച്ചിട്ടുമില്ല. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുന്പ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കെ.എം. മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോൾ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കോടഞ്ചേരി തിരുവമ്പാടി പഞ്ചായത്തുകളുടെ ആസ്തി വികസന രജിസ്റ്ററിൽ ഇതുവരെയും പാലം ഉൾപ്പെടുത്തിയിട്ടില്ല. കോടഞ്ചേരി പഞ്ചായത്തിന്റെ ആസ്തി വികസന രജിസ്റ്ററിൽ ഉൾപ്പെടുത്തി സർക്കാരിന്റെ ഏതെങ്കിലും അംഗീകൃത ഏജൻസികളെ കൊണ്ട് മാത്രമേ പാലം പുനർനിർമിക്കാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Kerala
കൊച്ചി: രക്ഷിതാക്കൾ അറിയാതെ വീട്ടിൽനിന്ന് പുറത്തിറങ്ങി പാലത്തിലെത്തിയ ഭിന്നശേഷിക്കാരിയായ നാലുവയസുകാരിക്ക് രക്ഷകരായി കൊച്ചി സിറ്റി പൊലിസ്. ഇടപ്പള്ളി കുന്നുംപുറത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മകളെയാണ് പൊലിസിന്റെ സമയോചിത ഇടപെടലിലൂടെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കുന്നുംപുറം പാലത്തിൽ നാലുവയസുകാരിയെ തനിച്ച് കണ്ടത്. കുഞ്ഞ് പാലത്തിലൂടെ തനിച്ച് നടന്നു വരുന്നതു കണ്ട സ്വകാര്യ ബസ് ജീവനക്കാർ പൊലിസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചോ വീടിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്നതിനാൽ പൊലിസ് ഉടൻ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
എറണാകുളം വനിതാ പൊലിസ് സ്റ്റേഷനിലെ എഎസ്ഐ ബേബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘവും ചേരാനല്ലൂർ പൊലിസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. അര മണിക്കൂറിനു ശേഷം കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കളും അറിഞ്ഞു. തുടർന്ന് കുഞ്ഞിനെ തേടി സമീപവാസികൾക്കൊപ്പം മാതാപിതാക്കളും സ്ഥലത്തെത്തി.
ഏകദേശം അരമണിക്കൂറോളം പൊലിസ് സംഘം പാലത്തിലും പരിസരത്തും തെരച്ചിൽ നടത്തി. ഇതിനിടെ പാലത്തിന് മുകളിൽ നിന്നാണ് എഎസ്ഐ ബേബി വർഗീസ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.
District News
പാലാ: ടൗണിനെ മീനച്ചിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കേണ്ട ചെത്തിമറ്റം കളരിയാമ്മാക്കല് കടവ് പാലം നോക്കുകുത്തിയായിട്ട് 13 വർഷം. കോടികൾ ചെലവിട്ട് നിർമിച്ച പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് പ്രതിസന്ധി. പാലം പൂർത്തിയാകാത്തതിനെതിരേ നാട്ടുകാരും പൗരസമിതിയും പലവട്ടം പ്രതിഷേധിച്ചെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല.
13 വര്ഷം മുമ്പ് പണി പൂര്ത്തീകരിച്ച പാലമാണ് ജനത്തിന് പ്രയോജനമില്ലാതെ നിൽക്കുന്നത്. പാലത്തിന്റെ ഇരുകരകളിലും ചെത്തിമറ്റം ഭാഗത്തും കിഴപറയാര് ഭാഗത്തും അപ്രോച്ച് റോഡും റോഡിനുള്ള സ്ഥലവും ഇല്ലാതെയാണ് നിർമാണം പൂര്ത്തിയാക്കിയത്. ചെത്തിമറ്റം ഭാഗത്ത് റോഡുണ്ടെങ്കിലും പണി പൂര്ത്തീകരിച്ചിട്ടില്ല.
കിഴപറയാര് ഭാഗത്ത് റോഡിനുള്ള സ്ഥലം ഏറ്റെടുത്തിട്ടില്ല. കിഴപറയാര് ഭാഗത്തുനിന്നു പാലത്തിലേക്കു കയറാന് നാട്ടുകാര് സ്വന്തം ചെലവില് ഇരുമ്പുഗോവണി സ്ഥാപിച്ചിട്ടുണ്ട്. കാല്നടക്കാരുടെ ആശ്രയം ഈ ഗോവണിയാണ്. മതിയായ നഷ്ടപരിഹാരം നല്കിയാല് സ്ഥലം വിട്ടുനല്കാമെന്ന് സ്ഥലമുടമകള് ജനപ്രതിനികളെയും അധികൃതരെയും അറിയിച്ചിരുന്നു. എന്നാല്, നടപടിക്രമങ്ങള് മുന്നോട്ടുപോയിട്ടില്ലെന്ന് നാട്ടുകാര് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാതെ അധികൃതർ കണ്ണടച്ചതോടെ പാലം നടപ്പാത മാത്രമായി ചുരുങ്ങി.
പാലത്തിനടിയിൽ അടിഞ്ഞുകൂടി മാലിന്യം
വെള്ളപ്പൊക്കം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ചെത്തിമറ്റം കളരിയാമ്മാക്കല് പാലത്തിനടിയില് അടിഞ്ഞ മാലിന്യങ്ങള് നീക്കം ചെയ്തില്ല. ടണ് കണക്കിന് മലിന്യങ്ങളാണ് പാലത്തിനടിയില് അടിഞ്ഞിരിക്കുന്നത്. ശുദ്ധജല പദ്ധതികളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കളരിയാമ്മാക്കല് തടയണയില് ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും മാലിന്യങ്ങള് അടിഞ്ഞുകൂടുന്നത് പതിവാണ്. മുന് വര്ഷങ്ങളില് നഗരസഭയും ജസേചനവകുപ്പും ചേർന്നാണ് മാലിന്യങ്ങള് നീക്കം ചെയ്തിരുന്നത്.
മാലിന്യങ്ങള് നീക്കാൻ ശ്രമദാനം
കളരിയാമ്മാക്കല് പാലത്തില് അടിഞ്ഞ മാലിന്യങ്ങള് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നീക്കും. വിഷയം ചർച്ച ചെയ്യാൻ പാലാ നഗരസഭയിൽ ഇന്നലെ യോഗം ചേർന്നു. ആറിന് ശ്രമദാനമായി മാലിന്യങ്ങള് നീക്കാൻ യോഗത്തിൽ തീരുമാനിച്ചു. മീനച്ചിൽ പഞ്ചായത്തും പാലാ നഗരസഭയും ശ്രമദാനത്തിൽ പങ്കാളികളാകുമെന്ന് നഗരസഭാധ്യക്ഷ മായ രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് അപകടമുണ്ടായത്.
ഇതോടെ ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്വരകളിലേക്കുള്ള ഏക റോഡ് ഗതാഗതം തടസപ്പെട്ടു. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
തകർന്ന പാലത്തിന് പകരം താത്കാലിക ബദൽ പാത നിർമിച്ച് അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
District News
കൊക്കയാർ: നിരവധി പ്രളയങ്ങളെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലത്തിനു പകരം പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തം. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും കൂട്ടിക്കൽ, കൊക്കയാർ നിവാസികളുടെ പ്രധാന സഞ്ചാരമാർഗവുമായ ചപ്പാത്ത് പാലത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. ചെറുതും വലുതുമായ നിരവധി വെള്ളപ്പൊക്കത്തെയാണ് ചപ്പാത്ത് പാലം ഇതുവരെ അതിജീവിച്ചത്.
2021ൽ കൂട്ടിക്കൽ പ്രദേശത്തുണ്ടായ മഹാപ്രളയത്തിൽ നിരവധി പാലങ്ങൾ തകർന്നപ്പോഴും ചപ്പാത്ത് പാലം അതിജീവിച്ചിരുന്നു. എന്നാൽ, പാലത്തിന്റെ കൈവരികൾ പൂർണമായും തകരുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലുകയാർ കരകവിഞ്ഞൊഴുകി വലിയ തടിയും മാലിന്യങ്ങളും പാലത്തിന്റെ തൂണിൽ വന്നടിഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്തെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീണ്ടും മാലിന്യങ്ങളും തടിക്കഷണങ്ങളും പാലത്തിന്റെ കീഴിൽ അടിഞ്ഞു. ഉയരം കുറവുള്ള പാലത്തിൽ പത്തോളം തൂണുകളാണുള്ളത്. ഈ തൂണുകളിൽ വലിയ തടിയും മാലിന്യങ്ങളും നിറയുന്നത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെ ചപ്പാത്ത് പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. മുളംകമ്പുകൾ കെട്ടിവച്ചാണ് ഇവിടെ താത്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കൊക്കയാർ പഞ്ചായത്തിലെ വിദ്യാർഥികൾ ഉൾപ്പെടെ വെംബ്ലി, കുറ്റിപ്ലാങ്ങാട്, കൊക്കയാർ, പുളിക്കത്തടം, പൂവഞ്ചി, നാരകംപുഴ വാർഡിലെ ജനങ്ങൾക്ക് കോട്ടയം ജില്ലയിലേക്ക് കടക്കാനുള്ള ഏക ആശ്രയമാണ് ചപ്പാത്ത് പാലം. വീതി കുറവുള്ള പാലത്തിലൂടെ ഒരു വാഹനത്തിന് മാത്രമാണ് കടന്നുപോകാൻ കഴിയുന്നത്. പത്തു വർഷം മുമ്പ് 15 ലക്ഷം മുടക്കി നടത്തിയ നിർമാണമല്ലാതെ ചപ്പാത്ത് പാലത്തിന് യാതൊരു നവീകരണവും നടത്തിയിരുന്നില്ല.
ഇനിയൊരു പ്രളയത്തെ അതിജീവിക്കാൻ ചപ്പാത്ത് പാലത്തിന് കഴയുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
കൊക്കയാർ പഞ്ചായത്തിലെ ഗ്രാമസഭയിൽ പുതിയ പാലമെന്ന ആവശ്യമുന്നയിച്ച് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. വാർഡ് അംഗം അയൂബ്ഖാൻ കട്ടപ്ലാക്കൽ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ തുടങ്ങിയവർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
District News
കരിമണ്ണൂര്: തൊമ്മന്കുത്തില് കണ്ണാടിപ്പുഴയ്ക്കു കുറുകെയുള്ള പാലം ഉയര്ത്തി നിര്മിക്കാനുള്ള നടപടി വൈകുന്നു. എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകുന്ന പാലം പുതുക്കി നിര്മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ പാലം നിര്മാണത്തിന് പച്ചക്കൊടി ലഭിച്ചത്. വനം വകുപ്പിന്റെ കടുത്ത എതിര്പ്പായിരുന്നു അനുമതി ലഭിക്കുന്നതിന് ആദ്യഘട്ടത്തില് തടസമായിനിന്നത്. ഇത് മറികടന്ന് അനുമതി ലഭിക്കാന് രണ്ടു വര്ഷമെടുത്തു.
സെപ്റ്റംബറില് നിര്മാണം ആരംഭിക്കാന് കെഎസ്ടിപി തയാറെടുപ്പുകള് നടത്തുന്നതിനിടെയാണ് പഴയ ചപ്പാത്ത് നിലനിര്ത്തണമെന്നും സ്ഥലം ഏറ്റെടുത്ത് പുതിയപാലം നിര്മിക്കണമെന്നുമുള്ള ആവശ്യം ചിലര് ഉയര്ത്തിയത്.
എന്നാല് ചപ്പാത്ത് നിലനിര്ത്തി പാലം നിര്മിക്കണമെങ്കില് പള്ളിയുടെയും സ്വകാര്യ വ്യക്തിയുടെയും സ്ഥലം ഏറ്റെടുക്കണം. പാലം നിര്മാണത്തിനായി നിലവിലുള്ള കപ്പേള പൊളിച്ചു നല്കാന് പള്ളി തയാറാണ്. മറുഭാഗം വനഭൂമിയായതിനാല് ഇവിടം വിട്ടുകിട്ടാന് ഏറെ കടമ്പകള് കടക്കണം. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്തന്നെ വര്ഷങ്ങള് കാത്തിരിക്കണം.
കെഎസ്ടിപിക്ക് ഇനി ഒരുവര്ഷം മാത്രമാണ് റോഡ് നിര്മാണം പൂര്ത്തിയാക്കാന് കാലാവധിയുള്ളത്. ഇതിനിടയില് അനുമതി ലഭിച്ച് പാലം നിര്മാണം പൂര്ത്തിയാക്കാന് കഴിയുമോയെന്ന ആശങ്ക ഉയര്ന്നിട്ടുണ്ട്. ജര്മന് സഹായത്തോടെ നിര്മിക്കുന്ന നെയ്യശേരി - തോക്കുമ്പന് സാഡില് റോഡിന്റെ ഭാഗമാണ് കരിമണ്ണൂര് മുതല് തൊമ്മന്കുത്തു വരെയുള്ളഭാഗം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് തൊമ്മന്കുത്ത്, നാരങ്ങാനം തുടങ്ങിയ അവികസിത മേഖലകളിലൂടെ ബിഎംബിസി നിലവാരത്തില് റോഡ് നിര്മിക്കുന്നത്. തൊമ്മന്കുത്ത്, ആനയാടിക്കുത്ത് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും റോഡ് നിര്മാണം സഹായകരമാകും.
തൊമ്മന്കുത്ത് പുഴയ്ക്കു കുറുകെയുള്ള ചപ്പാത്തിന് പകരം പാലം ഉയര്ത്തി നിര്മിക്കുന്നത് മേഖലയ്ക്ക് ഏറെ പ്രതീക്ഷയാണ് നല്കുന്നത്. മഴക്കാലത്ത് പതിവായി വെള്ളത്തില് മുങ്ങുന്ന തൊമ്മന്കുത്ത് പാലം അടിയന്തരമായി ഉയര്ത്തി നിര്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
എരുമേലി: മണിമലയാറിലെ എരുമേലി ഒഴക്കനാട് ഓരുങ്കൽക്കടവ് കോസ്വേ പാലത്തിൽ ഇന്നലെ ഗതാഗതം പുനരാരംഭിച്ചു. വെള്ളപ്പൊക്കത്തിൽ കൈവരികൾ ഒലിച്ചുപോയതിനെത്തുടർന്ന് ഒരാഴ്ചയായി പാലത്തിൽ ഗതാഗതവും കാൽനടയാത്രയും നിരോധിച്ചിരുന്നു. ഇന്നലെ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥർ വാർഡ് അംഗം നാസർ പനച്ചിയുടെ സാന്നിധ്യത്തിൽ നടത്തിയ സുരക്ഷാ പരിശോധനയ്ക്കു ശേഷം പാലത്തിൽ ഗതാഗതം അനുവദിക്കുകയായിരുന്നു. ഒപ്പം താത്കാലിക കൈവരികളുടെ നിർമാണം ആരംഭിച്ചു. സ്ഥിരം കൈവരികൾ മൂന്നു മാസത്തിനകം നിർമിക്കുമെന്ന് മരാമത്ത് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 31 ന് അർധരാത്രിയോടെയാണ് മണിമലയാർ കരകവിഞ്ഞ് പാലം വെള്ളത്തിൽ മുങ്ങിയത്. ശക്തമായ ഒഴുക്കിൽ കൈവരികൾ ഒലിച്ചുപോയി. ഒട്ടേറെ മരങ്ങൾ ഒഴുക്കിൽ വന്ന് പാലത്തിൽ അടിഞ്ഞിരുന്നു. നദിയിൽ വെള്ളം താഴ്ന്നതോടെ പാലത്തിൽനിന്നും വെള്ളം ഇറങ്ങിയപ്പോൾ ചെളിയും കല്ലുകളും മണ്ണും പാലത്തിൽ അടിഞ്ഞ നിലയിലായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ഇവയെല്ലാം നീക്കിയെങ്കിലും കൈവരികൾ ഇല്ലാത്തതിനാൽ ഗതാഗതം അപകടത്തിലാകുമെന്ന ആശങ്കയിൽ പാലം അടച്ചിടുകയായിരുന്നു. പാലം അടച്ചതോടെ ഒരാഴ്ചയായി നാട്ടുകാർ യാത്രാ ദുരിതത്തിലായിരുന്നു. എരുമേലി ടൗൺ റോഡ് വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പാലത്തിന്റെ അക്കരെ കുറുവാമുഴി ഭാഗത്തേക്ക് പോയിരുന്നത്.
കാഞ്ഞിരപ്പള്ളി-എരുമേലി റോഡിലെ കുറുവാമൂഴിയിൽനിന്ന് എരുമേലിക്ക് വരാവുന്ന ബൈപാസിലാണ് ഓരുങ്കൽക്കടവ് പാലം. ഉയരം കുറഞ്ഞ കോസ്വേ പാലമായതിനാൽ മണിമലയാറിൽ വെള്ളപ്പൊക്കം ഉണ്ടായാൽ പാലം വെള്ളത്തിലാകും. എരുമേലിയിലേക്കും കുറുവാമൂഴിയിലേക്കും ഒഴക്കനാട് ഭാഗത്തേക്കും എരുമേലി ടൗൺ ഒഴിവാക്കി സഞ്ചരിക്കാനുള്ള പാതകൂടിയാണ് പാലം ഉൾപ്പെടുന്ന ബൈപാസ് റോഡ്. ശബരിമല സീസണിൽ എരുമേലി ടൗൺ റോഡിലെ ഗതാഗതത്തിരക്ക് പരിഹരിക്കാൻ ഈ ബൈപാസ് വാഹനങ്ങൾ തിരിച്ചുവിടാറുണ്ട്. എരുമേലി, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി കൂടിയാണ് ഓരുങ്കൽക്കടവ് പാലം.
ഇന്നലെ മരാമത്ത് വിഭാഗം നടത്തിയ സുരക്ഷാ പരിശോധനയിൽ പാലത്തിന് അപകടകരമായ തകരാറുകൾ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
District News
കാഞ്ഞിരപ്പള്ളി: കനത്ത മഴയില് അഞ്ചിലിപ്പ പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങള് നീക്കം ചെയ്തു. പഞ്ചായത്തംഗം ആനിയമ്മ ജോയിയുടെ നേതൃത്വത്തിലാണ് ശുചീകരിച്ചത്. രണ്ടു ജോലിക്കാരും ഇറിഗേഷൻ വകുപ്പിൽനിന്നു കൊണ്ടുവന്ന ജെസിബിയും ഉപയോഗിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.
നിലവിൽ ഇവിടെ മാലിന്യങ്ങൾ നീക്കിയ ജോലിക്കാരുടെ പണിക്കൂലി ആനിയമ്മയാണ് നൽകിയിരിക്കുന്നത്. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻ നിർത്തിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തെന്ന് ആനിയമ്മ പറഞ്ഞു.
മരത്തടികളടക്കം തൂണുകളില് അടിയുന്നതു വര്ഷങ്ങള് പഴക്കമുള്ള പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നുവെന്ന് പരാതി ഉയർന്നിരുന്നു. കാലങ്ങളായി മാലിന്യങ്ങള് നിറഞ്ഞതോടെ പുഴയുടെ ആഴവും കുറഞ്ഞ നിലയിലാണ്. മുമ്പ് രണ്ടുതവണ പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ പഞ്ചായത്തംഗം ഇടപെട്ടാണ് നീക്കം ചെയ്തത്.
District News
ലോക ടൂറിസം ഭൂപടത്തിലിടം നേടിയ കാക്കത്തുരുത്തിലേക്ക് കടത്തുമാത്രം ആശ്രയം
തുറവൂർ: ലോകത്തിലെ ഏറ്റവും മനോഹരമായ 24 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി നാഷണൽ ജിയോഗ്രാഫിക് ഏജൻസി തെരഞ്ഞെടുത്ത കാക്കത്തുരുത്ത് ഇന്നും അടിസ്ഥാന യാത്രാ സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതം അനുഭവിക്കുന്നു. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 250-ഓളം കുടുംബങ്ങളിലായി ആയിരത്തിലധികം പേരാണ് താമസിക്കുന്നത്. എഴുപുന്ന ജംഗ്ഷനിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കോട്ട് റോഡ് മാർഗം സഞ്ചരിച്ച് ദേശീയപാതയിൽ നിന്ന് കിഴക്കോട്ട് മാറിയാലാണ് കാക്കത്തുരുത്തിലേക്കുള്ള കടവിലെത്തുക. ഏകദേശം രണ്ടു കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള ദ്വീപാണിത്.
കാക്കത്തുരുത്തിലേക്കുള്ള ഏക യാത്രാമാർഗം രണ്ട് കടത്തുവള്ളങ്ങളാണ്. രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെയാണ് കടത്തുവള്ളമുള്ളത്. അതിനു ശേഷം ദ്വീപിലേക്കെത്താനോ പുറത്തേക്ക് പോകാനോ യാതൊരുവിധ മാർഗവുമില്ല. ജോലി കഴിഞ്ഞ് വൈകിയെത്തുന്നവർക്ക് മറുകരയിൽ തങ്ങേണ്ടിവരുന്ന അവസ്ഥ. രാത്രിയിൽ അത്യാഹിതമുണ്ടായാൽ കടത്തുവള്ളം മാത്രമാണ് ഏക ആശ്രയം. ദ്വീപിലെ ഭൂരിഭാഗം പേരും മത്സ്യബന്ധനം, മത്സ്യസംസ്കരണം, കയർ മേഖലയിലെ തൊഴിലുകളാണ് ചെയ്യുന്നത്. ദിവസേന ജോലിക്കായി പുറത്തുപോകുന്നവർ യാത്രാദുരിതം മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
ദ്വീപിൽ സർക്കാർ സ്ഥാപനങ്ങളായി ഒരു അംഗൻവാടിയും ഒരു സർക്കാർ ആയുർവേദ ആശുപത്രിയും മാത്രമാണുള്ളത്. മറ്റാവശ്യങ്ങൾക്കായി നാട്ടുകാർക്ക് ദ്വീപിന് പുറത്തേക്കു പോകേണ്ട അവസ്ഥയാണ്. 1995-ൽ പാലം നിർമിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും കായലിലെ ഉപ്പുരസംമൂലം പാലം തുരുമ്പെടുക്കുമെന്ന ആശങ്കയെ തുടർന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു. പിന്നീട് സർക്കാർ, പാലത്തിനായി ഫണ്ട് അനുവദിക്കുകയും നിർമാണ നടപടികൾ ആരംഭിക്കുകയും ചെയ്തെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലം ലഭിക്കാത്തതിനാൽ പദ്ധതി നിലച്ചു. പൊതുമരാമത്ത് വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡിനാവശ്യമായ സ്ഥലം ലഭ്യമാക്കി.
2010-ൽ പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതോടെ നിർമാണം വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷ ഉയർന്നെങ്കിലും 16 വർഷങ്ങൾ പിന്നിട്ടിട്ടും തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. തുടർന്ന് എസ്റ്റിമേറ്റും പ്ലാനും തയാറാക്കി കിഫ്ബി വഴി ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
രാത്രിയാകുന്പോൾ പാടവരമ്പുകളിലെ മിന്നാമിനുങ്ങുകളും പക്ഷികളുടെ ശബ്ദങ്ങളും ഗ്രാമീണ പ്രകൃതിയുടെ അപൂർവ സൗന്ദര്യവും കൊണ്ട് കാക്കത്തുരുത്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്. ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വിനോദസഞ്ചാര വികസനത്തിനു തിരിച്ചടിയായിരിക്കുകയാണ്.
പതിറ്റാണ്ടുകളായി നീളുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി കാക്കത്തുരുത്ത് പാലം എത്രയും വേഗം യാഥാർഥ്യമാക്കണം. പാലം പൂർത്തിയായാൽ ആയിരത്തിലധികം ജനങ്ങളുടെ യാത്രാദുരിതം അവസാനിക്കുന്നതിനൊപ്പം കാക്കത്തുരുത്തിന്റെ ടൂറിസം സാധ്യതകൾക്കും വലിയ ഉണർവ് ലഭിക്കും. ഈ വിഷയത്തിൽ സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ ഇടപെട്ട്പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ ഗതാഗത സൗകര്യമില്ലാത്ത ഏക പട്ടികവർഗ സങ്കേതമായ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് പണിയ സങ്കേതത്തിന്റെ പാലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. മൂന്നു പതിറ്റാണ്ടുകളായി ഇവിടുത്തുകാർ പാലത്തിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നു നടപടികൾ ഒന്നുമുണ്ടായിട്ടില്ല. സങ്കേതത്തിലെ 20ലധികം കുടുംബങ്ങൾ ഒരു ഭാഗത്തും പത്തോളം കുടുംബങ്ങൾ മറുഭാഗത്തുമാണ് താമസിക്കുന്നത്. രണ്ടാംകടവിലൂടെ ഒഴുകുന്ന കിളിയന്തറ തോടിന് കുറുകെ നിർമിച്ചിരിക്കുന്ന ചെറിയ നടപ്പാലം മാത്രമാണ് ഇവരുടെ ഏകആശ്രയം. വാഹനങ്ങൾക്ക് കടന്നുപോകാൻ യാതൊരു സംവിധാനവുമില്ലാത്തതിനാൽ രോഗികളെയും വയോധികരെയും കുട്ടികളെയും അത്യാവശ്യഘട്ടത്തിൽ ചുമന്നാണ് കൊണ്ടു പോകുന്നത്.
പാലത്തിനായി 30 വർഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി മൂന്ന് എസ്റ്റിമേറ്റുകൾ തയാറാക്കിയിരുന്നുവെങ്കിലും മറ്റു നടപടിയില്ല. ആദ്യം 36 ലക്ഷം രൂപയുടെയും പിന്നീട് 40 ലക്ഷം രൂപയുടെയും ഒടുവിൽ 1.74 കോടി രൂപയുടെയും എസ്റ്റിമേറ്റുകളായിരുന്നു തയാറാക്കിയത്. 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനൊപ്പം സോഷ്യൽ മാപ്പ്, ട്രൈബൽ ഓഫീസിന്റെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തി ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തോടെയും അന്നത്തെ എംഎൽഎ സണ്ണി ജോസഫിന്റെയും ശിപാർശയുടെ പട്ടികവർഗ ഡയറക്ടറുടെ ഓഫീസിൽ സമർപ്പിച്ചിരുന്നു. എന്നാൽ പതിറ്റാണ്ടിലേറെയായി ഫയൽ അവിടെ തന്നെ കെട്ടിക്കിടക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
2022 ൽ അന്നത്തെ അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖേന അന്നത്തെ പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലെ എൻജിനിയർ പുതിയ എസ്റ്റിമേറ്റ് തയാറാക്കി കണ്ണൂർ ഐടിഡിപി പ്രോജക്ട് ഓഫീസിൽ സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇത്രയും കാലം അവഗണിക്കപ്പെടാൻ ഞങ്ങൾ ചെയ്ത തെറ്റെന്താണ്" എന്ന ചോദ്യമാണ് സങ്കേതവാസികൾ ഉയർത്തുന്നത്.
ആശ്രയം നടപ്പാലം
35 വർഷം മുമ്പ് തോടിന് കുറുകെയുണ്ടായിരുന്ന മരപ്പാലം മുൻ പേരാവൂർ എംഎൽഎ കെ.പി. നൂറുദ്ദീന്റെ ശ്രമഫലമായി കോൺക്രീറ്റ് നടപ്പാലമാക്കിയത്. എന്നാൽ നടപ്പാലം കടന്നാലും കുത്തനെയുള്ള ഇറക്കത്തിലൂടെ തോട്ടിലേക്ക് ഇറങ്ങി വീണ്ടും റോഡിലെത്തേണ്ട സ്ഥിതിയാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മഴക്കാലത്ത് ദുരിതം രൂക്ഷമാകുന്നു. ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുന്ന ദിവസങ്ങളിൽ യാത്ര പൂർണമായും തടസപ്പെടുകയും ചെയ്യും. അധികൃതരുടെ അനാസ്ഥയാണ് പ്രദേശവാസികളുടെ ദുരിതത്തിന് കാരണമെന്ന് വാർഡ് അംഗം ഷീൻ ജോസും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ജോസും ആരോപിച്ചു.
വീണ്ടും നിവേദനം
പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുൻ അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ജോസ്, വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖേന പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ.എ. തുളസിക്ക് വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. ഇത്തവണയെങ്കിലും പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
District News
ഉദയഗിരി: മൂരിക്കടവ് -ചീക്കാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂരിക്കടവ് പുഴയ്ക്ക് പാലം നിർമിക്കുന്നതിനാവിശ്യമായ സാധ്യത പഠനം നടത്താൻ പിഡബ്ല്യുഡി ബ്രിഡ്ജ് ഡിപ്പാർട്ട്മെന്റ് അംഗങ്ങൾ പാലം സൈറ്റ് സന്ദർശിച്ചു. അസിസ്റ്റന്റ് എൻജിനിയർ സേതുമാധവന്റെ നേതൃത്വത്തിൽ ഓവർസിയർമാർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ബെന്നി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് വെക്കാത്താനം, ജോയിച്ചൻ പള്ളിയാലിൽ, വൈസ് പ്രസിഡന്റ് പ്രസന്നകുമാർ, ചീക്കാട് പള്ളി വികാരി ഫാ. വിപിൻ ആനചാരിയിൽ, പഞ്ചായത്തംഗങ്ങളായ ബേബി കോയിക്കൽ, സരിത ജോസ്, സിന്ധു തോമസ്, ഷീബ ഡാനി , ജോയി പള്ളിപറമ്പിൽ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ബെന്നി പീടിയേക്കൽ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.
District News
ശ്രീകണ്ഠപുരം: വർഷങ്ങളായി തൂക്കുപാലത്തിലൂടെ മാത്രം പുഴ മുറിച്ചുകടന്നിരുന്ന അഡൂർ, ചെങ്ങളായി നിവാസികൾക്ക് മാസങ്ങൾക്കുള്ളിൽ പുതിയ പാലത്തിലൂടെ സഞ്ചരിക്കാനാകും. ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഡൂർക്കടവ് പാലം നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നിലവിൽ തൂണുകളുടെ നിർമാണം പൂർത്തിയാക്കി ഇരുകരകളെയും ബന്ധിപ്പിച്ചുള്ള സ്പാനുകളുടെ പണിയാണ് നടക്കുന്നത്. ഇനി ഒരു റീച്ച് കൂടി ചെയ്തുതീരാനുണ്ട്. ചെങ്ങളായി ഭാഗത്തുനിന്ന് പകുതിയോളം ദൂരം കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. 2024 ജൂലൈയിലാണ് പാലം നിർമാണം തുടങ്ങിയത്. എം.വി. ഗോവിന്ദൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള ഭാഗത്താണ് പാലം പണി നടക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനി കേസ് നൽകിയതിനെ തുടർന്ന് വർഷങ്ങളോളം നിർമാണം നിലച്ചിരുന്നു.
ഹൈക്കോടതി കേസ് തള്ളിയതോടെയാണ് പ്രവൃത്തി ഉദ്ഘാടനശേഷം ഊരാളുങ്കൽ സൊസൈറ്റി തന്നെ നിർമാണപ്രവൃത്തി തുടങ്ങിയത്. 12 കോടി രൂപ ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കുന്നത്.
പുതിയ പാലം യാഥാർഥ്യമാകുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരത്ത് പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താനാകും. പ്രളയകാലത്ത് ഇവിടങ്ങൾ ഒറ്റപ്പെടുന്നതും ഗതാഗതം മുടങ്ങുന്നതും പാലം വരുന്നതോടെ പഴങ്കഥയാകും.
District News
വെച്ചൂർ: വെച്ചൂർ പഞ്ചായത്തിലെ ഗതാഗത സൗകര്യമെത്താത്ത മഞ്ചാടിക്കരിയുടെ പിന്നോക്കാവസ്ഥ മാറ്റുന്നതിന് ഗതാഗതയോഗ്യമായ പാലം തീർക്കണമെന്ന ആവശ്യം ശക്തമായി. വെച്ചൂർ പഞ്ചായത്തിലെ ആറാം വാർഡിലെ വെള്ളത്താൽചുറ്റപ്പെട്ട മഞ്ചാടിക്കരിയുടെ ഒരു ഭാഗത്ത് കൈപ്പുഴയാറും കിഴക്കും പടിഞ്ഞാറുഭാഗങ്ങളിൽ ഇട്ടിയേക്കാടൻ, ചെറുവള്ളിക്കരിതോടുകളും വടക്കുവശത്ത് വലിയപുതുക്കരി തോടുമാണ്. കൈപ്പുഴമുട്ടിൽനിന്ന് ഇട്ടിയേക്കാടൻ തോടിന് സമീപത്തുവരെ ഗതാഗതയോഗ്യമായ റോഡുണ്ട്. ഇട്ടിയേക്കാടൻ തോടിന് കുറുകെ മഞ്ചാടിക്കരിയിലേക്ക് പാലം നിർമിച്ചാൽ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
അര നൂറ്റാണ്ടിലധികമായി പ്രദേശവാസികൾ പാലത്തിനായി മുറവിളി കൂട്ടുകയാണ്. പാടശേഖരത്തോട് ചേർന്ന പ്രദേശത്ത് 40 നിർധന കുടുംബങ്ങളാണ് താമസിക്കുന്നത്. ഇട്ടിയേക്കാടൻകരി, ചെറുവള്ളിക്കരി, മാനാടൻകരി തുടങ്ങിയ പാടശേഖരങ്ങൾ മഞാടിക്കരിയുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. പതിറ്റാണ്ടുകളായി ഇരുകരകളുമായി കയറിൽ ബന്ധിച്ച തോണിയിലേറിയാണ് പ്രദേശവാസികൾ പുറംലോകവുമായി ബന്ധപ്പെടുന്നത്.
പുഴയിലും തോടുകളിലും പായലും പുല്ലും വളർന്ന് തിങ്ങുമ്പോഴും മഴക്കാലത്തും തോടിന്റെ മറുകര കടക്കുന്നത് ഏറെ പണിപ്പെട്ടാണ്. ജലാശയത്താൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ചെറുവള്ളങ്ങളുണ്ട്. കൃഷിസമയങ്ങളിൽ വിത്തും വളവും കൊണ്ടുപോകുന്നതും കൊയ്ത്ത് കഴിഞ്ഞ് നെല്ലു കൊണ്ടുപോകുന്നതും രോഗികളെ ആശുപത്രിയിലെത്തിക്കുന്നതും കുട്ടികളെ സ്കൂളിൽ വിടുന്നതുമൊക്കെ വള്ളത്തിലാണ്.
ഇരുകരകളുമായും കയറിൽ ബന്ധിച്ചിട്ടുള്ള തോണി വെച്ചൂർ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർ കയറി കയർ വലിച്ചാണ് അക്കരെയിക്കരെ കടക്കുന്നത്.
District News
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ പാലത്തിന്റെ നടപ്പാതയുടെ സ്ലാബ് തകർന്നു. ചിറ്റാർപുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ നടപ്പാതയിലെ കോൺക്രീറ്റ് സ്ലാബ് തകർന്നതോടെ അപകടസാധ്യതയേറി. സ്ലാബ് തകരാനുള്ള കാരണം വ്യക്തമല്ല.
ആയിരക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി നിലവിൽ ഈ പാലത്തിലൂടെ കാൽനടയായി സഞ്ചരിക്കുന്നത്. പാലത്തിലൂടെ നടന്നുനീങ്ങുമ്പോൾ ശ്രദ്ധിക്കാതെ തകർന്ന സ്ലാബിൽ തട്ടിവീഴാനുള്ള സാധ്യതയേറെയാണ്. പലപ്പോഴും ബസ് സ്റ്റോപ്പിലേക്കടക്കം ബസിൽ കയറാൻ പാലത്തിന്റെ നടപ്പാതയിലൂടെ ഓടിയാണ് വിദ്യാർഥികളടക്കം പോകുക.
എത്രയും വേഗം തകർന്ന സ്ലാബ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Kerala
കൊച്ചി: കതൃക്കടവ് പാലത്തില് ഡീസല് തീര്ന്ന് ബസ് കുടുങ്ങി. ഡീസല് തീര്ന്ന് ബ്രേക്ക് ജാമായതോടെയാണ് ബസ് പാലത്തില് കുടുങ്ങിയത്. ഇതോടെ ഗതാഗത കുരുക്ക് രൂപപ്പെട്ടു. രാവിലെ ഏഴു മണിയോടെയാണ് കലൂര്-എറണാകുളം ഭാഗത്തേക്ക് പോകുന്ന ഹോളി എയ്ഞ്ചല് എന്ന ബസ് കുടുങ്ങിയത്.
തുടര്ന്ന് ഡീസല് കൊണ്ടുവന്ന് ഒഴിച്ചതിന് ശേഷമാണ് ബസ് മാറ്റാനായത്. രാവിലെ ഒമ്പതരയോടെയാണ് ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈറ്റില ഭാഗത്തേക്കും കലൂര് ഭാഗത്തേക്കും പോകാനുള്ള പ്രധാന വഴിയാണ് കതൃക്കടവ് പാലം. ബസ് കുടുങ്ങിയതോടെ കലൂര് മുതല് വൈറ്റില മുതല് ബ്ലോക്ക് രൂപപ്പെട്ടിരുന്നു.
പോലീസ് എത്തി വണ്ടി ക്രെയ്ന് ഉപയോഗിച്ച് വലിച്ചു കൊണ്ടു പോവാന് ശ്രമം നടന്നിരുന്നുവെങ്കിലും ബ്രേക്ക് ജാമായതിനെ തുടര്ന്ന് അതിന് സാധിച്ചിരുന്നില്ല. അതിനാല് രണ്ടര മണിക്കൂറോളം എടുത്താണ് ഡീസല് ഒഴിച്ച് ബസ് മാറ്റാനായത്. ബസ് മാറ്റിയെങ്കിലും സ്ഥലത്ത് ഗതാഗതക്കുരുക്ക് തുടരുകയാണ്.
District News
പൂച്ചാക്കൽ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജനങ്ങളുടെ ദശാബ്ദമായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം അവസാനഘട്ടത്തിൽ. അവശേഷിക്കുന്ന ചെറിയ ജോലികൾകൂടി വേഗത്തിൽ തീർത്ത് ഓണത്തിനു മുമ്പ് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വന്ന കെ.സി. വേണുഗോപാൽ എംപി, ഷാനിമോൾ ഉസ്മാൻ എംഎൽഎ എന്നിവർ പറഞ്ഞു.
ചേർത്തല - കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ ഭാഗമായി വേമ്പനാട്ടു കായലിനു കുറുകെ നിർമിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇരു ജില്ലകൾക്കുമിടയിലെ യാത്രാസമയത്തിൽ വൻ കുറവുണ്ടാകും.
ഏകദേശം 800 മീറ്ററിലധികം നീളമാണ് പാലത്തിനുള്ളത്. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിനെയും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭയിലെ നേരേകടവിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് പാലം നിർമാണം. കായലിന് മുകളിലൂടെയുള്ള ഭാഗം, തൂണുകൾ,സ്പാനുകൾ എന്നിവയുടെ നിർമാണം നേരത്തേതന്നെ പൂർത്തിയായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില തർക്കങ്ങളാണ് പദ്ധതി വൈകാൻ കാരണമായത്. പാലം പൂർത്തിയായെങ്കിലും ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ നിർമാണമാണ് അവസാനഘട്ടത്തിൽ നടക്കുന്നത്. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.
വൈക്കം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള റോഡുകളുടെ ടാറിംഗും അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്. പാലം തുറന്നു കൊടുക്കുന്നതോടെ വൈക്കത്തുനിന്നു ചേർത്തലയിലേക്കും കൊച്ചിയിലേക്കും പോകുന്നവർക്ക് നിലവിലുള്ള ദൂരം വളരെയധികം ലാഭിക്കാൻ സാധിക്കും. കൂടാതെ മധ്യതിരുവിതാംകൂറിലെ ടൂറിസം മേഖലയ്ക്കും പാലം വലിയ കുതിപ്പേകും. നിലവിൽ ബോട്ട് സർവീസുകളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് 24 മണിക്കൂറും സുഗമമായ റോഡുമാർഗം ലഭ്യമാകും. ഇരു ജില്ലകൾക്കുമിടയിലെ ചരക്കുനീക്കം എളുപ്പത്തിലാകും. എംസി റോഡിനെയും ദേശീയപാത 66നെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ബൈപാസ് ലിങ്കായി പാത മാറും.
District News
തിരുവനന്തപുരം: 13 കോടി രൂപ മുടക്കി നിർമിച്ച പാപ്പനംകോട്-സത്യൻ നഗർ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെയും മറ്റും നിർമാണം പൂർത്തിയായിട്ടില്ലെന്ന പരാതി പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ തലത്തിൽ അന്വേഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിക്കും വാർഡ് മെന്പർക്കും അസിസ്റ്റന്റ് എൻ ജിനീയർക്കും മുൻകൂർ നോട്ടീസ് നൽകിയ ശേഷം പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലപരിശോധന നടത്തണമെന്നും കമ്മീഷൻ നിർദേശിച്ചു. അപ്രോച്ച് റോഡ്, കലുങ്ക്, ഓട എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥ പരിശോധിക്കണം. ബാക്കിയുള്ള നിർമാണ ജോലികൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്നും കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
District News
പാലാ: മീനച്ചിലാറിന്റെ തീരത്തുകൂടി ജനറല് ആശുപത്രി ജംഗ്ഷന് മുതല് കൊട്ടാരമറ്റംവരെ തൂണുകളില് പാലമായി തീര്ക്കുന്ന റോഡിന്റെ നിര്മാണ പ്രവൃത്തികള് ഭൂരിഭാഗവും പൂര്ത്തിയാക്കിയിട്ടും സ്ഥലമേറ്റെടുക്കുന്നതില് ഉദ്യോഗസ്ഥര്ക്കുണ്ടായ പാളിച്ചമൂലം പാലാ-റിവര്വ്യു റോഡ് പദ്ധതി നിലയ്ക്കുകയായിരുന്നു.
പാലാ ടൗണില് മീനച്ചിലാറിന്റെ തീരം വഴിയുള്ള റിവര്വ്യു റോഡ് കൊട്ടാരമറ്റം വരെ നീട്ടുന്നതായിരുന്നു പദ്ധതി. പാലാ-ഏറ്റുമാനൂര് റോഡിന് സമാന്തരമായി കൊട്ടാരമറ്റംവരെ റോഡ് ദീര്ഘിപ്പിക്കുന്നതോടെ പാലാ ടൗണില് പൂര്ണമായും മറ്റൊരു സമാന്തരപാതയുണ്ടാകും. കൊട്ടാരമറ്റം മുതല് ആശുപത്രി ജംഗ്ഷന് വരെയുള്ള ഭാഗത്ത് പൂര്ണമായി വണ്വേ സംവിധാനത്തില് വാഹനങ്ങള് കടത്തിവിടാനും സാധിക്കുമായിരുന്നു.
റോഡിന് ബജറ്റില് തുക അനുവദിച്ചതോടെ വീണ്ടും പ്രതീക്ഷ വയ്ക്കുന്നു. നിര്മാണം അവശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് നിര്മാണം നടത്തുന്നതിന് 80 ലക്ഷം രൂപയാണ് ബജറ്റില് വകിയിരുത്തിയിരുക്കുന്നത്.
പാലാ വലിയപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പാളിച്ചയാണ് നിര്മാണം നിലയ്ക്കാന് കാരണം. റവന്യു ഭൂമിയെന്ന് കണക്കാക്കി ഏറ്റെടുക്കാതെ നിര്മാണം നടത്തിയപ്പോള് സ്ഥലമുടമ എതിര്പ്പുമായെത്തിയിരുന്നു. ഈ സ്ഥലം ഏറ്റെടുക്കൽ നടപടികള് പൂര്ത്തിയായെങ്കില് മാത്രമേ നിര്മാണം തുടരുവാന് സാധിക്കൂ. വലിയപാലത്തിനോടു ചേര്ന്ന ഭാഗത്ത് മേല്ത്തട്ട് വാര്ക്കുവാനുണ്ട്. പാലത്തിന്റെ ഇനിയും വാര്ക്കുവാനുള്ള ഭാഗത്തെ ഇരുമ്പുകമ്പികള് തുരുമ്പെടുത്ത് നശിക്കുകയാണ്. കൊട്ടാരമറ്റം ഭാഗത്ത് 200 മീറ്റര് നീളത്തില് അനുബന്ധ റോഡും തീര്ക്കേണ്ടതുണ്ട്.
സാങ്കേതിക നടപടികള് പൂര്ത്തിയാക്കി ഉടന് നിര്മാണം തുടങ്ങുമെന്നും ബുധനാഴ്ച തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില് ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു ചേര്ത്തിട്ടുണ്ടെന്നും യോഗത്തില് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും മാണി സി. കാപ്പന് എംഎല്എ പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കരുമാലൂർ പുറപ്പിള്ളികാവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ മുകളിൽ നെല്ല് ഉണങ്ങാനിട്ട് കർഷകരുടെ പ്രതിഷേധം. വൻ ഗതാഗത തടസം സൃഷ്ടിച്ചു കൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്.
കരുമാലൂർ, കുന്നുകര, ആലങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. അതിനാൽ തന്നെ പാലത്തിൽ നെല്ല് നിരത്തിയിട്ടത് തടസം ഉണ്ടാക്കുകയാണ്.
എറണാകുളം ജില്ലയിൽ വലിയ തോതിൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന പ്രദേശമാണ് കരുമാലൂർ. കൃഷിഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കാർഷിക പ്രവർത്തനങ്ങൾക്കും കാലതാമസം ഉണ്ടാക്കുന്നുണ്ട്.
സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ തുക കർഷകർക്ക് കൃത്യസമയത്ത് ലഭിക്കാറില്ല. കോടികളുടെ കുടിശിക വരുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
District News
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിൽ പനവൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊങ്ങണംകോട് തോട്ടുമുക്ക് പാലം അടിയന്തരമായി പുനർനിർമിക്കണം എന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിനു നിവേദനം നൽകി.
കാലപ്പഴക്കം കൊണ്ട് കേടുപാട് പറ്റി തകർന്ന അവസ്ഥയിൽ ആയിരിക്കവേ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് വർഷക്കാലത്തോളമായി പാലം കൂടുതൽ അപകടകരമായ വിധം തകരുകയും കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസ് ഉൾപ്പെടെ വലിയ വാഹനങ്ങളുടെ യാത്ര പൂർണമായും നിരോധിക്കുകയും ചെയ്ത സാഹചര്യത്തിൽ യാത്രക്ലേശം രൂക്ഷമാണ്. സ്കൂൾ തുറക്കുക കൂടി ചെയ്തതോടെ രക്ഷകർത്താക്കളും വിദ്യാർഥികളും കൂടുതൽ പ്രതിസന്ധിയിൽ ആയിരിക്കുന്നു.
വലിയ വാഹനങ്ങൾ പഞ്ചായത്ത് കേന്ദ്രത്തിൽ എത്തണമെങ്കിൽ അഞ്ച് കിലോമീറ്ററിൽ അധികം ചുറ്റിയാണ് വരേണ്ടത്. പാലത്തിന്റെ നിലവിലെ സ്ഥിതിയും ജനങ്ങളുടെ ബുദ്ധിമുട്ടും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കും എന്ന് മന്ത്രി ഭാരവാഹികൾക്ക് ഉറപ്പുനൽകി.
മുസ്ലിം ലീഗ് പനവൂർ പഞ്ചായത്ത് പ്രസിഡന്റ് അനീഷ് ഖാൻ പനയമുട്ടം, നിയോജക മണ്ഡലം ട്രഷറർ ഒ.പി.കെ. ഷാജി, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി നൗഷാദ് എസ്എൻ പുരം, പഞ്ചായത്ത് സെക്രട്ടറി ഷജീർ തോട്ടുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.
National
പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. ധനൗചി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റൂറൽ വർക്ക്സ് വകുപ്പിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലാണ് അപകടമുണ്ടായത്.
പാലം ഒരു മാസം മുന്പ് തന്നെ തകർന്ന് തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് പാലത്തിൽ നിന്നു നദിയിലേക്ക് വീണിരുന്നതായും പ്രദേശവാസി കൂട്ടിച്ചേർത്തു.
District News
ചാലക്കുടി: അറ്റകുറ്റപ്പണികൾ പൂർത്തിയായ ചാലക്കുടി പാലം ഉടൻ ഗതാഗതത്തിനു തുറന്നുകൊടുക്കും.
പാലത്തിന്റെ എല്ലാ എക്സ്പാൻഷൻ ജോയിന്റുകളും മാറ്റിസ്ഥാപിച്ചു. ഇതിനുശേഷം നടത്തിയ കോൺക്രീറ്റ് ഉണങ്ങേണ്ട സമയം മാത്രമാണ് ഇനി ആവശ്യമുള്ളത്.അതോടെ പാലം പൂർണമായും തുറക്കും. ഇപ്പോൾ പാലത്തിലൂടെ ഒറ്റ വരിയായി ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെയും കടുത്ത കാറ്റിനെയും തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികൾ പാലത്തിനടിയിൽ ഉറങ്ങുകയായിരുന്നു. അതിനാൽ ഇവർക്ക് പെട്ടെന്ന് ഓടി രക്ഷപെടാൻ സാധിച്ചില്ല.
ദുരന്തം പാലത്തിന്റെ നിർമാണ നിലവാരത്തെക്കുറിച്ചും നിർമാണ സ്ഥലത്ത് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ മാനദണ്ഡങ്ങളുടെ പോരായ്മകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികായണ്.
Kerala
കോഴിക്കോട്: മലവെള്ളപ്പാച്ചിൽ താത്കാലിക പാലം ഒലിച്ചുപോയി. കോഴിക്കോട് മുത്തപ്പൻപുഴയ്ക്ക് സമീപമാണ് താൽക്കാലിക പാലം ഒലിച്ചുപോയത്.
തിരുവമ്പാടി – മറിപ്പൂഴ റൂട്ടിലാണ് സംഭവം. വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താൽക്കാലിക പാലമാണിത്.മുത്തപ്പൻപുഴ മുസ്ലിം പള്ളിക്ക് സമീപം നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ താൽക്കാലിക സംവിധാനമാണ് തകർന്നത്.
ശക്തമായ മഴയെത്തുടർന്ന് തോട്ടിലൂടെ വൻതോതിൽ മലവെള്ളം കുത്തിയൊലിച്ച് വരികയായിരുന്നു. തുരങ്ക പാതയ്ക്കായുള്ള റോഡ് പണി നടക്കുന്നതിനാലാണ് പഴയ പാലം പൊളിച്ച് താൽക്കാലിക പാലം നിർമ്മിച്ചത്. വൈകിട്ട് പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്.
Education
കൊച്ചി: ഇന്ത്യയിലെ മുന്നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡേഴ്സ് പ്ലസ് ഏകീകൃത ദേശീയ പരീക്ഷയായ ബോർഡർ പ്ലസ് ഇന്റര്നാഷണല് ഡിപ്ലോയ്മെന്റ് ആന്ഡ് ഗ്ലോബല് മൊബിലിറ്റി എക്സാം (ബ്രിഡ്ജ്) പ്രഖ്യാപിച്ചു. ജൂലൈ 19ന് കൊച്ചി, പൂന, നോയിഡ എന്നിവിടങ്ങളിലെ ബോർഡർ പ്ലസ് ഫിനിഷിംഗ് സ്കൂള് കേന്ദ്രങ്ങളിലാണു പരീക്ഷ.
ഇന്ത്യന് നഴ്സുമാരുടെ യോഗ്യത വിലയിരുത്താനും അവര്ക്കു വിദേശത്ത് മികച്ച കരിയര് അവസരങ്ങള് ഉറപ്പാക്കാനുമായി രൂപകല്പന ചെയ്തതാണ് പരീക്ഷ.
പരീക്ഷയിലൂടെ ഒരു കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്കോളര്ഷിപ്പാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിദേശ കരിയറിനായി നഴ്സുമാരുടെ പ്രാവീണ്യം വര്ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണു ലക്ഷ്യം.
80 മിനിറ്റ് ദൈര്ഘ്യമുള്ള പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ജൂണ് 30ന് അവസാനിക്കും. പരീക്ഷാഫലം ഓഗസ്റ്റ് പത്തിന് പ്രഖ്യാപിക്കും. ബിഎസ്സി നഴ്സിംഗും ജിഎൻഎം ഡിപ്ലോമയും ഉള്ളവര്ക്കും പഠനം പൂർത്തിയാക്കിയവർക്കും പ്രവൃത്തിപരിചയമുള്ളവര്ക്കും പരീക്ഷയെഴുതാം. 35 വയസില് താഴെയുള്ളവര്ക്കാണു മുന്ഗണന. രജിസ്റ്റര് ചെയ്യുന്നതിന് https:// www.borderplus.co/bridge/ സന്ദര്ശിക്കുക.
Kerala
തൃശൂര്: ചാലക്കുടി പാലം വീണ്ടും അടച്ചു. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് അടച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് അടച്ചത്.
പാലത്തിന്റെ ബെയറിംഗ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃശൂര് ഭാഗത്തേക്കുള്ള വാഹനങ്ങള് സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല് ദേശീയപാതയില് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള് റോഡില് കിടക്കേണ്ട അവസ്ഥയാണിപ്പോള്.
ശനിയാഴ്ച കൂടുതല് വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. ദേശീയപാതയില് കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര കാണപ്പെട്ടു.
പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ബെയറിങ് മാറ്റുന്ന പ്രവൃത്തികള് ആരംഭിച്ചിരിക്കുന്നത്. പാലത്തിനടിയില് നിന്നാണ് പ്രവൃത്തികള് നടത്തുന്നത്. ഏഴ് സ്പാനുകളിലായുള്ള 42 ബെയറിങ്ങുകള് മാറ്റും.
ജാക്കി ലിവര് ഉപയോഗിച്ച് പാലം ഉയര്ത്തിയാണ് ബെയറിംഗ് ഘടിപ്പിക്കുന്നത്. ആവശ്യത്തിന് തൊഴിലാളികളുള്ളതിനാല് സമയബന്ധിതമായി പ്രവൃത്തികള് പൂര്ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ.
District News
തേഞ്ഞിപ്പലം: നീരോൽപ്പാലം- വടക്കീൽമാട് പാലം ബലപ്പെടുത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. വള്ളിക്കുന്ന് മണ്ഡലത്തിലെ നീരോൽപ്പാലം വടക്കീൽമാട് പാലം 55 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരിക്കുന്നത്.
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കലാം ആലുങ്ങൽ നവ കേരള സദസിൽ പാലം ബലപ്പെടുത്തുന്നതിന്റെ ആവശ്യകത ഉന്നയിച്ച് നിവേദനം സമർപ്പിച്ചിരുന്നു.
നിവേദനം പരിഗണിച്ചാണ് ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം മഞ്ചേരി എക്സിക്യൂട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് പാലം പ്രവൃത്തി.
District News
വെള്ളിയാമറ്റം: പൂമാല- കോശേരിക്കടവ് നിവാസികളുടെ ദുരിതയാത്രയ്ക്ക് എന്ന് പരിഹാരമാകുമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ജനങ്ങൾ. വടക്കനാറിനു കുറുകെ കോശേരിക്കടവില് പാലം നിർമാണം ആരംഭിച്ചിട്ട് നാലു വര്ഷം കഴിഞ്ഞു. ഇതുവരെ പാലം പണി പൂര്ത്തിയാക്കാനായിട്ടില്ല.
കോശേരിക്കടവില് പാലം വരുന്നതോടെ നാളിയാനി, പൂച്ചപ്ര ഭാഗത്തുള്ള പുഴയുടെ ഇരുകരകളിലായി താമസിക്കുന്നവര്ക്കും ഇവിടത്തെ ആദിവാസി വിഭാഗങ്ങള്ക്കും മറുകരയെത്താൻ ഏറെ എളുപ്പമാകും. ഈ പ്രദേശത്തുള്ള വിദ്യാര്ഥികളും പ്രായമായവരും മഴക്കാലമായാൽ പുഴ കടക്കുന്നത് നാട്ടുകാര് കെട്ടിയുണ്ടാക്കുന്ന ഇല്ലിപ്പാലത്തിലൂടെയാണ്. നാട്ടുകാരുടെ ദുരിതയാത്ര തിരിച്ചറിഞ്ഞ് പട്ടികവര്ഗ വകുപ്പ് ഇടപെട്ടാണ് പാലം നിർമിക്കാൻ തുക അനുവദിച്ചത്. എന്നാല് വര്ഷങ്ങള് കഴിഞ്ഞിട്ടും പാലം നിർമാണം എങ്ങുമെത്തിയില്ല.
തുടക്കത്തില് വനം വകുപ്പായിരുന്നു തടസം. ഇതോടെ പാലത്തിന്റെ തൂണുകള്ക്ക് കുഴിയെടുത്തെങ്കിലും നിർമാണം തുടര്ന്നു കൊണ്ടുപോകാനാകാതെവന്നതോടെ ട്രൈബല് ഡിപ്പാര്ട്ട്മെന്റ് വനം വകുപ്പ് ആവശ്യപ്പെട്ട തുക പരിവേഷ് പോര്ട്ടല് വഴി അടച്ചു. ഇതോടെ നിർമാണത്തിന് അനുമതി ലഭിച്ചു. ഇക്കാരണത്താൽ പാലം നിർമാണം രണ്ടുവര്ഷത്തോളം വൈകി. നിര്മിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല. അടങ്കല്ത്തുക വര്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തിൽ ഭരണാനുമതി കിട്ടാത്തതാണ് നിർമാണം വൈകാന് കാരണമെന്നും ഇതിനുള്ള അപേക്ഷ പട്ടികജാതി പട്ടികവര്ഗ വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായെന്നും നിര്മിതി ഉദ്യോഗസ്ഥര് പറയുന്നു.
മഴക്കാലം വരുന്നതോടെ യാത്രയ്ക്കായി ഈ വർഷവും ഇല്ലിപ്പാലം പണിയേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
National
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ ബിഹാദ് നദിക്ക് കുറുകെയുള്ള പാലത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ 30 വരെ ചരക്ക് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അയൽസംസ്ഥാനമായ ഉത്തർപ്രദേശിലെക്കുള്ള പ്രധാന പാതയിലാണ് വിള്ളൽ രൂപപ്പെട്ടത്.
പാലം അടച്ചതിനെ തുടർന്ന് പ്രയാഗ്രാജ്, വാരണാസി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട ചരക്ക് വാഹനങ്ങൾ മൈഹാർ-സത്ന-ചിത്രകൂട് വഴി തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല ആസ്ഥാനത്ത് നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള ഈ മേൽപ്പാലം രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ചതായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
ഗതാഗത നിയന്ത്രണം കാരണം മൈഹാറിലെ ദേശിയ പാതയിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗതാഗതം നിയന്ത്രക്കുന്നതിനും തടസങ്ങൾ ഒഴിവാക്കുന്നതിനുമായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർഥം വിവിധയിടങ്ങളിൽ റൂട്ട് മാറ്റത്തെക്കുറിച്ചുള്ള സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
District News
കൊച്ചി: ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം സ്ട്രെച്ചില് നിര്മാണം പൂര്ത്തിയായ പുതിയ വരാപ്പുഴ പാലം ഗതാഗതത്തിന് തുറന്നു. പെരിയാറിന് കുറുകെ ബാലന്സ്ഡ് കാന്റിലിവര് മാതൃകയില് നിര്മിച്ച പാലം നിശ്ചയിച്ചതിനേക്കാളും നേരത്തെ 604 ദിവസങ്ങള്ക്കുള്ളിലാണ് പൂര്ത്തിയാക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല് ഉദ്ഘാടന മാമാങ്കങ്ങളൊന്നുമില്ലാതെ ജനകീയമായായിരുന്നു ഉദ്ഘാടനം. പാലം തുറന്നുകിട്ടിയതോടെ ദേശീപാതാ നിര്മാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കില് വലയുന്ന യാത്രക്കാര്ക്ക് ചെറിയ ആശ്വാസമാകും.
1,026 മീറ്റര് നീളമുള്ള ഈ പാലം 100 കോടി രൂപ ചെലവഴിച്ചാണ് നിര്മാണം പൂര്ത്തീകരിച്ചത്. 26 സ്പാനുകളുള്ള പാലത്തിന്റെ മധ്യ സ്പാനിന്റെ നീളം 120 മീറ്ററായതിനാൽ ബോട്ടുകള്ക്കും വലിയ വള്ളങ്ങള്ക്കും തടസമില്ലാത്ത സഞ്ചരിക്കാന് കഴിയും. കൊച്ചി വാട്ടര് മെട്രോ, എസ്ഡബ്ല്യുടിഡി ബോട്ടുകള്, പ്രാദേശിക ഫെറികള് എന്നിവയ്ക്ക് ഈ ഭാഗത്ത് തടസമില്ലാത്ത ഗതാഗതം സാധ്യമാക്കുന്നതാണ് പാലത്തിന്റെ നിര്മാണ സവിശേഷത.
പാലം യാഥാര്ഥ്യമായെങ്കിലും ദേശീയപാതയിലെ 26 കിലോമീറ്റര് നീളത്തില് ആറുവരി പാതയൊരുക്കുന്ന പ്രവൃത്തികൾ പൂര്ത്തിയാകാന് ഇനിയും കാത്തിരിക്കേണ്ടിവരും. 2026 ഓഗസ്റ്റില് തീരേണ്ടതായ പ്രവൃത്തികൾ ഡിസംബറോടെ പൂര്ത്തിയാകുകയുള്ളൂ എന്നാണ് ദേശീയപാതാ അഥാറിറ്റി പറയുന്നത്. കോട്ടപ്പുറം, മൂത്തകുന്നം എന്നിവിടങ്ങളിലെ പാലങ്ങള് ഒഴികെ മറ്റ് എല്ലാം പൂര്ത്തിയായിട്ടുണ്ട്. 3465 കോടിയുടെ ദേശീയപാതാ വികസന പദ്ധതിയാണ് ഈ റീച്ചില് നടക്കുന്നത്.
International
ടെഹ്റാൻ: ഇറാനിലെ കരാജ് (ബി1) പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് പകരമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും ഏഴ് പ്രധാന പാലങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ പ്രഖ്യാപനം. 'പാലത്തിന് പകരം പാലം'എന്ന നയമാണ് ഇതിനായി ഇറാൻ സ്വീകരിച്ചിരിക്കുന്നത്. ഇറാനിലെ ടെഹ്റാനെയും കാരാജിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലമായ ബി1 (കരാജ്) പാലം കഴിഞ്ഞ ദിവസം തകർക്കപ്പെട്ടിരുന്നു.
ഇസ്രയേലും അമേരിക്കയുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. ആക്രമണത്തിന് പ്രതികാരമായി അറബ് മേഖലയിലെ ഏഴ് പ്രധാന പാലങ്ങളുടെ പട്ടിക ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടു. ഈ പട്ടികയിൽ യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങൾ ഉൾപ്പെടുന്നു.
International
ടെഹ്റൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിലെ പ്രശസ്തമായ പാലം തകർന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന പേരുള്ള ഈ പാലം ഭാഗികമായാണ് തകർന്നത്. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
136 മീറ്റർ ഉയരമുള്ള ഈ പാലം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറൻ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്നതായിരുന്നു. പാലം നിർമാണത്തിലിരിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്റെയും പാലം തകരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
"ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു. ഇത് ഇനി ഒരിക്കലും ഉപയോഗിക്കില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ടാകും'.- ആക്രമണത്തിന്റെ ദൃശ്യങ്ങൾ ട്രൂത്തിൽ പങ്കുവച്ച് ട്രംപ് കുറിച്ചു. "വളരെ വൈകുന്നതിന് മുമ്പ്' ഇറാൻ ഒരു കരാറിൽ ഏർപ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെ "ശിലായുഗത്തിലേക്ക് തിരികെ കൊണ്ടുപോകും' എന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പാലത്തിന് നേരെ ആക്രമണമുണ്ടായത്.
District News
തൃക്കൂർ: പഞ്ചായത്തിലെ കല്ലൂർ ഭരത പാലത്തിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. പഞ്ചായത്തിലെ എട്ട് വാർഡുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്.
തൃക്കൂർ അയ്യപ്പൻകുന്ന് പ്ലാന്റിൽനിന്ന് ശുചീകരിച്ച് ഭരതയിലെ ടാങ്കിലെത്തിച്ച് വിതരണംചെയ്യുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. പൈപ്പിന്റെ ജോയിന്റ് വിട്ടതോടെ വെള്ളം കുതിച്ചുയർന്ന നിലയിലാണ്. ശക്തിയായി വെള്ളം ഉയർന്നതോടെ പാലത്തിന്റെ ഒരുവശത്തെ അടിത്തട്ടിലെ മണ്ണ് ഒലിച്ചുപോയി പാലം അപകടാവസ്ഥയിലായി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തേയ്ക്കുള്ള പൈപ്പ് പൊട്ടിയതോടെ ഇവിടേക്കുള്ള ജലവിതരണം അധികൃതർ നിർത്തിവച്ചു. ഇതോടെ നൂറുകണക്കിന് കുടുംബങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെട്ട നിലയിലാണ്. കാലപ്പഴക്കംചെന്ന പൈപ്പുകൾ മാറ്റിസ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമാക്കാൻ വാട്ടർ അഥോറിറ്റി ഇടപെടണമെന്നും, പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
District News
അയര്ക്കുന്നം: പാറേക്കടവ് പാലം നിര്മാണം 10 വര്ഷമായി അനിശ്ചിതത്വത്തിലാക്കിയതിനും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസനം തടയുന്നതിനുമെതിരേ പ്രതിഷേധവുമായി ജനങ്ങള്. അയര്ക്കുന്നം വികസനസമിതിയുടെയും ഉള്നാടന് മത്സ്യത്തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില് പണിതീരാത്ത പാലത്തിനു സമീപം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം നാട്ടുകാരുടെ വലിയ പങ്കാളിത്തത്താല് ശ്രദ്ധേയമായി.
അയര്ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന് 10 വര്ഷം മുന്പ് ആരംഭിച്ച പദ്ധതി ഇന്നും പാതിവഴിയില് നില്ക്കുന്നത് മണ്ഡലത്തോടുള്ള കടുത്ത അവഗണനയാണെന്ന് ഉദ്ഘാടന പ്രസംഗത്തില് അവര് ചൂണ്ടിക്കാട്ടി. വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തില് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്ഗ്രസ് വൈസ്പ്രസിഡന്റും ഉള്നാടന് മത്സ്യത്തൊഴിലാളി യൂണിയന് പ്രസിഡന്റുമായ ജോയ്സ് കൊറ്റത്തില്, മണ്ഡലം പ്രസിഡന്റ് ജിജി നാകമറ്റം, ജില്ലാ പഞ്ചായത്തംഗം ഗ്രേസി കരിമ്പന്നൂര്, ബ്ലോക്ക് പഞ്ചായത്തംഗം കെ.സി. ഐപ്പ്, വാര്ഡംഗം ആലീസ് സിബി, പി.കെ. സുധാകരന് നീറിക്കാട്, ജാഫര് പണയില്, മീര പ്രശാന്ത്, ഏബ്രഹാം ഫിലിപ്പ് കൊറ്റത്തില്, ജോസ് വാതല്ലൂര്, ബാബു തോട്ടം, സജി പനച്ചിക്കല്, എം.ജി. ഗോപാലന്, ബേബി മുരിങ്ങയില്, ശ്രീനി ആയാട്ടില് തുടങ്ങിയവര് പ്രസംഗിച്ചു.
District News
മാനന്തവാടി: എടവക പഞ്ചായത്തിനെയും മാനന്തവാടി നഗരസഭയെയും ബന്ധിപ്പിക്കുന്ന വള്ളിയൂർക്കാവ്-കമ്മന പാലം ഉദ്ഘാടനം മാർച്ച് മൂന്നിന് നടക്കും. 17.60 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്.
വീതി കുറഞ്ഞതും വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയാത്തതും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലുമായിരുന്നു പഴയ പാലം. 12 സ്പാനുകളിലായി 208 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നു പോകാനുള്ള ഭാഗം. ഇരുഭാഗത്തുമായി 1.75 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. രണ്ടു ഭാഗങ്ങളിലുമായി 150 മീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡാണുള്ളത്. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയാണ് പാലം പണി ഏറ്റെടുത്ത് നടത്തിയത്.
District News
വൈപ്പിൻ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം നെടുങ്ങാട് പഴയ പള്ളി പാലം പൊളിച്ചു മാറ്റിയെങ്കിലും ഇതിന്റെ കോൺക്രീറ്റ് തൂണുകൾ ഇപ്പോഴും ബാക്കി. ഇതാകട്ടെ മത്സ്യത്തൊഴിലാളികൾക്കും പുഴയിലെ നീരൊഴുക്കിനും ഭീഷണിയായി നിലകൊള്ളുകയാണ്.
പാലം പൊളിക്കാൻ കരാറെടുത്ത ആളെക്കൊണ്ട് പണികൾ പൂർണമായും ചെയ്യിക്കേണ്ടത് പൊതുമരാമത്ത് അധികൃതരാണ്.എന്നാൽ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഇവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ വെടിഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്ന തൂണുകൾ എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന് നായരമ്പലം വില്ലേജ് കായലോര ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു.
District News
പൂച്ചാക്കൽ: ചേർത്തല പെരുമ്പളം പഞ്ചായത്തിലെ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. നിർമാണം പൂർത്തികരിച്ച പാലത്തിന്റെ ഉദ്ഘാടനം മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2019ലാണ് ദ്വീപിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടത്.ഇതോടെ വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട പെരുമ്പളം ദ്വീപ് നിവാസികളുടെ പാലം എന്ന ചിരകാല സ്വപ്നത്തിന് ചിറകുമുളയ്ക്കുകയാണ്.
1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. പാലം വരും മുമ്പ് വള്ളവും ബോട്ടുമായിരുന്നു മറുകരയിലേക്ക് കടക്കാൻ ഏക ആശ്രയമായിരുന്നത്. രാത്രിസമയങ്ങളിൽ ആശുപത്രിയിൽ പോകുന്നതുൾപ്പെടെ ദുരിതമനുഭവിച്ചിരുന്ന ഭൂതകാലത്തോട് വിട പറയുന്നതിനുള്ള സന്തോഷത്തിലാണ് ദ്വീപ് നിവാസികൾ. ഏഴു ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചാണ് പാലം ഉദ്ഘാടനത്തെ നാട്ടുകാർ വരവേൽക്കുക.
ഏഴു നിറങ്ങളിൽ തിളങ്ങി പാലം
പാലത്തിന്റെ കൈവരികളിലും ആർച്ചിലും ഏഴു നിറങ്ങൾ നൽകി മാരിവില്ലഴകിൽ തിളങ്ങിയാണ് പാലം നിൽക്കുന്നത്. മധ്യഭാഗത്തായി ബോസ്ട്രിംഗുകൾ. വില്ലും ഞാണും ചേർന്ന രൂപം. ആ ഭാഗത്ത് പാലത്തിന് 12 മീറ്റർ വീതിയുണ്ട്. ബാക്കി ഭാഗത്ത് 11 മീറ്ററും. ചേർത്തല-അരൂക്കുറ്റി റോഡിൽനിന്നും പെരുമ്പളം വഴി പൂത്തോട്ട, വൈക്കം , തൃപ്പൂണിത്തുറ സംസ്ഥാന പാതയിൽ എത്തുന്ന ആദ്യഘട്ടമാണ് പെരുമ്പളം പാലം.
പെരുമ്പളത്തിന് ഇനി സ്വന്തം ജങ്കാർ
മുൻ എംഎൽഎ എ.എം. ആരിഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ജങ്കാർ ഇനി മുതൽ പഞ്ചായത്തിന് സ്വന്തം. ഈ ജങ്കാറാണ് നിലവിൽ പെരുമ്പളം -മാർക്കറ്റ് ജെട്ടി -പാണാവള്ളി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ദ്വീപിൽ ഭൂരിഭാഗം വീടുകളിലും വാഹനങ്ങളുണ്ട്. പാലം തുറക്കുന്നതോടെ സമയം നോക്കാതെ യാത്ര ചെയ്യാനാവും.
വേമ്പനാട്ടുകായലിലെ ദേശീയ ജലപാതയ്ക്കു കുറുകെയാണ് നിർമാണം. ബോസ് ട്രിംഗ് ആർച്ച് മാതൃകയിലാണ് രൂപരേഖ. വടുതല ഭാഗത്ത് 300 മീറ്റർ നീളത്തിലും പെരുമ്പളത്ത് 250 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ്. ഇതിനായി വടുതല ഭാഗത്ത് 70 സെന്റും പെരുമ്പളത്ത് 184 സെന്റുമാണുള്ളത്.
രണ്ടുവരിയിൽ 7.5 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതമുള്ള നടപ്പാതയും പാലത്തിനുണ്ട്. വിനോദസഞ്ചാര വികസനം ഉൾപ്പെടെ സാധ്യതകൾ ഏറെയുണ്ടായിരുന്നിട്ടും യാത്രാസൗകര്യം പ്രധാന തടസമായിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ നാടിന്റെ മുഖച്ഛായ മാറും.
ടൂറിസം സാധ്യത വർധിക്കും
പാലം ഉദ്ഘാടനം ചെയ്യുന്നതോടെ പെരുമ്പളം ദ്വീപിലെ ടൂറിസം സാധ്യതയും വർധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഉദയവും അസ്തമയവും ഒരിടത്തിരുന്ന് കാണാനും നാടൻ രുചികൾ നേരിട്ടറിയാനും ഒരു ഗ്രാമത്തിന്റെ തനത് ഭാവം അറിയാനും വിനോദ സഞ്ചാരികളുടെ വരവ് വർധിക്കും.
District News
തൊടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് തൊമ്മന്കുത്തില് പാലം നിര്മിക്കാന് വഴി തെളിയുന്നു. കണ്ണാടിപ്പുഴയ്ക്കു കുറുകെ പുതിയ പാലം നിര്മിക്കാനുള്ള സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് പാലം നിര്മിക്കാനുള്ള അനുമതി നല്കി സര്ക്കാര് ഉത്തരവിറക്കിയത്.
വിവിധ കാരണങ്ങള് മൂലം പാലം നിര്മിക്കാനുണ്ടായിരുന്ന തടസങ്ങള് ഇതോടെ നീങ്ങിക്കിട്ടുമെന്നാണ് പ്രതീക്ഷ. പാലത്തിനായി വനംവകുപ്പ് വിട്ടുനല്കിയ സ്ഥലം വേര്തിരിച്ച് കെഎസ്ടിപിക്ക് കൈമാറിയാല് പാലം നിര്മാണം ആരംഭിക്കാനാകും. നേരത്തെതന്നെ ഭൂമി അളന്നു തിട്ടപ്പെടുത്തി അതിര്ത്തി നിര്ണയിച്ചിട്ടുള്ളതാണ്.
പാലം നിര്മാണത്തിനായി ഭൂമി കൈമാറുക എന്ന സാങ്കേതികത്വം മാത്രമാണ് അവശേഷിക്കുന്നത്. ഇത് വേഗം പൂര്ത്തിയാക്കിയാല് നിലവിലുള്ള ചപ്പാത്തിനു പകരമായി താത്കാലിക പാലം നിര്മിക്കാനുള്ള നടപടി ആരംഭിക്കാന് കഴിയും.
താത്കാലിക പാലം പൂര്ത്തിയാക്കി ഇതുവഴി ഗതാഗതം ആരംഭിച്ചതിനു ശേഷമാകും നിലവിലെ ചപ്പാത്ത് പൊളിച്ചുനീക്കുക. എന്നാല്, നടപടികള് പൂര്ത്തീകരിക്കുമ്പോഴേയ്ക്കും മഴയെത്തുമോയെന്ന ആശങ്ക നിലനില്ക്കുന്നുണ്ട്. അതിനാല് നടപടിക്രമങ്ങള് വേഗത്തിലാക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെടുന്നു.
മഴക്കാലത്ത് മുങ്ങിപ്പോകുന്ന തൊമ്മന്കുത്ത് ചപ്പാത്തിനു പകരം പുതിയ പാലം നിര്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ആധുനിക നിലവാരത്തില് നെയ്യശേരി-തോക്കുമ്പന് സാഡില് റോഡ് നിര്മാണം ആരംഭിച്ചപ്പോള് പാലവും പുതുക്കി നിര്മിക്കണമെന്ന ആവശ്യവും ഉയര്ന്നു. ഇതു പൊതുമരാമത്ത് വകുപ്പ് പരിഗണിച്ചപ്പോള്തന്നെ വനംവകുപ്പ് തടസവാദവുമായി എത്തി.
പിന്നീട് പാലം നിര്മിക്കാനുള്ള രണ്ടാംഘട്ട അനുമതിക്കായി വനംവകുപ്പാവശ്യപ്പെട്ട 6.2 ലക്ഷം രൂപ അടച്ചതോടെയാണ് തടസം നീങ്ങിയത്. പാലം നിര്മാണത്തിനുള്ള അനുമതിക്കായി 1.2 ലക്ഷം രൂപ വനംവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കെഎസ്ടിപി നേരത്തെ അടച്ചിരുന്നു. ഇതോടെ സ്ഥലം അളന്നു വേര്തിരിച്ചു നല്കി. എന്നാല്, രണ്ടാം ഘട്ട അനുമതി നല്കിയില്ല. ഇതാണ് പാലം നിര്മാണം പ്രതിസന്ധിയിലാക്കിയത്. പിന്നീട് പി.ജെ. ജോസഫ് എംഎല്എ ഇടപെട്ടതോടെയാണ് വനംവകുപ്പ് രണ്ടാമത് ആവശ്യപ്പെട്ട തുക അടച്ച് പ്രശ്നം പരിഹരിക്കാന് അധികൃതര് തയാറായത്.
താത്കാലിക പാലം നിര്മിച്ച് ഗതാതം തിരിച്ചുവിട്ടതിനു ശേഷം ചപ്പാത്ത് പൊളിച്ച് മൂന്നു മീറ്റര് ഉയരത്തിലും ഒമ്പതു മീറ്റര് വീതിയിലും പുതിയ പാലം നിര്മിക്കാനാണ് പദ്ധതി. പാലം നിര്മാണം പൂര്ത്തിയായാല് മഴക്കാലത്തുള്ള ജനങ്ങളുടെ ദുരിതയാത്രയ്ക്കും പരിഹാരമാകും.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള പുതിയ ഗോര്ഡി ഹോവ് ഇന്റര്നാഷനല് പാലത്തിന്റെ ഉദ്ഘാടനം തടയുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
കാനഡ പൂര്ണമായും ധനസഹായം നല്കി നിര്മിച്ച പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
പാലത്തിന്റെ പൂർണ ഉടമസ്ഥാവകാശം കാനഡ കെെവയ്ക്കുന്നത് ചൂഷണം ചെയ്യുന്നതിനായി ആണെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.
സംഭവത്തില് കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല.
District News
പാലക്കാട്: തരൂർ മണ്ഡലത്തിലെ പ്രധാന ഗതാഗതപ്രശ്നത്തിന് പരിഹാരമായി കുരുത്തിക്കോട് പാലം അവസാനഘട്ട നിർമാണത്തിൽ. നിലവിൽ പാലത്തിന്റെ ടാറിംഗ് ജോലികളാണ് നടക്കുന്നത്.
ഇരുപതാംതീയതിയോടെ പണികൾ പൂർത്തിയാക്കി പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പുതുക്കോട്, കാവശേരി, തരൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ ആശ്വാസമാകും.
2022-23 ബജറ്റിൽ ഒന്പത് കോടി രൂപ അനുവദിച്ചാണ് പദ്ധതി ആരംഭിച്ചത്. ശാസ്ത്രീയമായ പ്രീസ്ട്രെസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 108 മീറ്റർ നീളമുള്ള പാലം നിർമിച്ചിരിക്കുന്നത്. വാഹനങ്ങൾക്കായി ഏഴര മീറ്റർ വീതിയുള്ള റോഡും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയും പാലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സുരക്ഷയ്ക്കായി പാലത്തിന്റെ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ, രാത്രികാലങ്ങളിൽ തെളിയുന്ന സ്റ്റഡുകൾ എന്നിവയും സ്ഥാപിക്കുന്നുണ്ട്. 100 മീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്റെ പണികളും ഇതോടൊപ്പം പൂർത്തിയാകും. ഇതോടെ കഴനി, പഴന്പാലക്കോട്, വഴക്കോട്, ആലത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ റെയിൽ ഓവർബ്രിഡ്ജിൽ നിന്ന് ചാടിയ യുവാവ് വൈദ്യുതി ലൈനിലേക്ക് വീണ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ ബാലിഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിനിന് മുന്നിലേക്ക് ചാടുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ ട്രെയിൻ പെട്ടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും താഴേക്ക് ചാടിയ ഇയാൾ ട്രെയിനിന് മുകളിലെ വൈദ്യുത ലൈനിലേക്ക് വീഴുകയുമായിരുന്നു.
റെയിൽവേ ജീവനക്കാർ കയറുകൾ ഉപയോഗിച്ച് ഇയാളെ താഴെ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ സർവീസുകൾ വൈകി.
District News
നെന്മാറ: നെന്മാറ- ഒലിപ്പാറ റോഡിലെ പ്രധാന പാലമായ തിരുവഴിയാട് പാലത്തിന്റെ പുനർനിർമാണത്തിനു നടപടിയായില്ല. 16.5 കോടി രൂപയ്ക്ക് നെന്മാറ- ഒലിപ്പാറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഈ റോഡിലുള്ള ഏറ്റവും പ്രധാന പാലമായ തിരുവഴിയാട് പാലം പുതുക്കിപ്പണിയുന്നതിനു തീരുമാനമില്ല.
റോഡ് നവീകരണത്തിൽനിന്ന് ഈ പാലത്തെ ഒഴിവാക്കിയാണ് കരാർ നൽകിയിരിക്കുന്നത്. പാലത്തിനായി പ്രത്യേക തുക വകയിരുത്തി പിന്നീട് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമിക്കും എന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ റോഡ് നവീകരണം ആരംഭിച്ച് മൂന്നുവർഷമായിട്ടും പാലംപണിക്കുള്ള പ്രാഥമിക നടപടികൾപോലും പൂർത്തിയായില്ല. കഴിഞ്ഞ മൂന്നു സംസ്ഥാന ബജറ്റുകളിലും പാലം പുതുക്കി പണിയുന്നതിന് തുക വകയിരുത്തിയതായി പറഞ്ഞെങ്കിലും.
പാലം പുതുക്കിപ്പണിയുന്നതിനുള്ള ഭരണപരമായ അംഗീകാരമോ ടെൻഡർ നടപടികളോ ആരംഭിച്ചില്ല. മാസങ്ങൾക്കകം ഈ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള റോഡ് വീതി കൂട്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാനിക്കുമെന്നു അധികൃതർ പറയുന്നു.
എന്നാൽ വീതി കൂടിയ റോഡ് ഇരുവശത്തുമായി എത്തിച്ചേരുന്ന തിരുവഴിയാട് പാലം ഒറ്റവരി ഗതാഗത സംവിധാനമുള്ള പഴകിയ ഇടുങ്ങിയ പാലമായി തുടരാനാണ് സാധ്യത.
കാലപ്പഴക്കത്താൽ പാലത്തിന്റെ കൈവരികളും കരിങ്കൽ തൂണുകളും പ്രധാന സ്ലാബും വിള്ളൽ മൂലം ദ്രവിച്ച കമ്പികൾ വെളിയിൽ കാണുന്ന രീതിയിലാണ്. ഭാരവാഹനങ്ങളും ബസുകളും കടന്നുപോകുമ്പോൾ കുലുക്കവും അനുഭവപ്പെടുന്നുണ്ട്.
റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനോടൊപ്പം പാലം നവീകരണം നടക്കാത്തതിനാൽ റോഡിന് ഇരുവശത്തും നിലവിലുള്ള രീതിയിൽ ഒറ്റവരി ഗതാഗതതടസം തുടരാനാണ് സാധ്യത. മഴക്കാലമായാൽ പാലം പണി നടത്താൻ കഴിയാത്ത വിധം പുഴയിൽ വെള്ളം ഒഴുക്കുണ്ടാവുന്ന സ്ഥലമാണിത്. പോത്തുണ്ടി അണക്കെട്ടിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള വെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുകുന്നത് ഈ പുഴയിലൂടെയാണ്.
District News
കൊല്ലങ്കോട്: നാലുകോടി ചെലവിൽആലമ്പള്ളത്ത് മേൽപ്പാലം നിർമിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള നിലംപതിപ്പാലം പൊളിച്ചുനീക്കൽ ജോലികൾക്ക് ഇന്നു തുടക്കമാവും.
ഇക്കഴിഞ്ഞ ദിവസം കെ. ബാബു എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരടങ്ങിയ യോഗത്തിലാണ് നിലംപതി പൊളിച്ചുനീക്കാൻ തീരുമാനമായത്.
കൊല്ലങ്കോട് പയിലൂർ, കോവിലകം മൊക്ക് ഭാഗത്തേക്കുള്ള യാത്രക്കാർ ഊട്ടറപ്പാലം, കൊല്ലങ്കോട് ടൗൺ വഴി പോകണം. പുതിയ പാലത്തിന് 60 മീറ്റർ നീളവും 6.3 മീറ്റർ വീതിയുമുണ്ടാവും.
വർഷകാലാരംഭത്തിനു മുൻപ് പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരു വർഷത്തിൽ മേൽപ്പാലം ജോലികൾ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതിദാസ്, വടവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വിൻസി എന്നിവർ പങ്കെടുത്തു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിൽ പാലം തകർന്നുവീണു. ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകർന്നുവീണത്. പാലം രണ്ടായി തകര്ന്നുവീണതിന് പിന്നാലെ ലോറി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തില് ലോറി ഡ്രൈവര് അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില് ആളപായമൊന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. അപകടത്തില് ഒറ്റപ്പെട്ടുപോയ ഡ്രൈവറെ ഉടന് രക്ഷപ്പെടുത്തി പ്രാഥമിക പരിചരണം നല്കി വിട്ടയച്ചു.മുപ്പത് വര്ഷത്തോളം പഴക്കമുള്ള പാലത്തില് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികളിലൊരാള് പ്രതികരിച്ചു.
പാലം തകര്ന്നുവീണ സംഭവത്തെ ഭരണകക്ഷിയായ തൃണമൂല് കോണ്ഗ്രസിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്ജി വെസ്റ്റ് ബംഗാളിനോട് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും, വികസനമല്ല, അഴിമതിയാണ് ഇവിടെ വ്യാപകമാകുന്നതെന്നും ബിജെപി ഐടി സെല് ചീഫ് അമിത് മാളവ്യ എക്സിലൂടെ വിമർശിച്ചു.
National
കോർബ: പാലം വലിക്കുക എന്നൊരു പ്രയോഗമുണ്ട്. എന്നാൽ ഒരു നടപ്പാലം അപ്പാടെ അടിച്ചുമാറ്റുക എന്നത് ആശ്ചര്യം തന്നെ. ഛത്തീസ്ഗഡിലാണു സംഭവം.
ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ 70 അടി നീളമുള്ള ഉരുക്കുപാലം മോഷ്ടാക്കൾ അർധരാത്രി അടിച്ചുമാറ്റി ആക്രി വിലയ്ക്കു വിറ്റു.
കനാലിനു കുറുകെ പണിത 40 വർഷം പഴക്കവും അഞ്ച് അടി വീതിയും 10 ടൺ ഭാരവുമുള്ള നടപ്പാലമാണ് മോഷ്ടാക്കൾ കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
District News
കുമരകം: കോണത്താറ്റ് പാലം നിർമാണത്തിനായി ആശുപത്രി തോടിനു കുറുകെ നിർമിച്ച താത്കാലിക ബണ്ടിനു മുകളിൽ നിരത്തിയിരുന്ന ടൈലുകൾ ഇന്നലെ പൊളിച്ചുതുടങ്ങി.
സമീപത്തെ ഇടറോഡിൽ പാകാനാണ് ടൈലുകൾ പൊളിച്ചെടുക്കുന്നത്. ആറുമാസത്തിനുള്ളിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ബണ്ട് പൊളിച്ചുമാറ്റുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ, വർഷങ്ങൾ നാലായിട്ടും ബണ്ട് പൊളിക്കാതിരിക്കാൻ അധികൃതർ പല മുടന്തൻ ന്യായങ്ങളാണ് നിരത്തുന്നത്. വകുപ്പിൽനിന്ന് ഉത്തരവു ലഭിച്ചിട്ടില്ലെന്നൊക്കെയാണ് വിശദീകരണം. തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടു ജല മലിനീകരണം രൂക്ഷമായിട്ടും ബണ്ട് പൊളിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ കോൺക്രീറ്റ് തൂമ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും ബണ്ടിന്റെ ഇരുവശങ്ങളിലും പോളയും പുൽക്കെട്ടും തിങ്ങിനിറഞ്ഞു നീരൊഴുക്ക് നിലച്ചതാണ് തോട്ടിലെ ജലം മലിനമാകാൻ കാരണം. ബണ്ട് പൊളിക്കാതെ കിടക്കുന്നതു മൂലം മത്സ്യത്തൊഴിലാളികൾക്കും സമീപ പാടശേഖരങ്ങളിലെ കർഷകർക്കും അഭിമുഖീകരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയാണ്.
പാലം നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ ഗതാഗതം നടത്താൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും ബണ്ട് പൊളിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത
District News
ഹരിപ്പാട്: ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴയിൽ നിർമിക്കുന്ന നാവിഗേഷൻ ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണം അനന്തമായി നീളുന്ന സാഹചര്യത്തിൽ രമേശ് ചെന്നിത്തല എംഎൽഎ നൽകിയ കത്തിന് മറുപടിയായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. ജനുവരി 22ന് ഉച്ചയ്ക്ക് 12ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്.
പാലം പണി നിലച്ചതുമൂലം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിക്കുന്ന രൂക്ഷമായ യാത്രാദുരിതം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് അടിയന്തര കത്ത് നൽകിയിരുന്നു. നിരവധി തവണ കളക്ടറുടെ നേതൃത്ത്വത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന എംഎൽഎയുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ യോഗം തീരുമാനിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും പുറമേ ജലവിഭവമന്ത്രി, ചീഫ് സെക്രട്ടറി, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി, ചീഫ് എൻജിനിയർ, ജില്ലാ കളക്ടർ എന്നിവരോട് യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. സുനാമി ബാധിത തീരപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായിരുന്ന പഴയ പാലം, പുതിയ പാലം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാം എന്ന ഉദ്യോഗസ്ഥരുടെയും കരാർ കമ്പനിയുടെയും ഉറപ്പിന്മേലാണ് പൊളിച്ചുമാറ്റിയത്.
എന്നാൽ, 2018ൽ അനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം വർഷങ്ങൾ പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണുള്ളതെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥ തലത്തിൽ നൽകുന്ന ഉറപ്പുകൾ നിരന്തരം ലംഘിക്കപ്പെടുന്നതിനാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടാതെ പ്രതിസന്ധിക്കു പരിഹാരമാകില്ല. ഈ സാഹചര്യത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ, ഇറിഗേഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരുന്ന
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
District News
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-മണിമല റോഡിലെ യാത്ര ദുരിതമാണ്. മുമ്പേ തകർന്നുകിടക്കുന്ന റോഡാണ്. ഇപ്പോൾ കലുങ്കുനിർമാണവും.
കാഞ്ഞിരപ്പള്ളി-കുളത്തൂർമൂഴി കർഷകസൗഹൃദ ലിങ്ക് റോഡ് നിർമാണത്തിന്റെ ഭാഗമാണ് കലുങ്കുകൾ. ഇപ്പോൾ പണി നടക്കുന്ന ഭാഗത്ത് ചെറുതും വലുതുമായി 32 കലുങ്കുകളാണുള്ളത്.
ടാറിംഗ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ട റോഡിൽ കലുങ്കുകൾ നിർമിക്കുന്ന ഭാഗത്ത് ഒരുവശത്തു കൂടി മാത്രമാണ് ഗതാഗതം. ഈ വശത്ത് വലിയ കുഴികളും. മഴയത്ത് കുഴിയില് വെള്ളം നിറയും. അതോടെ കുഴിയുടെ ആഴം അറിയാതെ ഇരുചക്രവാഹനങ്ങള് അപകടത്തിൽപ്പെടുന്നുണ്ട്. രാത്രി വെളിച്ചവും കുറവായതിനാൽ അപകടസാധ്യത പിന്നേയും കൂടി.
ചേനപ്പാടിയിലേക്കും മണിമലയിലേക്കുമുള്ള പതിനഞ്ചോളം ബസുകൾ പല ട്രിപ്പുകൾ നടത്തുന്നുണ്ട്. ഇതുകൂടാതെ ഇരുപതോളം സ്കൂൾ ബസുകളും പതിവായി കടന്നുപോകുന്നുണ്ട്.
85.81 കോടി രൂപ ചെലവഴിച്ച് നിര്മിക്കുന്ന റോഡിന്റെ നിര്മാണച്ചുമതല കേരള റോഡ് ഫണ്ട് ബോര്ഡിനാണ്. പദ്ധതിയുടെ ആദ്യഘട്ടമായി കാഞ്ഞിരപ്പള്ളി-മണിമല റോഡിന്റെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
District News
പച്ച-ചെക്കിടികാട്: ലൂര്ദ് മാതാ പള്ളിയുടെ പടിഞ്ഞാറ് തൈപ്പറമ്പില് പാലത്തിന്റെ കൈവരികള് അപകടാവസ്ഥയില്. നിരവധി കുടുംബങ്ങള് താമസിക്കുന്ന സ്ഥലത്ത് അമര്ജവാന് വാട്ടര് സ്റ്റേഡിയത്തിലേക്കും സമീപ പ്രദേശങ്ങളിലുള്ള പാടശേഖരങ്ങളിലേക്കും നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന പാലമാണിത്.
കഴിഞ്ഞദിവസം സ്കൂളിലേക്കു പോയ വിദ്യാര്ഥി പാലത്തില്നിന്നു വീഴാതെ രക്ഷപ്പെട്ടത് കോലത്തെ സിബിച്ചന്റെ സമയോചിതമായ ഇടപെടല് മൂലമാണ്. രക്ഷാപ്രവര്ത്തനത്തിനിടയില് സിബിച്ചന്റെ മൊബൈല് ഫോൺ തോട്ടില് വീഴുകയും ചെയ്തു.
അപകടാവസ്ഥയിലായ പാലത്തിന്റെ കൈവിരികള് ഉടന് നന്നാക്കണമെന്നും ഒരേ സ്ഥലത്ത് മൂന്നു പാലങ്ങള് ഉള്ളതുകൊണ്ട് പാലങ്ങളില് ദിശാബോര്ഡ് സ്ഥാപിക്കണമെന്നും നാട്ടുകാരായ സിനു പന്ത്രണ്ടില്, സുജിത്ത് മോന്സി, സിന്ധു എന്നിവര് ആവ്യപ്പെട്ടു.
District News
പിറവം: രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളെ തമ്മില് ബന്ധിപ്പിക്കുന്ന മുവാറ്റുപുഴയാറിന് കുറുകെയുള്ള തമ്മാനിമറ്റം തൂക്കുപാലത്തിന്റെ പുനര് നിര്മാണോദ്ഘാടനം നാളെ നടക്കും. 2018 ലെ പ്രളയകാലത്ത് തകർന്ന പാലമാണ് വീണ്ടും നിർമിക്കുന്നത്. പാലത്തിന്റെ നിര്മാണം സിവിലും മെക്കാനിക്കലുമായി പ്രത്യേകം തയാറാക്കി നിർമിക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
തദേശ സ്വയംഭരണ വകുപ്പ് സിവില് പ്രവൃത്തിയും, ഇറിഗേഷന് മെക്കാനിക്കല് വിഭാഗം മെക്കാനിക്കല് ജോലിയും ചെയ്യാനും എസ്റ്റിമേറ്റ് തയാറാക്കുവാന് ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
നിലവിലുള്ള പാലം പൊളിക്കുന്നതിനായി 16 ലക്ഷം രൂപ വകയിരുത്തുകയും, പുതിയ പാലം നിര്മ്മിക്കുന്നതിനായി 3 കോടി 21 ലക്ഷം രൂപയുടെ മെക്കാനിക്കല് വര്ക്കും, 2 കോടി രൂപയുടെ സിവില് വര്ക്കുമാണ് നിലവില് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
രാമമംഗലം, പൂതൃക്ക പഞ്ചായത്തുകളിലെ ജനങ്ങള്ക്ക് ഏറെ പ്രയോജനകരമാണ് പാലം. പാലത്തിന്റെ പുനര്നിര്മാണത്തെ സംബന്ധിച്ച് 2019-ലും, 2020-ലും, 2021-ലും അനൂപ് ജേക്കബ് നിയമസഭയില് സബ്മിഷനായി ഉന്നയിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തില് റീ - ബില്ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്പ്പെടുത്താന് സര്ക്കാര് തീരുമാനിക്കുകയും ചെയ്തു. പിന്നീട് പല സാങ്കേതിക കാരണങ്ങളാല് നീണ്ടു പോകുകയും ഇപ്പോള് ഇതിന്റെ നിര്മാണ പ്രവര്ത്തങ്ങളില് കടക്കുകയും ചെയ്തിരിക്കുകയാണ്.
രാമമംഗലം കടവ് ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ വൈകുന്നേരം നാലിന് അനൂപ് ജേക്കബ് എംഎൽഎ പുനർ നിർമാണോദ്ഘാടനം നിർവഹിക്കും. ഇതു സംബന്ധിച്ചുള്ള യോഗം ഇന്ന് രാവിലെ 11 ന് രാമമംഗലം പഞ്ചായത്ത് ഓഫീസിൽ നടക്കും.
District News
തൊടുപുഴ: കാഞ്ഞാർ പാലത്തിൽ നടപ്പാത നിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. നിർമാണത്തിന് 3.62 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുൻപ് നാല് തവണ ടെൻഡർ ചെയ്തിട്ടും ആരും എടുക്കാതിരുന്നതിനെ തുടർന്ന് ഡിസൈൻ പരിഷ്കരിച്ച് റീ ടെൻഡർ ചെയ്തതോടെയാണ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന കാഞ്ഞാർ പാലം തൊടുപുഴയെയും ജില്ലാ ആസ്ഥാനമായ പൈനാവിനെയും ബന്ധിപ്പിക്കുന്ന പാലമാണ്.
ഇടുക്കി, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. മലങ്കര റിസർവോയറിന്റെ മുകൾഭാഗത്താണ് പാലം സ്ഥിതിചെയ്യുന്നത്.
നിലവിലുള്ള പാലത്തിന് 72 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്.
എന്നാൽ നടപ്പാത സൗകര്യം ഉണ്ടായിരുന്നില്ല. കാൽനട യാത്രക്കാരായ പ്രദേശവാസികൾക്ക് ഗുരുതരമായ സുരക്ഷാ ആശങ്ക ഉയർത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിലവിലുള്ള പാലത്തിന്റെ ഇരുവശത്തും നടപ്പാത പണിയാൻ തീരുമാനിച്ചത്. രണ്ട് സ്പാനുകളായാണ് നടപ്പാലം പൂർത്തിയാക്കുക.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലായിരുന്നതു മൂലം മുൻപ് നടപ്പാലത്തിനു തയാറാക്കിയ ഡിസൈൻ പ്രകാരം പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകർ തയാറായിരുന്നില്ല. നിലവിലുള്ള പാലത്തിന്റെ പില്ലറുകൾ കോണ്ക്രീറ്റ് ചെയ്തതല്ലാത്തതിനാൽ അവ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് ആർക്കിടെക്ട് വിഭാഗം മുഖേന പുതിയ ഡിസൈൻ തയാറാക്കി ടെൻഡർ നടപടി സ്വീകരിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കെയാണ് സംഭവം.
വിദ്യാർഥിനി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.