ബേക്കല്‍ മൗവ്വലില്‍ കണ്ടെയ്നറിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണയ്ക്കുന്നു.
ബേക്കല്‍: വൈദ്യുതി ലൈനില്‍ തട്ടി റഫ്രിജറേറ്റര്‍ ലോഡുമായി വരികയായിരുന്ന കൂറ്റന്‍ കണ്ടെയ്നര്‍ ലോറിക്ക് തീപ്പിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴോടെ ബേക്കല്‍ മൗവ്വലിലാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ഉഡുപ്പിയിലേക്ക് പോകുന്ന ലോറിക്കാണ് തീപിടിച്ചത്. മൂന്നു അഗ്നിശമന യൂണിറ്റുകളെത്തി ജെസിബിയുടെ സഹായത്തോടെ കണ്ടെയ്നറിന്റെ ബോഡി വെട്ടിപ്പൊളിച്ച് റഫ്രിജറേറ്റര്‍ പായ്ക്കുകള്‍ പുറത്തേക്ക് വലിച്ചിട്ടാണ് വെള്ളംചീറ്റി തീയണച്ചത്.ഒന്നരമണിക്കൂറോളം വേണ്ടിവന്നു തീയണക്കാന്‍.
20 ഓളം റഫ്രിജേറ്ററുകള്‍ കണ്ടയ്നറില് നിന്നും കേടുപാടില്ലാതെ പുറത്തെടുത്തു. ഇതേതുടര്‍ന്നു തീരദേശ ഗതാഗതം മണിക്കൂറുകള്‍ സ്തംഭിച്ചു.വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന കണ്ടയ്നറില് ആണ് ആദ്യം തീ പടര്‍ന്നത്. തുടര്‍ന്നു പാഴ്സലിന് തീപടര്‍ന്നു.അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് കടന്നുവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ മുതല്‍ കാഞ്ഞങ്ങാട്- കാസര്‍ഗോഡ് തീരദേശ പാതയിലെ പള്ളിക്കര മേല്പാലത്തില് അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഇതുപ്രകാരം വലിയ വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും ദേശീയപാത വഴിയാണ് മംഗളുരു ഭാഗത്തേക്ക് പോകേണ്ടത്. ഇത് അവഗണിച്ച് കാഞ്ഞങ്ങാട്- കാസര്‍ഗോഡ് സംസ്ഥാന പാതയിലൂടെ തന്നെ കടന്നുവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പാലം അടച്ചതറിഞ്ഞ് പള്ളിക്കര കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മൗവ്വല്‍ വാട്ടര്‍ ടാങ്ക് കവലയില്‍ നിന്നും മൗവ്വല്‍ വഴി ബേക്കല്‍ തച്ചങ്ങാട് റോഡിലെത്തി കാസര്‍ഗോഡ് ഭാഗത്തേക്ക് പോകാനുള്ള ശ്രമമായിരുന്നു. ഇതിനിടെയാണ് മൗവ്വല്‍ റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പികളില്തട്ടി തീപിടിച്ചത്.
Tags : Nattuvishesham DistrictNews