നിർമാണം പുരോഗമിക്കുന്ന അഡൂർക്കടവ് പാലം.
ശ്രീകണ്ഠപുരം: വർഷങ്ങളായി തൂക്കുപാലത്തിലൂടെ മാത്രം പുഴ മുറിച്ചുകടന്നിരുന്ന അഡൂർ, ചെങ്ങളായി നിവാസികൾക്ക് മാസങ്ങൾക്കുള്ളിൽ പുതിയ പാലത്തിലൂടെ സഞ്ചരിക്കാനാകും. ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അഡൂർക്കടവ് പാലം നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നിലവിൽ തൂണുകളുടെ നിർമാണം പൂർത്തിയാക്കി ഇരുകരകളെയും ബന്ധിപ്പിച്ചുള്ള സ്പാനുകളുടെ പണിയാണ് നടക്കുന്നത്. ഇനി ഒരു റീച്ച് കൂടി ചെയ്തുതീരാനുണ്ട്. ചെങ്ങളായി ഭാഗത്തുനിന്ന് പകുതിയോളം ദൂരം കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. 2024 ജൂലൈയിലാണ് പാലം നിർമാണം തുടങ്ങിയത്. എം.വി. ഗോവിന്ദൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള ഭാഗത്താണ് പാലം പണി നടക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. നിയമപരമായല്ല ടെൻഡർ നൽകിയതെന്നാരോപിച്ച് ഇരിക്കൂറിലെ കൺസ്ട്രക്ഷൻ കമ്പനി കേസ് നൽകിയതിനെ തുടർന്ന് വർഷങ്ങളോളം നിർമാണം നിലച്ചിരുന്നു.
ഹൈക്കോടതി കേസ് തള്ളിയതോടെയാണ് പ്രവൃത്തി ഉദ്ഘാടനശേഷം ഊരാളുങ്കൽ സൊസൈറ്റി തന്നെ നിർമാണപ്രവൃത്തി തുടങ്ങിയത്. 12 കോടി രൂപ ചെലവിലാണ് അഡൂർക്കടവിൽ പാലം നിർമിക്കുന്നത്.
പുതിയ പാലം യാഥാർഥ്യമാകുന്നതോടെ മലപ്പട്ടം, മയ്യിൽ ഭാഗത്തുള്ളവർക്കെല്ലാം ശ്രീകണ്ഠപുരത്ത് പോകാതെ ചെങ്ങളായി മേഖലയിലേക്ക് എളുപ്പത്തിലെത്താനാകും. പ്രളയകാലത്ത് ഇവിടങ്ങൾ ഒറ്റപ്പെടുന്നതും ഗതാഗതം മുടങ്ങുന്നതും പാലം വരുന്നതോടെ പഴങ്കഥയാകും.